Advertisment

സംശയനിവാരണത്തിന്‌ തന്ത്രിക്ക്‌ സന്മനസ്സുണ്ടാവണം - എസ്‌.പി. നമ്പൂതിരി

author-image
admin
Updated On
New Update

ബരിമലയില്‍ പത്തു വയസ്സിനും അമ്പതുവയസ്സിനുമിടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചുപൂട്ടി താക്കോല്‍ പന്തളം രാജാവിനെ എല്‌പിച്ച്‌ സ്ഥലം വിടുമെന്നായിരുന്നു തന്ത്രി പ്രഖ്യാപിച്ചിരുന്നത്‌.

Advertisment

ഒരു മഹാക്ഷേത്രം സ്‌തംഭിച്ച്‌ നിശ്‌ചലമായി പോകുമെന്നമട്ടില്‍ വലതുപക്ഷ മാധ്യമങ്ങള്‍ അതാഘോഷിക്കുകയുംചെയ്‌തു. പക്ഷെ, കനകദുര്‍ഗ്ഗയും ബിന്ദുവും ദേവദര്‍ശനംനടത്തി പ്രാര്‍ത്ഥിച്ചു മടങ്ങിയപ്പോള്‍ തന്ത്രി നിലപാടു മാറ്റി. ഒരു മണിക്കൂറുകൊണ്ടവസാനിക്കുന്ന ഒരു ഇന്‍സ്റ്റന്റ്‌ ശുദ്ധിക്രിയ നടത്തി നട തുറന്നു. ബിംബത്തിന്‌ അശുദ്ധി വന്നു എന്നാണ്‌ വാദമെങ്കില്‍ അതു നിശ്‌ചയിക്കേണ്ടത്‌ ആഗമവിധിപ്രകാരമാണ്‌.

സ്‌ത്രീപ്രവേശനംകൊണ്ട്‌ അശുദ്ധിയുണ്ടാകുമെന്ന്‌ ഒരു ആഗമത്തിലും പറയുന്നില്ല. ഇപ്പോള്‍ തന്ത്രി നടത്തിയതുപോലുള്ള ഒരു മണിക്കൂറുകൊണ്ടവസാനിക്കുന്ന ഒരു ഇന്‍സ്റ്റന്റ്‌ ശുദ്ധിക്രിയയേക്കുറിച്ചുള്ള പരാമര്‍ശം ഒരു തന്ത്രഗ്രന്ഥത്തിലുമില്ല.

കുറിച്ചിത്താനത്തെ രണ്ടു പ്രസിദ്ധക്ഷേത്രങ്ങളുടെ (പൂത്തൃക്കോവില്‍ ക്ഷേത്രവും കാരിപ്പടവത്തുകാവും) ട്രസ്റ്റിമാരിലൊരാളാണ്‌ ഞാന്‍. പല തന്ത്രിമാരേയും അവരുടെ തന്ത്രങ്ങളേയും ഞങ്ങള്‍ക്ക്‌ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്‌.

ശബരിമല ഉള്‍പ്പെടെ പത്തു മഹാക്ഷേത്രങ്ങളേക്കുറിച്ച്‌ ഞാനെഴുതിയ മഹാക്ഷേത്രങ്ങളിലൂടെ എന്ന പുസ്‌തകം ശബരിമല കേസിലെ വാദികളായ യംഗ്‌ ലോയേഴ്‌സ്‌ അസോസിയേഷന്റെ ശ്രദ്ധയില്‍ പെടുകയും അവരുമായുള്ള ആശയവിനിമയത്തേത്തുടര്‍ന്ന്‌ ഞാന്‍ ആ കേസില്‍ കക്ഷിചേരുകയും ചെയ്‌തു. ക്ഷേത്രകാര്യങ്ങളില്‍ പൗരോഹിത്യം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളേക്കുറിച്ച്‌ കൂടുതലറിയാനും അപ്പോഴവസരം ലഭിച്ചു.

താഴെപ്പറയുന്ന കാര്യങ്ങള്‍ തന്ത്രി വിശദീകരിക്കണമെന്ന്‌ അഭ്യര്‍ത്ഥന.

ഒന്ന്‌: സ്‌ത്രീകള്‍ ശ്രീകോവിലിനുമുന്നിലെത്തി തൊഴുതാല്‍ അശുദ്ധിയുണ്ടാവുമെന്നതിന്‌ ഏതെങ്കിലും താന്ത്രികവിധികളുടെ പിന്‍ബലമുണ്ടോ? ഏത്‌ മതഗ്രന്ഥത്തിലാണിത്തരമൊരു നിരോധനമുള്ളത്‌? സ്‌ത്രീകള്‍ പൂജിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഈശ്വരസാന്നിദ്ധ്യമുണ്ടാവുമെന്നാണ്‌ മനുസ്‌മൃതി പറയുന്നത്‌. പെട്ടെന്നുണ്ടായ ഈ നിലപാടുമാറ്റത്തിനെന്താണൊരു അടിസ്ഥാനം?

അഷ്ടമംഗലപ്രശ്‌നവും പ്രായശ്‌ചിത്തവും ശുദ്ധികലശവുമുള്‍പ്പെടെയുള്ള വലിയ പരിഹാരക്രിയകള്‍ മുതല്‍ ഒരു സാധാരണ പുണ്യാഹം വരെയുള്ള ഏതു പോംവഴിയും നിശ്‌ചയിക്കാനുള്ള സര്‍വ്വതന്ത്രസ്വതന്ത്രമായ വിവേചനാധികാരം തന്ത്രിക്കുണ്ടോ? നട അടച്ചുപൂട്ടി പോകുമെന്ന തീരുമാനത്തില്‍ നിന്നും ഒരു മണിക്കൂറുകൊണ്ടു തീരുന്ന ശുദ്ധിക്രിയയിലേക്കു ചുരുങ്ങിയതിന്റെ യുക്തിയും കാരണവും എന്താണ്‌?

രണ്ട്‌: കാലാകാലങ്ങളായുള്ള ആചാരമെന്ന ന്യായമാവും തന്ത്രപ്രമാണങ്ങളുടെ അഭാവത്തില്‍ പറയാന്‍ പോകുന്നത്‌. 1991 വരെ അവിടെ സ്‌ത്രീകള്‍ പ്രായഭേദമന്യേ അവിടെ പോകുകയും കുട്ടികള്‍ക്ക്‌ ചോറൂണ്‌ നടത്തുകയും ചെയ്‌തിരുന്നുവെന്ന്‌ ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്‌.

1991 ലുണ്ടായ യുക്തിരഹിതമായ ഒരു ഹൈക്കോടതി വിധിയാണ്‌ ഇപ്പോഴത്തെ സ്‌ത്രീപ്രവേശനനിരോധനത്തിന്റെ ഏക അടിസ്ഥാനം. മനുസ്‌മൃതി മുതല്‍ തന്ത്രസമുച്ചയം വരെയുള്ള എല്ലാ ആധികാരികരേഖകളും പരിശോധിച്ച ശേഷമാണ്‌ സുപ്രീംകോടതി ആ ഹൈക്കോടതി വിധി റദ്ദാക്കിയത്‌. ഈ സുപ്രീംകോടതി വിധിയില്‍ തന്ത്രിക്ക്‌ ഒരു വിവേചനാധികാരവും നല്‍കിയിട്ടില്ല.

മൂന്ന്‌: ഇപ്പോഴിതാ ഒരു ശ്രീലങ്കന്‍ യുവതി പ്രവേശിച്ചിരിക്കുന്നു. വീണ്ടും ശുദ്ധികര്‍മ്മങ്ങള്‍ വേണ്ടിവരുമല്ലോ. ഇനിയും സ്‌ത്രീകള്‍ പ്രവേശിച്ചാല്‍ ശുദ്ധിക്രിയകള്‍ പ്രായോഗികമെല്ലന്ന്‌ തന്ത്രി പറഞ്ഞതായി അറിയുന്നു. അപ്പോള്‍ ഈശ്വരചൈതന്യം കുറഞ്ഞാലും പ്രശ്‌നമില്ലെന്നാണോ കരുതേണ്ടത്‌? ധര്‍മ്മശാസ്‌താവില്‍ വിശ്വസിക്കുന്ന ജനകോടികളുടെ സംശയമാണിത്‌.

നാല്‌: ഋതുവായ പെണ്ണിനും യാചകനും ശ്‌മശാനപാലകനും യജ്‌ഞകര്‍ത്താവായ ബ്രാഹ്‌മണനും ഈശ്വരരാധനയില്‍ ഒരുപോലെ അവകാശമുണ്ടെന്നാണ്‌ തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം പറയുന്നത്‌. ആദ്യമേ എടുത്തുപറയുന്നത്‌ ഋതുവായ പെണ്ണിന്റെ കാര്യമാണെന്നത്‌ നാം ശ്രദ്ധിക്കണം.

അഞ്ച്‌: കാളകൂടവിഷം വമി�ുന്ന കരിമൂര്‍ഖനോ രാജവെമ്പാലയോ ക്ഷേത്രസന്നിധിയിലെത്തിയാല്‍ ശുദ്ധികര്‍മ്മങ്ങള്‍ വേണ്ട. നിഷ്‌കളങ്കയായ ഒരു ഭക്ത വന്നുപോയാല്‍ ആകെ അശുദ്ധമായി-ശുദ്ധികലശം വേണം. മനുഷ്യവംശം കുറ്റിയറ്റുപോകാതെ കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണ്ണായകപങ്കു വഹിക്കുന്നത്‌ ആര്‍ത്തവം നില�ാത്ത സ്‌ത്രീത്വമാണ്‌-അതശുദ്ധമാണ്‌. മനുഷ്യനെ കൊല്ലുന്ന വിഷത്തിന്‌ അശുദ്ധിയില്ല. ഈ വിഷയത്തില്‍ ഒരു വിശദീകരണം വേണം.

Advertisment