പുഴുക്കുത്തുകൾ

ജോയ് ഡാനിയേല്‍, ദുബായ്
Thursday, July 26, 2018

നാടും, വീടും, കുടുംബവും വിട്ട് മരുഭൂമിയിൽ മുത്തുതേടിയെത്തിവരാണ് പ്രവാസികൾ. ഒരു ജീവിതമാർഗ്ഗം നാട്ടിൽ ലഭിക്കാതെ മറുനാട്ടിൽ വന്ന് പണിയെടുക്കുന്നവരാണ് നല്ലൊരുഭാഗവും. അങ്ങനെയുള്ള പ്രവാസികളുടെ കുടുംബങ്ങളെ മറ്റൊരു കണ്ണോടെ നോക്കിക്കാണുന്ന ഒരുപാട് പുഴുക്കുത്തുകൾ സമൂഹത്തിൽ ഉണ്ട്. അത്തരത്തിൽ ഒന്നാണ് ഈ കഥ.

കണ്മുന്നിൽ കാണുന്ന നന്മകളിൽ പോലും ചെകുത്താന്മാർ ഒളിഞ്ഞിരിക്കുന്നു എന്ന സത്യം വിളിച്ചോതുന്ന കഥ. പുറമേ സ്നേഹവും, അകമേ പല്ലിളിക്കുന്ന മുഖവും പച്ചയായി കാട്ടിത്തരുന്ന, മനസ്സിൻറെ കോണിൽനിന്നും തുടച്ചുമാറ്റാൻ ഏറെ കഷ്ടപെടേണ്ടിവന്ന ഒരു കഥ.

*****

ഓഫീസിനുള്ളിലെ തിരക്കിനിടയിൽ വന്ന ഭാര്യയുടെ വോയ്‌സ് മെസേജ് എന്നിൽ ഒരു പ്രകമ്പനം കൊള്ളിച്ചു. മകൾക്ക് എത്രയും പെട്ടെന്ന് ചെറിയ രണ്ട് സർജറികൾ നടത്തണം. ഒന്ന് ആഡ് നോയിഡ് രണ്ടാമത്തേത് ടോൺസിലൈറ്റിസ്. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ തീയതിയും സമയവും എല്ലാം തീരുമാനിച്ചു. നാട്ടിൽ അവധി കഴിഞ്ഞു തിരികെ വന്നിട്ട് അധികംനാൾ ആകാത്തതിനാൽ പെട്ടെന്ന് എനിക്ക് അവധിയെടുക്കാൻ പറ്റില്ല. സർജറി അത്ര സീരിയസ്സ് അല്ലെന്നും, പരിഭ്രമിക്കേണ്ട കാര്യം ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞെങ്കിലും മനസ്സിൽ ഭീതിയും ദുഖവും തിരിയിളക്കിയ ദിവസങ്ങൾ.

ഇടതടവില്ലാതെയുള്ള വിളികൾ. മെസേജുകൾ പിന്നെ തയ്യാറെടുപ്പുകൾ.

ഓപ്പറേഷനുവേണ്ടി പച്ചയുടുപ്പും ഒക്കെ അണിഞ്ഞ് മകൾ ആശുപത്രി കിടക്കയിൽ ചിരിയോടെ ഇരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഹൃദയത്തുടിപ്പുകൾ പറഞ്ഞറിയിക്കാനാകാത്തവിധം ഏറിവന്നു. ദുബായ് കരാമയിലുള്ള സെന്റ് തോമസ് പള്ളിയിൽ പോയി ഇത്തിരിനേരം ഞാൻ ഏകനായി ഇരുന്നു. ശബ്ദവീചികൾ കാതുകളെ ശല്യംചെയ്യാത്ത ഇത്തരം ഏകാന്തതകളാണ് എനിക്ക് ദൈവത്തോട് സംവദിക്കാൻ എന്നുമിഷ്ടം. അത് ഒരുപക്ഷേ ദേവാലയമാകാം, ഒറ്റയ്ക്കുള്ള എൻറെ മുറിയിലെ രാവുകളും പകലുകളുമാകാം.

സർജറി കഴിഞ്ഞു. എട്ട് വയസ്സുള്ള മകളുടെ വേദനയുടെയും ശാഠ്യങ്ങളുടെയും കഥകളുമായി ഭാര്യ ആശുപത്രിക്കിടക്കയിൽ നിന്നും വിവരങ്ങൾ തന്നുകൊണ്ടിരുന്നു. എൻറെ അസാന്നിധ്യം എത്രമാത്രം അവരെ ബാധിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞുപോയ ദിനങ്ങൾ.

അങ്ങനെയിരിക്കെ, മകളുടെ മുറിയിൽ പുതുതായി വേറൊരു രോഗി വന്നു. ഒരുസ്ത്രീ. ഓപ്പറേഷൻ കഴിഞ്ഞ് അവരെ വാർഡിലേക്ക് മാറ്റിയതാണ്. ആ സ്ത്രീയോടൊപ്പം അവരുടെ നിഴൽപോലെ പ്ലസ് വണ്ണിന് പഠിക്കുന്ന മകനുമുണ്ട്. വീട്ടിൽപോലും പോകാതെ അവൻ അമ്മയോടൊപ്പം അവിടെ കഴിയുകയാണ്. ആ കുട്ടിയെപ്പറ്റി പറയുമ്പോൾ ഒക്കെ ഭാര്യക്ക് ആയിരം നാവായിരുന്നു. അമ്മയെ ഇത്ര സ്നേഹത്തോടെ കരുതുന്ന മകൻ. എൻറെ മകളോടും ഭാര്യയോടും അനുകമ്പയോടെ പെരുമാറുന്ന കുട്ടി. ആൺകുട്ടികൾ ആയാൽ ഇങ്ങനെ അമ്മമാരെ സ്നേഹിക്കണം, പെരുമാറണം എന്നൊക്കെ അവൾ എന്നോട് പറഞ്ഞുതന്നു. ഭാഗ്യവതിയായ അമ്മ -ഞാൻ മനസ്സിൽ കരുതി.

ഒന്ന് രണ്ട് ദിവസങ്ങൾ കഴിഞ്ഞു. ചുരുക്കം ദിവസത്തെ പരിജയം കൊണ്ട് ആ പയ്യൻ ഭാര്യയുടെയും മകളുടെയും ഇഷ്ടപാത്രമായി. ഞാൻ വിളിക്കുമ്പോൾ ഒക്കെ അവർ വാ തോരാതെ അവനെപ്പറ്റി പറഞ്ഞു. കാന്റീനിൽ പോകാനും, മരുന്ന് ഫാർമസിയിൽ നിന്നും വാങ്ങിക്കൊണ്ട് വരാനും, ആരെങ്കിലും വരുമ്പോൾ വണ്ടി ഒക്കെ വിളിക്കാനും ആ പയ്യൻ പറയാതെതന്നെ സഹായമായി. ഇത്തരം അവസരങ്ങളിൽ ഒരു ആൺകുട്ടി സഹായത്തിനുള്ളത് എത്ര നല്ലതാണെന്ന് ഞങ്ങൾ ചിന്തിക്കുകയും ചെയ്‌തു. എൻറെ സഹായഹസ്‌തം നീളേണ്ട സ്ഥലത്ത് ദൈവം അയച്ച ദൂതനാണ് ഈ കുട്ടി എന്ന് ഞാൻ ചിലസമയങ്ങളിൽ ഓർത്തുപോയി.

“മോളേ, എന്താവശ്യം ഉണ്ടെങ്കിലും അവനോട് പറഞ്ഞാൽ മതി. എന്തായാലും അവൻ ഇവിടെ വെറുതെ ഇരിക്കുകയല്ലേ..” ആ അമ്മ പറഞ്ഞ വാക്കുകൾ ഭാര്യ എന്നോട് പങ്കുവയ്ക്കുമ്പോൾ ഞാനും സന്തോഷിച്ചു.

മകൾ ആശുപത്രീയിൽ നിന്നും ഡിസ്‌ചാർജ് ആയി തിരികെ വീട്ടിലെത്തി സൗഖ്യം പ്രാപിച്ചു വരുന്ന സമയം. അപ്പോഴും അവർ ആ നല്ല കുട്ടിയെപ്പറ്റിയും, നന്മയെപ്പറ്റിയും ഒക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

ഒരുദിവസം രാത്രി വാട്സ്ആപ്പിൽ ഭാര്യയിൽനിന്നും കിട്ടിയ സന്ദേശം എന്നെ അമ്പരപ്പിച്ചു. ഏതോ നമ്പറിൽ നിന്നും തുടരെത്തുടരെ വാട്‍സ്ആപ്പ് മെസേജുകൾ. പ്രൊഫൈൽ പിക്ച്ചർ നോക്കിയാൽ ഏതോ ഭീകരജീവിയുടേതുപോലെ! സ്‌ക്രീൻ ഷോട്ട് അവൾ എനിക്ക് അയച്ചുതന്നു. ഞാനും ആ നമ്പർ മൊബൈലിൽ സേവ് ചെയ്തു.

ആരാണിത്? ഞങ്ങൾക്ക് സംശയമായി. ഭാര്യയുടേത് പുതിയ മൊബൈൽ നമ്പറാണ്. അതറിയാവുന്നവർ ഞാനും വീട്ടിലെ രണ്ടുപേരും മാത്രം. ഇവരാരും അല്ലാതെ വേറെ ആരാണ് ഈ മേസേജ് അയക്കുന്നത്?

‘എന്ത് ഉണ്ട് വിശേഷം?’, ‘സുഖമാണോ?’ എന്നിങ്ങനെയുള്ള മെസേജുകൾ, മാത്രം ആയിരുന്നു ആദ്യം വന്നിരുന്നത്? അതിനാൽ തന്നെ അറിയാത്ത ആ നമ്പറിൽ നിന്ന് വരുന്ന സന്ദശങ്ങൾക്കൊന്നും ഭാര്യ മറുപടി നൽകിയില്ല. മകളുടെ ശുശ്രൂഷയും, വീട്ടുജോലികളും പിന്നെ രാത്രി എൻറെ വിളിയും ഒക്കെ കാരണം ഇത്തരം വിളികളും, സന്ദേശങ്ങളും അത്ര ഗൗനിച്ചതുമില്ല. ‘ആരാണ് നീ?’ എന്ന് ഒരിക്കൽ ചോദിച്ചിട്ട് മറുപടിയും വന്നില്ല.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഥ മാറി. മാന്യമല്ലാത്തതും, അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങൾ ആ നമ്പറിൽ നിന്നും വരാൻ തുടങ്ങി. വന്നതെല്ലാം ഭാര്യ അതുപോലെ സ്‌ക്രീൻ ഷോട്ട് എടുത്ത് എനിക്ക് അയച്ചുകൊണ്ടിരുന്നു. ആ നമ്പറിന്റെ ഉടമയെ വിളിച്ച് ഒന്നുവിരട്ടാനും വീണ്ടും ശല്യം തുടരുകയാണെങ്കിൽ സൈബർ സെല്ലിൽ അറിയിക്കാനും ഞാൻ തീരുമാനിച്ച സമയത്താണ് ആ അപരിചിതൻ തൻറെ ഐഡൻറിറ്റി വെളിപ്പെടുത്തിയത്.

അത് ആശുപത്രീയിൽ വച്ച് ഭാര്യയേയും മകളെയും സഹായിച്ച ആ പയ്യൻ ആയിരുന്നു!! കാണുന്നത് അവിശ്വസനീയമായി ഭാര്യക്കും എനിക്കും തോന്നിയ നിമിഷം!

അതെ, സ്വന്തം അനിയനെപ്പോലെ കരുതിയ ആ കുട്ടിയാണ് ചെകുത്താന്റെ കുപ്പായമിട്ട് പാതിരാത്രിയിൽ മെസേജുകൾ അയക്കുന്നത്! അതിശയവും, ദുഖവും എല്ലാം ഒന്നുപോലെ ഞങ്ങളിലേക്ക് പ്രവേശിച്ച സമയം.

അവൻ അയച്ചുകൊടുത്ത സ്രീൻഷോട്ടുകൾ അയച്ചിട്ട് അവൾ എന്നോട് പറഞ്ഞു. “ഇക്കാലത്ത് സ്വന്തം നിഴലിനെപ്പോലും അവിശ്വസിക്കണം”

മേലിൽ ഇത്തരം സന്ദേശങ്ങൾ അയക്കരുതെന്നും അഥവാ തുടർന്നാൽ പോലീസിൽ അറിയിക്കും എന്നും അവൾ അവന് തിരികെ മെസ്സേജ് അയച്ചു. അവനെ ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് അവസാനമായി വന്ന മെസേജ് ഇങ്ങനെയായിരുന്നു.

“അയ്യോ.. ചേച്ചീ.. സോറി. ഞാൻ വെറുതെ തമാശ പറഞ്ഞതാ.. ചേച്ചി അത് കാര്യമായിട്ടെടുത്തു!!”

നിമിഷനേരം കൊണ്ട് മലക്കം മറിയാനുള്ള ഇന്നത്തെകുട്ടികളുടെ മനോഭാവം അന്ന് ഞങ്ങൾ കണ്ടറിഞ്ഞു. എന്തായാലും ആ ശല്യം അതോടെ അവസാനിച്ചു.

അത്യാവശ്യഘട്ടത്തിൽ മരുന്നുവാങ്ങാനും കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങാനും ഒക്കെ പോകുമ്പോൾ ആ പയ്യൻ വാങ്ങിയതായിരുന്നു ഭാര്യയുടെ മൊബൈൽ നമ്പർ. അതിന് ഇങ്ങനെ ഒരു പര്യവസാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതെ. ഇത്തരക്കാർക്കൊക്കെ ഇതൊക്കെ തമാശയാണ്. അല്ലെങ്കിൽ നേരമ്പോക്കാണ്. എന്നാൽ പല വീട്ടമ്മകർക്കും പെൺകുട്ടികൾക്കും ഇതൊക്കെ അറപ്പും, വെറുപ്പും, ഭീതിജനകവുമാണ്. സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാനാകാതെ അവർ അന്തിച്ച് നിൽക്കേണ്ടിവരുന്നു.

ജീവിതത്തിൽ എല്ലാം പരസ്‌പരം ഷെയർ ചെയ്യുന്നതിലാൽ ഭാര്യ എന്നോട് വള്ളിപുള്ളി വിടാതെ പറഞ്ഞ് ഞാൻ എല്ലാം അറിഞ്ഞു. എന്നാൽ പ്രതികരിക്കാൻ കഴിയാതെ ആരോടും പറയാതെ എത്രയോ വീട്ടമ്മമാർ ഇത്തരം സന്ദർഭങ്ങളിൽ ഭയന്ന് കഴിയുന്നുണ്ടാകും?

നിങ്ങൾ ഒരു കാര്യം ശ്രദ്ധിട്ടുണ്ടോ? ഇന്നത്തെ കുട്ടികളിൽ കുറെയെങ്കിലും ഇരട്ട വ്യക്തിത്വമുള്ളവരാണ്. അച്ഛന്റെയും അമ്മയുടെയും മുമ്പിൽ അവർ ഒന്നുമറിയാത്ത ചെല്ലക്കുട്ടികൾ. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ പെരുമാറ്റം. എന്നാൽ അവരുടെ ലോകത്ത് അതായത്, സ്‌കൂൾ കോളേജുകളിൽ അവർക്ക് വേറൊരു വ്യക്തിത്വമാണ്. സമൂഹത്തിൻറെ പലവിലക്കുകളും ബാധകമല്ലാത്ത, നൂലുപൊട്ടിയ പട്ടം കണക്കെ പറക്കാൻ ആഗ്രഹിക്കുന്നവർ. ഇന്റർനെറ്റും, മയക്കുമരുന്നുകളും, ലൈംഗികതയും നീരാളിപിടുത്തം പോലെ വരിഞ്ഞുമുറുക്കപെട്ടവർ. ഈ കുട്ടികളെപ്പറ്റി എന്തെങ്കിലും പരാതി പറയുകയാണെങ്കിൽ പലപ്പോഴും മാതാപിതാക്കൾ ഒരിക്കലും അത് അംഗീകരിക്കില്ല. കാരണം അവരുടെ മുമ്പിൽ ഒന്നുമറിയാത്ത കൊച്ചുകുട്ടികളാണല്ലോ അവർ.

നല്ല പൗരവന്മാരായി വളർന്ന് നാളെ സമൂഹത്തെ നയിക്കേണ്ടവരും, മാതൃകയാകേണ്ടവരുമാണവർ. ആ മനസ്സുകളിലാണ് വിഷവിത്തുകൾ പാകിയിരിക്കുന്നത്.

സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ കൂടെനിന്ന കുട്ടിയാണ് ഒരിക്കലും അരുതാത്തത് മെസേജ് രൂപത്തിൽ അയക്കുന്നത്. ഒരു വാണിങ്ങ് കൊടുത്ത് അവനെ ഞങ്ങൾ പുറത്താക്കി. എങ്കിലും ഇതുപോലെയുള്ള ചെറുതും വലുതുമായ ചെകുത്താന്മാർ ചൂണ്ടക്കോർത്ത് നമ്മുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും മക്കളുടെനേരെയും എറിഞ്ഞിട്ടുതരും. വീട്ടിൽ വരുന്ന ബന്ധുക്കളും അഭ്യുദയകാംക്ഷികളും സഹായഹസ്തം നീട്ടി വരുമ്പോൾ ശ്രദ്ധിക്കുക കൊതുകിന്ന് പ്രിയം ചോരതന്നെയാണോ എന്ന്. അത്തരക്കാരെ അടിച്ചോടിക്കുകതന്നെ വേണം.

ഒറ്റപ്പെട്ട ജീവിതം നയിക്കാൻ നമുക്കാർക്കും കഴിയില്ല. മക്കളുടെ സ്‌കൂൾ ബാഡ്‌ജുമുതൽ ഓൺലൈൻ ബാങ്കിങ്ങിൽ വരെ നമ്മുടെ ഐഡൻറിറ്റി നാം പലയിടത്തും വെളിപ്പെടുത്തേണ്ടതായി വരും. സ്മാർട് ഫോണുകളിൽ നമ്മൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുമ്പോൾ നമ്മുടെ ക്യാമറ, ഗാലറി, ലൊക്കേഷൻ എന്നുവേണ്ട എന്തിനൊക്കെയാണ് നാം പെർമിഷൻ കൊടുക്കുന്നത്? അതെ. നമ്മൾ എല്ലായിടത്തും തുറന്നിടപ്പെടുകയാണ്. പലതും നമ്മുടെ നിയന്ത്രണാതീതമാണ്.

ഇത് എൻറെ അനുഭവം. ഭർത്താക്കന്മാർ ഇപ്പോഴും കൂടെയില്ലാത്ത ഭാര്യമാർക്ക് ഇതുപോലെ പല കയ്‌പേറിയ അനുഭവങ്ങൾ പറയുവാനുണ്ടാകും. പ്രവാസത്തിൽ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഇത്തരം വാർത്തകൾ ഉണ്ടാകുന്ന പ്രത്യാഘാതം ചെറുതല്ല.

ആ കുട്ടിയിൽ ഒത്തിരി നന്മകൾ ഉണ്ട്. നല്ല വശമുണ്ട്. എന്നാൽ ചെറിയ പിഴവും ആ നല്ല മനസ്സിനിടയിൽ എവിടെയോ പുഴുക്കുതുപോലെ കിടക്കുന്നുണ്ട്. അത് തുടച്ചുനീക്കിയാൽ നല്ലൊരുകുട്ടിയായി അവൻ മാറിയേക്കാം. കൗമാരത്തിന്റെ ചാപല്യങ്ങൾ എന്ന് കരുതി തള്ളിക്കളയാതെ മാതാപിതാക്കൾ ഇത്തരം ഘട്ടങ്ങളിൽ അവരെ പറഞ്ഞ് മനസ്സിലാക്കുകതന്നെ വേണം.

ആട്ടിൻതോലിട്ട ഇത്തരം ചെന്നായ്ക്കളുടെ ലോകത്ത് ചെയ്യാനുള്ളത് ഒന്നുമാത്രം. അനാവശ്യമായ കളകൾ മുളയിലേ പിഴുതെറിഞ്ഞുകളയുക. അവഗണിക്കുക. മൂടിവയ്ക്കാതെ അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്യുക.

×