Advertisment

ഇന്ദ്രൻസേട്ടന്റ ഈ നേട്ടത്തെ അങ്ങനെ ചെറുതാക്കണോ സനൽ കുമാർ ശശിധരൻ ?

author-image
വി സി അഭിലാഷ്
New Update

publive-image

Advertisment

പ്രിയപ്പെട്ട സനൽ കുമാർ ശശിധരൻ,

കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ താങ്കൾ ഇങ്ങനെ പറയുന്നു.

"ഇന്ദ്രൻസിന് അവാർഡ് കൊടുത്തു. സത്യം പറഞ്ഞാൽ കഴിഞ്ഞ വർഷങ്ങളിലൊക്കെ അദ്ദേഹത്തിന് അർഹിക്കുന്ന അവാർഡായിരുന്നു. കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തേക്കാൾ നന്നായിട്ട് പെർഫോം ചെയ്ത ആളുകൾ ഉണ്ടായിരുന്നു. അവർക്കൊന്നും കൊടുക്കാതെ അദ്ദേഹത്തിന് അവാർഡ് കൊടുത്തു.

അപ്പൊ അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നൽ പൊതുബോധത്തിലുണ്ട്. ജനങ്ങൾക്കുണ്ട്. അപ്പൊ അദ്ദേഹത്തിന് ഒരു അവാർഡ് കൊടുത്തപ്പോ എല്ലാവർക്കും സന്തോഷമായി. അങ്ങനെ പലരേം ബലിയാടാക്കിക്കൊണ്ട് ഈ പറയുന്ന വീതം വയ്പുകൾ എല്ലാക്കാലത്തുമുണ്ട്.!"

പ്രിയപ്പെട്ട സനൽ,

ആളൊരുക്കത്തിൽ ഇന്ദ്രൻസിന്റെ പ്രകടനം മറ്റൊന്നിനേക്കാൾ താഴെയാണെന്ന് വിലയിരുത്തണമെങ്കിൽ താങ്കൾ ഈ ചിത്രം കണ്ടിരിക്കണമല്ലോ. എങ്കിൽ അതെവിടെ വെച്ചാണെന്ന് പറയാമോ? ഈ സിനിമ ഏപ്രിൽ ആറിനാണ് റിലീസ് ചെയ്യുന്നത്.

ആഴ്ചകൾക്ക് മുൻപ് തിരുവനന്തപുരത്ത് ആളൊരുക്കത്തിന്റെ ഒരു പ്രീവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ താങ്കൾ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തും ആളൊരുക്കത്തിന്റെ ഒരു ഷോ സംഘടിപ്പിക്കപ്പെട്ടതുമില്ല. പിന്നെങ്ങനെയാണ് താങ്കൾ മേൽപ്പറഞ്ഞ നിഗമനത്തിലെത്തിയത്?

(മാത്രമല്ല, ഇത്തവണ അവാർഡ് കമ്മിറ്റിയ്ക്ക് മുമ്പാകെ വന്ന എത്ര ചിത്രങ്ങൾ താങ്കൾ കണ്ടു എന്നറിയാനും എനിക്ക് ഈ സാഹചര്യത്തിൽ താൽപര്യമുണ്ട്.)

താങ്കൾക്ക് അംഗീകാരം കിട്ടുമ്പോൾ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോൾ അവർ മറ്റെന്തൊക്കെയോ ആണ് എന്നുമുള്ള അഭിപ്രായം പരമ പുശ്ചത്തോടെ മാത്രമേ കാണാനാകൂ..ഞങ്ങൾ, ഇന്ദ്രൻസേട്ടന് ലഭിച്ച ഈ പുരസ്കാരം ഹൃദയത്തോട് ചേർക്കുന്നതിനൊപ്പം അവാർഡ് ലഭിക്കാതെ പോയവരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഓർമപ്പെടുത്തട്ടെ. അവാർഡിന് സമർപ്പിക്കപ്പെട്ട മറ്റു പല സിനിമകളും ഞങ്ങൾക്ക് കാണാനായിട്ടില്ല എന്നതാണ് അതിനുള്ള കാരണം.

പ്രസ്തുത അഭിമുഖത്തിലും പൂർവകാല അഭിമുഖങ്ങളിലുമെല്ലാമുള്ള താങ്കളുടെ വാദങ്ങളുടെ ആകെത്തുക സ്വന്തം സൃഷ്ടി ഇവിടെ വേണ്ട വിധം അംഗീകരിക്കപ്പെടുന്നില്ല എന്നതാണല്ലോ. അതേ മാനദണ്ഡം വച്ച് നോക്കിയാൽ താങ്കൾ ചെയ്യുന്നതും അത് തന്നെയല്ലേ? ഇന്ദ്രൻസ് എന്ന പ്രതിഭയുടെ ഈ നേട്ടത്തെ അപകർത്തിപ്പെടുത്തുകയല്ലേ താങ്കൾ ചെയ്തത്?

ഒരാൾക്ക് ഒരു അംഗീകാരം കിട്ടുമ്പോൾ,

ആ പെർഫോമൻസ് കാണാതെ തന്നെ, അതിനെ അപമാനിക്കുന്നത് ലളിതശുദ്ധമായ മലയാളഭാഷയിൽ പറഞ്ഞാൽ അല്പത്തരമാണ്.

നിർഭാഗ്യവശാൽ ആളൊരുക്കം (താങ്കളുടെ ഭാഷ കടമെടുത്താൽ) ഒരു 'ആർട്ട്' സിനിമയല്ലാതായിപ്പോയി. (അല്ലെങ്കിൽ തന്നെ എന്താണ് ഈ ആർട്ട് സിനിമ, ആർട്ടല്ലാത്ത സിനിമ -എന്ന കാര്യം എനിക്ക് ഇതുവരേം പിടികിട്ടിയിട്ടില്ല. കലാമൂല്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇപ്പോൾ തീയ്യറ്ററിൽ വാണിജ്യ വിജയം നേടി മുന്നേറുന്ന സുഡാനിയെ താങ്കൾ ഏത് ഗണത്തിൽ പെടുത്തും? )

ആർട്ട് സിനിമകളിലൂടെ മാത്രമേ നല്ല അഭിനേതാക്കളുണ്ടാവൂ എന്ന് താങ്കൾ ധരിച്ച് വശായിരിക്കുന്നു എന്ന് തോന്നുന്നു. ചരിത്രം താങ്കളെ തിരുത്തുമെന്നാണ് എന്റെ എളിയ പ്രതീക്ഷ.

എന്റെ പോയിന്റ്, ആളൊരുക്കത്തിലെ ഇന്ദ്രൻസ് എന്ന നടന്റെ അഭിനയം അവാർഡിനർഹമല്ല എന്ന താങ്കളുടെ ആക്ഷേപത്തിനെതിരെ മാത്രമാണ്. എന്നാൽ അത്തരമൊരു ആക്ഷേപം ആർക്കുമുന്നയിക്കാനുള്ള അവകാശമുണ്ട്. അത് പക്ഷേ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന് അവാർഡ് കിട്ടാനിടയാക്കിയ ചിത്രമെങ്കിലും കണ്ടിട്ട് വേണമായിരുന്നു , എന്നു മാത്രം!

ആളൊരുക്കത്തിന്റെ സംവിധായകൻ എന്ന നിലയിൽ ഞാൻ താങ്കളുടെ മുന്നിൽ ഒരു അഭ്യർത്ഥന വയ്ക്കുകയാണ്. ആളൊരുക്കത്തിന്റെ മെറിറ്റ് അത് കാണുന്നവർക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങൾ. ഈ സിനിമ റിലീസ് ചെയ്യുമ്പോളെങ്കിലും ഒന്ന് കാണാൻ ശ്രമിക്കുക.

അതാവും താങ്കളുടെ സംശയങ്ങൾക്കുള്ള ഉത്തമ മരുന്ന്.

Advertisment