Advertisment

ഈ നിമിഷത്തിൽ ജീവിക്കാം

author-image
admin
Updated On
New Update

- വിഭീഷ് തിക്കോടി

Advertisment

publive-image

പുതുവർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനുവരി ഒന്നിന് ആഘോഷിക്കാറുണ്ടെങ്കിലും , പല രാജങ്ങൾക്കും അവരുടെ സാംസ്ക്കാരിക രീതികൾക്കനുസരിച്ചു അവരുടേതായ നവവത്സര ദിനങ്ങൾ ഉണ്ട്.

ആഗോളതലത്തിലുള്ള ഗ്രിഗോറിയൻ കലണ്ടറിന്റെ സ്വീകാര്യതയാണ് ജനുവരി ഒന്നിന് ഇത്രയധികം പ്രാധാന്യം നലകിയത്. ഈജിപ്തുകാർ സിറിയസ് എന്ന നക്ഷത്രത്തിന്റെ ഉദയം നോക്കി പുതിയ വർഷം ആഘോഷിക്കുന്നു.

പഴയ ഗ്രീക്കുകാരും സിറിയസ് നക്ഷത്രത്തെ ആസ്പദമാക്കിയാണ് കാലഗണന നടത്തിയിരുന്നത് . അറബ് ദേശവും ചൈനയും, ജപ്പാനും മറ്റു ചില സംസ്കൃതികളും ചന്ദ്രനെ ആസ്പദമാക്കി കാലം ഗണിക്കുമ്പോൾ, ഭാരതം സൂര്യന്റെ സംക്രമണത്തെ മുൻനിർത്തി, അയനങ്ങളുടെ അടിസ്ഥാനത്തിലാണ് കാലത്തെ അളന്നിരുന്നത് .

ഭാരതത്തിൽ തന്നെ വിഭിന്നങ്ങളായ നവവത്സര ദിനാഘോഷങ്ങളുണ്ട്. യുഗാദി, വിഷു, ഗുഡി പഡ്വ , നവേര , ബിഹു, വൈശാഖി, പുത്താണ്ട് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം .കേരളത്തിൽ തന്നെ മലയാള പഞ്ചാംഗ പ്രകാരം ചിങ്ങ മാസമാണ് വർഷത്തിലെ ആദ്യ മാസം. പറഞ്ഞു വന്നത് മറ്റു ദിനങ്ങളിൽ നിന്ന് വേറിട്ട ചില സവിശേഷതകൾ പുതുവത്സരദിനത്തിനുണ്ട് എന്നു തന്നെയാണ്.

മാറ്റങ്ങൾ നിർണയിക്കുവാൻ ചില സൂചകങ്ങൾ കൂടിയേ തീരും , അതിലൊന്നാണ് കലണ്ടർ. കാലത്തിന്റെ ഗതിവേഗങ്ങൾക്കനുസൃതമായി നാം മാറിക്കൊണ്ടിരിക്കുന്നു. ഒപ്പം ജീവ പരിസരങ്ങളിലും മാറ്റത്തിന്റെ അലയൊലികൾ ദൃശമാവാറുണ്ട് . ചില ഓർമപെടുത്തലുകൾ നമുക്ക് കൂടിയേ തീരൂ . ഇന്നലെ, ഇന്ന്,

നാളെ എന്നിങ്ങനെ ജീവിതത്തെ നോക്കിക്കാണുമ്പോൾ, ഇന്നലെകൾ ഇതിനകം അപ്രത്യക്ഷമായി. ചില ഭാഗ്യങ്ങളും, ദൌർഭാഗ്യങ്ങളും നമ്മെ തൊട്ട് തലോടി അത് കടന്ന് പോയിയെന്നത് സത്യമാണ്. ഇന്നലെകൾ പകർന്ന അനുഭവങ്ങൾ ഇന്നിന് കരുത്താവണമെന്നാണ് മുൻപുള്ളവർ ചൊല്ലിയത്.

പക്ഷെ, ഇന്നിൽ തൃപ്തരല്ലാത്ത ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു. എല്ലാം നാളെ , നാളെയേക്ക് വേണ്ടി എന്ന ചിന്തയിലയാണ് പലരും കാര്യങ്ങൾ നിർവ്വഹിക്കുന്നത്.

ഇപ്പോഴുള്ള ഓരോ നിമിഷങ്ങളെയും ദിനത്തെയും നാം എങ്ങനെ ഉപയുക്തമാക്കുന്നു എന്നതിനെ ആസ്പദമാക്കിയാണു നമ്മുടെ ഭാവി സൃഷ്ടിക്കപ്പെടുന്നത്. നാളെയെന്താണെന്ന് നമുക്ക് പ്രവചിക്കാനോ, കണ്ടറിയാനോ സാധിക്കാത്ത ഈ നിമിഷത്തിൽ നന്നായി ജീവിക്കുക എന്നതാണ് സന്തോഷഭരിതമായ ജീവിതത്തിനുള്ള ഏകമാർഗം.

പ്രശ്നങ്ങളും പ്രതിസന്ധികളും വേദനകളും ഇല്ലാത്താവരായി ആരും തന്നെ ലോകത്തില്ല. ചിലർക്കത് ശാരീരികമാവാം, മാനസികമാവാം, സാമ്പത്തികമാവാം, അതുമല്ലെങ്കിൽ ചുറ്റുപാടുകൾ തീർക്കുന്ന വെല്ലുവിളികളാകാം. ഇവയുടെ അളവിലും തോതിലും മാത്രമേ വ്യത്യാസമുള്ളൂ. നാം ഇതിനെ എങ്ങനെ അഭിമുഖീകരിക്കുന്നു, നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജയപരാജയങ്ങൾ നിർവ്വചിക്കപ്പെടുന്നത്.

ജീവിതലക്ഷ്യങ്ങൾ എന്താണെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അതിനുള്ള ശ്രമങ്ങൾ നാം സ്വമേധയാ നിർവഹിക്കേണ്ടതായുണ്ട്.

ലക്ഷ്യപ്രാപ്തിയിലേക്കുള്ള ദൂരം കുറയ്ക്കുന്നത് പ്രയത്നങ്ങളാണ്. ശ്രമങ്ങളുടെ വേഗത ക്രമീകരിക്കാനുള്ള ചൂണ്ടുപലകകളാണ് മണിക്കൂറുകളും, ദിവസങ്ങളും മാസങ്ങളും വർഷങ്ങളും.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് തന്നെ നിർവഹിച്ചുകൊണ്ട്, ഊർജ്ജസ്വലതയോടെ ഇന്നിന്റെ നിമിഷങ്ങളിൽ ജീവിക്കുക. ഇന്നു നാം പാകുന്ന വിത്തുകളാണു നാളെ മാമരമായി നമുക്ക് തണലേകുന്നത്.

ഈ ചിന്തയിലധിഷ്ഠിതമായി സ്വപ്നങ്ങളും ചിന്തകളും രൂപപ്പെടുത്തുവാൻ സാധ്യമാകണം. വ്യക്തിജീവിതം, കുടുംബം, സമൂഹം, നാട്, ലോകം എന്നിങ്ങനെ എല്ലായിടങ്ങളിലും പ്രകാശം പരത്തുവാൻ നമ്മുടെ പ്രവർത്തികൾക്ക് കഴിയട്ടെ എന്ന പ്രത്യാശയോടെ ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

Advertisment