Advertisment

പ്രൊഫസർ ടി.ജെ. ജോസഫിൻറ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

പ്രൊഫസർ ടി.ജെ. ജോസഫിൻറ്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പുസ്തകം ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നു. 320 പേജുകളോളം വായിച്ചു കഴിഞ്ഞു. ഉഗ്രൻ പുസ്തകം. നല്ല ഭാഷ; നല്ല ആഖ്യാന ശൈലി. ഹൃദയത്തിൽ തട്ടുന്നത് പോലെയുള്ള വിവരണവുമാണ്.

അതുകൊണ്ടുതന്നെ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായനക്കാരുടെ മനസിൽ ഇടം പിടിക്കും എന്ന് നിസംശയം പറയാം. മലയാളത്തിലെ 'ബെസ്റ്റ് സെല്ലർ' പട്ടികയിലും 'അറ്റുപോകാത്ത ഓർമ്മകൾ' താമസിയാതെ ഇടം നേടാനാണ് സാധ്യത മുഴുവനും.

സത്യത്തിൽ പ്രൊഫസർ ടി.ജെ. ജോസഫിൻറ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്നതെന്താണ്? ഒരു സാധാരണ വ്യക്തിക്ക് നീതി നിഷേധിക്കപ്പെട്ടാൽ അവന് പോകാൻ വളരെ കുറച്ച് ഇടങ്ങളേ ഈ രാജ്യത്തുള്ളൂ എന്ന് പഠിപ്പിക്കുന്നതാണ് പ്രൊഫസർ ടി.ജെ. ജോസഫിൻറ്റെ ആത്മകഥ.

മത തീവ്രവാദികൾ കയ്യും കാലും വെട്ടിയതുകൊണ്ടും, പ്രൊഫസറുടെ ഭാര്യ ദാരിദ്ര്യം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തതുകൊണ്ടും അദ്ദേഹത്തിൻറ്റെ കഥ നമ്മളെല്ലാവരും അറിഞ്ഞു.

കൈ-കാൽ വെട്ടപ്പെടാത്ത എത്രയോ പേരുടെ കുടുംബങ്ങളിൽ ദാരിദ്ര്യം കാരണം ആത്മഹത്യകൾ നടക്കുന്നുണ്ട്? എത്രയോ പേരെ അകാരണമായി ജോലികളിൽ നിന്ന് ഈ രാജ്യത്ത് പിരിച്ചുവിടുന്നുണ്ട്? അവരുടെ ഒക്കെ കദന കഥകൾ ഒരിക്കലും മാധ്യമങ്ങളിൽ വരാറില്ല.

നമ്മുടെ രാജ്യത്ത് ചിന്താശേഷി കുറഞ്ഞു വരുന്നൂ എന്നും പ്രൊഫസർ ടി.ജെ. ജോസഫിൻറ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതല്ലെങ്കിൽ പാഠ്യഭാഗത്തുനിന്ന് കുത്തും കോമയും ഒക്കെ ഇടാൻ നിർദേശിക്കുന്ന ഒരു ചോദ്യപേപ്പർ ഉയർത്തികാട്ടി ആരെങ്കിലും കയ്യും, കാലും ഒക്കെ വെട്ടാൻ നടക്കുമോ?

10 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പോലും പ്രൊഫസർ ടി.ജെ. ജോസഫിൻറ്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരെ സോഷ്യൽ മീഡിയയിൽ കാണാം. സഭയും അന്നത്തെ സർക്കാരും ഇക്കാര്യത്തിൽ നടത്തിയ നുണ പ്രചാരണങ്ങൾ ഇന്നും പലരും ഏറ്റുപിടിക്കുന്നു.

കൈവെട്ടിയതിൻറ്റെ ഫലമായി വളരെയധികം യാതനകൾ സഹിക്കേണ്ടി വന്ന പ്രൊഫസർ ടി.ജെ. ജോസഫ് സത്യത്തിൽ കുറ്റം ഒന്നും ചെയ്തിട്ടില്ലാ. വെറുതെയല്ലല്ലോ ഹൈക്കോടതി അദ്ദേഹത്തെ പൂർണമായും കുറ്റ വിമുക്തനാക്കിയത്.

കാര്യങ്ങൾ 'പ്രോപ്പർ' ആയി മനസിലാക്കാതിരുന്ന കുറെ മത ഭ്രാന്തന്മാരും, വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രീയം കളിച്ച ഇടതുപക്ഷ സർക്കാരും, 'സെൻസേഷണലിസം' മാത്രം ലക്ഷ്യമാക്കിയ ഇൻഡ്യാ വിഷൻ പോലുള്ള ചാനലുകളുമാണ് ഈ വിഷയം ആവശ്യമില്ലാതെ കുത്തിപൊക്കിയത്.

ഇപ്പോഴും കാര്യങ്ങൾ മനസിലായിട്ടില്ലാത്ത പലരും ചോദിക്കുന്നൂ, ജോസഫ് സാറിൻറ്റെ വിവാദ ചോദ്യപേപ്പറിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന്.

സിലബസിൽ ഉള്ള പി. റ്റി. കുഞ്ഞുമുഹമ്മദിൻറ്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന ലേഖനത്തിൽ നിന്ന് ഒരു ഭാഗമെടുത്ത് ചോദ്യം തയ്യാറാക്കുക മാത്രമാണ് പ്രൊഫസർ ടി.ജെ. ജോസഫ് ചെയ്തത്.

കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതും, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ബി.എ. മലയാളത്തിനും, എം.എ. മലയാളത്തിനും റഫറൻസിനായി നിർദേശിച്ചിട്ടുള്ളതുമായ ഒരു ഗ്രന്ഥമാണ് 'തിരക്കഥയുടെ രീതിശാസ്ത്രം'.

മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര പ്രവർത്തകരുടെ തിരക്കഥാ വിഷയകമായി ലേഖനങ്ങളുടെ സമാഹാരമായിരുന്നു അത്.

പി. റ്റി. കുഞ്ഞുമുഹമ്മദിൻറ്റെ 'തിരക്കഥ : ഒരു വിശ്വാസിയുടെ കണ്ടെത്തൽ' എന്ന ഒരു ലേഖനത്തിൽ നിന്ന് സംഭാഷണ ഭാഗങ്ങൾ എടുത്ത് ചിഹ്നങ്ങൾ ചേർക്കാനായി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുക മാത്രമാണ് പ്രൊഫസർ ടി.ജെ. ജോസഫ് ചെയ്തത്.

പൂർണ വിരാമം, അർദ്ധ വിരാമം, കോമ, ചോദ്യച്ചിന്നം - ഇവയൊക്കെ ആ സംഭാഷണ ഭാഗങ്ങളിൽ ഇടാനായിരുന്നു പ്രൊഫസർ ടി.ജെ. ജോസഫ് ചോദ്യപേപ്പറിലൂടെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്.

പി. റ്റി. കുഞ്ഞുമുഹമ്മദിൻറ്റെ 'തിരക്കഥ : ഒരു വിശ്വാസിയുടെ കണ്ടെത്തൽ' എന്ന ലേഖനത്തിൽ ദൈവത്തോട് സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ഒരു ഭ്രാന്തൻറ്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട്.

ഭ്രാന്തൻ തന്നെയാണ് പി. റ്റി. കുഞ്ഞുമുഹമ്മദിൻറ്റെ തിരക്കഥയിൽ ദൈവമായിട്ടും സംസാരിക്കുന്നത്. ഭ്രാന്തൻറ്റെ സംസാരം ഒരിക്കലും സഭ്യമോ, പണ്ഡിതൻറ്റെ ഭാഷയോ ആകാൻ തരമില്ലല്ലോ.

സാഹിത്യത്തിൽ ഇതിനെ 'കറുത്ത ഹാസ്യം' അതല്ലെങ്കിൽ ‘Black Humor’ എന്നാണ് പറയുന്നത്. ആ ‘Black Humor’ ഹാസ്യം ബിരുദ-ബിരുദാനന്തര ക്ളാസുകളിൽ പഠിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ഇഷ്ടം പോലെ ശകാരവാക്കുകൾ സാഹിത്ത്യത്തിലുണ്ട്.

അങ്ങനെയാണ് പി.റ്റി. കുഞ്ഞുമുഹമ്മദിൻറ്റെ തിരക്കഥയിൽ "പടച്ചോനെ പടച്ചോനെ, നായിൻറ്റെ മോനെ" എന്നുള്ള സംഭാഷണ ശകലങ്ങൾ വന്നത്. ആ സംഭാഷണ ശകലങ്ങളിൽ ചിഹ്നങ്ങൾ ചേർക്കാനായി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുക മാത്രമാണ് പ്രൊഫസർ ടി.ജെ. ജോസഫ് ചെയ്തത്.

ഭ്രാന്തന് കുഞ്ഞു മുഹമ്മദ് എന്ന പേര് കൊടുക്കുന്നതിനു പകരം മുഹമ്മദ് എന്ന് ചുരുക്കി എഴുതിയതാണ് ചിലർ തെറ്റിദ്ധരിക്കാനുള്ള കാരണമായി പറയപ്പെടുന്നത്.

സത്യത്തിൽ പ്രവാചകനെ 'പ്രവാചകൻ മുഹമ്മദ്' അതല്ലെങ്കിൽ 'നബി തിരുമേനി' എന്നൊക്കെയാണ് മലയാളത്തിൽ അഡ്ഡ്രസ് ചെയ്യുന്നത്. അല്ലെങ്കിലും പാഠ്യഭാഗം മനസിലാക്കാതെ ആവശ്യമില്ലാതെ 'ഇൻറ്റർപ്രറ്റേഷൻ' കൊടുക്കേണ്ട കാര്യം മറ്റുള്ളവർക്കില്ല.

പ്രൊഫസർ ടി. ജെ. ജോസഫിൻറ്റെ ക്ളാസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ആയി ധാരാളം മുസ്‌ലീം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആ മുസ്‌ലീം വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ കണ്ടിട്ട് തോന്നാതിരുന്ന നീരസം ചാനലുകാർക്കും, രാഷ്ട്രീയക്കാർക്കും, നാട്ടുകാർക്കും തോന്നേണ്ട കാര്യമെന്താണ്?

പാഠ്യഭാഗം മനസിലാക്കി പരീക്ഷയെഴുതിയ വിദ്യാർഥികൾക്കോ, ചോദ്യപേപ്പർ അംഗീകരിച്ച കോളേജ് പ്രിൻസിപ്പാളിനോ ഒന്നും ഒരു രീതിയിലുള്ള പ്രതിഷേധവും ചോദ്യപേപ്പർ കണ്ടിട്ട് തോന്നിയിരുന്നുമില്ല.

കൈവെട്ട് സംഭവത്തിനു ശേഷം ജോസഫ് സാറിൻറ്റെ ജോലി കളയുകയും, അദ്ദേഹത്തിൻറ്റെ കൂടെ നിൽക്കാതിരിക്കുകയും ചെയ്ത സഭയെ പോലെ തന്നെ പ്രതി സ്ഥാനത്ത് നിൽക്കുന്നത് ആ വിഷയത്തിൽ പ്രതികരിക്കാതിരുന്ന CPM എന്ന പാർട്ടിയാണ്.

ആ സമയത്ത് വർഗീയ ശക്തികൾക്ക് കീഴ്‌പെട്ട് ജോസഫ് സാറിനെ വേട്ടയാടിയത് ഇടതുപക്ഷ സർക്കാരും, ജോസഫ് സാറിന് പിന്തുണ കൊടുക്കാതിരുന്നത് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമാണ്.

ചോദ്യപേപ്പറിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുമ്പോൾ എം.എ. ബേബി സഖാവ് പ്രൊഫസർ ടി.ജെ. ജോസഫിനെ കാര്യമറിയാതെ 'പമ്പര വിഡ്ഢി' എന്ന് വിളിച്ചു.

ചിലപ്പോൾ കാര്യങ്ങൾ അറിഞ്ഞും കാണണം. പക്ഷെ ഇടതുപക്ഷത്തിന് എന്നും വോട്ടുബാങ്ക് രാഷ്ട്രീയമായിരുന്നല്ലോ വലുത്. കോടിയേരി ബാലകൃഷ്ണൻറ്റെ പോലീസ് അനേകം സംഘങ്ങൾ ജോസഫ് സാറിനെ വേട്ടയാടാൻ വേണ്ടി രൂപീകരിച്ചു.

ആ സംഭവത്തിൽ ഒരു പങ്കുമില്ലാതിരുന്ന എൻജിനീയറിങ് ബിരുദധാരിയായ ജോസഫ് മാഷിൻറ്റെ മകനെ മൂന്നു പകലും മൂന്നു രാത്രിയും പോലീസ് കസ്റ്റഡിയിൽ വെച്ച് മൂന്നാം മുറക്ക് വിധേയനാക്കി.

ജോസഫ് മാഷിൻറ്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പീഡിപ്പിച്ചു; പല വീടുകളിലും റെയ്ഡ് നടത്തി; അനേകം പേരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തെറിയഭിഷേകം നടത്തി.

"പി. ടി. കുഞ്ഞുമുഹമ്മദിൻറ്റെ ഒരു പുസ്തകവും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ റഫറൻസ് ഗ്രന്ഥമായിട്ടില്ല" എന്ന് പ്രൊ വൈസ് ചാൻസിലർ ചാനലുകളിൽ കൂടി പറഞ്ഞു. പി. ടി. കുഞ്ഞുമുഹമ്മദിൻറ്റെ ലേഖനത്തിൽ നിന്ന് പരീക്ഷക്കുള്ള ചോദ്യപേപ്പർ തയാറാക്കിയ മലയാളം അദ്ധ്യാപകന് പിന്നെ എന്ത് നിലനിൽപ്പാണ് ഉണ്ടായിരുന്നത്?

പ്രൊഫസർ ടി.ജെ. ജോസഫിന് മാത്രം പറ്റിയ കൈപ്പിഴവായി ഇങ്ങനെ യൂണിവേഴ്‌സിറ്റി അധികൃതർക്ക് സമർത്ഥമായി കാര്യങ്ങൾ അവതരിപ്പിക്കുവാൻ സാധിച്ചു. ചോദ്യപേപ്പറിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുമ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസിലർ ഇങ്ങനെ പറയാമോ?

വലിയ ഇടതുപക്ഷ ബുദ്ധിജീവിയായ ഡോക്റ്റർ രാജൻ ഗുരുക്കൾ സർവകലാശാലയുടെ വൈസ് ചാൻസലറായിരിക്കെ അദ്ദേഹത്തിനപ്പോൾ പ്രൊ വൈസ് ചാൻസിലറെ തിരുത്തേണ്ട ധാർമികമായ ബാധ്യതയില്ലാരുന്നുവോ?

സദാ സമയവും വർഗീയതക്കെതിരേ പ്രസംഗിച്ചിരുന്ന ഡോക്റ്റർ രാജൻ ഗുരുക്കൾ എന്ന വൈസ് ചാൻസിലർ പ്രതികരിക്കാതിരുന്ന സമയം കൂടിയായിരുന്നു അത്.

'സെൻസേഷണലിസം' മാത്രം ലക്ഷ്യമാക്കിയ ഇൻഡ്യാ വിഷൻ പോലുള്ള ചാനലുകളാണ് ഈ വിഷയം ആവശ്യമില്ലാതെ കുത്തിപൊക്കിയത്. ഇൻഡ്യാ വിഷൻ പൂട്ടിപ്പോയത് വെറുതെ അല്ലാ. ഇത്തരം അധാർമികമായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് കാലം തിരിച്ചടികൾ നൽകാതിരിക്കുമോ?

വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരുന്ന് 24 വർഷം സർവീസുണ്ടായിരുന്ന ഒരു പ്രൊഫസറെ തള്ളിപ്പറഞ്ഞ എം.എ. ബേബി സഖാവ് വെറുതെയല്ല പിന്നീട് കോല്ലത്തും കുണ്ടറയിലും തോറ്റു തൊപ്പിയിട്ടത്. കോടിയേരി ബാലകൃഷ്ണൻറ്റെ കാര്യമാണ് ഏറ്റവും കഷ്ടം. ഈ വയസുകാലത്ത് പേരകുട്ടിയുമായി സംസാരിക്കുവാൻ അദ്ദേഹത്തിന് ഹിന്ദി പഠിക്കേണ്ടി വരുന്നൂ!!!

പ്രൊഫസർ ടി.ജെ. ജോസഫിനെ വേട്ടയാടിയതിൻറ്റെ പേരിൽ സുബോധമുള്ള ആർക്കും സഭയെ വിശുദ്ധമാക്കാൻ ആവില്ല. പക്ഷെ സഭയെ പോലെ തന്നെ കുറ്റക്കാരാണ് മറ്റുള്ളവരും. വീണവനെ ചവിട്ടാൻ ചുരുക്കം ചില സഹ പ്രവർത്തകരും ഉത്സാഹം കാണിച്ചു.

അതല്ലെങ്കിലും അങ്ങനെയാണല്ലോ. പുറകിൽ നിന്ന് കുത്താൻ വിദഗ്ധരായവർ നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടല്ലോ.

ഇടത് സർക്കാർ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് പ്രൊഫസർ ടി.ജെ. ജോസഫിനെ വേട്ടയാടിയത്. ഒരുപക്ഷെ മതാധിഷ്ഠിതമായ വോട്ടുബാങ്ക് രാഷ്ട്രീയത്തിൻറ്റെ കെണി ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.

ഈ സംഭവത്തോട് പ്രതികരിക്കാതിരുന്ന ലെഫ്റ്റ്-ലിബറൽ ബുദ്ധിജീവികളുടെ കാപട്യവും ഇതോടെ വെളിവായി. അവർ അല്ലെങ്കിലും 'സെലെക്റ്റീവ്' ആയി മാത്രം പ്രതികരിക്കുന്ന വലിയ ബുദ്ധിജീവികളാണല്ലോ. സഭക്ക് മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനം മത ഭ്രാന്തരിൽ നിന്ന് സംരക്ഷിക്കണമായിരുന്നു.

അതിനുവേണ്ടി അവർ ജോസഫ് സാറിനെ ബലിയാടാക്കി. സാറിൻറ്റെ കൂടെ നിൽക്കാതെ സാർ മതനിന്ദ നടത്തി എന്ന അസത്യ പ്രസ്താവന പ്രചരിപ്പിച്ചു. അത് മത തീവ്രവാദികൾക്ക് വളമായി.

മത തീവ്രവാദികൾക്ക് 24 വർഷം തങ്ങളുടെ സ്ഥാപനത്തിൽ പഠിപ്പിച്ച ഒരാളെ സഭ ഒറ്റിക്കൊടുത്തു എന്നും വേണമെങ്കിൽ പറയാം.

സഭ, കോളേജ് മാനേജ്മെൻറ്റ്, കോളേജ് പ്രിൻസിപ്പൽ, ചില സഹ പ്രവർത്തകർ, പിരിച്ചുവിട്ട കേസ് വേഗത്തിൽ തീർപ്പാക്കാതിരുന്ന യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യുണൽ, ജോസഫ് സാറിൽ മതനിന്ദ കേസെടുത്ത കേരളാ സർക്കാർ - ഇവരെല്ലാം ഈ വിഷയത്തിൽ കുറ്റക്കാരാണ്.

ചുരുക്കം പറഞ്ഞാൽ എല്ലാവരും അന്ന് പ്രൊഫസർ ടി.ജെ. ജോസഫ് എന്ന വ്യക്തിയോട് നീതികേട് കാണിച്ചു.

വ്യക്തികൾക്ക് നീതിനിഷേധം നേരിടേണ്ടി വരുമ്പോൾ അവർക്ക് മുന്നിൽ സ്ഥാപനങ്ങൾ വാതിലുകൾ കൊട്ടിയടക്കുന്ന പ്രവണത ഈ രാജ്യത്തുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചുതരികയാണ് 431 പേജുള്ള ആത്മകഥയിലൂടെ പ്രൊഫസർ ടി.ജെ. ജോസഫ്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment