follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഉമ്മയും പൂമ്പാറ്റക്കുട്ടികളും

ജോയ് ഡാനിയേൽ, ദുബായ് » Posted : 07/01/2017

സോഷ്യൽമീഡിയായിൽ കഴിഞ്ഞദിവസം ഒരു ചിത്രം കണ്ടു. അതിനുതാഴെ കണ്ട വാക്കുകളിൽ കൂടി കണ്ണുകൾ ഇഴഞ്ഞപ്പോൾ ഒരുനിമിഷം ഒരുതരം ഇലക്ട്രിക്‌ഷോക്ക് ഉള്ളിലൂടെ പാഞ്ഞുപോയി. മുന്നിലുള്ളതെല്ലാം മാഞ്ഞ് മാഞ്ഞ് ഓർമ്മകൾ പിന്നിലേക്ക്.

ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ, ദുബായ്.

നരച്ച താടിയിൽ ചെമ്പൻനിറം പൂശി വാർദ്ധക്യത്തിന്റെ ക്ഷീണം വകവയ്ക്കാതെ വരുന്നവരെയും പോകുന്നവരെയും വിവരാന്വേഷണക്കാരെയും ഒരേപോലെ നിയന്ത്രിക്കുന്ന പ്രധാനകവാടത്തിലെ സെക്യൂരിറ്റി. വാർദ്ധക്യം കോറിവരച്ചിട്ട ചുളിവുകൾ ആ മുഖത്ത് ഏറെയാണ്. എങ്കിലും അയാളുടെ ചിരി ആകർഷണീയമായിരുന്നു.

എൻറെ മൂന്നാമത്തെ സന്ദർശനമാണിവിടെ. ആഗമനോദ്ദേശ്യം വേറൊന്നുമല്ല, നാട്ടിൽനിന്നും ഞാനില്ലാതെ ഒരു ജീവിതം ഇല്ലെന്നുപറഞ്ഞ് ഉടുമ്പ് പിടിച്ചപോലെ വന്നുകൂടിയിരിക്കുന്ന ഭാര്യയോടൊപ്പമെത്തിയ മൂന്നാംക്ലാസ്സുകാരി മകൾക്ക് ഒരു അഡ്മിഷൻ എന്ന സാഹസത്തിനാണ്. പല പല സ്‌കൂൾവരാന്തകൾ കയറിയിറങ്ങി അവസാനത്തെ ആശ്രയം എന്നനിലയിലാണ് ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ എത്തിയത്. ഭാഗ്യം ! മൂന്നുസീറ്റുകൾ മൂന്നാം ക്ലാസ്സിലെ പെൺകുട്ടികൾക്ക് ഒഴിവുണ്ട്. ഒന്നിൽപിഴച്ചാൽ മൂന്ന്. ഇനി മകൾക്കൊരു കോച്ചിങ്ങ് ഒക്കെ കൊടുത്ത് എൻട്രൻസ് എഴുതിക്കേറി വരണം.

മൂന്നേ മൂന്ന് സീറ്റ്.... പലനായ്ക്കൾക്ക് ഒരെല്ലുകിട്ടിയാലത്തെപോലെയുള്ള ഒരിത്. "ഈശ്വരാ..!!" സത്യത്തിൽ നിരീശ്വരവാദികൾപോലും ഒതുക്കത്തിലെങ്കിലും ഒന്ന് വിളിച്ചുപോകും.

സ്‌കൂളിനുപുറത്തും അകത്തും എന്തോ സൗജന്യവിതരണം നടക്കുംപോലെ തിരക്കിൻറെ ചന്ത. സ്‌കൂൾ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ കോയസാറിന്റെ ക്യാബിനുള്ളിൽ നിസ്സായവസ്ഥയുടെ ഭാണ്ഡക്കെട്ടും ഏന്തി സാക്ഷാൽ കുചേലൻ ഭഗവാൻ ശ്രീകൃഷ്ണനെ കാണാൻ പോയപോലെ വന്നിരിപ്പാണ് ഞാൻ. സുന്ദരമായി വെട്ടിനിർത്തിയ താടിയിൽ തലോടി കോയാസാർ എന്നെ നോക്കി ഒന്ന് ചിരിച്ചു. "കണ്ടിട്ടുണ്ട്.. കണ്ടിട്ടുണ്ട്.. ഇതിലും വലിയ വേന്ദ്രന്മാരെ കണ്ടിട്ടുണ്ട്" എന്നാണോ ആ നോട്ടത്തിന്റെയും തലോടലിന്റെയും അർത്ഥം എന്ന് എനിക്ക് തോന്നാതിരുന്നില്ല. ഉള്ളതുപറയാമല്ലോ, ആ ചിരിഎനിക്കങ്ങ് ഇഷ്ടപ്പെട്ടു.

"മൂന്നാംക്‌ളാസ്സിൽ മൂന്ന് സീറ്റ് കണ്ടുപിടിക്കാൻ പെട്ട പാടേ .... മോളെ നന്നായി ട്രെയിനിങ് കൊടുത്തോണം. എൻട്രൻസേ .. എൻട്രൻസ്...അതീൽപോയാ ... അള്ളാ പിന്നെ പറഞ്ഞിട്ട് ഒരുകാര്യോം ഇല്ലേട്ടോ "

ഞാൻ പരമാവധി ദൈന്യത പ്രകടിപ്പിച്ചുതന്നെ കോയസാറിനെ നോക്കിയിരുന്നു.

"ദാ ... ഈ ഫോമൊന്നു ഫില്ലുചെയ്‌തുകൊണ്ട് വാ..."

കോയ സാറിന്റെ മുറിയിൽനിന്നും ഫോമും കയ്യിലേന്തി ഞാൻപുറത്തിറങ്ങി. ഫോം പൂരിപ്പിക്കുന്നിടത്ത് നല്ല തിരക്ക്. കുട്ടികളുടെ കാറിച്ച അതിന് മേമ്പൊടിയായി നിന്നു. ഒരു നിമിഷം എൻറെ ഓർമ്മകൾ ബാല്യത്തിലേക്കും, പൂത്തമരങ്ങളുടെ വർണ്ണവും, പച്ചമരത്തണലുമുള്ള നാട്ടിലെ സ്‌കൂൾവരാന്തയിൽ പോയി തിരിച്ചുവന്നു.

ലോകത്തിൽ ഏറ്റവും മടുപ്പുള്ള പണികൾ ഉണ്ടെങ്കിൽ ലിഫ്‌റ്റിനുമുന്നിലെ കാത്തുനിൽപും , ഫോം പൂരിപ്പിക്കലും പിന്നെ ക്യൂവിൽ നിൽപ്പുമാണ്. ആ ദേഷ്യം ഉള്ളിൽ നിന്നും പുറത്തേക്ക് തുളുമ്പാതെ ഞാൻ മാന്യനായി ഫോം പൂരിപ്പിക്കാൻ തുടങ്ങി. ഭീമസേനൻ കല്യാണസൗഗന്ധികം പറിക്കാൻ വാക്കുകൊടുത്തിട്ട് പോയപോലെ ഭാര്യക്ക് മകളുടെ അഡ്മിഷൻ ഉറപ്പുകൊടുത്തിട്ടു വന്നുള്ള നിൽപ്പാണ്. അപ്പോൾ ഇതല്ല ഇതിലും വലിയ പരീക്ഷണങ്ങൾ നേരിടാൻ മനസ്സൊരുക്കം വേണ്ടതാണ്.

ഒരു ഹെർക്കുലീയൻ ടാസ്ക് കഴിഞ്ഞപോലെ ഞാൻ ഫോംപൂരിപ്പിച്ച് അതിൻറെ ഭംഗി ഒന്നാസ്വദിച്ചു. സ്വന്തം വീട്ടുമുറ്റത്തെ ചപ്പുചവറുകൾ അയൽപക്കത്തെ മുറ്റത്തെക്ക് വാരിയിട്ടമാതിരി എൻറെ കൈപ്പട! വാച്ചിൽ നോക്കി. ദൈവമേ.. മാനേജരുടെകയ്യിൽ നിന്ന് വാങ്ങിയ ഒരുമണിക്കൂർ പെർമിഷൻ കഴിയാറായി. ഫോം കൊടുത്ത് എത്രയും വേഗം ഓഫീസിലേക്ക് തിരികെപ്പോകണം. പൂരിപ്പിച്ച ഫോമുമായി ഞാൻ കോയസാറിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടക്കാനൊരുങ്ങവേ പിന്നിൽ നിന്നൊരുവിളി.

"മോനേ... നീയ്യ് മലയാളിയാ ??"

പതറിയ ഒരൊച്ച. ഞാൻ തിരിഞ്ഞുനോക്കി. ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ വന്ന് മലയാളിയാണെന്നോ? അതും ദുബായിൽ? ഇതാരെടാ?

എൻറെ നോട്ടം ചെന്നുപതിച്ചത് അറുപത് വസ്സിൽകൂടുതൽ തോന്നിക്കുന്ന ബുർക്ക ധരിച്ച ഒരു സ്ത്രീയുടെ മുഖത്തേക്കാണ്. പ്രായം വിളിച്ചുപറയുന്ന മുഖം. തളർന്ന കണ്ണുകൾ. എൻറെ നോട്ടത്തിന് മറുപടിയായി അവർ ഒരു ചിരി സമ്മാനിച്ചു. എങ്കിലും ആ ചിരിയിലും മുഖത്ത് നിറഞ്ഞുനിന്നത് മുഴുവൻ ദൈന്യത തന്നെയായിരുന്നു.

"അതെ.." ഞാൻ മറുപടി പറഞ്ഞ് മുന്നോട്ടാഞ്ഞു.

"മോനെ.... എനിക്കൊരുസഹായം ചെയ്യോ??"

ഈ മരുഭൂമിയിൽ എന്നെ ആദ്യമായിട്ടാണ് "മോനെ" എന്നൊരാൾ വിളിക്കുന്നത്! കൊള്ളിയാൻ പോലെ എന്തോ ഒന്ന് എന്നിലൂടെ കടന്നുപോയി..."മോൻ!!"

"എന്ത് സഹായം?" ഞാൻ കൂടുതൽ ധൃതി അഭിനയിച്ചു. അതിനുത്തരമായി അവർ കയ്യിലിരുന്ന ബാഗിൽനിന്നും ഒരുഫയൽ പുറത്തെടുത്തു. ഉടനെ എവിടെനിന്നോ ഒരേ ഛായയുള്ള രണ്ട് കുട്ടികൾ പറന്നുവന്നു. ആ ഇരട്ടക്കുട്ടികൾ ആ സ്ത്രീയുടെ ബുർക്കയിൽ പിടിച്ച് വലിച്ച് കളിക്കാൻ തുടങ്ങി.

"ഇതുങ്ങളുടെ അഡിമിഷന് വേണ്ടിയാ... എനിക്ക് എഴുത്തും വായനയും ഒന്നും അറിയൂല്ല മോനെ. കുറേനേരമായി ഇവിടെ വരുന്ന പലരോടും പറഞ്ഞു. ആരും തിരിഞ്ഞുനോക്കുന്നില്ല. ചിലർ ൻറെ മലയാളം കേട്ട് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞിട്ടു പോയി... ന്നെ ഒന്നു സഹായിക്കുമോ?"

ഞാൻ അവരുടെ മുഖത്തെ ദൈന്യതയിലേക്കും അവർക്കു ചുറ്റും പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കുന്ന കുഞ്ഞുങ്ങളേയും നോക്കി ഒരുനിമിഷം നിന്നു. ആ പെൺകുട്ടികൾ എൻറെ മകളേക്കാൾ ഇളപ്പമാണെന്നുതോന്നുന്നു. ഈ കുട്ടികൾ എന്തായാലും ഇവരുടെയാകാൻ വഴിയില്ല. എൻറെ മനസ്സിൻറെ സന്ദേഹം ഗ്രഹിച്ചിട്ടാകും അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

"... ൻറെ മോടെ കുട്ടികളാ... ഇരട്ടകൾ. അവൾക്കാവതില്ല. കുട്ടികളുടെ കാര്യമല്ലേ.. ഉപേക്ഷവിചാരിക്കാൻ പറ്റ്വോ? ഞാൻ തന്നെ ഇങ്ങു പോന്നു "

അപ്പോൾ കുട്ടികളുടെ അച്ഛൻ ?? ചോദിക്കാൻ തോന്നി. പക്ഷേ എന്തോ ഞാൻ ചോദിച്ചില്ല.

നിസംഗതയുടെ ഒരു ഭാവത്തോടെ ഞാൻ അവരുടെ കയ്യിൽനിന്നും ഫോമുകൾ വാങ്ങി. ഒന്നല്ല രണ്ടെണ്ണം! ഓരോകോളവും ഞാൻ അവരിൽനിന്നും ചോദിച്ചറിഞ്ഞ് പൂരിപ്പിച്ചു. ഇടയ്ക്കിടെ സ്പെല്ലിങ് സംശയം വരുമ്പോൾ അവരുടെ കയ്യിലിരിക്കുന്ന പാസ്സ്‌പോർട്ട് നോക്കണ്ടാതായിട്ട് വരും. എനിക്ക് മാനേജർ അനുവദിച്ച ഒരുമണിക്കൂറും കഴിഞ്ഞു.. ഒന്നരമണിക്കൂർ ആയി!

പക്ഷേ ക്ഷമയോടെ ആ ഫോമുകൾ ഞാൻ പൂരിപ്പിച്ചു.

ഒരുവിധത്തിൽ ആ വലിയ സംരംഭം തീർത്ത് ഞാൻ ഒന്ന് നിവർന്നു നിന്നു. പിന്നെ ഫോമുകൾ അവർക്ക് തിരികെനൽകി വേഗം കോയസാറിന്റെ മുറിയിലേക്ക് നടന്നു. തുരുതുരെ മൊബൈൽഫോൺ ചിലക്കാൻ തുടങ്ങി. ഒട്ടും സമയം ഇനി ബാക്കിവെക്കാൻ ഇല്ല. എത്രയും പെട്ടെന്ന് ഓഫീസിൽ എത്തണം.

കോയസാറിന്റെ കൈയ്യിൽ ഫോം കൊടുത്ത് തിരികെ ഇറങ്ങുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. എവിടെ ആ സ്ത്രീ? എവിടെ ആ പൂമ്പാറ്റക്കുട്ടികൾ?

കാർപാർക്കിലേക്കെത്തി ഒരിക്കൽക്കൂടി ഞാൻ തിരിഞ്ഞു നോക്കി. എന്നിൽ അപ്പോൾ ദേഷ്യത്തിൻറെ അളവ് കൂടിവന്നു. ഇത്രയും സഹായിച്ചിട്ട് ഒരു നന്ദിവാക്കുപോലും പറയാതെ അവർ പൊയ്ക്കളഞ്ഞല്ലോ എന്നതായിരുന്നു ദേഷ്യത്തിന് കാരണം. ഇക്കാലത്ത് ആരെയും സഹായിക്കാൻ പാടില്ല. ഇങ്ങനെയൊക്കെ ആലോചിച്ചാലോച്ച് ഞാൻ ഓഫീസിൽ എത്തി. ബൈബിളിൽ പലവട്ടം വായിച്ചിട്ടുള്ള "ഈ എളിയവനിൽ ഒരുവന് ചെയ്‌താൽ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്" എന്ന് യേശു പറഞ്ഞതൊന്നും അപ്പോൾ ഓർമ്മ വന്നില്ല. അല്ലെങ്കിലും മതഗ്രന്ഥങ്ങളിലെ നല്ല ഉപദേശങ്ങൾ ഒക്കെ ആരാധനാലയങ്ങളുടെ മതിൽക്കെട്ടിനുപുറത്തേക്ക് കൊണ്ടുപോകേണ്ടതില്ല എന്നാണല്ലോ നമ്മുടെ ഒക്കെ ചിന്ത.

മകൾക്ക് എൻ.ഐ.മോഡൽ സ്‌കൂളിൽ അഡ്മിഷൻ കിട്ടി. ആ വാർത്ത അക്കാദമിക് ഇയറിന്റെ ഇടക്ക് സ്‌കൂളിൽ മകളെയുംകൊണ്ട് വലിഞ്ഞുകയറിയ എൻറെ ടെൻഷൻ ഒത്തിരി കുറച്ചു. മൂന്നാം ക്ലാസ്സിൽ മൂന്ന് സീറ്റുകൾ ബാക്കിയുണ്ടായിരുന്നതിൽ ഒന്ന് അവൾക്ക് കിട്ടി. അതിൻറെ ക്രെഡിറ്റ് മുഴുവൻ എൻട്രൻസ് ട്രെയിനിങ് നൽകിയ ഭാര്യ കരസ്ഥമാക്കുകയും ചെയ്തു. അല്ലെങ്കിലും ഫെമിനിസത്തിൻറെ ഈ കാലഘട്ടത്തിൽ ആണുങ്ങൾ ചെയ്യുന്നതൊന്നും അളക്കപ്പെടുന്നില്ലല്ലോ.

മാസങ്ങൾ കഴിഞ്ഞു. സ്‌കൂളിലെ മകളുടെ ഓപ്പൺഹൌസ് ദിനം. കൂടിക്കാഴ്ച കഴിഞ്ഞു മകളുടെ മാർക്കും ഉത്തരക്കടലാസും ക്ലാസ്സ്ടീച്ചറിന്റെ കയ്യിൽനിന്നും വാങ്ങി തിരികെ നടക്കവെ പിന്നിൽനിന്നും ഒരു വിളി.

"മോനെ..."

ഞാൻ വെട്ടിത്തിരിഞ്ഞു. ആ ഉമ്മ! ആ ഇരട്ടക്കുട്ടികളുടെ വല്യമ്മ. അവർ എൻറെ അടുത്തേക്ക് വേഗം നടന്നുവന്നു. ആ ഉത്സാഹവും, മുഖത്തെ പ്രസാദവും ഒരിക്കൽ മനസ്സിലെവിടെയോ തോന്നിയ ദേഷ്യത്തിൻറെ കണികകൾ മായ്ചുകളഞ്ഞു.

".. ത്തിരി നന്ദിയുണ്ട്. അന്ന് നിന്നോടൊന്ന് നന്ദി പറയാൻ കഴിഞ്ഞില്ല"

അവരുടെ കൂടെ ചിരിച്ചുകൊണ്ടുനിൽക്കുന്ന ആ പൂമ്പാറ്റക്കുട്ടികളെ നോക്കി ഞാൻ പറഞ്ഞു.

"ഏയ് സാരമില്ല ഉമ്മാ.. അതുവലിയ കാര്യമൊന്നുമല്ലല്ലോ."

ആ ഉമ്മ ചിരിച്ചു. എന്നിട്ട് യൂണിഫോമിൽ സുന്ദരിക്കുട്ടികളായി നിൽക്കുന്ന ബാലികമാരോട് പറഞ്ഞു

"ചേട്ടനൊരു നന്ദി പറയൂ..."

അവർ പരസ്പരം നോക്കി. എന്തിനാണെന്നറിയില്ലെങ്കിലും ആ ചേലുള്ള ഇരട്ടപ്പൂമ്പാറ്റകൾ എന്നോട് പറഞ്ഞു

"താങ്ക്‌സ് അങ്കിൾ... താങ്ക്‌സ് അങ്കിൾ.."

ചിരി മായാതെ ഞാൻ നടന്നു. അങ്ങ് കാർപാർക്കിൽ ചെന്ന് തിരിഞ്ഞു നോക്കി. അപ്പോളും എനിക്ക് കാണാം എന്നെനോക്കി നിൽക്കുന്ന മൂന്ന് മുഖങ്ങൾ....

ഈ പ്രവാസത്തിൽ കഴിയാൻ തുടങ്ങിയിട്ട് എത്രവർഷങ്ങൾ. പക്ഷെ ഇവിടെ, ഈ മരുഭൂമിയിൽ എന്നെ "മകനെ" എന്നൊരു വിളി കേൾക്കുന്നത് ആദ്യമായിട്ടാണ്. അവരുടെ നാടേതെന്നോ, താമസം എവിടെയെന്നോ എന്നൊന്നും ഞാൻ ചോദിച്ചില്ല, അറിഞ്ഞതുമില്ല. അവർ തിരിച്ചും. എങ്കിലും അവർ എന്നെ "മോനെ" എന്നും ഞാൻ അവരെ തിരിച്ച് "ഉമ്മാ " എന്നും വിളിച്ചു. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ബന്ധം ദേശത്തിനും, മതങ്ങൾക്കും, ഇസങ്ങൾക്കുമപ്പുറമുള്ള ഒന്നായിരുന്നു. മനുഷ്യനെന്ന ബന്ധം.

ഇനിയെന്നിലേക്ക് ഇലക്ട്രിക്‌ഷോക്ക് പായിച്ച ആ വരികൾ കുറിച്ചിടാം.

"നിങ്ങളുടെ വഴികളിലെവിടെങ്കിലും പ്രായമുള്ള ഒരാൾ വരുമ്പോൾ ദയവായി അവരോട് സഹായം വല്ലതും വേണമോ എന്ന് ചോദിക്കുക. ഓർക്കുക... നിങ്ങളുടെ അറിവും വിദ്യാഭ്യാസവും വേണ്ടസമയത്ത് വേണ്ടവർക്ക് ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ അത് വെറും വിലയില്ലാത്തതാണ്"

ഓർമ്മകൾ ഓളങ്ങൾ പോലെയാണ്. തീരത്തെ ചുംബിച്ച്, പുണർന്ന് വരും. തിരികെപോകും. ഓർമ്മകളുടെ ആ ഓളപ്പരപ്പിൽ ഉയർന്നും, താഴ്ന്നും സഞ്ചരിക്കുക എന്നത് ഏറെ സുഖമുള്ള ഒരു വികാരവും.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+