Advertisment

വനിതാ മതിൽ ഹിന്ദു സമൂഹത്തെ നെടുകെ പിളർക്കുമോ ?

author-image
അഗ്നിഹോത്രി
Updated On
New Update

പുതുവർഷപ്പുലരിയിൽ മലയാളികൾക്ക് കണികണ്ടുണരാൻ വനിതാ മതിലുമായി സർക്കാർ.ശബരിമലവരെ ബന്ധപ്പെട്ടു കിടക്കുന്ന വനിതാ മതിൽ രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ ഒട്ടേറെ പരിവർത്തനങ്ങൾക്ക് ബീജാവാപം ചെയ്തേക്കാം.

Advertisment

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതിൽ നിർമ്മിയ്ക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ആശയത്തോട് യോജിയ്ക്കുന്നവർക്ക്, അവരുടെ ചോദ്യങ്ങൾക്ക് വ്യക്തവും കൃത്യവും തൃപ്തികരവുമായ ഉത്തരം നൽകാൻ മുഖ്യമന്ത്രിയ്ക്കോ സിപിഎം നോ കഴിയുന്നില്ല.

വനിതാ മതിൽ കേരളത്തിലെ ഹിന്ദു സമൂഹത്തെ രണ്ടു ചേരിയിൽ ആക്കുമോ എന്ന ആശങ്കയാണ് അതിന് കാരണം. എങ്കിൽ അതുണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതം സിപിഎം ന്റെ ചുവപ്പ് കോട്ടകളിൽ വിള്ളലുവീഴ്ത്തിയേക്കാം.

എങ്കിൽ ഈ തകർച്ച കാലം കരുതിവെച്ച അനിവാര്യതയാണ്. പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റും പരീക്ഷിച്ച് സോവിയറ്റ് യൂണിയന്റെ പതനത്തിന് വഴിതെളിച്ച ഗോർബച്ചേവിനെ പിണറായി ഓർമിപ്പിക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും നവോത്ഥാനവും

കമ്മ്യുണിസം കേരളത്തിൽ വരുന്നതിനും ഒന്നര ദശകങ്ങൾക്ക് മുമ്പേതന്നെ നവോത്ഥാനം ഇവിടെ ആരംഭിച്ചു കഴിഞ്ഞു.ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത പ്രക്ഷോഭമായിരുന്നു 1924 മാർച്ച് 30 ന് തുടങ്ങി 606 ദിവസം നീണ്ടു നിന്ന വൈയ്ക്കം സത്യഗ്രഹം.

ഗാന്ധിജിയുടെ അയിത്തോച്ചാടനമെന്ന ആശയം, 1923 ഡിസംബറിൽ കാക്കിനഡയിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അവതരിപ്പിച്ചു. അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായി നടപടി വേണമെന്ന് കോൺഗ്രസ് പ്രമേയം പാസാക്കി.

കെപിസിസി പിന്നീട് അയിത്തോച്ചാടനത്തിനെതിരെ പ്രക്ഷോഭത്തിന് രൂപം കൊടുക്കുകയും വൈയ്ക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകുകയും ചെയ്തു. അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി സവർണ ജാഥ നടത്തിയ പാരമ്പര്യം അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം.

മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈയ്ക്കത്ത് നിന്ന് 500 പേരുമായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ച് സവർണജാഥ വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തുമ്പോൾ ജാഥയിൽ 5000 ആളുകൾ ഉണ്ടായിരുന്നു. ചരിത്രം കോരിത്തരിച്ചു നിന്ന ദിനം ആയിരുന്നു അന്ന്.

പിന്നീട് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ 1924 നവമ്പർ 13-ന് ഒരു പ്രതിനിധി സംഘം അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ട് 25000 സവർണരുടെ ഒപ്പ് ശേഖരിച്ച് അന്നത്തെ റീജന്റ് ആയിരുന്ന റാണി സേതുലക്ഷ്മി ഭായിയ്ക്ക് സമർപ്പിയ്ക്കുക ഉണ്ടായി.

ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ സജീവപ്രശ്നമാക്കി മാറ്റാൻ വൈയ്ക്കം സത്യഗ്രഹത്തിലൂടെ കോൺഗ്രസിന് കഴിഞ്ഞു.

1936 നവമ്പർ 12 ന് ചിത്തിര തിരുനാൾ ബാലരാമവർമ്മ രാജാവ് അവർണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അനുവാദം നൽകിയതും വൈയ്ക്കം സത്യഗ്രഹത്തിന്റെ വെളിച്ചത്തിൽ ആയിരുന്നു.ഇന്ത്യയിലെ പിന്നോക്കകാരെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിക്കാൻ ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും പിന്തുണ കോൺഗ്രസിന് ഉണ്ടായിരുന്നതായിരുന്നു വൈയ്ക്കം സത്യഗ്രഹത്തിന്റെ വിജയം.

1939 ൽ കമ്മ്യുണിസ്റ്റ് പാർട്ടി ഇന്ത്യയിൽ രൂപം കൊള്ളുമ്പോൾ എല്ലാ മേഖലകളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ നവോത്ഥാനം നടന്നുകഴിഞ്ഞിരുന്നു എന്ന് പറയാനാണ് ഇത്രയും വിശദീകരിച്ചത്.കോൺഗ്രസ്സ് വെട്ടിത്തുറന്ന നവോത്ഥാനപാതയിലെ വെറും വിനോദസഞ്ചാരികൾ മാത്രമായിരുന്നു ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാർട്ടികൾ.

ഏത് മൂല്യത്തിനാണ് ഇപ്പോൾ സംരക്ഷണം വേണ്ടത്?

നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരുന്ന ക്ഷേത്രാചാരങ്ങൾ, ക്ഷേത്രവും വിശ്വാസികളും ആയി മാത്രം ബന്ധപ്പെട്ടിരിയ്ക്കുന്നതാണ്. ആചാരാനുഷ്ഠാനങ്ങളിൽ ഒരു വിശ്വാസിയ്ക്ക് പോലും എതിർപ്പില്ലാത്തത് ആചാരങ്ങൾ അനുഷ്ഠിയ്ക്കാനുള്ളത് ആണ് എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്.

ശബരിമലയിൽ സ്ത്രീകൾക്ക്, പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിയ്ക്കാത്തതിലാണോ നവോത്ഥാനം വേണ്ടത്..? എന്ത് മൂല്യച്യുതി ആണ് അവിടെ ഉണ്ടായിരിയ്ക്കുന്നത്..? കേരളത്തിലെ വിശ്വാസികളായ,ദൈവഭയമുള്ള എത്ര സ്ത്രീകൾ ശബരിമലയിൽ പോകാൻ തയ്യാറായി വന്നിട്ടുണ്ട്..? ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചേ തീരൂ എന്ന നിർബ്ബന്ധം എന്തിനാണ്..?

ശബരിമലയിൽ സ്ത്രീ പ്രവേശനം സുപ്രീംകോടതി അനുവദിച്ചതിലും ആ വിധി നടപ്പാക്കാൻ സർക്കാർ തിടുക്കം കൂട്ടുന്നതിലും വൻ പ്രതിഷേധം കേരളത്തിൽ ഉണ്ടായി. മലകയറാൻ വരുന്ന സ്ത്രീകളെ പ്രവേശിപ്പിയ്ക്കരുത് എന്ന് ആവശ്യപ്പെട്ട് മലയാളക്കരയിലെ സ്ത്രീകളാണ് അധികവും സ്വമേധയാ മുന്നോട്ട് വന്നത്..! ഇതിൽപരം ഒരു സ്ത്രീ ശാക്തീകരണം കേരളത്തിൽ ഉണ്ടായിട്ടില്ല..!

സർക്കാർ വിശ്വാസികൾക്ക് ഒപ്പമോ?

സർക്കാർ വിശ്വാസികൾക്ക് ഒപ്പം ആണന്ന് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നു. സുപ്രീംകോടതിയിൽ റിവ്യൂ ഹർജി കൊടുക്കാൻ തയ്യാറാകാതിരുന്നതും നിലയ്ക്കലും പമ്പയിലും സന്നിധാനത്തും മരക്കൂട്ടത്തും എല്ലാം പോലീസിനെ വിന്യസിപ്പിച്ചതും ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്തതും, അക്രമികൾ എന്ന് വിളിച്ച് ആക്ഷേപിച്ചതും ആക്ടിവിസ്റ്റ്കളെ പോലീസ് വേഷത്തിൽ സന്നിധാനത്തെത്തിയ്ക്കാൻ ശ്രമിച്ചതും ഒക്കെ കാണുമ്പോൾ സർക്കാർ വിശ്വാസികൾക്ക് ഒപ്പം ആണന്ന് എങ്ങനെ വിശ്വസിക്കും..?

നാമജപസമരത്തിൽ സവർണ അവർണ ഭേദമില്ലാതെ എല്ലാവരും പങ്കാളികളായി, പ്രത്യേകിച്ച് സ്ത്രീകൾ.അതിൽ നല്ല ശതമാനം ഇടതുപക്ഷ വോട്ടർമാരായിരുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞപ്പോൾ ആണ് സർക്കാർ അയഞ്ഞു തുടങ്ങിയതും ആലോചനായോഗം ആകാമെന്നും തീരുമാനിച്ചത്.

ആലോചനായോഗത്തിൽ എന്തായിരിയ്ക്കും നടക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് ധാരണയുള്ള തുകകൊണ്ട് ആയിരിക്കും പന്തളം കൊട്ടാരവും എൻഎസ്എസും താഴമൺകാരും ഉൾപ്പെടെ പല സംഘടനകളും ആ യോഗത്തിൽ പങ്കടുക്കാതിരുന്നത്. സർക്കാരിന്റെ പരാജയമായിരുന്നു അതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ആ ജാള്യം മറയ്ക്കാൻ ഉയർന്ന വിഷയമാണ് നവോത്ഥാന മൂല്യം.അതിന് പറ്റിയ ആളെ തന്നെ നവോത്ഥാനനായകനാക്കി ആരോ അവതരിപ്പിച്ച വനിതാ മതിൽ നിർമാണത്തിന് കരാറും കൊടുത്തു.

അദ്ദേഹത്തിന്റെ കീശയിൽ കിടക്കുന്ന വനിതകളുടെ കനം കണ്ടിട്ടാവണം മതിൽ നിർമാണത്തിന് കരാറു കൊടുത്തത്. അദ്ദേഹത്തിന്റെ ഒപ്പം മറ്റൊരു സമുദായനേതാവിനെയും കരാറുകാരനാക്കി.

എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാൻ പ്രതിഞ്ജാബദ്ധരായ സർക്കാർതന്നെ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ നേതൃത്വം നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആയിട്ടേ കരുതാനാവൂ.

അത് മനസ്സിലാക്കിയത് കൊണ്ടാണ് രമേശ് ചെന്നിത്തല വനിതാ മതിൽ വർഗ്ഗീയ മതിലാണന്നു വിശേഷിപ്പിച്ചത്. അങ്ങനെ എങ്കിലും സർക്കാർ മതിൽ നിർമാണം ഉപേക്ഷിച്ച് നാണം കെടാതെ പോകട്ടെ എന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാവണം.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതിൽ നിർമാണം നടത്തുന്നത് എന്ന് പറഞ്ഞു വന്നിട്ട് ഇപ്പോൾ സ്ത്രീ ശാക്തീകരണത്തിന് ആണന്ന് പറയുന്നു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ വിശ്വാസികളായ സ്ത്രീകൾ നടത്തിയ മനുഷ്യമതിലായി നാളെ ഇത് കോടതിയിൽ എത്തുമ്പോൾ ആണ് തങ്ങൾ ചതിയ്ക്കപ്പെടുകയായിരുന്നു എന്ന് ഇവർ തിരിച്ചറിയുന്നത്..!

വനിതാ മതിലും പ്രളയ ബാധിതരും

കേരളത്തെ തകർത്ത പ്രളയം കഴിഞ്ഞിട്ട് മാസങ്ങൾ ആയി. ആദിവാസി ഊരുകളിലെയും ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പട്ടവരുടയും പ്രളയത്തെ അതിജീവിച്ചവരുടെയും മത്സ്യത്തൊഴിലാളികളുടെയും ഒക്കെ ദുരിതങ്ങൾ ദിവസം തോറും പുറത്ത് വന്നു കൊണ്ടിരിക്കുന്നു. അതിൽ സ്ത്രീകളുടെ, കുട്ടികളുടെ ജീവിതം അതിദയനീയമാണ്.

ഇത് കാണാൻ കഴിയാതെ, പരിഹരിക്കാൻ കഴിയാതെ കെട്ടുന്ന വനിതാ മതിൽ എന്ത് സ്ത്രീ ശാക്തീകരണ സന്ദേശം ആണ് മുന്നോട്ട് വയ്ക്കുന്നത്..! സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നടക്കുന്ന പീഡനത്തിന്, അതിക്രമങ്ങൾക്ക് എതിരെ യാതൊരു നടപടിയും സ്വീകരിയ്ക്കാതെ പക്ഷപാതപരമായ സമീപനം വേട്ടക്കാരന് അനുകൂലമായി സ്വീകരിക്കുന്നത് സ്ത്രീ ശാക്തീകരണത്തെ സാധൂകരിക്കുന്നതാണോ?

Advertisment