Advertisment

യഥാർത്ഥത്തിൽ നുഴഞ്ഞു കയറ്റക്കാരല്ലാ. നമ്മുടെ സമ്പദ് വ്യവസ്ഥയാണ് ശരിക്കുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്

New Update

publive-image

Advertisment

ഴുപത്തി എണ്ണായിരത്തിലധികം പേര് ഇന്ന് ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ചു. ബി.എസ്.എൻ.എല്ലിൽ കൂട്ടവിരമിക്കലിനുശേഷം എൺപതിനായിരത്തിൽ മിച്ചം പേരാണ് ആകെ ഒന്നര ലക്ഷം മിച്ചമുണ്ടായിരുന്ന ജോലിക്കാരിൽ നിന്ന് ശേഷിക്കുക.

നെറ്റ്‌വർക്ക് നോക്കാൻ ആളില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിൽ ആവും. ഇതു തന്നെയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വേണ്ടതും.

ബി. എസ്.എൻ.എൽ മാത്രമല്ലാ; ONGC, LIC, എയർ ഇൻഡ്യാ - പോലുള്ള പല പൊതു മേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ ഇപ്പോൾ വിൽക്കപ്പെടുകയാണ്. കേരളത്തിലൊഴികെ ഇന്ത്യയിൽ പലയിടത്തും ഇപ്പോഴും ബി.എസ്.എൻ.എല്ലിന് 4G കണക്ഷൻ ആയിട്ടില്ലാ.

കേരളത്തിൽ പോലും 3G 'അപ്ഗ്രെയിഡ്' ചെയ്താണ് 4G ആക്കിയിരിക്കുന്നത്. ടെക്‌നോളജി, മാൻപവർ, റിസോഴ്‌സസ് - ഇവയില്ലെങ്കിൽ പിന്നെ ആര് ബി.എസ്.എൻ.എല്ലിൻറ്റെ പിന്നാലെ പോകും?

നേരത്തേ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് (HAL-ന്) കരാർ കൊടുക്കാതെ അനിൽ അംബാനിയുടെ സ്വകാര്യ കമ്പനിക്ക് രാജ്യത്തിൻറ്റെ സുപ്രധാന പദ്ധതിയായ റാഫേൽ നിർമിക്കാനുള്ള പദ്ധതി ഏൽപ്പിച്ചുകൊടുത്തു. ഇപ്പോൾ അനിൽ അംബാനിയെ കുറിച്ച് ആരും കേൾക്കുന്നത് പോലുമില്ല.

സ്വകാര്യ മേഖലയിൽ കണ്ടമാനം വിശ്വാസം അർപ്പിച്ചാൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണിതൊക്കെ. അനിൽ അംബാനി കട പൂട്ടുകയാണെങ്കിൽ എന്ത് സംഭവിക്കും?

അല്ലെങ്കിലും 40,000 കോടി രൂപയുടെ കടമുണ്ടായിരുന്ന അനിൽ അംബാനിയെ രാജ്യത്തിൻറ്റെ സുപ്രധാന പദ്ധതിയായ റാഫേൽ നിർമിക്കാനുള്ള പദ്ധതി ഏൽപ്പിച്ചത് ശരിയായ കാര്യമായിരുന്നോ? പക്ഷെ ഇതൊന്നും ഇപ്പോൾ ചോദിച്ചിട്ടു തന്നെ കാര്യമില്ലാതായിക്കഴിഞ്ഞിരിക്കുന്നു.

ഇൻറ്റർ നാഷണൽ മോണിറ്ററി ഫണ്ട് ഇന്ത്യക്ക് ഇപ്പോൾ 4.8 ശതമാനം വളർച്ച മാത്രമേ പ്രവചിക്കുന്നുള്ളൂ. മറുവശത്ത് ആ ഇൻറ്റർ നാഷണൽ മോണിറ്ററി ഫണ്ട് തന്നെ ബംഗ്ളാദേശിന് 8.1 ശതമാനം വളർച്ച പ്രവചിക്കുന്നുണ്ട്.

അവരുടെ സമ്പദ് വ്യവസ്ഥ വളരുന്നത്കൊണ്ട് ബംഗ്ളാദേശിൽ നിന്ന് കേന്ദ്ര സർക്കാർ പറയുന്നത് പോലെ കുടിയേറ്റമൊന്നും ഇല്ലാ എന്നാണ് വിദഗ്ധർ പറയുന്നത്.

പക്ഷെ കണ്ടമാനം നുഴഞ്ഞു കയറ്റക്കാർ ഈ രാജ്യത്തുണ്ട്; അവരാണ് യഥാർത്ഥ പ്രശ്നക്കാരെന്നുമുള്ള ഒരു പ്രതീതി ബി.ജെ.പി. -യും സംഘ പരിവാറുകാരും കൂടി പ്രചാരണത്തിലൂടെ സൃഷ്ടിച്ചു കഴിഞ്ഞു. യഥാർത്ഥത്തിൽ നുഴഞ്ഞു കയറ്റക്കാരല്ലാ; നമ്മുടെ സമ്പദ് വ്യവസ്ഥയാണ് ശരിക്കുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രം ഭരിക്കുന്നവർ ഒരുതരം 'ഡൈവേർഷനറി ടാക്റ്റിക്ക്' ഉപയോഗിക്കുന്നു.

ഇപ്പോൾ പൗരത്വ ബില്ലിനെ ചൊല്ലി ആവശ്യമില്ലാത്ത വിവാദം സൃഷ്ടിച്ചത് രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് തോന്നുന്നത്. ജെ.എൻ.യു. - വിൽ ആളെ വിട്ട് തല്ലിച്ചതും ഈ 'ഡൈവേർഷനറി ടാക്റ്റിക്കിൻറ്റെ' ഭാഗമാണെന്ന് തോന്നുന്നു.

ഡൽഹിയിലാണെങ്കിൽ കേന്ദ്ര മന്ത്രിമാർ തന്നെ പരസ്യമായി വയലൻസിന് ആഹ്വാനം നൽകുന്നൂ. ജാമിയയിൽ പോലീസിൻറ്റെ തൊട്ടുമുമ്പിൽ തന്നെ വെടിവെയ്പുണ്ടായിട്ടും പോലീസ് ഒന്നും ചെയ്യാതെ അതൊക്കെ അനുവദിച്ചത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും, മതപരമായ പോളറൈസേഷനുമായുള്ള 'ടാക്റ്റിക്കിൻറ്റെ' ഭാഗം തന്നെ ആണെന്നാണ് തോന്നുന്നത്.

പക്ഷെ ജനം അത് മനസിലാക്കാത്തിടത്തോളം കാലം രാഷ്ട്രീയക്കാർ മതവും, രാജ്യസ്നേഹവും ഒക്കെ കൂടെ കൂടെ പറഞ്ഞു ഇന്ത്യ ഭരിക്കും. മുകേഷ് അംബാനിയെ പോലുള്ളവർ അവർക്ക് പണം കൊടുത്തു കൂട്ടായി ഉള്ളപ്പോൾ പിന്നെ അവർ ആരെ പേടിക്കാനാണ്?

സ്വകാര്യ മേഖല ഇനി അവരുടെ യഥാർത്ഥ സ്വഭാവം കാണിച്ചുതുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതി കൊടുക്കുമ്പോൾ അതൊക്കെ സർക്കാർ ഓർമിക്കേണ്ടതായിരുന്നു. ജിയോ അവരുടെ യഥാർത്ഥ സ്വഭാവം ഇപ്പോൾ തന്നെ കാണിക്കാൻ തുടങ്ങിയിട്ടേണ്ടെന്നാണ് തോന്നുന്നത്.

ഇപ്പോൾ ഇൻറ്റർനെറ്റ് ഉപയോഗിച്ചില്ലെങ്കിൽ കൂടി വൈകുന്നേരമാകുമ്പോൾ "നിങ്ങൾ നിങ്ങളുടെ 100 ശതമാനം ഡേറ്റയും ഉപയോഗിച്ചുകഴിഞ്ഞു" എന്നുപറഞ്ഞു ജിയോയിൽ നിന്ന് മെസേജ് വരുന്നൂ. ബൂസ്റ്റർ ഇട്ടാലും രക്ഷയില്ല.

എം.ടി.എൻ.എല്ലും, ബി.എസ്.എൻ.എല്ലും 'അൺലിമിറ്റഡ് ഡേറ്റ' തന്നുകൊണ്ടിരുന്ന സ്ഥാനത്താണ് സ്വകാര്യ കമ്പനികൾ അവരുടെ ഓരോ MB, GB ഡേറ്റക്കും വില പേശുന്നത്!

പണ്ട് ഐഡിയയും എയർടെല്ലും ഒക്കെ നടത്തിയിരുന്നത് ശുദ്ധമായ പകൽകൊള്ളയായിരുന്നു. ജിയോ വന്നപ്പോൾ അതുകൊണ്ടുതന്നെ ആളുകൾ സന്തോഷിച്ചു. ആദ്യം സൗജന്യമായും, വിലകുറച്ചും ജിയോ സേവനങ്ങൾ നൽകിയിരുന്നത് മാർക്കറ്റ് പിടിക്കാനായിരുന്നു എന്നത് ഇപ്പോൾ ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.

റിലയൻസ് ജിയോ മറ്റെല്ലാ ടെലികോം കമ്പനികളെയും മറികടന്ന് വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതായത് 'പ്രിഡേറ്ററി പ്രൈസിംഗ്' പോലുള്ള പല അധാർമികമായ ബിസ്നെസ്സ് രീതികളും പ്രയോഗിച്ചായിരുന്നു.

ഇന്ത്യയിൽ പ്രൈവറ്റ് ക്യാപ്പിറ്റൽ പൂർണമായും നിയമ വിധേയമായി ഒരിക്കലും പ്രവർത്തിച്ച ചരിത്രമില്ലാ. 'എത്തിക്‌സും', 'മൊറാലിറ്റിയും' ഇല്ലാത്ത രാഷ്ട്രീയക്കാർ ഇത്തരക്കാർക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നൂ.

ഇപ്പോൾ ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ, എം.ടി.എൻ.എൽ., ബി.എസ്.എൻ.എൽ. - ഈ കമ്പനികളെല്ലാം നഷ്ടത്തിലാണ്. കമ്പനികൾക്ക് പൊതുമേഖലാ ബാങ്കുകളിൽ ഭീമമായ കടമുണ്ട്; അതുകൂടാതെ ലൈസൻസ് ഫീസ് എന്ന വകുപ്പിലും, സ്പെക്ട്രം ഉപയോഗിച്ച ഫീസ് എന്ന വകുപ്പിലും ഭീമമായ തുക താമസിയാതെ കെട്ടിവെക്കണം.

ടെലിക്കോം സെക്റ്ററിൽ ജിയോ മാത്രമായി കഴിഞ്ഞിരിക്കുന്നു അവശേഷിക്കുന്ന ലാഭമുണ്ടാക്കുന്ന ഏക കുത്തക. ഇൻറ്റർനെറ്റ് ആണെങ്കിൽ ആധുനിക ജീവിതത്തിന് ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറുകയും ചെയ്തിരിക്കുന്നു.

ബാങ്കിങ്, ഓൺലൈൻ വ്യാപാരം, ട്രെയിൻ-ഫ്‌ളൈറ്റ് ബുക്കിങ് - ഇങ്ങനെ ജീവിതത്തിൻറ്റെ സമസ്ത മേഖലകളിലും ഇൻറ്റർനെറ്റ് ആവശ്യമായി വരുമ്പോൾ അത് തരുന്ന ഒരേയൊരു കുത്തക കമ്പനി ഇന്ത്യയിൽ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥ പതുക്കെ പതുക്കെ സംജാതമാകുകയാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ കിരീടം വെക്കാത്ത രാജാവായി മുകേഷ് അംബാനി മാറിക്കൊണ്ടിരിക്കുന്നു എന്നും വേണമെങ്കിൽ പറയാം.

മുകേഷ് അംബാനി താമസിയാതെ ഓൺലൈൻ വ്യാപാരത്തിലേക്കും തിരിയുമെന്ന് കേൾക്കുന്നു. മുകേഷ് അംബാനി റീട്ടെയിൽ മേഖലയിൽ 4 ലക്ഷം കോടി മുടക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനായ ആമസോൺ മേധാവി വൻ നിക്ഷേപ വാഗ്ദാനങ്ങളുമായി ഈയിടെ ഇന്ത്യയിൽ വന്നപ്പോൾ പല കേന്ദ്ര മന്ത്രിമാരും കാണാൻ കൂട്ടാക്കാതിരുന്നത് മുകേഷ് അംബാനിയുടെ ഓൺലൈൻ വ്യാപാരത്തിലേക്കുള്ള വരവ് കണ്ടിട്ടായിരിക്കണം.

ടെലിക്കോം മേഖല പോലെ തന്നെ ഓൺലൈൻ വ്യാപാരത്തിലും കുത്തക നേടിക്കഴിഞ്ഞാൽ, പിന്നെ മുകേഷ് അംബാനിയെ ഇന്ത്യയിൽ വെല്ലുവിളിക്കാൻ ആരുണ്ട്?

ഇനിയിപ്പോൾ ജിയോയും, മുകേഷ് അംബാനിയും പറയുന്നത് ഇൻഡ്യാ മഹാരാജ്യത്തുള്ള എല്ലാവരും അനുസരിക്കേണ്ടതായി വരും. ചുരുക്കം പറഞ്ഞാൽ തോൽവികൾ ഏറ്റുവാങ്ങാൻ ഇൻഡ്യാക്കാരൻറ്റെ ജന്മം ഇനിയും ബാക്കി!!!

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment