സോഷ്യൽ മീഡിയയിലെ ചതിക്കുഴിയിൽ വീഴാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം …

ജിതിന്‍ ഉണ്ണികുളം
Thursday, December 6, 2018

കാലഘട്ടം മാറുന്നതിന് അനുസരിച്ച് പീഡന രീതികളും മാറുകയാണ്. ഇങ്ങനെ മാറുന്ന ഈ കാലഘട്ടത്തിൽ അല്പമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിലും ഇനിയും പലരും പല കുഴികളിലും വീഴും. എന്തൊക്കെ കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം എന്നത് എന്റെ കാഴ്ചപ്പാടിൽ….

കുറച്ച് പോയന്റ്‌സ് ആയിട്ട് പറയാം;

1 – സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ തീർത്തും പരിചയമില്ലാത്ത വ്യക്തികളുമായി കൂട്ട് കൂടുമ്പോൾ നമ്മൾ തീയുടെ അരികിൽ എങ്ങനെ നിൽക്കുന്നുവോ അതുപോലെ നിൽക്കുക. അല്ലെങ്കിൽ പൊള്ളി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല.

2 – ഇന്നുവരെ കാണാത്ത വ്യക്തിയുമായി ചാറ്റ് ചെയ്യുമ്പോൾ അവർക്ക് ഒരു തരത്തിലും ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ നൽകരുത്. അവർ എത്ര നിര്ബന്ധിച്ചാലും നൽകരുത്. അവരോട് നേരിൽ കാണാം എന്ന് മാത്രം പറയുക.

3-അറിയാത്ത വ്യക്തികളുമായി വീഡിയോ ചാറ്റ് പാടില്ല. അറിയുന്ന വ്യക്തികളുമായി വീഡിയോ ചാറ്റ് ചെയ്യുകയാണെങ്കിൽ സമീപം അമ്മയോ സഹോദരങ്ങളോ ഉണ്ടാകുന്നത് സുരക്ഷിതം.

4 – ചാറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും സംശയം തോന്നിയാൽ ആ നിമിഷം ആ ചാറ്റ് അവിടെ നിർത്തുക. മുതിർന്ന മറ്റാരോടെങ്കിലും ഈ കാര്യം പറയുക.

5 -അറിയാത്ത വ്യക്തികളിൽ നിന്നും വരുന്ന ഫ്രണ്ട് റിക്ക്വസ്റ്റ് ഒരു പരിധിവരെ ഒഴിവാക്കുക.

6 – കൂടെയുള്ള പെണ് സുഹൃത്തുക്കളേയും സൂക്ഷിക്കണം, ഇന്ന് കാണുന്ന പല വാർത്തയിലും കൂട്ടുകാരികൾ തന്നെയാണ് കെണി ഒരുക്കി കൊടുത്തത്.

7 – മറ്റുള്ളവരായി സെൽഫി എടുക്കുമ്പോൾ പബ്ളിക് സ്ഥലങ്ങളിൽ നിന്നും എടുക്കുക. മാത്രമല്ല ആണ്കുട്ടിയുടെ ഫോണിൽ മാത്രമല്ലാതെ നിങ്ങളുടെ ഫോണിലും അതേ സെൽഫി എടുക്കുക. എന്നിട്ട് അത് ആ ദിവസം തന്നെ മാതാപിതാക്കളോട് പറയുക, മാത്രമല്ല ആ ചിത്രം കാണിക്കുക കൂടി ചെയ്യുക.

8- പ്രണയവലയത്തിൽ കുടുങ്ങുവാൻ എളുപ്പമാണ്, പക്ഷേ അത് പലപ്പോഴും നിങ്ങളുടെ ജീവിതം നശിപ്പിക്കും എന്നു ഓർക്കുക. വീട്ടുകാർ നൽകുന്ന സ്നേഹത്തോളം വരില്ല പ്രണയം. നമ്മൾ വീട്ടുകാരുടെ സ്നേഹം കാണാതെ പോകുന്നതാണ് ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരുന്നത്.

9 – പ്രണയിക്കുന്നവൻ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്തേക്കോ അല്ലെങ്കിൽ ഏതെങ്കിലും റൂമിലേക്കോ വിളിച്ചാൽ സ്നേഹത്തോടെ നിരസിക്കുക. അങ്ങനെ നിരസിക്കാതെ വരുമ്പോഴാണ് പലർക്കും ചതി കുടുങ്ങുന്നത്.

10 – അനാവശ്യമായി ദേഹത്ത് തൊടുകയോ അല്ലെങ്കിൽ അശ്ലീല സംഭാഷണം നടത്തുകയോ ചെയ്താൽ അത് താക്കീത് നൽകുക. കാരണം അവർ ഒരു പക്ഷേ നിങ്ങൾ വലയത്തിൽ വീഴുമോ എന്നു പരീക്ഷിക്കുന്നത് ആവും…

കല്യാണം കഴിഞ്ഞ സ്ത്രീകളോടായി ഇത്രമാത്രം “നിങ്ങളുടെ ഭർത്താവിന്റെ സ്നേഹത്തോളം വരില്ല, സോഷ്യൽ മീഡിയ വഴി, അല്ലെങ്കിൽ ഫോൺ വഴി സ്നേഹം തരുന്ന വ്യക്തി, അവർക്ക് വേണ്ടത് നിങ്ങളുടെ ശരീരം മാത്രമാകും, അത് ഉപയോഗിച്ച് മടുക്കുമ്പോൾ നിങ്ങൾ വെറും കറിവേപ്പില ആവും… ഭർത്താവും കുട്ടികളും അടങ്ങുന്ന ജീവിതം നിങ്ങൾക്ക് നഷ്ടമാകും ”

ഒന്നോർക്കുക ജീവിതം ഒന്നേ ഉള്ളൂ, നമ്മുടെ ചെറിയൊരു അശ്രദ്ധയ്ക്ക് വലിയൊരു വില നൽകേണ്ടി വരും….

“ചതിക്കില്ല എന്നതിലെ ചതി അറിയാതെ പോകുന്നതാണ് പലരും ചതിക്കപ്പെടാൻ കാരണം”

ഞാൻ പറഞ്ഞ കാര്യങ്ങൾ അല്പമെങ്കിലും ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വലിയൊരു ചതിയിൽ നിന്നും രക്ഷനേടാം….

×