Advertisment

നവ കേരളം എന്നത് മുകളിൽ നിന്നും കെട്ടിയിറക്കുന്ന ഒന്നല്ല. മലയാളികളുടെ മനസ്സിലാണ് ആദ്യത്തെ നവീകരണം ഉണ്ടാകേണ്ടത്. 'നവകേരളം നമ്മിൽ നിന്ന് തുടങ്ങുമ്പോൾ' - മുരളി തുമ്മാരുകുടി എഴുതുന്നു

New Update

ബരിമലയിലെ വിധി വന്നപ്പോൾ എല്ലാവരും ഏതാണ്ട് കുന്തം വിഴുങ്ങിയത് പോലെ ആയതു കൊണ്ട് ഇന്ന് വേറെന്തെങ്കിലും പറയാൻ ചാൻസുള്ളതിനാൽ ദുരന്ത സീരീസ് തുടരാം.

Advertisment

ദുരന്തത്തിന് ശേഷം നവകേരളം എന്നൊക്കെ നമ്മൾ നന്നായി പറഞ്ഞു തുടങ്ങിയെങ്കിലും ശബരിമലപ്രശ്നം കാരണം ആ ചിന്ത പാളം തെറ്റിപ്പോയി. നവകേരളം ഉണ്ടാക്കണമെങ്കിൽ അത് എങ്ങനെയാണ് നിർമ്മിക്കേണ്ടത്, എത്ര പണച്ചെലവ് വരും, ഏതൊക്കെ നയങ്ങളും നിയമങ്ങളുമാണ് മാറ്റേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല.

publive-image

സർക്കാർ ഇത്തരം പ്ലാനുകൾ ഉണ്ടാക്കും, എവിടെ നിന്നെങ്കിലും പണം കണ്ടെത്തും, നമുക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ നവകേരളത്തിലെത്താം എന്നൊക്കെയാണ് നമ്മുടെ ചിന്ത. പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഉണ്ണി ഉണ്ണും എന്ന് വിശ്വസിച്ചിരുന്ന ഉണ്ണികളുടെ ഗതിയാകും നമുക്കും.

ഓഖി, പ്രളയം, നിപ, മണ്ണിടിച്ചിൽ തുടങ്ങി ചുറ്റുമുണ്ടായ ദുരന്തങ്ങൾ നമ്മിൽ ഏറെപ്പേരെ നേരിട്ട് ബാധിച്ചില്ലെങ്കിലും നമുക്ക് നല്ല ഒരവസരമാണ് തന്നിരിക്കുന്നത്. നേരിട്ട് സാന്പത്തികമോ മറ്റു വിധത്തിലോ നഷ്ടങ്ങൾ ഉണ്ടാകാത്തവർക്ക് ഇതൊരു മുന്നറിയിപ്പായി കരുതാം.

സർക്കാർ സംവിധാനങ്ങൾ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലും ഇല്ലെങ്കിലും നമുക്ക് നമ്മുടെ വ്യക്തിജീവിതത്തിൽ തീർച്ചയായും മാറ്റങ്ങൾ വരുത്താനാകും. കേരളത്തിലെ എല്ലാ പ്രശ്നങ്ങളും നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങൾ കൊണ്ട് മാറ്റാൻ പറ്റില്ല. എന്നാൽ നമ്മുടെ ഭാവിജീവിതത്തിലും മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിലും നിർണ്ണായക മാറ്റങ്ങൾ വരുത്താൻ നമുക്ക് സാധിക്കും.

ദുരന്തങ്ങളുണ്ടാകാൻ പോകുന്നത് മറ്റുള്ളവർക്ക് മാത്രമല്ല നമുക്കും കൂടിയാണെന്ന് ആദ്യമേ ആത്മാർഥമായി മനസിലാക്കുക. അങ്ങനെ ചെയ്യാത്തത് ഇപ്പോഴത്തെ മലയാളിയുടെ മാത്രം പ്രശ്നമല്ല.

ലോകത്തെ ഏറ്റവും അതിശയകരമായ വസ്തുത എന്തെന്ന് ചോദിച്ച യക്ഷനോട് ‘ജനനം മുതൽ ചുറ്റുമുള്ള ആളുകൾ മരിക്കുന്നത് കണ്ടിട്ടും അത് തനിക്ക് ബാധകമല്ല എന്ന തരത്തിൽ മനുഷ്യൻ ജീവിക്കുന്നതാണ്’ എന്നാണ് യുധിഷ്ഠിരൻ പറഞ്ഞത്. ദിവസേന പത്തുപേർ റോഡപകടത്തിൽ മരിച്ചിട്ടും അത് തനിക്ക് സംഭവിക്കില്ല എന്ന മട്ടിൽ റോഡിലേക്കിറങ്ങുന്ന മലയാളി, യുധിഷ്ഠിരൻറെ ഉത്തരത്തിന്റെ കാലിക പ്രസക്തിയാണ് കാണിക്കുന്നത്.

ദുരന്തങ്ങൾ എന്നാൽ പ്രളയം പോലെ വൻ ദുരന്തങ്ങൾ മാത്രമല്ല. റോഡപകടം, റെയിൽ പാലം ക്രോസ് ചെയ്യുന്നത്, ഫ്ളാറ്റിലെ അപകടം, മുങ്ങിമരണം, നിപ പോലുള്ള പകർച്ചവ്യാധികൾ, പേപ്പട്ടി കടിക്കുന്നത് തുടങ്ങി കേരളത്തിലെ ദൈനംദിന ജീവിതത്തിൽ നമ്മൾ നേരിടുന്ന അനവധി ദുരന്ത സാധ്യതകളുണ്ട്.

ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഭൂമികുലുക്കത്തിലാണ്, അല്ലാതെ മുറ്റത്തെ തെങ്ങിൽ നിന്നും തേങ്ങ തലയിൽ വീണിട്ടല്ല നമ്മൾ മരിച്ചത് എന്നത് മരണത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. നമുക്ക് ചുറ്റുമുള്ള ദുരന്ത സാദ്ധ്യതകളെ നേരിടാൻ നാം എപ്പോഴും തയ്യാറായിരിക്കണം.

കേരളത്തിൽ ജീവിക്കുന്ന ആസ്തിബാധ്യതകൾ ഉള്ള ഏതൊരാളും ആദ്യം ചെയ്യേണ്ടത് ഒരു വിൽപത്രം എഴുതിവെക്കുകയാണ്. നിങ്ങൾക്ക് പതിനെട്ട് വയസേ ആയുള്ളൂ എന്നതോ വലിയ സന്പാദ്യങ്ങൾ ഇല്ല എന്നതോ ഇതിന് തടസമല്ല. നിങ്ങൾക്കുള്ള ആസ്തി ബാധ്യതകൾ എങ്ങനെയാണ് നിങ്ങളുടെ കാലശേഷം കൈകാര്യം ചെയ്യേണ്ടതെന്ന് നിങ്ങളുടെ കൈപ്പടയിലെഴുതിയോ ടൈപ്പ് ചെയ്‌തോ രണ്ടു സാക്ഷികളെക്കൊണ്ട് ഒപ്പ് ഇടീച്ചാൽ നിയമപരമായ വിൽപത്രമായി.

കൂടുതൽ ആസ്തിബാധ്യതകളും സങ്കീർണ്ണമായ പിന്തുടർച്ച സംവിധാനങ്ങളും വേണ്ടവർക്ക് ഒരു വക്കീലിനെ വെച്ച് വിൽപത്രം രജിസ്റ്റർ ചെയ്യുകയും ആകാം. വിഷമിപ്പിക്കാൻ പറയുകയാണെന്ന് തെറ്റിദ്ധരിക്കരുത്, മരണശേഷം നിങ്ങളുടെ ശരീരാവയവങ്ങൾ ദാനം ചെയ്യും എന്നൊന്ന് പറഞ്ഞുവെക്കുന്നതും സമൂഹത്തിനു ഗുണകരമാണ്.

നിങ്ങളുടെ വ്യക്തിജീവിതത്തിൽ എവിടെയാണ് അപകടസാധ്യത എന്ന് ചിന്തിക്കണം. വീടിനുള്ളിൽ അടുക്കളയിലെ ഗ്യാസോ വൈദ്യുതിയോ പോലും കാരണമായേക്കാം. പ്രായമാകുന്പോൾ വീടുകളിലെ ചെറിയ കയറ്റിറക്കമുള്ള സ്റ്റെപ്പുകൾ പോലും അപകട കാരണമാകാം. വീടിനോടു ചേർന്നുനിൽക്കുന്ന മരങ്ങൾ, വീടിനടുത്തുള്ള കുളം, വഴി, പുഴ ഇവയെല്ലാം അപകടം വരുന്ന വഴികളാണ്.

വീടിനു പുറത്തു നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും അപകടമുണ്ടാക്കാം. യാത്ര, പ്രധാനമായും രാത്രിയാത്രകൾ, പ്രത്യേകിച്ച് ഓഫീസ് അല്ലെങ്കിൽ നിങ്ങളുടെ തൊഴിൽ സ്ഥലത്തെ അപകടസാധ്യതകൾ, ദൂരയാത്ര ചെയ്യുന്നതിൽ നിന്നുണ്ടാകാവുന്ന പ്രത്യേക പ്രശ്നങ്ങൾ (ഉദാഹരണം: മലന്പനിയുള്ള പ്രദേശത്തേക്കുള്ള യാത്ര, ഡൽഹിയിലേക്ക് യാത്ര ചെയ്താലുള്ള വായൂമലിനീകരണം) ഇതെല്ലാം ചിന്തിക്കണം.

ആരോഗ്യ സംരക്ഷണത്തിന്റെ ചെലവ് കേരളത്തിൽ ഏറെ വർധിച്ചുവരികയാണ്. ഒരു അപകടമോ രോഗമോ നിങ്ങളുടെ ജീവിതകാല സന്പാദ്യം തീർത്ത് കിടക്കുന്ന വീട് വരെ കടത്തിലാക്കുന്ന ഒരു സാഹചര്യം ഉണ്ട്. യു കെ യിലെ പോലെ എല്ലാവർക്കും ഫ്രീയായി കിട്ടുന്ന വിശ്വസനീയമായ ആരോഗ്യ സംരക്ഷണ സംവിധാനം ഉണ്ടാകുന്നത് വരെ നല്ലൊരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കണം.

നിങ്ങളുടെ ഉറ്റവരെ ജീവിതശേഷം സംരക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നല്ല ഒരു ലൈഫ് ഇൻഷുറൻസ് എടുക്കുന്നതും നല്ലതാണ്.

സുരക്ഷാവിഷയങ്ങളെക്കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളോട് സംസാരിക്കണം. വാസ്തവത്തിൽ സ്വന്തം മരണത്തെപ്പറ്റിയും സംസാരിച്ചു വെക്കേണ്ടതാണ്. ഇതിന് സഹായിക്കാൻ തന്നെ അമേരിക്കയിൽ The conversation project എന്നൊരു പദ്ധതിയുണ്ട്. ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ്.

വീടിനകത്തോ യാത്രയിലോ എന്തെങ്കിലും ചെറിയ അപകടമുണ്ടായാൽ എങ്ങനെ ഇടപെടണമെന്നോ എങ്ങനെ പ്രാഥമിക ശുശ്രൂഷ ചെയ്യണമെന്നോ നിർബന്ധമായും പഠിക്കണം. അപകടം എപ്പോൾ എവിടെ ഉണ്ടാകുമെന്ന് ആർക്കും ഒരുറപ്പുമില്ല.

നിങ്ങൾ പുതിയതായി സ്ഥലം വാങ്ങുകയോ വീട് വെക്കുകയോ ചെയ്യുന്പോൾ ദുരന്ത സാധ്യതകളെ പ്രത്യേകം ശ്രദ്ധിക്കണം. പുഴയോരത്ത് വീടുവെക്കുന്നതിനേക്കാൾ അപകടമാണ് ഹൈവേയുടെ അടുത്ത് വീടുവെക്കുന്നത്. പുഴ പതിറ്റാണ്ടുകളിൽ ഒരിക്കലാണ് പടികടന്നു വരുന്നതെങ്കിൽ റോഡിൽ നിന്നുള്ള മലിനീകരണം ഓരോ ദിവസവും വീട്ടിലെത്തുന്നു. അത് നിങ്ങളുടെ ജീവിത നിലവാരവും ആയുർദൈർഘ്യവും കുറക്കും.

കേരളത്തിൽ ഭൂമിയുടെ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണങ്ങളുണ്ടാകാൻ പോകുകയാണ്. സ്ഥലവില മിക്കയിടത്തും കുറയും. സ്വന്തം ആവശ്യത്തിനല്ലാതെ നിക്ഷേപമായി ഭൂമിയെ കാണുന്നത് നവകേരള നിർമ്മാണത്തിന് ഭൂഷണമല്ല.

വീടുകൾ പ്ലാൻ ചെയ്യുന്നത് ദുരന്ത സാധ്യതകൾ അറിഞ്ഞുവേണം. കോതമംഗലത്ത് വീട് വെക്കുന്നതുപോലെ അടിമാലിയിൽ വീടുവെക്കരുത്. കോട്ടയത്തെപ്പോലെ അല്ല കുട്ടനാട്ടിൽ വീടുവെക്കേണ്ടത്. സർക്കാർ തലത്തിൽ തന്നെ നിർദ്ദേശങ്ങൾ വരാൻ പോകുകയാണ്. മുന്നേ കണ്ട് മാറുന്നതാണ് ബുദ്ധി.

ഫ്ളാറ്റുകളിലെ ജീവിതം അഗ്നിബാധ, ഉയരത്തിൽ നിന്നുള്ള വീഴ്ച തുടങ്ങി വ്യത്യസ്തമായ ദുരന്തസാധ്യതകൾ ഉണ്ടാക്കുന്നു. കുട്ടികൾ ഉള്ളവരും ശാരീരിക അസ്വസ്ഥതകൾ ഉള്ളവരും പ്രായമായവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

നമുക്ക് ഒരപകടം സംഭവിച്ചാൽ ആദ്യം അറിയിക്കേണ്ടത് ആരെയാണ് എന്ന് ചിന്തിച്ചുവെക്കണം. ഇക്കാര്യം നമ്മുടെ ഫോണിൽ ICE#1, ICE #2 (In Case of Emergency) എന്നിങ്ങനെ സേവ് ചെയ്യുകയും വേണം.

ചുറ്റും സംഭവിക്കുന്ന അപകടത്തെപ്പറ്റി വായിച്ച് ‘കഷ്ടം’ എന്ന് പറയുന്നത് കൂടാതെ അത് സ്വന്തം ജീവിതത്തിൽ എങ്ങനെ ഒഴിവാക്കാം എന്നുകൂടി ചിന്തിക്കണം. ബാലഭാസ്കറിന്റെ അപകടത്തെപ്പറ്റി വായിക്കുന്പോൾ രാത്രി യാത്ര ഒഴിവാക്കൽ, സീറ്റ് ബെൽറ്റ്, കുട്ടികളുടെ സീറ്റ് ഇവയുടെ പ്രാധാന്യം മനസിലാക്കി നമ്മുടെ ജീവിതത്തിൽ പ്രയോഗികമാക്കിയില്ലെങ്കിൽ നമ്മൾ നവകേരളത്തിലേക്ക് നീങ്ങുന്നില്ല എന്ന് തന്നെയാണ് അതിന്റെയർത്ഥം.

കാലാവസ്ഥ വ്യതിയാനം എന്നത് ലോകത്ത് മറ്റിടങ്ങളിൽ സംഭവിക്കുന്ന ഒന്നല്ലെന്നും അതിനെ പറ്റി എന്തെങ്കിലും ചെയ്യാൻ പ്രധാനമന്ത്രിമാർക്കും പ്രസിഡന്റുമാർക്കും മാത്രമല്ല ഉത്തരവാദിത്തം എന്നും മനസ്സിലാക്കണം. സൗരോർജ്ജം കൂടുതൽ ഉപയോഗിക്കുക, സാധിക്കുമ്പോളെല്ലാം പൊതുഗതാഗതം ശീലമാക്കുക, വീട്ടിൽ ലൈറ്റ് തൊട്ട് ഫ്രിഡ്ജ് വരെ വാങ്ങുമ്പോൾ ഊർജ്ജ ക്ഷമത ശ്രദ്ധിക്കുക എന്നിങ്ങനെ ദൈനംദിന ജീവിതത്തിൽ നമുക്കു ചെയ്യാവുന്ന പലതുമുണ്ട്.

നവ കേരളം എന്നത് മുകളിൽ നിന്നും കെട്ടിയിറക്കുന്ന ഒന്നല്ല. മലയാളികളുടെ മനസ്സിലാണ് ആദ്യത്തെ നവീകരണം ഉണ്ടാകേണ്ടത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തന്തിന് അത് സാധിച്ചില്ലെങ്കിൽ ഇതിലും വലിയ ദുരന്തമാകും നമ്മൾ നേരിടേണ്ടി വരിക. സ്വന്തം വീട്ടിലും, റെസിഡന്റ് അസോസിയേഷനിലും, പണി സ്ഥലത്തും, സ്‌കൂളിലും, ആശുപത്രിയിലും ദുരന്തങ്ങളെ നേരിടാൻ എങ്ങനെ തയ്യാറാവാം എന്ന് അടുത്ത ദിവസങ്ങളിൽ പറയാം.

Advertisment