‘ചെങ്ങന്നൂരില്‍ എന്റെ വോട്ട് ആം ആദ്മിക്ക്. പ്രചാരണത്തിന് വേണ്ടി ലീവെടുത്ത് നാട്ടിൽ വരും’ – അമേരിക്കൻ മലയാളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

സാജു സ്റ്റീഫന്‍
Thursday, April 5, 2018

“ഞാൻ പ്രവാസിയാണ്, പക്ഷേ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഞാൻ ലീവെടുത്ത് നാട്ടിൽ പോകും ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് വേണ്ടി , എൻറെയും കുടുംബത്തിന്റെയും ബന്ധുക്കളുടെയും വോട്ട് രാജീവ് പള്ളത്തിന് “. ആം ആദ്മി പാർട്ടിയെ പിന്തുണച്ച് ചെങ്ങന്നൂർ സ്വദേശി ജഗൻ സി. ജഗൻ ചെയ്ത പോസ്റ്റിലെ വാക്കുകളാണ് മുകളിൽ.

അമേരിക്കയിലെ ക്രിസ്മസ് വാലിയിൽ ഇപ്പോൾ താമസിക്കുന്ന ഇദ്ദേഹം നടത്തിയ പോസ്റ്റിന് ഫേസ്ബുക്കിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഏകദേശം ആയിരത്തിലധികം ഷെയറുകൾ പോസ്റ്റിന് ലഭിച്ചു.

തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും മൂന്നു മുന്നണികൾകൊപ്പം ആംആദ്മി പാർട്ടിയും ഇത്തവണ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ പ്രവചനാതീതം ആക്കിയിട്ടുണ്ട്.

മറ്റൊരു രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ അടക്കമുള്ളവർ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. യുവാക്കളുടെ അടക്കം ശക്തമായ ജനപിന്തുണയാണ് നിയമസഭയിലെ കന്നി മത്സരത്തിനിറങ്ങുന്ന സ്ഥാനാർഥി രാജീവ് പള്ളത്തിന് ലഭിക്കുന്നത്.

ചെങ്ങന്നൂരിലെ അറിയപെടുന്ന പൊതുപ്രവർത്തകനായ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് അരങ്ങൊരുക്കുന്നത്.

×