വിശ്വാസമോ സ്‌ത്രീപുരുഷസമത്വമോ പരമപ്രധാനം?

Monday, July 23, 2018

– എസ്‌.പി. നമ്പൂതിരി.

കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന സ്‌ത്രീ വിമോചനസമരങ്ങളുടെ വര്‍ത്തമാനകാലരൂപം സുപ്രീംകോടതിയില്‍ ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നു

‘ഈശ്വരാരാധനക്കുവേണ്ടിയുള്ള ഒരു പൊതുസ്ഥലത്ത്‌ പുരുഷനു പ്രവേശിക്കാമെങ്കില്‍ അതേ അവകാശബോധത്തോടെ സ്‌ത്രീക്കും പ്രവേശിക്കാം. പുരുഷനു ബാധകമാവുന്നതെല്ലാം സ്‌ത്രീക്കും ബാധകമാണ്‌.’
ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര
(ശബരിമലയിലെ സ്‌ത്രീ പ്രവേശനവിഷയത്തില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാബഞ്ചിന്റെ തലവന്‍)

‘സ്‌ത്രീകളുടെ ആര്‍ത്തവകാലമെന്ന ഒരു സ്വാഭാവികശാരീരിക പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി അവരെ ജോലിയില്‍നിന്നോ ഈശ്വരസന്നിധിയില്‍ നിന്നോ മാറ്റിനിര്‍ത്തുന്നത്‌ ശരിക്കും സ്‌ത്രീവിവേചനമാണ്‌.

സ്‌ത്രീകളും അവരുടെ സഹജമായ ശാരീരികപ്രവര്‍ത്തനങ്ങളും ദൈവസൃഷ്ടിയാണ്‌-അല്ലെങ്കില്‍ പ്രകൃതിനിയമമാണ്‌. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം, ഇഷ്ടമുള്ള മതത്തെ പിന്തുടരാനും ആചരിക്കാനും പ്രചരിപ്പിക്കാനമുള്ള അവകാശം-ഇതെല്ലാം ഭരണഘടനാദത്തമാണ്‌-(ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍25-1) ഇതിനര്‍ത്ഥം സ്‌ത്രീകളുടെ ഈ അവകാശസംരക്ഷണാര്‍ത്ഥം ഒരു നിയമനിര്‍മ്മാണം പോലും ആവശ്യമില്ലെന്നതാണ്‌. ക്ഷേത്രപ്രവേശനവിഷയത്തില്‍ പുരുഷന്മാര്‍ക്കു മാത്രമായി പ്രത്യേകാവകാശമൊന്നുമില്ല’.
ജസ്റ്റീസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌
(ഇതേ ഭരണഘടനാബഞ്ചിലെ മറ്റൊരു ജഡ്‌ജി)

‘നിങ്ങളും ദൈവവും അല്ലെങ്കില്‍ നിങ്ങളും വിശ്വപ്രകൃതിയും തമ്മിലുള്ള ബന്ധമാണ്‌ മതം. മതമനുശാസിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കുവേണ്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു തടയാന്‍ ആരോഗ്യത്തിനോ സദാചാരസംഹിതകള്‍ക്കോ ശാരീരികപ്രതിഭാസങ്ങള്‍ക്കോ കഴിയില്ല.’
ഇന്ദിര ജയ്‌സിംഗ്‌
(ഈ കേസിലെ വാദിഭാഗം അഡ്വക്കേറ്റ്‌)

‘ചിന്താസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ പരിരക്ഷയുണ്ട്‌. സ്‌ത്രീക്കും പുരുഷനുമൊരുപോലെ ഈ ഭരണഘടനാസംരക്ഷണം ബാധകമാണ്‌.’
ജസ്റ്റീസ്‌ രോഹിംഗ്‌ടണ്‍ നരിമാന്‍
(ഇതേ ഭരണഘടനാബഞ്ചിലെ മറ്റൊരു ജഡ്‌ജി)

സ്‌ത്രീകള്‍ക്കു പ്രവേശനാനുവാദമുള്ള പരശ്ശതം ശാസ്‌താക്ഷേത്രങ്ങള്‍ ഉണ്ടല്ലോ. സ്‌ത്രീകള്‍ക്കവിടെ പോയാല്‍ പോരേ? ശബരിമലയില്‍ത്തന്നെ പോകണമെന്ന്‌ എന്താണൊരു വാശി? വിചാരണവേളയില്‍ സ്‌ത്രീവിരുദ്ധപക്ഷത്തുനിന്നും ഉയര്‍ന്നുവന്ന ഒരു വാദമുഖമാണിത്‌. അതേക്കുറിച്ച്‌ ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്രയുടെ പ്രതികരണം:

‘ജസന്നാഥ പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങള്‍ ധാരാളമുണ്ടാവും എന്നാല്‍ പുരിയില്‍ത്തന്നെ പോകണമെന്നത്‌ ഒരു ഭക്തന്റെയോ ഭക്തയുടേയോ വിശ്വാസമാണ്‌. ആ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതല്ലേ?. വിശ്വാസത്തിന്റെ പേരില്‍ ആണയിട്ടുകൊണ്ട്‌ സ്‌ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കെങ്ങിനെ ഇഷ്ടമുള്ള ദേവാലയത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതിനെ എതിര്‍ക്കാന്‍ കഴിയും?’

ശബരിമലയിലെ സ്‌ത്രീ പ്രവേശനവിഷയത്തില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാബഞ്ചിലെ ചില ന്യായാധിപന്മാരുടേയും ഒരഭിഭാഷകയുടേയും നിരീക്ഷണങ്ങളാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌. ഇത്‌ സാന്ദര്‍ഭിക നിരീക്ഷണങ്ങള്‍ മാത്രമാണ്‌. വിധി വരാനിരിക്കുന്നതേയുള്ളു. എന്നാലീ വിഷയം സജീവമായ രാത്രികാലചാനല്‍ചര്‍ച്ചകള്‍ക്ക്‌ വിധേയമായിക്കഴിഞ്ഞിരിക്കുന്നു.

സ്‌ത്രീപ്രവേശനമനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ യംഗ്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ സമര്‍പ്പിച്ച പൊതുതാല്‌പര്യ ഹര്‍ജിയില്‍ അവരെ പിന്തുണച്ചുകൊണ്ട്‌ കക്ഷി ചേര്‍ന്ന ഒരാളാണീ ലേഖകന്‍. വിചാരണയുടെ ആദ്യഘട്ടത്തില്‍ത്തന്നെ ഈ കേസില്‍ കക്ഷിചേരാന്‍ പ്രാതിനിധ്യസ്വഭാവമുള്ള പ്രസ്ഥാനങ്ങളെ മാത്രമേ അനുവദിക്കുകയുള്ളു എന്നും വ്യക്തികളുടെ അത്തരം അപേക്ഷകള്‍ സ്വീകരിക്കുകയില്ലെന്നും വ്യക്തിഗതപരാതികള്‍ സ്വീകരിക്കാന്‍ തുടങ്ങിയാല്‍ അടുത്തകാലത്തൊന്നും ഈവിഷയത്തില്‍ ഒരു തീരുമാനമുണ്ടാവുകയില്ലെന്നും ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര വ്യക്തമാക്കിയിരുന്നു.

എന്നാലെന്റെ സത്യവാങ്‌മൂലം പരിഗണിച്ചപ്പോള്‍ പരിഗണനാര്‍ഹമായ ചില നൂതന നിര്‍ദ്ദേശങ്ങള്‍ ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട്‌ ഈ ഗ്രന്ഥകാരന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ കക്ഷിചേര്‍ന്നവരില്‍ ക്ഷേത്രത്തിന്റെ ബുദ്ധമതപശ്‌ചാത്തലം ചൂണ്ടിക്കാണിച്ചത്‌ ഞാന്‍ മാത്രമായിരുന്നു.

അതുകൊണ്ടാണ്‌ ഹര്‍ജി പരിഗണിക്കാനിടയായത്‌. ഈ സാഹചര്യത്തില്‍ ഈ വിഷയത്തിലുള്ള ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട്‌ സ്‌ത്രീപ്രവേശനത്തെ എതിര്‍ത്ത ഒരു മാന്യവ്യക്തിയുടെ വാദമുഖങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ഞാനാഗ്രഹിക്കുന്നു.

പത്തുവയസ്സിനും അമ്പതുവയസ്സിനുമിടക്ക്‌ പ്രായമുള്ള സ്‌്രതീകള്‍ക്ക്‌ പ്രവേശനാനുവാദം നല്‍കരുതെന്നു വാദിച്ചവരില്‍ പ്രമുഖന്‍ ശ്രീ. രാഹുല്‍ ഈശ്വറാണ്‌- വിശ്വാസികളായ ഹൈന്ദവസമൂഹത്തിന്റെ ആകെ പ്രാതിനിധ്യമവകാശപ്പെട്ടുകൊണ്ടാണ്‌ തന്ത്രിയുടെ ഒരടുത്തബന്ധുവായ അദ്ദേഹം സംസാരിച്ചത്‌. മാനവികതയുടെ മനോഹരമായ മുഖംമൂടി എടുത്തണിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഹൈന്ദവയാഥാസ്ഥിതികത്വത്തിന്റെ വിശ്വരൂപം മറച്ചുവ�ാന്‍ അദ്ദേഹത്തിന്റെ വാക്‌സാമര്‍ത്ഥ്യത്തിനാവുന്നില്ല.

ഒരുദാഹരണം:
ക്ഷേത്രപ്രവേശനവിളംബരം വരുന്നതിനുമെത്രയോമുമ്പുതന്നെ ശബരിമലയില്‍ ജാതിമതാതീതമായ ഭക്തജനങ്ങള്‍ക്കു പ്രവേശനം നല്‍കിയിരുന്നെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ശരിയാണ്‌. ഇതു രാജാവിന്റെയോ തന്ത്രികുടുംബത്തിന്റെയോ ഹൃദയവിശാലതകൊണ്ടാണോ? ബ്രാഹ്‌മണ്യവും രാജാധികാരവും ഒരിക്കലും ഒരിടത്തും ഇത്തരം ഹൃദയവിശാലത കാണിച്ചിട്ടില്ല. ശബരിമലയുടെ ബുദ്ധമതപാരമ്പര്യമാണ്‌ ഇതിനുകാരണമെന്ന്‌ വ്യക്തം. ബുദ്ധമതത്തില്‍ ജാതിഭേദങ്ങളുണ്ടായിരുന്നില്ല. ഒരു ബുദ്ധവിഹാരത്തിന്റെ രൂപാന്തരമാണ്‌ ശബരിമലയെന്നതിന്റെ പല തെളിവുകളിലൊന്നാണിത്‌. ഇതോടനുബന്ധിച്ച്‌ മറ്റു ചില വസ്‌തുതകള്‍കൂടി ശ്രീ രാഹുലിന്റെ ശ്രദ്ധയില്‍ പെടുത്തിക്കൊള്ളട്ടെ

ഒന്ന്‌ : സംസ്‌കൃതത്തിലെ ആധികാരികനിഘണ്ടുവായ അമരകോശത്തില്‍ ശാസ്‌താവിനും ബുദ്ധനും പര്യായങ്ങള്‍ ഒന്നുതന്നെ, ഇതെങ്ങിനെ വന്നു?
(മുനീന്ദ്ര: ശ്രീഘന: ശാസതാ
മുനി: ശാക്യമുനിസ്‌തു യ:
എന്നിങ്ങനെ ഇരുപത്തിനാലു പര്യായങ്ങളുള്ളതില്‍ തഥാഗതനും സുഗതനും സിദ്ധാര്‍ത്ഥനും ശാസ്‌താവും ഒക്കെ വരുന്നുണ്ട്‌.)

രണ്ട്‌ : ബുദ്ധം ശരണം ഗച്ഛാമി-സംഘം ശരണം ഗച്ഛാമി- ധര്‍മ്മം ശരണം ഗച്ഛാമി എന്നീ ശരണത്രയത്തിന്റെ ഒരനുകരണമല്ലേ, ശബരിമലയിലെ ശരണം വിളി?

മൂന്ന്‌ :
ശബരിഗിരീശസ്‌തവം എന്നൊരു പ്രസിദ്ധമായ സ്‌തോത്രകാവ്യമുണ്ട്‌. മഹാകവി ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും മറ്റും പ്രശംസ ഏറ്റുവാങ്ങിയ ഒരു കാവ്യമാണിത്‌. മഠം. ശ്രീധരന്‍ നമ്പൂതിരിയാണ്‌ ഈ സ്‌തോത്രകാവ്യത്തിന്റെ രചയിതാവ്‌. സാഹിത്യപരിഷത്‌ ത്രൈമാസികത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും പില്‍ക്കാലത്ത്‌ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച അംബികാഷ്ടപ്രാസമെന്ന സ്‌തോത്രസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്‌ ഈ കൃതി. അതില്‍
‘തഥാഗതാത്‌ഭുതകഥന്‍ ശാസ്‌താവു നീതന്നെയാം’
എന്നൊരു ഭാഗമുണ്ട്‌.

നാല്‌: ഇന്ത്യയിലെ മതജീര്‍ണ്ണതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഒരു നവോത്ഥാനപ്രസ്ഥാനമാണ്‌ ബുദ്ധമതം. ഹൈന്ദവയാഥാസ്ഥിതികത്വത്തിന്‌ അതു സഹിക്കാന്‍ കഴിഞ്ഞില്ല. ബുദ്ധമതത്തെ അവര്‍ നാടുകടത്തി. നളന്ദപോലുള്ള വിശ്വവിഖ്യാതവിജ്‌ഞാനകേന്ദ്രങ്ങള്‍ പോലും നശിപ്പിക്കപ്പെട്ടു. പല ബുദ്ധവിഹാരങ്ങളെയും ക്ഷേത്രങ്ങളാക്കി മാറ്റിയെടുക്കുകയും ചെയ്‌തു. ഈ പരിണാമപരമ്പരയുടെ ഭാഗമായി ക്ഷേത്രമായി രൂപാന്തരപ്പെട്ട ഒരു ബുദ്ധവിഹാരമാണ്‌ ശബരിമല. നിത്യബ്രഹ്‌മചാരികളായ ബുദ്ധഭിക്ഷുക്കളുടെ സങ്കേതമെന്ന നിലക്ക്‌ അവിടെ സ്‌ത്രീകള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. ആ സമ്പ്രദായം ക്ഷേത്രമായപ്പോഴും പിന്തുടര്‍ന്നുപോന്നു. ഈ ചരിത്രസത്യം മനസ്സിലാക്കുന്നത്‌ ഇപ്പോഴത്തെ സ്‌ത്രീപ്രവേശനവിഷയത്തിന്റെ കുരുക്കഴിക്കാന്‍ സഹായകമാവും.

അഞ്ച്‌: നൈഷ്‌ഠികബ്രഹ്‌മചാരിയെന്ന സങ്കല്‌പത്തിലാണ്‌ ശബരിമലയിലെ വിഗ്രഹപ്രതിഷ്‌ഠയെന്നാണ്‌ ശ്രീ. രാഹുല്‍ പറയുന്നത്‌. അതുകൊണ്ടാണ്‌ ആര്‍ത്തവകാലം നിഷിദ്ധമായതത്രേ. ഈ പ്രായത്തിലുള്ള സ്‌ത്രീകളുടെ ദര്‍ശനമാത്രയില്‍ ദേവന്‍ പ്രലോഭിപ്പിക്കപ്പെടുമെന്നാണോ വിവക്ഷ? എത്രമാത്രം പരിഹാസ്യമാണീ വാദഗതി. ഏതൊരീശ്വരസങ്കല്‌പവും ഇത്തരം മദമോഹമാത്സര്യചിന്തകള്‍ക്കപ്പുറം വിരാജിക്കുന്ന ഒരു പരാശക്തിയല്ലേ? ക്ഷേത്രസങ്കല്‌പത്തെക്കുറിച്ച്‌ പ്രസിദ്ധമായ ഒരു ഗീതാശ്‌ളോകമുണ്ട്‌:
`ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ’
(അല്ലയോ അര്‍ജ്ജുനാ, ഈ ശരീരം തന്നെയാണ്‌ ക്ഷേത്രം)

ശരീരം തന്നെയാണ്‌ ക്ഷേത്രമെങ്കില്‍ അതില്‍ കുടികൊള്ളുന്ന അന്തരാത്മാവാണ്‌ ഈശ്വരനെന്നുമാണിതിനര്‍ത്ഥം-ഇതു ശബരിമലയിലെഴുതി വച്ചിട്ടുമുണ്ട്‌-തത്ത്വമസി. ആര്‍ത്തവകാലമെന്നത്‌ സ്‌ത്രീയുടെ പ്രത്യുല്‌പാദനശേഷിയുടെ കാലമാണ്‌. വംശസംരക്ഷണകര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന കാലഘട്ടം. അത്‌ അശുദ്ധിയാവുമെങ്കില്‍ പുരുഷന്റെ പ്രത്യുല്‌പാദനശേഷിയുള്ള ജീവിതകാലവും അശുദ്ധിയാവേണ്ടതല്ലേ? കാമസൂത്രമെഴുതിയ വാത്സ്യായനന്‍ നമുക്ക്‌ മഹര്‍ഷിയാണെന്നതും വിസ്‌മരിക്കരുത്‌. ശാസ്‌താവിന്റെ അഷ്ടോത്തരശതകപ്രകാരം ശാസ്‌താവിന്‌ രണ്ടു പത്‌നിമാരുണ്ട്‌. പിന്നെങ്ങിനെ നൈഷ്‌ഠികബ്രഹ്‌മചാരിയായി ശാസ്‌താവിനെ സങ്കല്‌പിക്കാന്‍ കഴിയും?

ആറ്‌: ആത്മജ്‌ഞാനം തേടിയുള്ള ജീവിതയാത്രത്തില്‍ ക്ഷേത്രവും വിഗ്രഹാരാധനയുമൊക്കെ നഴ്‌സറി സ്‌കൂളുകള്‍ മാത്രമാണ്‌. ഗീതയെ വ്യാഖ്യാനിച്ച പല പണ്ഡിതശ്രേഷ്‌ഠന്മാരും ഇക്കാര്യം പലതരത്തില്‍ പറഞ്ഞു വച്ചിട്ടുണ്ട്‌. പക്ഷെ, പൗരോഹിത്യം പൊതുവേതന്നെ ഈ നഴ്‌സറി സ്‌കൂളില്‍നിന്ന്‌ ഭക്തജനങ്ങളെ മുകളിലേക്കുപോകാന്‍ അനുവദിക്കുകയില്ല. ഈ വിഷയത്തില്‍ അവരുടെ ആയുധമായ വിശ്വാസം പലപ്പോഴും അന്ധവിശ്വാസമായി മാറുന്നു-അല്ലെങ്കില്‍ മാറ്റുന്നു. വിഗ്രഹമാണ്‌ ഈശ്വരനെന്ന്‌ പ്രചരിപ്പിക്കുന്നു. മനുഷ്യസഹജമായ വിചാരവികാരങ്ങള്‍ക്കടിമയാവുന്ന ഒരു ശക്തിയാണ്‌ ഈശ്വരനെന്ന്‌ സ്ഥാപിച്ചെടുക്കുന്നു. വിവേകാനന്ദന്റെ പ്രപഞ്ചപരമാത്മാവെന്ന ഈശ്വരദര്‍ശനം ഉള്‍ക്കൊള്ളാന്‍ ക്ഷേത്രവ്യാപാരികള്‍ തയ്യാറായാല്‍ സ്‌ത്രീ വിവേചനവും ശുദ്ധാശുദ്ധ പ്രശ്‌നവുമൊക്കെ അവസാനിച്ചുകിട്ടും.

കാര്യകാരണങ്ങള്‍ അപഗ്രഥിച്ച്‌ സത്യം കണ്ടെത്താന്‍ കഴിവുള്ള രാഹുലിനേപ്പോലുള്ളവരോട്‌ എന്റെ ഒരപേക്ഷ ഇത്രമാത്രം:
ഗീതയിലെ സ്ഥിതപ്രജ്‌ഞപ്രകരണം വായിച്ചിട്ടുണ്ടാവുമല്ലോ. വികാരങ്ങള്‍ക്കടിമപ്പെടാതെ ശാന്തമായി അവധാനപൂര്‍വ്വം പ്രശ്‌നത്തെ സമീപിക്കുക.
സതിയെന്ന ദുരാചാരം അവസാനിപ്പിച്ചു.

ആചാരക്കോട്ടകള്‍ തകര്‍ത്തുകൊണ്ടാണ്‌ ബ്രാഹ്‌മണസമുദായത്തില്‍ വിധവാവിവാഹം നടപ്പിലായത്‌. മഹാരാഷ്ട്രയിലെ ശനീശ്വരന്‍ കോവിലില്‍ കാലാകാലങ്ങളായി സ്‌ത്രീകളെ ക്ഷേത്രമതിലിന്നുള്ളില്‍ കടക്കാനനുവദിച്ചിരുന്നില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രഭാരവാഹികളുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട്‌ അവിടെ സ്‌ത്രീജനങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞു. ഇപ്പോഴവിടെ ഒരു പ്രശ്‌നവുമില്ല. സ്‌ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തുന്നത്‌ അവിടെ ഒരു വാര്‍ത്തയുമല്ല. നാസിക്കിനടുത്തുള്ള ഒരു മുസ്‌ളീം ദര്‍ഗയില്‍ കോടതിവിധിയുടെ പിന്‍ബലത്തില്‍ പോലീസ്‌സഹായത്തോടെ മുസ്‌ളീം സഹോദരിമാര്‍ പള്ളിയില്‍ പ്രവേശിച്ചു. മരണാനന്തരം ശവശരീരമായി മാത്രമേ അവിടെ മുസ്‌ളീം സ്‌ത്രീകള്‍ക്കു പ്രവേശനമുണ്ടായിരുന്നുള്ളു.

ഈ രണ്ടുസ്ഥലങ്ങളിലും കേസ്‌ നടത്തി വിജയിച്ച യംഗ്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ തന്നെയാണ്‌ ശബരിമലയിലേയും വാദികള്‍. ശബരിമലയിലും ആര്‍പ്പും കുരവയും പഞ്ചവാദ്യവുമായി സ്‌ത്രീജനങ്ങളെ സ്വീകരിച്ചെതിരേല്‍ക്കുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കുവാന്‍ ശ്രമിച്ചുകൂടേ? ശ്രമിക്കുകയല്ലേ വേണ്ടത്‌. മറ്റൊരു കേരളമാദൃക നമുക്കു സൃഷ്ടിച്ചെടുക്കാം?

ഒരു പഴയ സംഭവം ഓര്‍മ്മവരുന്നു. അല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കട്ടെ. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്‌ മഹാത്മജി വൈക്കത്തു വന്നിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള പൊതു നിരത്തിലൂടെ ഹരിജനങ്ങള്‍ക്ക്‌ വഴി നടക്കാനനുവാദമില്ലായിരുന്നു. അന്ന്‌ വൈക്കം ബോട്ട്‌ജെട്ടിയില്‍ ഗാന്ധിജി പ്രസംഗിക്കാമെന്ന്‌ സമ്മതിച്ചിരുന്നു. സമയനിഷ്‌ഠ വ്രതശുദ്ധിയോടെ പാലിച്ചിരുന്ന ഗാന്ധിജി ഒരു മണിക്കൂര്‍ വൈകിയാണ്‌ യോഗസ്ഥലത്തെത്തിയത്‌. താമസിച്ച്‌ എത്തിയതിന്‌ മാപ്പു പറഞ്ഞുകൊണ്ടാണ്‌ ഗാന്ധിജി പ്രസംഗം ആരംഭിച്ചത്‌.

ക്ഷേത്രസംബന്ധമായ കാര്യങ്ങളെക്കുറിച്ച്‌ ഇണ്ടംതുരുത്തി നമ്പൂതിരിയുമായുള്ള ചര്‍ച്ചകള്‍ നീണ്ടുപോയതുകൊണ്ടാണ്‌ സമയത്ത്‌ എത്താന്‍ കഴിയാതെപോയതെന്ന്‌ ഗാന്ധിജി യോഗത്തെ അറിയിച്ചു. ചാതുര്‍വര്‍ണ്ണ്യത്തിന്റെ മഹത്വത്തേക്കുറിച്ചും അലംഘനീയതയേക്കുറിച്ചും വാചാലനായ ഇണ്ടംതുരുത്തിയുടെ തര്‍ക്കങ്ങള്‍ക്കും കുതര്‍ക്കങ്ങള്‍ക്കും ഗാന്ധിജി അക്ഷോഭ്യനായും ശാന്തനായും തൃപ്‌തികരമായും മറുപടി നല്‍കിക്കൊണ്ടിരുന്നു.

ഹരിജനങ്ങളെ തീണ്ടല്‍പ്പാടകലെ നിര്‍ത്തണമെന്നു വാദിച്ച ബ്രാഹ്‌മണന്റെ മാനസാന്തരത്തിനുവേണ്ടി ശ്രമിച്ച ഗാന്ധിജിയുടെ കഥ ഇന്നു ചരിത്രഭാഗമാണ്‌. ആ ക്ഷേത്രപാലകന്റെ ബ്രഹ്‌മരക്ഷസ്സ്‌ ദേവസ്വം അധികാരികളിലും തന്ത്രിയിലും മേല്‍ശാന്തിയിലും ആവേശിച്ചിരുന്നുവെന്ന്‌ നാളത്തെ ചരിത്രവിദ്യാര്‍ത്ഥികള്‍ പറയാന്‍ ഇടയാകാതിരിക്കട്ടെ.

നീതിന്യായവിചാരത്തി-
ലുണ്ടാവേണം സമന്വയം
നീതിപാലനമാവട്ടേ
നിയമത്തിന്‍ പ്രയോഗവും

പാതിയോളം വരും നല്ല-
പാതിയാം സ്‌ത്രീജനങ്ങളെ
പുറത്തുനിര്‍ത്തുമാചാര-
മെന്തു ബീഭത്സനീതിയാം?

×