കടലിന് അഭിമുഖമായി 452 കോടിയുടെ ‘ഗുലിറ്റ’. ഇഷയും ആനന്ദും ഇനി താമസിക്കുന്നത് ഇവിടെ. 5 നിലകളിൽ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവ്

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, December 15, 2018

റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി പോകുന്നത് ഭർത്താവ് ആനന്ദ് പിരമലിന്റെ മാതാപിതാക്കള്‍ നവദമ്പതികള്‍ക്ക് സമ്മാനിച്ച ബംഗ്ലാവായ മുംബൈയിലെ ഗുലീതയിലേക്ക്. 2012 ൽ 452 കോടി മുടക്കി വാങ്ങിയതാണിത്. വിവാഹത്തിനു മുന്നോടിയായി വീണ്ടും കോടികൾ മുടക്കി ‘ഗുലിറ്റ’ മോടി പിടിപ്പിച്ചു.

5 നിലകളിൽ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവിൽ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങൾ. മുകേഷ് അംബാനിയുടെ വസതിയായ ‘ആന്റിലിയ’യിൽ നിന്നു നാലര കിലോമീറ്റർ അകലെ വർളി സീഫെയ്സ് മേഖലയിൽ കടലിന് അഭിമുഖമായാണു ‘ഗുലിറ്റ’. ചില്ലു ജാലകങ്ങൾ തുറന്നാൽ കടൽക്കാറ്റേൽക്കാം. അകലെ ബാന്ദ്ര-വർളി കടൽപ്പാലം കാണാം.

അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികൾ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളിൽ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. അഞ്ചാം നിലയിലാണു കിടപ്പുമുറികൾ. 20 കാറുകൾ വീട്ടുപരിസരത്തു പാർക്ക് ചെയ്യാം.

ഹിന്ദുസ്ഥാൻ യൂണിലീവർ കമ്പനിയിൽ നിന്നാണു പിരമൽ കുടുംബം ഇൗ കെട്ടിടം വാങ്ങിയത്.

570 അടി ഉയരവും നാലുലക്ഷം ചതുരശ്ര അടിയുമുള്ളതാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയ എന്ന മാന്‍ഷന്‍. 2002ല്‍ 1 ബില്യണ്‍  2 ബില്യണ്‍ ഡോളറിന് ഇടയിലായിരുന്നു ആന്റിലിയയുടെ നിര്‍മാണ ചെലവ്.

ബുധനാഴ്ച മുകേഷ് അംബാനിയുടെ വസതിയിൽ നടന്ന വിവാഹത്തിനും വിരുന്നിനും ശേഷമാണ് നവദമ്പതികൾ പുതിയ വസതിയിലേക്കെത്തിയത്.

തുടർന്ന് പിരമൽ കുടുംബം നടത്തിയ വിരുന്നിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുതിർന്ന ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി, രത്തൻ ടാറ്റ, സുനിൽ ഗാവസ്കർ, കപിൽദേവ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

×