follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

സുപ്രീം കോടതിയുടെ ആ ഉത്തരവ് മറന്നതാര് ? മുഖ്യമന്ത്രി പിണറായി വിജയനെയും എംഎം മണിയെയും കാത്തിരിക്കുന്നത് കുരിശിന്‍റെ രൂപത്തില്‍ കോടതിയലക്ഷ്യമോ !

വി എസ് ശ്യാംലാല്‍ » Posted : 10/05/2017

പൊമ്പിളൈ ഒരുമൈ പരാമര്‍ശത്തിന്റെ പേരില്‍ എം.എം.മണിയുടെ പ്രസംഗം കുറച്ചുദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണല്ലോ. സെന്‍കുമാര്‍ കേസ് കാരണം തല്‍ക്കാലം വാര്‍ത്തയുടെ പിന്നാമ്പുറത്തേക്ക് വിഷയം മാറിയിട്ടുണ്ടെങ്കിലും മൂന്നാര്‍ സര്‍വ്വകക്ഷി യോഗത്തിന്റെ തുടര്‍നടപടികള്‍ ഉണ്ടാവുന്നതോടെ അതു മുന്നിലേക്ക് തിരിച്ചെത്തുമെന്നുറപ്പ്.

എന്നാല്‍, യഥാര്‍ത്ഥത്തില്‍ പൊമ്പിളൈ ഒരുമൈ പരാമര്‍ശത്തിന്റെ പേരിലല്ല മണി പുലിവാല്‍ പിടിക്കുക എന്ന് എത്ര പേര്‍ക്കറിയാം? ആ പ്രസംഗത്തില്‍ അതിലും ഗൗരവത്തോടെ പരിഗണിക്കേണ്ട് മറ്റൊരു ഭാഗമുണ്ട്!!കുരിശു പൊളിച്ച നിലപാടിനോടൊന്നും നമുക്ക് യോജിപ്പില്ല. ഇവിടെ കുരിശ്, പള്ളി, അമ്പലം, കുരിശുപള്ളികള്‍, ശൂലം, പിന്നെ മുസ്‌ലിം ദേവാലയം ഇതൊക്കയിരിക്കുന്നത് പട്ടയമില്ലാത്ത ഭൂമിയിലാ പലയിടത്തും, ഈ ജില്ലയില്‍. അതെല്ലാം പൊളിക്കാന്‍ ഒരു സബ് കളക്ടര്‍ എന്നു പറയുന്നൊരു കോന്തന്‍ ഇറങ്ങിത്തിരിച്ചാല്‍ അവനു തലയ്ക്കു സുഖമില്ല, ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. ഊളമ്പാറയ്ക്ക്.. മനസ്സിലായില്ലേ? അല്ലാതെ നേരെ ചൊവ്വിനു പോവൂല. ഹൊ ! അവനങ്ങ് എറങ്ങുവല്ലേ. എന്നാ ദൗത്യസേന ആ..

- എം.എം.മണി
വൈദ്യുതി മന്ത്രി, കേരളം


മണിക്കൊപ്പം പുലിവാല് പിടിക്കാന്‍ പോകുന്ന മറ്റൊരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ മന്ത്രിസഭയിലെ അംഗത്തെ പിന്തുണച്ചു എന്നതിന്റെ പേരിലല്ല അത്. പിണറായിക്കും കുരിശാകുന്നത് പാപ്പാത്തിച്ചോലയെക്കുറിച്ചുള്ള പ്രസംഗം തന്നെ.

കൈയേറ്റക്കാരാണോ അവരോടു കര്‍ക്കശമായിരിക്കും സമീപനം. ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. എന്തു പിഴച്ചു കുരിശ് ? ഈ പറയുന്ന കുരിശെന്നത് ഈ കേരളത്തിലെ ഒരു നല്ലൊരു വിഭാഗം ജനങ്ങള്‍ വലിയതോതില്‍ വിശ്വസിക്കുകയും പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്ന ഒരടയാളമാണല്ലോ. അതിന്റെ മേലെ കൈവെക്കാന്‍ പോകുമ്പോ ഈ സംസ്ഥാനത്തൊരു സര്‍ക്കാരുണ്ടാകുമ്പോള്‍ ആ സര്‍ക്കാരുമായി ആലോചിക്കാന്‍ തയ്യാറാവണ്ടേ?

ഇന്ന് കാലത്തെ അവിടത്തെ ജില്ലാ ഭരണാധികാരിയെ വിളിച്ച് ഞാന്‍ ചോദിച്ച ചോദ്യാണിത്. നിങ്ങളാരോട് ചോദിച്ചാണ് ചെയ്തത്? ഇവിടെയൊരു സര്‍ക്കാരുണ്ട് എന്ന് നിങ്ങള് മനസ്സിലാക്കണ്ടേ? എന്തുകൊണ്ട് നിങ്ങളതിന് തയ്യാറായില്ല? എന്തിനാണ് എന്തോ മഹാകൈയേറ്റം എന്ന മട്ടിലുള്ള ഒരു ഭീകരമായ ഒഴിപ്പിക്കലിന് തയ്യാറെടുത്തത്?

144 അവിടെ പ്രഖ്യാപിക്കുന്നു. ആ സംസാരിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നില്ല ഇതെല്ലാം പൊളിച്ചുകഴിഞ്ഞൂന്ന്. ഞാനപ്പൊ പറഞ്ഞത് ഇപ്പ നിങ്ങള്‍ അവിടെ പൊളിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട് കാണുന്നത്. അവര് പൂര്‍ണ്ണമായും തിരിച്ചുവരണം.

144 പിന്‍വലിക്കണം. അവിടെയുള്ള കാര്യങ്ങള്‍ എന്താണെന്നുള്ളത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. കാരണം, അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കാനാണുദ്ദേശ്യം. കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്നൊരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിനു പിന്നില്‍? ഇതുവളരെ ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.

- പിണറായി വിജയന്‍
മുഖ്യമന്ത്രി, കേരളം


സര്‍ക്കാരിന്റെ താല്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്തുണ്ടാവില്ല എന്ന് കൂടി മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം പറയാന്‍ ഒരു മുഖ്യമന്ത്രിക്കും മന്ത്രിക്കും അവകാശമില്ലേ എന്ന ചോദ്യമുയരാം. തീര്‍ച്ചയായും ഉണ്ട്. പക്ഷേ, പറയുന്നത് കോടതിയലക്ഷ്യമാണെങ്കില്‍ പണി പാളും. ഇവിടെയും അതു തന്നെയാണ് പ്രശ്‌നമാകുന്നത്.

പിണറായിയുടെയും മണിയുടെയും എതിര്‍ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് സുപ്രീം കോടതിയാണ്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രവര്‍ത്തിച്ചത് കോടതിയലക്ഷ്യമാണ്. സുപ്രീം കോടതി വിധിയുടെ പരസ്യനിരാസമാണ് ഇരുവരും നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശികള്‍ ഇതുവരെ പ്രശ്‌നം തിരിച്ചറിഞ്ഞിട്ടില്ല എന്നു വ്യക്തം.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ 2016 ഏപ്രില്‍ 19ന് സുപ്രീം കോടതി നിര്‍ണ്ണായകമായ ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ വി.ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവര്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അന്നത്തെ പ്രചാരണത്തിരക്കില്‍ ഇവിടെ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പിണറായിയും മണിയും ഇപ്പോഴത്തെ പരസ്യപ്രസ്താവനയ്ക്കു ധൈര്യപ്പെടുമായിരുന്നില്ല.

രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ തീരുമാനമായിരുന്നു അത്. ഗുജറാത്ത് സര്‍ക്കാര്‍ ഒരു ഭാഗത്തും കേന്ദ്ര സര്‍ക്കാര്‍ മറുഭാഗത്തുമുള്ള ഈ കേസിന്റെ നമ്പര്‍ കൂടി പറയാം -SLP(C) NO. 8519/2006. ഇതേ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്നെണ്ണമടക്കം മറ്റ് 32 കേസുകളും കൂടി ഒപ്പം പരിഗണിച്ചു.

പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മ്മിച്ചിട്ടുള്ള ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണം. ഒരു സംസ്ഥാനവും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. അനധികൃത നിര്‍മ്മാണം അനുവദിക്കാന്‍ അധികൃതര്‍ക്ക് അവകാശമില്ല. ഇപ്പോള്‍ റോഡ് മുഴുവന്‍ ആരാധനാലയങ്ങളാണ്. വഴിയില്‍ തടസ്സമുണ്ടാക്കാന്‍ ദൈവം ഒരിക്കലും ഉദ്ദേശിക്കുന്നില്ല. എന്നാല്‍, നിങ്ങള്‍ വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇത് ദൈവത്തെ അവഹേളിക്കലാണ്.

- ജസ്റ്റീസ് വി.ഗോപാല്‍ ഗൗഡ, ജസ്റ്റീസ് അരുണ്‍ മിശ്ര
സുപ്രീം കോടതി


പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാത്തതിനെതിരെ ശക്തമായ ഭാഷയിലാണ് ജസ്റ്റീസുമാരായ ഗൗഡയും മിശ്രയും പ്രതികരിച്ചത്.

മാര്‍ച്ച് 8ന് നേരത്തേ ഈ കേസ് പരിഗണിച്ചപ്പോള്‍ കൈയേറ്റ ഭൂമിയിലെ ആരാധനാലയങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിന് എല്ലാവരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സുപ്രീം കോടതിയുടെ ഉത്തരവ് ശീതീകരണിയില്‍ വെയ്ക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയ ജഡ്ജിമാര്‍, ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവും നല്‍കി. രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.

എല്ലാ ചീഫ് സെക്രട്ടറിമാരെയും വിളിച്ചുവരുത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ അന്നു തന്നെ ജഡ്ജിമാര്‍ തുനിഞ്ഞതാണെങ്കിലും സത്യവാങ്മൂലം സമര്‍പ്പിക്കാത്ത ചീഫ് സെക്രട്ടറിമാരെ വിളിച്ചാല്‍ മതിയെന്ന അഭിഭാഷകരുടെ അഭ്യര്‍ത്ഥന ഒടുവില്‍ അംഗീകരിക്കുകയായിരുന്നു. ഇതിനു ശേഷം മെയ് രണ്ടാം വാരം കേസ് പരിഗണിച്ചപ്പോള്‍ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ കണ്ടെത്താനും നീക്കാനുമുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ് എന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത് ! ഒരു ഏകദേശ കണക്കും കൊടുത്തു. ഇതിനു ശേഷം ഒരിക്കല്‍ കൂടി നടപടി റിപ്പോര്‍ട്ട് കേരളം ഫയല്‍ ചെയ്തിട്ടുമുണ്ട് ! സുപ്രീം കോടതി കൃത്യമായി നിരീക്ഷിക്കുന്ന കേസില്‍ നിശ്ചിത ഇടവേളകളില്‍ നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+