follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

കണ്മുന്നിൽ കണ്ട രാജാവ്

ജോയ് ഡാനിയേല്‍, ദുബായ് » Posted : 11/10/2017ഇതുവരെ എഴുതാത്ത ഒരു വിഷയമാണ് പേനത്തുമ്പിൽ വന്നു നിൽക്കുന്നത്. ഒരു രാജാവിനെപറ്റി എഴുതുകയാണ്. ഒരിടത്ത് ഒരിക്കൽ... പണ്ട് പണ്ട്... എന്നൊന്നുമല്ല. ഇന്ന്, എൻറെ കൺമുമ്പിൽ, ഇഞ്ചോടിഞ്ച് അകലത്തിൽ ഞാൻ കണ്ട രാജാവ്!

ഇസ്‌ലാമിക് ന്യൂ ഇയറിനു തൊട്ടുമുമ്പുള്ള ഒരുദിവസമായിരുന്നു അന്ന്. ഓഫീസിൽ കൂടെ ജോലിചെയ്യുന്ന സുഹൃത്ത് വന്ന് മൊബൈലിൽ താനെടുത്ത വാഹനത്തിൻറെ ഫോട്ടോ കാണിച്ചുകൊണ്ട് ഒരു വാർത്ത എന്നെ അറിയിക്കുന്നു.

"ദുബായ് 01 നമ്പർ വണ്ടി എമിറേറ്റ്സ് ടവ്വറിന്റെ മുമ്പിൽ കിടക്കുന്നു..."

ഞാൻ ആ ഫോട്ടോയിലേക്ക് തുറിച്ചുനോക്കി. ഇവിടെ ഒന്നാം നമ്പർപ്ലേറ്റുള്ളത് ദുബായ് രാജാവ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തുമിനാണ്. അതിനർത്ഥം അദ്ദേഹം ഇപ്പോൾ എൻറെ ഓഫീസിൻറെ തൊട്ടടുത്തുള്ള എമിറേറ്സ് ടവറിൽ ഉണ്ടെന്നാണോ? ഒരുതരം കൗതുകം എന്നിൽ തിരയിളകി.

ഇതുവരെ ഞാൻ ദുബായ് രാജാവിനെ നേരിൽ കണ്ടട്ടില്ല. ഫോട്ടോകളിലും വീഡിയോകളിലും മാത്രമേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തെ നേരിട്ട് ഒന്ന് കാണാൻ പറ്റുമോ? ഞാൻ സ്വയം ആലോചിച്ചു. അതിനു കാരണം പലതാണ്. 2003-ൽ ഞാൻ ഈ രാജ്യത്ത് പ്രവാസജീവിതം തുടങ്ങി അന്നുമുതൽ കേൾക്കുന്ന പേരാണിത്. ദുബായ് എന്ന ചെറുരാജ്യത്തിന് ലോകഭൂപടത്തിൽ പേരുനേടിക്കൊടുത്ത ഭരണാധികാരിയാണ് . അന്നം തരുന്ന രാജ്യത്തെ ഭരണാധികാരി. തീർച്ചയായിട്ടും ഒരു പ്രവാസി എന്നനിലയിൽ എന്നിൽ ആഗ്രഹം ഉണ്ടാകും.

ജീവിതത്തിൽ ഒരിക്കൽപോലും ഇന്ത്യാരാജ്യം ഭരിക്കുന്ന ഒരു പ്രധാനമന്ത്രിയെയോ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെയോ അടുത്ത് കണ്ടട്ടില്ല. പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ഇലക്ഷൻ പ്രചാരണകാലത്ത്, മിന്നായംപോലെ ആ ബ്രാൻഡ് ചിരിയും നൽകി കെ.കരുണാകരൻ കാറിൽ പാഞ്ഞുപോകുന്നതും, കുറവിലങ്ങാട് ഫെസ്റ്റിന്റെ ഉത്‌ഘാടനത്തിന് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ ഉമ്മൻചാണ്ടിയെ കയ്യെത്താ ദൂരത്തും കണ്ണെത്താദൂരത്തും കണ്ടതാണ്. അനുദിന ജീവിതത്തിൽ രാഷ്ട്രീയമോ രാഷ്ട്രീയക്കാരോ നിറഞ്ഞ കോലാഹലങ്ങളിൽ താല്പര്യാമില്ലാത്തതും, വീടും, ജോലിയും കഴിഞ്ഞുള്ള ലോകത്തിനപ്പുറത്തേക്ക് പോയിട്ടില്ലാത്തതും അതിനൊരു കാരണമാണ്.

എൻറെ മനസ്സിൽ നിറഞ്ഞുവന്ന സ്പാർക് എന്നെ ഇരിപ്പിടത്തിൽ നിന്നും എണീപ്പിച്ചു. ഓഫീസിൽനിന്നും ഏകദേശം ഒരു നൂറുമീറ്റർ ദൂരമേ എമിറേറ്സ് ടവറിലേക്കുള്ളൂ. ഇപ്പോളാണേൽ ഉച്ചക്കുള്ള ബ്രേക്ക് സമയവുമാണ്. ഒന്നുപോയി നോക്കിയാലോ?

ആ ആഗ്രഹം എന്നെ ഓഫീസിൻറെ പുറത്തേക്ക് നടത്തിച്ചു. ഞാൻ എമിറേറ്സ്‌ ടവറിലേക്ക് വേഗം നടന്നു.

ടവറിന്റെ അകത്തേക്ക് കയറിയപ്പോൾ തന്നെ കെട്ടിലും മട്ടിലും എന്തോ ഒരു പുതുമ ദർശിക്കാനായി. പുതുതായി നിരന്നുനിൽക്കുന്ന ബോർഡുകൾ ഞാൻ വായിച്ചു "എമിറേറ്റ്സ് യൂത്ത് ഹബ്" ഇതിൻറെ ഉത്‌ഘാടനത്തിനായിരിക്കാം ദുബായി ഭരണാധികാരി വന്നിരിക്കുന്നത്. എൻറെ കണ്ണുകൾ ചുറ്റും പാഞ്ഞു. ഇല്ല ഒരു തിരക്കോ അസാധാരണമായ എന്തെങ്കിലുമോ എനിക്ക് കാണാൻ കഴിഞ്ഞില്ല. യൂത്ത് ഹാബിനുള്ളിൽ അവിടെയും ഇവിടെയും കുറെ ലോക്കൽസ് ഇരിക്കുന്നു, സംസാരിക്കുന്നു. ഒന്നുരണ്ടുപേർ ക്യാമറയുമായി ഫോട്ടോകൾ എടുക്കുന്നു. ഒരു രാജ്യം ഭരിക്കുന്ന ഭരണാധികാരി അടുത്തെവിടെയെങ്കിലും ഉള്ളത്തിന്റെ ഒരു ലാഞ്ചനപോലുമില്ല.

എങ്ങും നിശബ്ദം. എവിടെ ദുബായ് രാജാവ്?

കഷ്ടം! ഇത്തിരി കൂടി നേരത്തെ വരേണ്ടതായിരുന്നു. "ബെറ്റർ ലക് നെക്സ്റ്റ് ടൈം". എൻറെ മനസ്സ് എന്നോടുതന്നെ മന്ത്രിച്ചു. തിരികെ പോവുക തന്നെ.

തിരികെ നടക്കുമ്പോൾ യൂത്ത് ഹബ്ബിനു മുന്നിലെ ബോർഡുകൾ എന്നെ ആകർഷിച്ചു. ഞാനത് വായിച്ചുകൊണ്ടിരിക്കുമ്പോൾ അകത്ത് നിന്നും നാലഞ്ചുപേർ വേഗം നടന്നുവരുന്നത് കണ്ട് എൻറെ കണ്ണുകൾ അങ്ങോട്ടേക്ക് തിരിഞ്ഞു.

നടന്നുവരുന്ന ആ നാലഞ്ചാൾക്കാർക്ക് നടുവിലെ ആളെ ഞാൻ സൂക്ഷിച്ചു നോക്കി. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും...!! കണ്ണിമവെട്ടി ഞാൻ ഒന്നുകൂടെ നോക്കി. ദുബായ് രാജാവ്! യുണൈറ്റഡ് അറബ് എമിറേറ്സിന്റെ വൈസ് പ്രസിഡന്റ്! ലോക ധനികന്മാരുടെ പട്ടികയിൽ നിൽക്കുന്ന വ്യക്തി. എൻറെ തൊട്ടുമുന്നിൽ. അതും ഒരു സാധാരണക്കാരനെപ്പോലെ.

ചെറുപുഞ്ചിരി നിറഞ്ഞ ആ മുഖത്തേക്ക് ഞാൻ നോക്കി. ഞാൻ കൈ ഉയർത്തി ഒരു അഭിവാദ്യം കൊടുത്തു. മുഖം മെല്ലെയൊന്ന് കുലുക്കി അദ്ദേഹം അത് സ്വീകരിച്ചമട്ടിൽ എന്നെ നോക്കി. അദ്ദേഹം എൻറെ കയ്യെത്തും ദൂരത്താണ്. വെറും ഇഞ്ചുകൾ മാത്രം അകലം. ജീവിതത്തിൽ ആദ്യമായി ഒരു രാജ്യത്തിൻറെ ഭരണാധികാരിയെ ഇത്ര അടുത്ത് കാണുവാൻ കഴിയുന്നത്!! അതും എനിക്ക് അന്നംതരുന്ന ഈ രാജ്യത്ത് വച്ച്!

ഒരു നിമിഷം ഞാൻ എന്നെത്തന്നെയൊന്ന് മറന്നുപോയോ?

എൻറെ മുന്നിൽകൂടി നടന്നുപോകുന്ന ഈ മനുഷ്യനാണോ ഈ ദുബായ് എന്ന ദേശത്തിന് ഭൂഗോളത്തിൻറെ മാപ്പിൽ വലിയ ഇടം നേടിക്കൊടുത്തത്.? എന്നെപ്പോലെ ലക്ഷക്കണക്കിന് ഇന്ത്യാക്കാർക്ക് അന്നവസ്ത്രാദികൾ നൽകുന്നത്? സ്വന്തം കുടുംബത്തെയും നാടിനെയും ഐശ്വര്യം കൊണ്ട് പുതപ്പിക്കാൻ കാരണമായിത്തീരുന്നത്?

അദ്ദേഹവും കൂട്ടരും മെല്ലെ എസ്‌കലേറ്റർ കയറി മുകളിലേക്ക് പോകുന്നു. അവിടെ എനിക്കോ ആ ടവറിൽ നിൽക്കുന്ന ഏതെങ്കിലും ആൾക്കോ കിട്ടാത്ത ഒരു പ്രത്യേക ഫെസിലിറ്റിയും അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞില്ല. ആനയില്ല, അമ്പാരിയല്ല, ബീക്കൺ ലൈറ്റ് വച്ച വാഹനമില്ല, മുമ്പിലും പിമ്പിലും ഡസൻകണക്കിന് വാഹനാകമ്പടിയില്ല, കരിമ്പൂച്ചകൾ കാവലായില്ല, തിക്കോ തിരക്കോ ഒന്നുമേയില്ല.

എൻറെ ദൃഷ്ടി ഒരു സാധാരണക്കാരനെപ്പോലെ നടന്നകന്നുപോകുന്ന ആ മനുഷ്യനിൽത്തന്നെ പതിഞ്ഞു നിന്നു.

ഇതാണ് ദുബായ് ഭരണാധികാരി.... ഞാൻ സ്വയം എന്നോടുതന്നെ പറഞ്ഞു.

ഇവിടെ സ്വന്തം രാജ്യത്ത് നൂറുകണക്കിന് സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ സ്വയം വാഹനം ഓടിച്ച്പോകുന്നൊരു രാജാവാണ് ഇദ്ദേഹം. സ്വന്തം രാജ്യത്ത് ജനങ്ങൾ എത്ര സുരക്ഷിതരായി നടക്കാം എന്ന് എൻറെ കൺമുമ്പിൽ അദ്ദേഹം കാണിച്ചുതന്നു.

നമുക്ക് വേണ്ടത് നല്ല ഭരണാധികാരികളാണ്. രാജഭരണത്തെ ഇന്നും പഴമക്കാർ സ്നേഹിക്കുന്നത് ഇതുപോലെയുള്ള നന്മകൾ അവരിൽ ഉള്ളതിനാലാണ്. തിരുവതാംകൂർ രാജാക്കന്മാരുടെ ജനനവും, വിവാഹവും ഒക്കെ സാധാരണക്കാർ അവരുടെകൂടി ആഘോഷമായ കൊണ്ടാടിയ പ്രദേശത്താണ് ഞാനും ജനിച്ചത്. സർക്കാർ തരുന്ന ജോലിക്കൂലിപോലും ശ്രീപത്മനാഭന്റേതാണെന്ന് വിശ്വസിച്ച് സന്തോഷിച്ചവരാണ് തിരുവതാംകൂറുകാർ. അവസാന റീജന്റ് ആയ സേതു ലക്ഷ്മിഭായിത്തമ്പുരാട്ടിയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചവരാണ് ആ നാട്ടുകാർ. ജനാധിപത്യത്തിന്റെ വളവിലും തിരിവിലും അതെല്ലാം മറഞ്ഞുപോയെങ്കിലും ഇന്നും അവശേഷിക്കുന്ന പഴയതലമുറയോട് ചോദിച്ചാൽ അവർക്ക് ആ കാലഘട്ടം വർണ്ണിക്കാൻ നൂറുനാവാണ്.

എമിരേറ്റ്സ് ടവറിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ എൻറെ മനസ്സിൽ രണ്ട് ആഗ്രഹങ്ങൾ ബാക്കിയായിരുന്നു. ഒന്ന്, എന്നാണ് നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് കൊട്ടും കോലാഹലും ഇല്ലാതെ ഇതേപോലെ ലളിതമായി നമ്മുടെയൊക്കെ മുന്നിൽകൂടി നടന്നുപോകാൻ കഴിയുന്നത്? രണ്ട്, എനിക്ക് സെൽഫി ഭ്രാന്തില്ലെങ്കിലും ദുബായ് ഭരണാധികാരിയോട് ചോദിച്ചിരുന്നെങ്കിൽ ഒരു സെൽഫി എടുക്കാൻ അദ്ദേഹം സമ്മതിക്കുമായിരുന്നോ?

എസ്കലേറ്ററിൽ താഴേക്കിറങ്ങുമ്പോൾ ഞാൻ ചിരിച്ചു. ആഗ്രഹങ്ങൾ നടക്കാതിരിക്കില്ലല്ലോ. അവിചാരിതമായി, എന്നെങ്കിലും, എപ്പോഴെങ്കിലും.....?

"എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..." മനസ്സ് എന്നോടുതന്നെ മന്ത്രിക്കുന്നത് ഞാൻ കേട്ടു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+