follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

"നിങ്ങളും രാജ്യം ഭരിക്കുന്നവരും എസികളില്‍ ഉറങ്ങുമ്പോള്‍ അവര്‍ ഉഷ്ണം സഹിക്കാതെ, കൊതുകു കടിയേറ്റ് ഉണര്‍ന്നിരിക്കുന്നു" !; ‘കട്ടേം പടോം’ മടക്കി, 2016 അരങ്ങ് ഒഴിയുന്നു, പകരം മോഹന വാഗ്ദാനങ്ങളുടെ ഭാണ്ഡവും തോളിലേറ്റി 2017 പടിവാതില്‍ക്കല്‍ !

മാര്‍ട്ടിന്‍ എരശ്ശേരിയില്‍ » Posted : 31/12/2016

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആധുനിക ഇന്ത്യ ലക്ഷ്യമിടുന്നത്‌ ജനസംഖ്യയില്‍ സാധാരണക്കാരായ 60 ശതമാനം ജനങ്ങളെയല്ലെന്ന്‌ എഴുത്തുകാരന്‍ മാര്‍ട്ടിന്‍ എരശ്ശേരിയില്‍ .തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ അദ്ദേഹം തന്റെ കാഴ്‌ച്ചപാടുകള്‍ വിശദമാക്കുന്നത്‌.ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം


ഡിജിറ്റല്‍ഇന്‍ഡ്യ-2017 ലേയ്ക്ക് സ്വാഗതം !
----------------------------------------------------------------

ഒടുവില്‍, നമ്മുടെ സ്വപ്നങ്ങളുടെ പാസാക്കാത്ത കുറെ ചെക്കുകളുമായി, ‘കട്ടേംപടോം’ മടക്കി, 2016 അരങ്ങ് ഒഴിയുകയാണ്. പകരം, മോഹന വാഗ്ദാനങ്ങളുടെ ഭാണ്ഡവും തോളിലേറ്റി അകത്തേയ്ക്ക് കയറിവരാന്‍ പടിവാതിക്കല്‍ കാത്തു നില്‍ക്കുന്നു, 2017.

ലോകരാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ ഇന്‍ഡ്യ മഹാരാജ്യത്തെ എത്തിക്കുവാന്‍ നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന്‍റെ ചെലവില്‍ ഉലകം ചുറ്റി സഞ്ചരിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ഇനി നമ്മുടെ യാത്ര ആ ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലേയ്ക്കാണ്. എന്താ, സംശയം ? എന്നാല്‍, ജനസംഖ്യയില്‍ 40% മാത്രം വരുന്ന ജനത്തിനു വേണ്ടി മാത്രമാണ് ഈ മുന്‍പന്തി യാത്ര എന്നുകൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. . ബാക്കി, 60% മാകട്ടെ, തിരഞ്ഞെടുപ്പു കാലത്ത് മാത്രം ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രിയപാര്‍ട്ടി യുടെയും മേലങ്കിയില്‍ പൊതിഞ്ഞ് ഉപയോഗിക്കപ്പെടുകയും പിന്നെ പാര്‍ശ്വവത്കരി ക്കപ്പെടുകയും ചെയ്യാന്‍ വിധിക്ക പ്പെടുകയും ചെയ്തിരിക്കുന്ന ഒരു കൂട്ടം വെറും പൌരന്മാര്‍ മാത്രമാണ്. അതാണ്‌, ആധുനിക ഇന്‍ഡ്യ.

ആ 60% ജനമാകട്ടെ പാമ്പായോ, പട്ടിയായോ പശുവായോ കുറേ കൂടി ഭേദപ്പെട്ട ഒരു പുനര്‍ജനിക്കുവേണ്ടി തങ്ങളുടെ മനുഷ്യജന്മത്തെ ഒരുക്കിയെടുക്കു വാന്‍ ‍ചേരിയില്‍ വസിച്ചോ അന്തിയുറങ്ങാന്‍ കൂരകള്‍ ഇല്ലാതെയോ നിസ്സഹായരായി ജീവിതം ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍, മോഡിജിയുടെ ആധുനിക ഇന്‍ഡ്യ ലക്ഷ്യമിടുന്നത് അവരെയല്ല, സാങ്കേതിക വിദ്യയില്‍ അഭിരമിക്കുന്ന, ജനസംഖ്യയില്‍ 30% പോലും വരാത്ത നിങ്ങളെയാണ് എന്നറിയുക.

ആ 60% പേരെ നിങ്ങള്‍ അറിയില്ല. കാരണം അവര്‍ക്ക് സ്മാര്‍ട്ട്‌ ഫോണോ, ഫേസ്ബുക്കോ, വാട്സ് ആപ്പോ ഇല്ല. പ്രധാന മന്ത്രി പറയുന്ന ഈ- ബാങ്കിംഗ്ങ്ങോ, ആധുനിക വിവര സാങ്കേതിക വിദ്യയോ അവര്‍ക്കറിയില്ല. ഇനി മുതല്‍ ബാങ്കിന്‍റെ മൊബൈല്‍ ആപ് ഡൌണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്താനറിയാത്തവന് , ഈ ഇന്‍ഡ്യയില്‍ ജീവിക്കാന്‍ അവകാശമില്ല എന്ന സത്യവും അവര്‍ക്ക് അറിയില്ല.

നിങ്ങളും രാജ്യം ഭരിക്കുന്നവരും എസികളില്‍ ഉറങ്ങു മ്പോള്‍ അവര്‍ ഉഷ്ണം സഹിക്കാതെ, കൊതുകു കടിയേറ്റ് ഉണര്‍ന്നിരിക്കുന്നു. !. നിങ്ങളും രാജ്യം ഭരിക്കുന്നവരും കമ്പിളികള്‍ക്കുള്ളില്‍ ചുരുണ്ടു കൂടുമ്പോള്‍ അവര്‍ തണുപ്പിന്‍റെ ആധിക്യത്തില്‍ ഉറങ്ങാന്‍ കഴിയാതെ ബദ്ധപ്പെടുന്നു. കോരിച്ചൊരിയുന്ന മഴയത്ത് കൂരകള്‍ക്കുള്ളില്‍ പോലും നനഞ്ഞോലിച്ച് ചൂളുന്നു. നിങ്ങളും രാജ്യം ഭരിക്കുന്നവരും ലക്ഷങ്ങള്‍ വിലയുള്ള മുന്തിയ കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ അവര്‍ ഭാര്യയുടെ, പിതാവിന്‍റെ, മകന്‍റെ ശവം ചുമന്ന് ബഹുദൂരം സഞ്ചരിക്കുന്നു.

നിങ്ങളും രാജ്യം ഭരിക്കുന്ന വരും ചെവിയില്‍ തിരുകിയ ഇയര്‍ഫോണില്‍ പാട്ട് കേട്ട് യൂറോപ്യന്‍ ക്ലോസറ്റുകളില്‍ അഭിരമിക്കുമ്പോള്‍ അവര്‍ ശൌചാലയങ്ങള്‍ ഇല്ലാതെ വെളിക്കിരിക്കാന്‍ വെളിംപ്പറമ്പുകള്‍ തിരയുന്നു. നിങ്ങള്‍ മിനറല്‍ വാട്ട റിന്‍റെ പ്ലാസ്റ്റിക് കുപ്പികള്‍ നിരത്തുകളില്‍ വലിച്ചെറിയു മ്പോള്‍ അവര്‍ പ്ലാസ്റ്റിക്ക് കുടങ്ങള്‍ തലയിലേറ്റി ഒരിറ്റു കുടിവെള്ളത്തിനായി ദീര്‍ഘദൂരം പൊരിവെയിലില്‍ സഞ്ചരിക്കുകയും മണിക്കൂറുകള്‍ ക്യൂനില്‍ക്കുകയും ചെയ്യുന്നു. നിങ്ങളും രാജ്യം ഭരിക്കുന്നവരും ഫൈവ് സ്റ്റാര്‍ കേന്ദ്രങ്ങളില്‍ വില കൂടിയ ഭക്ഷണം മിച്ചമിട്ട് ഉപേക്ഷിക്കുമ്പോള്‍ അവര്‍ ഒരു നേരത്തെ വിശപ്പട ക്കാന്‍ പാത്രവും നീട്ടി ആള്‍കൂട്ടത്തില്‍, തെരുവില്‍ കാത്തു നില്‍ക്കുന്നുണ്ടാകും.

അവര്‍ക്കും നിങ്ങളെപ്പോലെ മജ്ജയും മാംസവും മനസ്സും ചിന്തയും വിശപ്പും മോഹവും പ്രതീക്ഷയും ഉണ്ട്. അതുകൊണ്ടാണ്, അവര്‍ അഞ്ചുവര്‍ഷത്തിലോരിക്കല്‍ വെയിലത്ത് ക്യു നിന്നു വിരലില്‍ മഷി പുരട്ടി വാങ്ങുന്നത് എന്നു നാം മറക്കാതിരിക്കുക. . അവര്‍ക്ക് കുടിവെള്ളമായും ശൌചാലയമായും കിടന്നുറങ്ങാന്‍ കെട്ടുറപ്പുള്ള വീടുകളായും ആഹാരമായും വസ്ത്ര മായും പൊതുഖജനാവിലെ സമ്പത്ത് അവര്‍ക്ക് മുന്നില്‍ അവതരിക്കും എന്നു വിശ്വസിച്ചാണ് അവര്‍ ഇങ്ങനെ വെയിലത്ത് ക്യു നിന്നു വിരലില്‍ മഷി പുരട്ടി വാങ്ങുന്നത്.

ആ പണം മൂവായിരവും നാലായിരവും കോടികളാ‍യി സര്‍ദാര്‍ പട്ടേലിന്‍റെയും ചത്രപതി ശിവാജിയുടെയും പ്രതിമകള്‍ നിര്‍മ്മിക്കാനുള്ളതാണ് എന്നവര്‍ അറിയുന്നില്ല.ചത്രപതി ശിവാജിയേയും സര്‍ദാര്‍ പട്ടേലിനെയും നിങ്ങള്‍ അറിയില്ലേ എന്നു നിങ്ങള്‍ അവരോദ് ചോദിക്കരുത്. അവരതും അറിയണമെന്നില്ല. ദിനപത്രം പോലും വായിക്കാ നറിയാത്ത അവരോടാണ് രാജ്യത്തിന്‍റെ ഭരണാധികാരി കള്‍ ഡിജിറ്റല്‍ വാലറ്റ് ഉപയോഗിക്കുവാന്‍ പറയുന്ന തെന്ന വസ്തുത നാമെങ്കിലും അറിഞ്ഞിരിക്കുക.

ഈ ഡിജിറ്റല്‍ വാലറ്റും സ്മാര്‍ട്ട്‌ ഫോണും ഉപയോഗി ക്കുന്നവര്‍ക്ക് മാത്രമുള്ളതാണോ, ഇന്‍ഡ്യ എന്നു ചോദിച്ചാല്‍ നിങ്ങള്‍ രാജ്യദ്രോഹി എന്നു വിളിക്കപ്പെട്ടു എന്നു വരാം. എന്നാല്‍ ഈ മഹാരാജ്യത്തിന്‍റെ ഭൂരിഭാഗവും ഇത്തരം മനുഷ്യരാണ് എന്ന കാര്യം നമ്മളും രാജ്യം ഭരിക്കുന്നവരും മറന്നു പോകുന്നു എന്നതാണ് സത്യം. അവര്‍ക്ക് വേണ്ടികൂടിയുള്ളതാണ് ഇന്‍ഡ്യയും ഈ രാജ്യത്തെ ഭരണഘടനയും. ഓരോ ദിവസം ജീവിതത്തിന്‍റെ ഇരുതലപ്പുകളും കൂട്ടിമുട്ടി ക്കുവാന്‍ ബദ്ധപ്പെടുന്ന ആ മനുഷ്യര്‍ക്ക് അംബാനി യേയും കള്ള പ്പണസ്രോതസ്സുകളെയും ഡിജിറ്റല്‍ ഇന്‍ഡ്യയേയും അറിയില്ല.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിര്‍മ്മിച്ച്‌ ലോകജനതയ്ക്ക് മുന്നില്‍ ഉന്നതങ്ങളില്‍ എത്താനും, കോടികള്‍ ഒഴുക്കി നടുക്കടലില്‍ പണ്ടത്തെ രാജാവിന്‍റെ പ്രതിമ നിര്‍മ്മിച്ച്‌ ലോകത്തെ അമ്പരപ്പെടു ത്താനും ഈ- ബാങ്കിംഗ് ട്രാന്‍സ്സാക്ഷനിലുടെ ഇന്‍ഡ്യയെ ലോകരാജ്യങ്ങളുടെ മുന്നില്‍ എത്തിക്കുവാനും നടക്കുന്ന ശ്രമങ്ങളും വിശക്കുന്ന, ദാഹിക്കുന്ന, ചികിത്സിക്കാന്‍ പണമില്ലാത്ത അവര്‍ അറിയുന്നില്ല. 2017 കടന്നു വരുന്നതു പോലും ഒരു പക്ഷേ അവര്‍ അറിയുന്നുണ്ടാവണം എന്നില്ല. എന്നാല്‍, നിസ്സഹായരായി പാര്‍ശ്വവത്കരി ക്കപ്പെടുന്ന ഇവര്‍ക്കും അവകാശപ്പെട്ടതാണ്, "വരും" "വരും" എന്നു ചിലര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന ‘അച്ഛാ ദിന്‍’. 2017-ലെ ഇന്‍ഡ്യ അവരുടെയും ഇന്‍ഡ്യയാണ്.

ഈ ചുവരെഴുത്ത് വായിച്ചു മടക്കും മുന്‍പ്, ഈ ചിത്രങ്ങള്‍ കൂടെ കാണുക. ഇവര്‍ക്കൊക്കെ മനുഷ്യരായി ജീവിക്കാന്‍ അവസരം കൊടുത്തിട്ട് പോരേ ആധുനിക ഇന്‍ഡ്യയ്ക്കായി നമ്മള്‍ കൈ കോര്‍ ക്കേണ്ടതും ഡിജിറ്റല്‍ വാലറ്റും മറ്റും ഉപയോഗിക്കാന്‍ തുടങ്ങേണ്ടതും എന്ന ചിന്ത പുതുവര്‍ഷ ചിന്തയായി നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.

മേരേ പ്യാരി ദേശവാസിയോം, ഹാപ്പി ന്യൂ ഇയര്‍.!

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+