follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

കറക്കികുത്തിക്കിട്ടിയ പ്രവാസം

ജോയി ഡാനിയേൽ, ദുബായ് » Posted : 07/02/2017

ജനിച്ച് വളർന്ന, പാതയടികൾ പതിഞ്ഞു കിടക്കുന്ന സ്വന്തം മണ്ണിൽ നിന്നും പ്രവാസത്തിലേക്ക് പദമൂന്നുന്നതിന് ഓരോരുത്തർക്കും ഓരോ കഥയുണ്ടാകും. എനിക്കുമുണ്ട് ഒരു കഥ.

ബോംബജീവിതത്തിനിടെ പത്രത്തിലെ "തൊഴിലവസരങ്ങൾ" എന്ന കോളത്തിൽ പരസ്യം കണ്ട് ഒരിക്കൽപോലും പോയിട്ടില്ലാത്ത കർണ്ണാക് ബന്ധറിലേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയാണ് ഞാൻ. രണ്ട് പേജുള്ള ബയോഡേറ്റയും, പത്താം ക്ലാസ്സുമുതൽ പിജി വരെയുള്ള സർട്ടിഫിക്കറ്റുകളും നിറഞ്ഞ ഫയലും മുറുക്കെപ്പിടിച്ച് ഇരിക്കുമ്പോൾ ഒരുപാട് ചിന്തകൾ മനസ്സിൽ കയറിവന്നു. കറുപ്പും, വെളുപ്പും എരിവും പുളിയും, പണക്കിലുക്കവും ഒക്കെ ഉയർന്നു താണ ചിന്തകൾ.

ഗൾഫിൽ പോകരുത്. തലയ്ക്ക് മേൽ ജീവനുണ്ടെങ്കിൽ..... നാട്ടിൽ പഠിച്ച്, നാടിനോട് കൂറുകാണിച്ച്, പി.എസ്.സി. ടെസ്റ്റും എഴുതി ഏതെങ്കിലും സർക്കാരാപ്പീസിൽ കയറിപ്പറ്റുകയോ, ബിഎഡ് എടുത്ത് വാധ്യാരാകുകയോ ചെയ്യണം എന്നതായിരുന്നു സ്വപ്നം. ബിരുദം കടന്നപ്പോൾ തിളയ്ക്കുന്ന ഞരമ്പിലെ ചോര ശരീരത്തിലെ ഓരോ കോശങ്ങളോടും പറഞ്ഞതും അതുമാത്രമായിരുന്നു. എന്നാൽ എന്നെ ഗൾഫ് ജീവിതത്തിൽ നിന്നും വിലക്കിയിരുന്നത് ഈ സ്വദേശി പ്രേമം മാത്രമായിരുന്നില്ല. ചെറുപ്പം മുതൽ കൺമുമ്പിൽ കണ്ടുവന്ന കാഴ്ചകൾ അതിന് വളവും നൽകി.

സ്‌കൂൾകാലം മുതൽ ഞാൻ കാണുന്നത് പരദേശിയായി പാർത്ത്, രണ്ടുവർഷമോ അതിൽ കൂടുതലോ കാലം ഗൾഫിൽ ജോലിചെയ്ത് ഒന്നോ രണ്ടോ മാസം അനുവദിച്ചുകിട്ടുന്ന പരോൾ പോലെ നാട്ടിൽ വന്നു തിരികെ പോകുന്ന എൻറെ മൂത്ത ജേഷ്ഠന്മാരെയാണ്. വീട്ടിലെങ്ങും ഉത്സവപ്രതീതി വിതറി അവർ വരും. ഫോറിൻ ഗന്ധം, ഫോറിൻ മധുരം, ടേപ് റിക്കാർഡർ, ഓഡിയോ കാസറ്റുകൾ എന്നുവേണ്ട പേന പെൻസിൽ തുടങ്ങി ഉടുവസ്ത്രം വരെ നിറയുന്ന ഫോറിൻ ദിനങ്ങൾ.

ആ ദിവസങ്ങളിൽ വീടുവിട്ട് സ്‌കൂളിൽ പോകാൻ മടിയായിരുന്നെങ്കിലും, പുതിയ ഉടുപ്പ്, ഹീറോ പെന്നിൽ തുടങ്ങി പലതരം പേനകൾ , കളർ പെൻസിലുകൾ, ഒക്സ്ഫോർഡിന്റെ സ്റ്റീൽ നിറമുള്ള ഇൻസ്ട്രമെന്റ് ബോക്സ്, ഹാപ്പി ടീഷർട് ഒക്കെ കൂട്ടുകാരെ കാണിക്കാനുള്ള വിരുത് കാരണം തുള്ളിച്ചാടി തന്നെ സ്‌കൂളിലേക്കോടും.എന്നാൽ ഒന്നോ രണ്ടോ മാസങ്ങൾക്കു ശേഷം ഈ പുതുമ മങ്ങി മാഞ്ഞുപോകും. കരഞ്ഞുകലങ്ങിയ കണ്ണുകളും, തുടിക്കുന്ന മനസ്സുമായി നിൽക്കുന്ന ജേഷ്ഠൻമാരുടെഭാര്യമാരുടെയും എൻറെ വീട്ടുകാരുടെയും ചിത്രം വേദനയുടെ പുഴുക്കുത്തുകൾ മനസ്സിൽ സമ്മാനിച്ചുകൊണ്ടിരുന്നു. കാത്തിരിപ്പിൻറെ അടുത്ത രണ്ട് വർഷം വീട്ടുപടിക്കൽ ബാക്കി നിർത്തി, ഭാര്യമാരെയും, കുട്ടികളെയും, സഹോദരങ്ങളെയും വിട്ടകന്ന് പോകുന്ന ആ കാഴ്ച...

ഒരംബാസിഡർ കാറും, എയർപോർട്ടും പറന്നുയരുന്ന വിമാനവും ഓർമ്മയിൽ ബാക്കിനിർത്തിപ്പോകുന്ന പ്രവാസം. വീണ്ടും രണ്ടുവർഷം കഴിഞ്ഞ് എയർപോർട്ടിലെ "ആഗമനം" ബോർഡിനടുത്ത് കാത്തു, കാത്ത് നിൽക്കുന്നതോ, കാറിൻറെ ഹോണടി വീട്ടുപടിക്കൽ മുഴങ്ങുന്നതോ ഒക്കെ ചിന്തയിൽ നിറച്ച് പോകുന്ന പ്രയാസം. ഫോണോ, മൊബൈലോ, ഇന്റെർനെറ്റൊ ഒന്നും വീട്ടുപടിക്കൽ കാലുകുത്താത്ത കാലത്ത് മനോഹരമായ ബോർഡറും പിങ്കും, ഇളം പച്ചയും, നീലയും നിറത്തിൽ അറബിനാടിന്റെ മണവുമായി എത്തുന്ന എയർമെയിലുകൾക്കുള്ളിൽ ജീവൻ തുടിക്കുന്ന, പിടയ്ക്കുന്ന അക്ഷരമുത്തുകൾ മാത്രം ബാക്കിയാക്കി പോകുന്ന പോക്ക്. മെഴുകുതിരിപോലെ ഉരുകിത്തീരുന്ന ജീവിതം.

ഈ വിരഹവും, വേദനയും ഒക്കെ എത്രമാത്രം മനസ്സിൽ പതിഞ്ഞുപോയോ അത്രമാത്രം ഗൾഫുജീവിതത്തോട് വെറുപ്പും നിറഞ്ഞുനിറഞ്ഞുവന്നു. പ്രവാസി എന്നും സ്വന്തം വീട്ടിൽ, അവൻറെ നാട്ടിൽ വിരുന്നുകാരൻമാത്രമാണ്. ഒരു പ്രവാസത്തിൽ നിന്നും വന്ന് അടുത്ത പ്രവാസത്തിലേക്ക് ഊളിയിടുന്നവൻ.

പാസ്സ്‌പോർട്ട് എടുക്കുവാൻ പ്രായമായാൽ അന്നുമുതൽ തന്നെ ചെറുപ്പക്കാർ ഗൾഫ് ജീവിതം സ്വപ്നം കണ്ടു നടക്കുന്ന മധ്യതിരുവതാംകൂറുകാരനാണ് ഞാനും. പക്ഷേ ഉള്ളിന്റെയുള്ളിൽ ഞാൻ സ്വയം മന്ത്രിച്ചുകൊണ്ടിരുന്നു- "ഗൾഫിൽ പോകരുത്"

ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ കരസ്ഥമാക്കി, കമ്പനികൾ ജോലിക്കായി വിളിച്ചുകൊണ്ടു പോകും എന്ന മലർപൊടിക്കാരന്റെ സ്വപ്നത്തിൻറെ കാലയളവ് കഴിഞ്ഞപ്പോൾ ബോംബെയിലേക്ക് ചേക്കേറി. പി.എസ്.സി പരീക്ഷകളും, അപേക്ഷകളും ഒക്കെ നിറഞ്ഞു നിന്ന ആ കാലത്ത് ഞാനും ഒരു ലുങ്കിവാല അല്ലെങ്കിൽ മദ്രാസിയായി.

കല്യാണം. കടമുറ്റത്തച്ചൻ യക്ഷിയുടെ തലയിൽ ചുണ്ണാമ്പ് പുരട്ടിയ ആണിയടിച്ചുകയറ്റിയ പോലെ ഒരു ബന്ധനം. അതുവരെ ഓടിച്ചാടി നടന്നവനെ പിടിച്ചു "കെട്ടി"യിട്ടു (കല്യാണത്തിന് "കെട്ടുക" എന്നും ഞങ്ങളുടെ നാട്ടിൽ പറയും).

ഭാര്യയുടെ കരവലയത്തിലെ "ബന്ധനം, ബന്ധനം തന്നെ പാരിൽ" ആയി ഹണിമൂൺ. അപ്പോളാണ് ചില സീരിയസ്സ് ചിന്തകൾ സുനാമിതിരമാലകൾ പോലെ വന്നടിച്ചുകേറിയത്. ഒരു പെണ്ണിനെ പോറ്റാൻ, ഒരു കുഞ്ഞിനെ വളർത്താൻ, വീടുവയ്ക്കാൻ ഒക്കെപണം വേണം. ഇത്തിരി അല്ല ഒത്തിരി. കയ്യിൽ അതുവരെ കൂട്ടിവച്ചിരുന്ന പണം ഡ്രയിനേജിലൂടെ ഒലിച്ചുപോകും പോലെ കയ്യിൽ നിന്നും ഒലിച്ചുപോയി.

മുന്നിൽ ആവശ്യങ്ങളുടെ നിര ഒന്നൊന്നായി നീണ്ടപ്പോൾ എന്നിലെ സ്വദേശാഭിമാനി മാറിചിന്തിക്കാൻ തുടങ്ങി. ആവശ്യം സൃഷ്ടിയുടെ മാതാവ്. നാട്ടിലെ പി.എസ്.സി ക്ക്, സ്വകാര്യസ്ഥാപങ്ങങ്ങൾക്ക് ഒന്നും എൻറെ "സർവീസ്" വേണ്ടാ. പാഴ്ക്കടലാസുപോലെ കയ്യിലിരിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്കുലിസ്റ്റുകൾ, ബയോഡേറ്റ എല്ലാം എന്നെ നോക്കിപല്ലിളിക്കുന്നു. അങ്ങിനെ മറ്റെല്ലാ വാതിലും അടഞ്ഞപ്പോൾ ഏറെ ആലോചനയ്ക്ക് ശേഷം ഞാൻ അതങ്ങു തീരുമാനിച്ചു-ഗൾഫിലേക്ക് പോവുക. ജീവിതസഖിയാകട്ടെ അതിന് ഇത്തിരി ഫാക്ടൻഫോസും വെള്ളവും കോരി പരിപോഷിപ്പിക്കുകയും ചെയ്തു.

കർണാക് ബന്ദറിലെ "ജസീന മറൈൻ സർവീസ്" എന്ന ട്രാവൽ ഏജൻസിയിയുടെ പടികൾ കയറും വരെ ഇങ്ങിനെ വിവിധ ചിന്തകൾ എന്നെ മദിച്ചുകൊണ്ടിരുന്നു. റിസപ്‌ഷനിൽ നിന്നും ഒരു ഫോം പൂരിപ്പിക്കാൻ തന്നു. അതിനുശേഷം ബാബു എന്നെ അകത്തെ മുറിയിൽ ഒരു കമ്പൂട്ടറിന്റെ മുമ്പിലേക്ക് കൊണ്ടുപോയി. എനിക്കപ്പോൾ അതുഭുതം തോന്നി.

ഞാൻമാത്രമേ ഇന്റർവ്യൂ-ടെസ്റിനുള്ളോ? അത് ഞാൻ ബാബുവിനോട് ചോദിച്ചപ്പോളാണറിയുന്നത് കഴിഞ്ഞകുറെ ദിവസങ്ങളായി നൂറിലധികം ഉദ്യോഗാർത്ഥികൾ വന്നുപോയി എന്ന്! എക്സലിലും, വേർഡിലും ഉള്ള ടെസ്റ്റ് കഴിഞ്ഞപ്പോൾ റിസപ്‌ഷനടുത്തുള്ള കസേര ചൂണ്ടിക്കാട്ടി എന്നോട് അവിടെ വെയ്റ്റ് ചെയ്യാൻ അയാൾ പറഞ്ഞു. ഇന്റർവ്യൂ ചെയ്യാൻ ജസീനമറൈൻ ഉടമ ചാക്കോസാർ വരണം. ഞാൻ അവിടെ കാത്തിരുന്നു. മണിക്കൂറുകളോളം. ആ ഇരുപ്പ് മടുപ്പ് തോന്നിയെങ്കിലും പ്രവാസജീവിതത്തിൽ ഏറ്റവും വേണ്ടത് ക്ഷമയും, സഹനവും ആണെന്ന ബോധം എന്നെ നിശ്ശബ്ദനാക്കി.

അവസാനം ചാക്കോസാർ വന്നു. ബാബു കുറെ ഫയലുകളും താങ്ങിയെടുത്ത് അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് കയറി. വീണ്ടും കാത്തിരിപ്പ്. ആളുകൾ വരുന്നു, പോകുന്നു. "ഇപ്പൊ വിളിക്കും ട്ടോ" എന്ന ബാബുവിന്റെ ഇടക്കിടെയുള്ള ഉറപ്പ് താലോലിച്ച് ഞാൻ ഇരുന്നു. ഞാൻ വാച്ചിൽ നോക്കി. രാവിലെ പത്തുമണിമുതൽ ഇരുപതുടങ്ങിയതാണ്. ഇപ്പോൾ നാലുമണി! കുറച്ചുനേരം കൂടി കഴഞ്ഞപ്പോൾ ബാബു അടുത്തുവന്ന് പറഞ്ഞു.

"സാർ വിളിക്കുന്നു.."

ഗൾഫിൽ പോകാനുള്ള ഇൻറർവ്യൂ ..!! ഏറിയ നെഞ്ചിടിപ്പോടെ ഞാൻ ചാക്കോസാറിൻറെ ക്യാബിനുള്ളിലേക്ക് ചുവടുകൾ വച്ചു. എന്നെ വരവേറ്റത് ഒരു മൃദു പുഞ്ചിരിയായിരുന്നു. നാല്പത്തിഅഞ്ച് മിനിറ്റോളം നീണ്ട ഇന്റർവ്യൂ. കമ്പനി, ജോലി, ശമ്പളം ആനുകൂല്യങ്ങൾ.. എല്ലാം എല്ലാം ഒന്നൊന്നായി അദ്ദേഹം വിവരിച്ചു. അന്ന് ഒരു ദിർഹത്തിന്റെ മൂല്യം 12.50 രൂപയാണ്. ആ ക്യാബിനിൽ നിന്ന് പുറത്തിറങ്ങവേ ഏതൊരു പ്രവാസിയെയും പോലെ ഞാൻ കൺവെർഷൻ തുടങ്ങി വച്ചിരുന്നു.

"താൻ പി.ജി യാണല്ലേ?" ചാക്കോസാറിന്റെ സ്വരം.
"അതേ ..."

അതെന്തിനാണ് ചോദിച്ചത് എന്ന ആശങ്കയിൽ ഞാൻ നിൽക്കവേ അടുത്ത വാക്കുകൾ.
"ആകെ അഞ്ച് വേക്കൻസിയാണ് ഉള്ളത്. ഇത് ആദ്യ റൗണ്ട് ഇന്റർവ്യൂവാണ്. ഇതിൽ നിങ്ങൾ ജയിച്ചാൽ ഫൈനൽ ഇന്റർവ്യൂ ക്ലയന്റുമായി ഇവിടെയും കൊച്ചിയിലും ഉണ്ട്. കൊച്ചിയിൽ ഇപ്പോൾ നൂറിൽ കൂടുതൽ പേർ ആദ്യ ഇന്റർവ്യൂ കഴിഞ്ഞു.... എനി വേ, ആൾ ദി ബെസ്ററ് .."

ചാക്കോസാറിന്റെ വാക്കുകൾ തലക്ക് കൊട്ടുവടികൊണ്ട് കിട്ടിയ പ്രഹരംപോലെവാങ്ങിയാണ് ഞാൻ ജസീനയുടെ പടികൾ ഇറങ്ങിയത്. ഒരു നിരാശകാമുകനെപ്പോലെ വീട്ടിൽ എത്തിയപ്പോൾ കണ്ണുതള്ളി നിന്ന ഭാര്യയോട് പറഞ്ഞു. "നോ ഹോപ്.."

ദിവസങ്ങൾ കഴിഞ്ഞു. ഞാൻ പ്രതീക്ഷിച്ചപോലെ തന്നെ ജസീനയിൽ നിന്നും വിളി ഒന്നും വന്നില്ല. നൂറുകണക്കിന് അപേക്ഷകരിൽ നിന്നും ജയിച്ചുകയറാൻ തക്ക ആളല്ല ഞാൻ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എന്തായാലും ജസീനയിൽ വിളിച്ച് ആ പ്രോസസ്സ് അങ്ങ് അവസാനിപ്പിക്കാം.

ഞാൻ വിളിച്ചു. ചാക്കോസാറിനെ ലൈനിൽ കിട്ടി. "ഫൈനൽ സെലക്ഷൻ ലിസ്റ്റ് രണ്ട് ദിവസങ്ങൾക്കുള്ളിൽ വരും" ആ കിട്ടിയ മറുപടി കേട്ടപ്പോൾ ഭാര്യ പറഞ്ഞു "വിളിക്കുമായിരിക്കും" ഞാൻ കോട്ടുവായിട്ടു. എങ്കിലും ഇന്ത്യ വേൾഡ് കപ്പ് ക്രിക്കറ്റ് കളിയ്ക്കാൻ പോകുമ്പോൾ ചെയ്യാറുള്ളപോലെ വിജയത്തിന്റെ സങ്കീർണമായ കാൽകുലേഷൻ ഞാൻ നിശബ്ദം ചെയ്യാൻ തുടങ്ങി.

അടുത്ത ദിവസം എൻറെ യാഹൂ മെയിലിൽ ഒരു ഇമെയിൽ വന്നു വീണു. ജസീനയിൽ നിന്ന്. ഞാൻ ഫൈനൽ ഇന്റർവ്യൂവിന് സെലക്ടായിരിക്കുന്നു!! നാളെത്തന്നെ ചാക്കോസാറിനെ കാണണം. ഫൈനൽ ഇന്റർവ്യൂ കൊച്ചിയിൽ അടുത്ത ആഴ്ച. ഏറെനേരം കണ്ണുതള്ളി നിന്ന ശേഷം ഞാൻ കർണാക് ബന്ദറിലേക്ക് തിരിച്ചു. ക്ലയന്റ് ഇന്റർവ്യൂ എങ്ങിനെ ഫേസ്ചെയ്യണം എന്നൊക്കെ ചാക്കോസാർ ക്ലാസ്സ് തന്നു. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു.

"ഇവിടെ ടെസ്റ്റ് എഴുതിയവരിൽ നിങ്ങളെ മാത്രമേ ഞങ്ങൾ കൊച്ചിയിലേക്ക് സെലക്ട് ചെയ്തിട്ടുള്ളൂ. സൊ പെർഫോം വെൽ.."

തിരിച്ച് വീട്ടിൽ എത്തിയപ്പോളും, നാട്ടിലേക്ക് ഭാര്യയുമൊത്ത് നേത്രാവതി എക്സ്പ്രെസ്സിൽ നാട്ടിലേക്ക് യാത്രതിരിക്കുമ്പോളും എന്നിലെ അത്ഭുതം മുഴച്ചുതന്നെ നിന്നു. അത്രയും ആൾക്കാർക്കിടയിൽ ഞാൻ ആണോ ഏറ്റവും മിടുക്കൻ?! ജീവിതത്തിൽ എങ്ങും കിട്ടാത്ത പരിഗണന...! ആ ചിന്ത എന്നിൽ ആത്മവിശ്വാസം വാനോളം ഉയർത്തി.

കൊച്ചിയിൽ ഇന്റർവൂവിന് ഒരു പട തന്നെയുണ്ടായിരുന്നു. അഞ്ച് വേക്കന്സി. നൂറുകണക്കിന് ആൾക്കാർ... എന്നാൽ എന്നിൽ ആത്മവിശ്വാസം ഒത്തിരി ഉയരത്തിൽ ആയിരുന്നു. ബോംബയിൽ നൂറിൽ ഒരാൾ ആകാമെങ്കിൽ ഇവിടെ അഞ്ചിൽ ഒരാളാകാം. ആത്മവിശ്വാസത്തിന്റെ ഹോർമോണുകൾ എന്റെ ഓരോ കോശത്തിലും തിക്കിത്തിരക്കി.

റാസൽഖൈമയിലെ സ്റ്റീവൻ റോക്ക് എന്ന കമ്പനിയെപ്രതിനിധീകരിച്ച് ഇന്റർവ്യൂ ചെയ്യാൻവന്ന ബറൻഡ് ജാൻ കൂപ്പർ എന്ന ഹോളണ്ടുകാരനും, ജസീന കൊച്ചി മാനേജർ ജോസഫ് സാറിനും ഇടക്കിരുന്നു ഇന്റർവ്യൂ. എല്ലാം കഴിഞ്ഞ് രാത്രി ഞാൻ പത്തനംതിട്ടയിലേക്ക് മടങ്ങി.

ഓഗസ്റ്റ്, സെപ്റ്റംബർ , ഒക്ടോബർ ... ജസീന കൊച്ചിയിൽ നിന്നും ഒരു വിവരവും ഇല്ല. ഇതിൽ കൂടുതൽ ഇനി ബോംബെ വിട്ടുനിൽക്കാൻ പറ്റില്ല. ഞാൻ പലവട്ടം ജസീനയിലേക്ക് വിളിച്ചു. "സെലക്ഷൻ ഫൈനൽ ആയില്ല" ഇതുമാത്രം മറുപടി.

പക്ഷേ ഒക്ടോബർ അവസാനം വിളിവന്നു. അഞ്ചുപേരിൽ ഒരാളായി ഞാനും കയറിപ്പറ്റി. മെഡിക്കൽ, ട്രാവൽ ഡോക്കുമെന്റേഷൻ ഒന്നിനൊന്നായി പെട്ടെന്ന് ദിനങ്ങൾ കടന്നുപോയി.

അങ്ങിനെ 2003 നവംബർ 18-ന് ഞാൻ യു.എ.ഇ, റാസൽഖൈമയിൽ എത്തി പ്രവാസി എന്ന ലേബൽ ചുമലിൽ അടിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനത്തിലും അവിടെനിന്ന് റാസൽഖൈമയിലേക്കുള്ള ബസ്സ്‌യാത്രയിലും ഞാൻ ജസീനമറൈനിലെ ആദ്യയാത്രമുതൽ അന്നുവരെയുള്ളതെല്ലാം തികട്ടിയെടുത്തു. ബോംബയിൽനിന്നും നൂറുകണക്കിന് ആൾക്കാർക്കിടയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ആത്മവിശ്വാസം അപ്പോഴെല്ലാം അമിതമായി എന്നിൽ നിറഞ്ഞുവന്നു.

കാലങ്ങൾ കഴിഞ്ഞു. കയറ്റവും ഇറക്കവും ഉള്ള മലമ്പാതപോലെ എൻറെ പ്രവാസജീവിതം മുന്നോട്ടുപോയി. അതിനിടയിൽ പലരോടും ഞാൻ എൻറെ ബോംബൈ സെലക്ഷന്റെ കഥ നെഞ്ചിൽ കൈവച്ച് പറഞ്ഞു. ചിലർ അതുഭുതം കൂറിയിരിക്കാം. ചിലർ എൻറെ ഗർവെന്നോ അഹങ്കാരം എന്നോ ഉള്ളിൽ ചിന്തിച്ച് പുഞ്ചിരിയും, അത്ഭുതവും മുഖത്ത് വരുത്തിത്തീർത്ത് പോയിരിക്കാം.

അങ്ങനെയിരിക്കെ ഒരുദിവസം എൻറെ കൂട്ടുകാരൻ വിനോദ് എന്നോട് ആ കഥ പറഞ്ഞു. എന്നിൽ ആത്മവിശ്വാസത്തിന്റെ ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിച്ച കഥയ്ക്കുള്ളിലെ യഥാർത്ഥ കഥ.

നൂറുകണക്കിന് ആൾകാർ ജസീന ബോംബൈ ഓഫീസിൽ ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ സമയം. ക്ലയന്റ് ബോംബെ വരവ് ക്യാൻസൽ ചെയ്ത് കൊച്ചിയിലേക്ക് മാത്രം വരുമെന്നറിയിച്ചു. അതിനാൽ ബോംബയിലെ ടെസ്റ്റ് ഇന്റർവ്യൂ റിസൾട് മരവിപ്പിച്ച് കൊച്ചിയിലെ മാത്രം ലിസ്റ്റ് എടുക്കാൻ അവർ തീരുമാനിക്കുന്നു. വീണ്ടും ദിവസങ്ങൾ കഴിഞ്ഞു. അപ്പോൾ ചാക്കോസാറിന് മറ്റൊന്ന് തോന്നി. അത് കമ്പനിയുടെ ഗുഡ്‌വിൽ അല്ലെങ്കിൽ റെപ്യൂട്ടേഷനെക്കുറിച്ചായിരുന്നു.

നൂറുകണക്കിനാൾക്കാർ മെനക്കെട്ടുവന്ന് ഇന്റർവ്യൂ ടെസ്റ്റ് എഴുതിയിട്ടും അത് പരിഗണിച്ചില്ലെങ്കിൽ മോശമാണ്. അവസാനം ചാക്കോസാർ ഒരുപേജിൽ നിറയുന്ന ഒരു ലിസ്റ്റ് ഉണ്ടാക്കാൻ ബാബുവിനോട് പറയുന്നു. ബാബു അതുണ്ടാക്കി. അതിൽ നിന്നും ഒരേയൊരാളെ തിരഞ്ഞെടുക്കാൻ ബാബുവിനെ നിയോഗിച്ചു. ബാബു വിഷമത്തിലായി. ആ ലിസ്റ്റിൽ നോക്കി ഏറെ തലപുകച്ചശേഷം ബാബു പ്രതിവിധിയും കണ്ടെത്തി.

എൻറെ അഹംഭാവത്തിൻറെ പത്തി താഴ്ത്തിക്കെട്ടിയ വാക്കുകൾ ആയിരുന്നു പിന്നീട് കൂട്ടുകാരനിൽ നിന്നും ഞാൻ കേട്ടത്.

ബാബു ഒരു പേന കയ്യിലെടുത്തു. എന്നിട്ട് കണ്ണുകൾ ഇറുക്കിയടച്ചു. പേന കറക്കി ആ ലിസ്റ്റിലേക്ക് ഒരു കുത്തുകുത്തി! ബാബു കണ്ണുതുറന്നു. ആ പേനയുടെ മുനചെന്നുനിന്നത് എൻറെ പേരിനുപുറത്ത്. ഞാൻ സെലക്ടായി. കൊച്ചിയിലേക്ക് യാതയുമായി!

തന്റെ യാത്രയുടെ കഥ ഓരോ പ്രവാസിക്കും പൊടിപ്പും തൊങ്ങലും വച്ച് പറയാൻ ഉണ്ടാകും. നല്ലതും തീയതും എല്ലാം ആ കഥയിലുണ്ടാകാം. എങ്കിലും ഏതെങ്കിലും താങ്ങ്, ആശീർവാദം അല്ലെങ്കിൽ തണൽപറ്റാതെ ആർക്കും ഇവിടെ ഒന്നുമായിത്തീരാൻ പറ്റില്ല. നമ്മുടെ കഴിവുകൾ, വിദ്യാഭ്യാസം ഒക്കെ ഓർത്ത് നമുക്ക് അഭിമാനിക്കാം, ആത്മവിശ്വാസം വയ്ക്കാം.

എന്നാൽ അഹങ്കാരവും ഗർവ്വും ഒരിക്കലും അതിന് മേമ്പൊടിയാക്കരുത്. ആത്മവിശ്വാസം നല്ലതുതന്നെ, ആത്മവിശ്വാസമാണ് അന്ന് ബറാൻഡ് ജാൻ കൂപ്പറെന്ന ഹോളണ്ടുകാരൻറെ മുന്നിൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒരു കാരണവും. എന്നാൽ നമ്മുടെ വിജയത്തിൽ നമ്മൾപോലും അറിയാത്ത വേറെയാർക്കെങ്കിലും ഒക്കെ പങ്കുണ്ടെന്ന് നാം അറിയുന്നില്ല. ആരുടെയൊക്കെയോ ദൃശ്യവും അദൃശ്യവും ആയ കരങ്ങൾ നമ്മെ ഉയർത്തുന്നതിൽ പങ്കുവഹിക്കുന്നു.

പിതാവിൻറെ ലക്ഷക്കണക്കിന് ബീജങ്ങളിൽ ബാക്കിയെല്ലാത്തിനേയും കടത്തിവെട്ടി ഒന്നാമതായി അമ്മയുടെ അണ്ഡത്തിലേക്ക് ഒട്ടിച്ചേർന്ന്, ഫലോപ്പിയൻ ട്യൂബിലൂടെ തെന്നിനീങ്ങി, ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ച്, ഒമ്പതുമാസം പ്യൂപ്പപൊലെ സുഷ്പ്തിയിലാണ്ട്, ഒരുനാൾ കരഞ്ഞുകൊണ്ട് ആകാശവും, ഭൂമിയും അതിലെ സകല ചരാചരങ്ങളെയും കാണാനും നമുക്കനുവദിച്ചുകിട്ടിയ ഭാഗ്യം. അവസാനം കാതങ്ങൾ നടന്നു നീങ്ങി, ഒരിക്കൽ വാടിയ തണ്ടുപോലെ വീണ് പ്രകൃതിയിലേക്ക് തന്നെ എരിഞ്ഞടങ്ങുന്ന പ്രതിഭാസം.

നമ്മുടെ ജീവിതം തന്നെ കറക്കിക്കുത്തികിട്ടിയ ഒന്നാണ്. ഇന്ന് ഓർമ്മകൾ മനസ്സിൽ കിലുങ്ങുമ്പോൾ, പ്രവാസത്തിന്റെ തീരത്തിരുന്ന് ഞാനിത് കുറിച്ചുപോകുന്നു. എൻറെ പ്രവാസം വെറും ഒരു പേനത്തുമ്പിൽ നിന്ന് പിറന്നതാണ്. മറ്റാർക്കോ കിട്ടേണ്ടത് എനിക്ക് വന്നുചേരുകയായിരുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+