Advertisment

ഹാരിസൺ കേസിലെ ഹൈകോടതി വിധി സർക്കാരിന്റെ ഒത്തുകളി - ആം ആദ്മി പാർട്ടി

author-image
admin
New Update

അഞ്ചേകാൽ ലക്ഷത്തിലേറെ ഏക്കർ റെവന്യുഭൂമി വിദേശ കമ്പനികളും ടാറ്റയും ഹാരിസണും അടക്കമുള്ള അവരുടെ ബിനാമികളും കയ്യടക്കിയിരിക്കുന്നത് ഭരണഘടനയുടെയും നിയമങ്ങളുടെയും ലംഘനവും രാജ്യദ്രോഹവുമാണെന്നുള്ള ലഭ്യമായ എല്ലാ രേഖകളും സവിസ്തരം പഠിച്ച് ഡോ.രാജമാണിക്യം കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കളഞ്ഞു കൊണ്ട് ഹാരിസൺ കയ്യടക്കിയിട്ടുള്ള ഭുമി ഏറ്റെടുക്കാനുള്ള നടപടികൾ റദ്ദുചെയ്ത കേരള ഹൈകോടതി വിധി സർക്കാർ ഒത്തുകളിയുടെ ഫലമാണ്.

Advertisment

publive-image

വിധിന്യായത്തിന്റെ ഭാഗമായി കോടതി നടത്തിയ വൻകിടക്കാരിൽ നിന്നും ഭൂമി പിടിച്ച് പാവങ്ങൾക്ക് നൽകാൻ സർക്കാർ റോബിൻ ഹുഡ് അല്ല; കോർപ്പറേറ്റുകളുടെ സഹായം സർക്കാരുകൾക്ക് അനിവാര്യമാണ് തുടങ്ങിയ നിരീക്ഷണങ്ങളും അങ്ങേയറ്റം പ്രതിലോമകരമാണ്. തള്ളിക്കളയേണ്ടതാണ്.

കേസിൽ സർക്കാർ തോറ്റു എന്നതിനേക്കാൾ ഹാരിസണുമായി ഒത്തുകളിച്ച് സർക്കാർ തോറ്റു കൊടുത്തു എന്നതാണ് യാഥാർത്ഥ്യം. ടാറ്റയുടെയും ഹാരിസണിന്റെയും കങ്കാണിമാരായ UDF - LDF സർക്കാരുകൾ ആവശ്യമായ രേഖകൾ കോടതികളിൽ ഹാജരാക്കാതെ നിരന്തരമായി തോറ്റു കൊടുത്തു കൊണ്ടിരുന്ന അവസ്ഥ മാറുകയും സർക്കാരിന് അനുകൂലമായ വിധികൾ ലഭിച്ചു തുടങ്ങുകയും ചെയ്തത് ഈ കേസുകൾക്ക് വേണ്ടി സ്പെഷ്യൽ പ്ലീഡറായി സുശീലാ ഭട്ടിനെ സർക്കാർ നിയോഗിച്ച തോടെയാണ് .

അവർ രേഖകൾ വിശദമായി പഠിച്ച് സംസ്ഥാന താല്പര്യങ്ങളെ മുൻനിർത്തി ശക്തമായ തെളിവുകൾ നിരത്തി ഫലപ്രദമായി കേസു വാദിച്ചു തുടങ്ങിയതോടെ ഹാരിസൺ കമ്പനി തോറ്റു തുടങ്ങി.സർക്കാരിന് അനുകൂലമായി കോടതി വിധികൾ ലഭിച്ചു തുടങ്ങി.എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ സുശീലാ ഭട്ടിനെ മാറ്റി പകരം ഹാരിസണിന്റെ പാദസേവകരെ സർക്കാർഭാഗം വാദിക്കുന്നതിനായി നിയോഗിച്ചു.

ഹാരിസൺ ഹാജരാക്കുന്ന രേഖകൾ എല്ലാം വ്യാജമാണെന്ന വിജിലൻറസ് റിപ്പോർട്ട് അടക്കം പൂഴ്ത്തിവെച്ചു കൊണ്ട് പിണറായി സർക്കാർ ഹാരിസണുമായി ചേർന്ന് നടത്തിയ ഒത്തുകളിയുടെ പരിസമാപ്തി കൂടിയാണ് ഇന്നത്തെ കോടതി വിധിയിലൂടെ പുറത്തുവന്നിട്ടുള്ളത്.

ഭരണഘടനാപരമായും നിയമപരമായും സർക്കാരിൽ നിക്ഷിപ്തമാകേണ്ട ഭൂമി കോർപ്പറേറ്റ് ഭൂമാഫിയകളിൽ നിന്നും തിരിച്ചു പിടിക്കുന്നതിൽ നമ്മുടെ ഭരണനിർവ്വഹണ സംവിധാനങ്ങൾ ജുഡീഷ്യറി സംവിധാനങ്ങളടക്കം പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഈ കോടതി വിധി വെളിപ്പെടുത്തുന്നു.

ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമി എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി സർക്കാർ ഒത്താശയോടെ കയ്യടക്കി വെച്ചിരിക്കുന്ന കോർപ്പറേറ്റ് ഭൂമാഫിയകളിൽ നിന്നും തിരിച്ചുപിടിക്കാനും ദലിത് ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരഹിതർക്കും തോട്ടം തൊഴിലാളികൾക്കു മായി വിതരണം ചെയ്യാനുമുള്ള ജനകീയ പ്രക്ഷോഭങ്ങളാണ് ശക്തിപ്പെടുത്തേണ്ടത്.

കോർപ്പറേറ്റ് ഭൂമാഫിയാ കൾ നിയമവിരുദ്ധമായി കയ്യടക്കിയിട്ടുള്ളതും തങ്ങൾക്ക് ലഭിക്കേണ്ടതുമായ ഭൂമിയിൽ കയറി അവകാശം സ്ഥാപിക്കാൻ മുഴുവൻ ഭൂരഹിത വിഭാഗങ്ങളും തോട്ടം തൊഴിലാളികളും മുന്നോട്ട് വരണം.

Advertisment