Advertisment

ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹമാണ്‌ ക്രിസ്‌തുമസ്‌ വെളിപ്പെടുത്തുന്നത്‌

author-image
admin
Updated On
New Update

- ഫാ. ജോണ്‍സണ്‍ നെടുംപുറത്ത്

Advertisment

publive-image

വീണ്ടും ഒരു ക്രിസ്‌തുമസ്‌ സമാഗതമാകുന്നു. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന മാനവകുലത്തിന്‌ കൈവന്ന രക്ഷയാണല്ലോ മനുഷ്യാവതാരം. പൂര്‍വ്വകാലങ്ങളില്‍ പ്രാവചകന്മാരിലൂടെയും, പിതാക്കന്മാരിലൂടെയും, തന്റെ ജനത്തോട്‌ സംസാരിച്ച ദൈവം, ഒരോ വ്യക്‌തിയോടും ബന്‌ധത്തിലാകാനും ഐക്യപ്പെടാനും, അതുവഴി നഷ്‌ടമായ നിത്യജീവനിലേക്ക്‌ നയിക്കാനും, ആഗ്രഹിക്കുന്നുവെന്നാണ്‌ യേശുവിന്റെ ജനനത്തിന്റെ അര്‍ത്ഥം.

അതായത്‌, ദൈവം തന്റെ സ്‌നേഹവും, സന്തോഷവും നമ്മള്‍ ഒരോരുത്തര്‍ക്കും പകര്‍ന്ന്‌ തരാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹമാണ്‌ ക്രിസ്‌തുമസ്‌ വെളിപ്പെടുത്തുന്നത്‌. 'അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം

സ്‌നേഹിച്ചു.'

ദൈവ ജനത്തിന്റെ പ്രാര്‍ത്ഥനയുടെ ഉത്തരവും, ദൈവ കരുണയുടെ വെളിപ്പെടുത്തലുമാണ്‌ മനുഷ്യാവതാരം. ദൈവം ത3െറ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്‌.

ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെയായിരുന്നു. ഈ വചനം ദൈവത്തോടുകൂടെ ആയിരുന്നത്‌ കൊണ്ട് വചനം ദൈവം ആയിരുന്നു എന്നാണ്‌ യോഹന്നാന്‍ ശ്ലീഹായിലൂടെ നമുക്ക്‌ വെളിപ്പെടുത്തിയത്‌. ഈ വചനം കാലാകാലങ്ങളില്‍ നേരിട്ടും, പ്രവാചകന്‌മാരിലൂടെയും, പിതാക്കന്‌മാരിലൂടെയും ജനത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ദൈവം തന്നെയായ വചനത്തെ ജനം തിരസ്‌കരിച്ചു. ഒരോരുത്തരെയും നേടുന്നതിന്‌ വേണ്ടി വചനമായ ദൈവം മനുഷ്യനായി. മനഷ്യാവതാരത്തിലൂടെ പിതാവായ ദൈവം യേശുക്രിസ്‌തുവില്‍ ലോകത്തെ തന്നോടനുരജ്‌ഞിപ്പിക്കുകയും മനുഷ്യവംശത്തെ പാപത്തിന്റെ ബന്‌ധനത്തില്‍ നിന്ന്‌ വീണ്ടെടുക്കുകയും ചെയ്‌തു.

യേശുവിന്റെ ജനനം പ്രത്യാശയുടെ, സമാധാനത്തിന്റെ, ശൂന്യമാകലിന്റെ, വലിയ സന്തോഷത്തിന്റെ ജനനമാണ്‌. അതുകൊാണ്‌ രക്ഷ വെളിപ്പെടുത്തി മാലാഖമാര്‍ പ്രകീര്‍ത്തിച്ചത്‌ 'ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.

നമ്മള്‍ മിക്കപ്പൊഴും നമ്മുടെ വീഴ്‌ച്ചകളുടെയും, പാപത്തിന്റെയും അകത്തളങ്ങളില്‍ അടച്ചിരിക്കാന്‍ ഇഷ്‌ടപ്പെടുന്നു. എന്നാല്‍ യേശു നമ്മളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നമ്മെ രക്ഷിക്കുന്ന തന്റെ കൃപാവരവും, തന്റെ തിരുസാന്നിധ്യവും നമുക്ക്‌ നല്‍കുന്നതില്‍ അവന്‍ ഒരിക്കലും മുടക്കം വരുത്തുന്നില്ല.

ക്രിസ്‌തുമസ്‌ ഉപരിവിഭവങ്ങളായ ആഘോഷങ്ങളിലൊതുക്കാതെ സ്‌നേഹത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം ഉള്ളില്‍ നിറയ്‌ക്കുവാനും, പ്രസരിപ്പിക്കുവാനും നമുക്ക്‌ കഴിയണം. ആത്‌മാവിനെ നഷ്‌ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലോ, ആഘോഷങ്ങളിലോ അല്ല നാം ശ്രദ്ധിക്കേണ്ടത്, മറിച്ച്‌ വ്യക്‌തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും യേശു ചൈതന്യം നിറയാന്‍ നാം ആഗ്രഹിക്കണം.

ശരീരം ദൈവത്തിന്റെ ഭവനമാണ്‌. നമ്മുടെ വീടുകളില്‍ മറ്റുള്ളവര്‍ക്ക്‌ കാണാനായി ഒരുക്കുന്ന പുല്‍ക്കൂടുകള്‍ നമ്മുടെയുള്ളില്‍ സൃഷ്‌ടിക്കാന്‍ നമുക്ക്‌ കഴിയുമോ? ക്രിസ്‌തു ജനിക്കാനായി ജോസഫ്‌ പശുത്തൊഴുത്തിനെ ഒരുക്കിയത്‌പോലെ നമുക്കും നമ്മുടെ ശരീരമാകുന്ന ഭവനങ്ങളെ ഒരുക്കാം, നമ്മുടെ ഹൃദയങ്ങളിലാണ്‌ ക്രിസ്‌തു പിറക്കേണ്ടത്‌.

രക്ഷകന്‍ പിറന്ന സ്‌ഥലം ജ്‌ഞാനികള്‍ക്ക്‌ ദര്‍ശിക്കാനായി വഴികാട്ടിയ നക്ഷത്രം, കാലിത്തൊഴുത്തിന്‌ മുകളില്‍ പ്രകാശിച്ചതുപോലെ, നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയേശു ജനിച്ചാല്‍ നമുക്ക്‌ ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന്‌ ഉറപ്പാണ്‌. ഹൃദയങ്ങളില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ മാറ്റി ഉണ്ണിക്കായി സ്‌നേഹമെന്ന പട്ടുതുണി വിരിച്ച്‌ കാത്തിരിക്കാം.

ആട്ടിടയരുടെ ഹൃദയ വിശുദ്ധിയോടും, ജ്‌ഞാനികളുടെ വിശ്വാസത്തോടും കൂടെ രക്ഷകനായി കടന്നുവന്ന യേശുവിന്റെ രക്ഷ നാം സ്വന്തമാക്കണം. അടിമത്വത്തില്‍ നിന്ന്‌ നമ്മെ രക്ഷിക്കാന്‍ കടന്ന്‌ വന്ന യേശുവിലൂടെ പാപത്തിന്റെ അടിമത്വങ്ങള്‍ നീങ്ങുന്നതിനായി നാം പ്രാര്‍ത്ഥിക്കണം.

ബന്‌ധിതര്‍ക്ക്‌ മോചനം നല്‍കുവാനായി കടന്ന്‌ വന്ന യേശുവിലൂടെ എല്ലാ തിന്‌മയുടെ സ്വാധീനങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ നമുക്കാകണം. ജീവനുണ്ടാകുവാനും, അത്‌ സമൃദ്ധമായി ഉണ്ടാകുവാനുമായി കടന്ന്‌ വന്ന യേശുവിലൂടെ ജീവന്റെ സമൃദ്ധി നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാകുവാന്‍ നമ്മള്‍ പ്രാര്‍ത്ഥിക്കണം.

സകല ജനങ്ങള്‍ക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാര്‍ത്തയായ യേശുവിനെ മറ്റുള്ളവര്‍ക്ക്‌ നല്‍കുന്നവരായി മാറുവാന്‍ നമുക്കാഗ്രഹിക്കാം. അങ്ങനെ ഈ ക്രിസ്‌തുമസ്‌ ജീവിതത്തിന്റെ മനോഭാവങ്ങളുടേയും, തീരുമാനങ്ങളുടെയും, മാറ്റത്തിന്റെ ഒരു തുടക്കമാകട്ടെ.

ക്രിസ്‌തുമസ്‌ മംഗളങ്ങളോടെ, പ്രാര്‍ത്ഥനയോടെ, നിങ്ങളുടെ ജോണ്‍സനച്ചന്‍.

Advertisment