വി ടി ബലറാം നമ്പര്‍ വണ്‍, ബലറാം പരീക്ഷിച്ച രാഷ്ട്രീയത്തിലെ പുതിയ ടെക്നോളജി. ഫെയ്സ് ബുക്കില്‍ പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റിന്‍റെ പത്തിരട്ടി ലൈക്ക്. സോഷ്യല്‍ മീഡിയയിലൂടെ നേതൃത്വത്തിന്‍റെ അമരത്തേയ്ക്ക്. സിപിഎമ്മിന്റെ കയ്യബദ്ധം !

കിരണ്‍ജി
Wednesday, January 10, 2018

കൊച്ചി:  രണ്ടു ദിവസവും ഒരു കമന്റ് ബോക്സിലെ 3 ലൈനും കൊണ്ട് കേരളത്തിലെ പൊതുസാമൂഹത്തിന്റെ കണ്ണുംകാതും തൃത്താലയില്‍ എത്തിച്ചിരിക്കുകയാണ് വി ടി ബലറാം എം എല്‍ എ.  ബലറാം കാലങ്ങളായി എന്ന് ഉദ്ദേശിച്ചോ അവിടെ കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനും കെ പി സി സി അധ്യക്ഷനും സാക്ഷാല്‍ എ കെ ആന്റണിയ്ക്കും പോലുമില്ലാത്ത സ്വീകാര്യതയിലേക്ക് വി ടി ബലറാം എന്ന ചെറുപ്പക്കാരന്‍ കാലെടുത്ത് വച്ചിരിക്കുന്നു. ഒരു യുവ നേതാവിനെ കെ പി സി സി അധ്യക്ഷനാക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചാല്‍ അതിന് യോഗ്യതയുള്ള ഒന്നാം പേരുകാരനായി ബലറാം മാറിയത് 2 ദിവസങ്ങള്‍കൊണ്ടാണ്.

ഒപ്പം സി പി എമ്മിന്റെ കുത്തകയായ തൃത്താല മണ്ഡലം ഉറപ്പിച്ചു. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിനെ പുത്തനുണര്‍വ്വിലേക്ക് നയിച്ചു. സോഷ്യല്‍ മീഡിയയുടെ ശക്തിയിലാണ് ഈ പോരാട്ടം മുഴുവന്‍.

സത്യത്തില്‍ വി ടി ബലറാം യുദ്ധം ചെയ്തത് സി പി എമ്മിനോടല്ല, കോണ്‍ഗ്രസിലെ വന്‍ മരങ്ങളോടാണ്. പല്ലും നഖവും കൊഴിഞ്ഞിട്ടും കസേരകള്‍ വിട്ടൊഴിയാതെ പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന കുരുന്നുകളെ മുഴുവന്‍ വെട്ടിനിരത്തി പദവികളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കടല്‍ക്കിഴവന്മാരെയാണ് ബലറാം തോല്പ്പിച്ചിരിക്കുന്നത്.

തൃത്താലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു യുവനേതാവിനെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താരമാക്കി മാറ്റി. അതിന് ബലറാമിന്റെ കടപ്പാട് മുഴുവന്‍ സി പി എമ്മിനോടാണ്. എ കെ ജിയെ അവഹേളിച്ചത് ഇപ്പോള്‍ ബലറാമാണോ എന്ന സംശയമേ ബാക്കിയുള്ളൂ.

പുതിയ സാഹചര്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയം കളിക്കുകയും പുതിയ ജനറേഷനോട്‌ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നതാണ് ബലറാമിന്റെ ശൈലി.  സോഷ്യല്‍ മീഡിയയെ ഇത്ര സമര്‍ഥമായി ഉപയോഗിച്ച മറ്റൊരു നേതാവില്ല. ഞാന്‍ സംവദിക്കുന്നത് ചാനല്‍ സ്റ്റുഡിയോകളിലല്ല, എന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴിയായിരിക്കുമെന്ന് പണ്ടേ പ്രഖ്യാപിച്ചിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ പുതിയ ടെക്നോളജിയാണ് ബലറാം പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്. കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ നമ്പര്‍ വണ്‍ ആയി മാറി. ഇന്ന് രമേശ്‌ ചെന്നിത്തലയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളുടെ പത്തിരട്ടിയാണ് ബലറാമിന്റെ പോസ്റ്റിന് ലഭിക്കുന്നത്. ഇതിനൊപ്പമെന്നെങ്കിലും പറയാനുള്ളത് ഉമ്മന്‍ചാണ്ടി മാത്രം. അദ്ദേഹം നേരിട്ട് സോഷ്യല്‍ മീഡിയയില്‍ സംവദിക്കുന്നുമില്ല.

ഭാവിയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് മികച്ച വരദാനമായി ഇന്നത്തെ യൂത്തന്മാര്‍ കാണുന്നത് ബലറാമിനെയാണ്.  ഒപ്പം നിന്ന് എതിര്‍ത്ത സ്വന്തം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളെ വരെ തന്റെ പിന്നില്‍ അണിനിരത്തിക്കഴിഞ്ഞു.

ആദ്യ ദിവസം ബലറാമിന്റെ പ്രസ്താവന തള്ളിക്കളഞ്ഞ കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്റെ സ്ഥാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ ഇപ്പോള്‍ ചവറ്റുകൊട്ടയിലാണ്.  അന്ന് നിഷേധിച്ച് പറഞ്ഞവരൊക്കെ അത് വിഴുങ്ങിക്കൊണ്ടിരിക്കുന്നു. കളിച്ച് കളിച്ച് ബലറാം കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു.

സി പി എം ഇത്ര ബുദ്ധി മോശം കാണിച്ചതാണ് കൌതുകകരം. ബലറാമിനെ ഭാവിയിലേക്ക് സ്പോന്‍സര്‍ ചെയ്തതുപോലെയായിപ്പോയി. സി പി എമ്മിന്റെ എതിര്‍പ്പില്‍ ബലറാം ഉയര്‍ന്നുപൊങ്ങിയപ്പോള്‍ എ കെ ജിയുടെ സ്ഥാനം ചിലരെങ്കിലും മനസില്‍ നിന്നും ഇറക്കി വയ്ക്കാന്‍ ആലോചിക്കുന്നുവോ എന്ന് സംശയം.

സഹായിച്ചത് മതിയെങ്കില്‍ അവര്‍ സ്വന്തം അണികളെ റോഡില്‍ നിന്നും കയറ്റിവിടും. അല്ലെങ്കില്‍ ബലറാമിന് പിന്നെയും ഭാഗ്യം.

 

×