ഗാന്ധിജിയുടെ ചിത്രത്തെപോലും ഭയപ്പെടുന്നവര്‍ !!

എബി ജെ.ജോസ്, ചെയർമാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, പാലാ
Thursday, January 31, 2019

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്നു പൊതു സമൂഹത്തോട് നെഞ്ചുറപ്പോടെ പറയാന്‍ കഴിഞ്ഞ ലോകാദരണീയനായ മഹാത്മാവായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി.

അഹിംസാ മന്ത്രത്തിലൂടെ ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയ അദ്ദേഹത്തെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയപ്പോള്‍ ഇന്ത്യയ്ക്കു മാത്രമായിരുന്നില്ല നെഞ്ചു പൊട്ടി കരഞ്ഞത്. ഗാന്ധിജിയുടെ വാക്കുകള്‍ക്ക് നാളുകള്‍ കഴിയും തോറും പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഗാന്ധിജിയെ നെഞ്ചിലേറ്റുകയാണ്.

മഹാത്മജിയുടെ രക്തസാക്ഷിത്വദിനമാണ് ജനുവരി 30. അന്നേദിവസം അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ രൂപത്തിനു നേരെ വെടിയുതിര്‍ത്തു കൊണ്ട് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്‌കരിച്ചുകൊണ്ട് മനസിലെ വിഷലിപ്ത പുറമെ വെളിവാക്കിയിരിക്കുകയാണ്. അവര്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്തത് ഗാന്ധിജിയുടെ രൂപത്തിനു നേരെ ആണെങ്കിലും അത് തറച്ചത് രാജ്യത്തിന്റെ മനസിലാണ്.

ഒരു പൂജയല്ല, ഇത്തരത്തിലുള്ള ആയിരക്കണക്കിനു പൂജമാര്‍ വെടിയുതിര്‍ത്താലും തകരുന്നതല്ല ഗാന്ധിജി എന്ന മഹാത്മാവിനോടുള്ള ആദരവ്. ഇവരെപ്പോലുള്ളവര്‍ക്കു ഗാന്ധിജിയുടെ രൂപം വെടിയുതിര്‍ത്തും തച്ചുടച്ചും നശിപ്പിക്കാമായിരിക്കാം. എന്നാല്‍ ഗാന്ധിജി ഇവിടെ അവശേഷിപ്പിച്ചു പോയ അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും ആശയങ്ങളും പരത്തുന്ന നറുമണം ലോകമുള്ള കാലത്തോളം ഇവിടെയും ലോകമെമ്പാടും കാണുക തന്നെ ചെയ്യും.

ഗാന്ധിജിയുടെ ചിത്രം മാത്രമല്ല പേരുപോലും ചിലരെ അസ്വസ്തരാക്കുന്നുവെങ്കില്‍, ഭയപ്പെടുത്തുന്നുവെങ്കില്‍ കരുതികൊള്ളുക ഗാന്ധിയന്‍ വാക്കുകളുടെയും പ്രവര്‍ത്തികളുടെയും ആശയങ്ങളുടെയും പ്രസക്തി ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്നും അത് അനുദിനം പ്രസക്തമാണെന്നും. മരണമടഞ്ഞ ഗാന്ധിജിയേപ്പോലും ഭയപ്പാടോടെയാണ് ചിലര്‍ കാണുന്നതെന്നത് അവരുടെ ആശയത്തിന്റെ അധോഗതിയെതന്നെയാണ് സൂചിപ്പിക്കുന്നത്. ഇതിന് ചരിത്രം മറുപടി നല്‍കുക തന്നെ ചെയ്യും.

ആശയങ്ങളെയും അഭിപ്രായങ്ങളെയും അതേ വിധത്തില്‍ എതിരിടാന്‍ കെല്‍പ്പില്ലാത്തവരാണ് തോക്കു കൊണ്ട് മറുപടി പറയുന്നത്. തോക്കു കൊണ്ട് മറുപടി പറയാന്‍ പ്രത്യേക ആശയമൊന്നും ആവശ്യമില്ല. കേവലം ഒരു കൊള്ളക്കാരനു പോലും അതു സാധ്യമാകുമെന്നിരിക്കെയാണ് ഇത്തരം നീചപ്രവൃത്തികളുമായി ചിലര്‍ രംഗത്തു വന്നിട്ടുള്ളത്.

ഗാന്ധിജി എന്ന മനുഷ്യന്റെ ജീവനാണ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് തോക്കുപയോഗിച്ച് കവര്‍ന്നെടുത്തത്. അങ്ങനെ കൊലയാളിയായി മാറിയ ഒരാള്‍ക്ക് സിന്ദാബാദ് വിളിക്കേണ്ടി വരുന്നതും അയാളെ ആരാധിക്കേണ്ടി വരുന്നതും അയാളെ മഹാത്മാവെന്നു വിളിക്കേണ്ടി വരുന്നതുമായ ഗതികേട് സങ്കല്‍പ്പിക്കാവുന്നതേയുള്ളൂ.

ഇവരെപോലുളളവര്‍ എത്ര ശ്രമിച്ചാലും ഗാന്ധിജിയെ ഇന്ത്യയുടെ, ലോകത്തിന്റെ മനസില്‍ നിന്നും പറിച്ചു കളയാനാവില്ല. ഇവരെപോലുള്ളവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളുടെയും ആശയങ്ങളുടെയും വര്‍ദ്ധിച്ച പ്രസക്തിയെയാണ് സൂചിപ്പിക്കുന്നത്. ഗാന്ധിജി കാലത്തിനു മുമ്പേ നടന്ന മഹത് വ്യക്തിത്വമാണ്.

ഗാന്ധിജിയെക്കുറിച്ച് ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആല്‍ബ്രട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുള്ളത് ‘ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.’ എന്നാണ്. ഈ ഒറ്റ വാക്ക് മതി ഗാന്ധിജി ആരായിരുന്നുവെന്ന് മനസിലാക്കാന്‍.

×