follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

താമരശ്ശേരി ബിഷപ്പും തൃശൂർ ആർച്ച്ബിഷപ്പും തിരുവനന്തപുരത്തെ ആർച്ച്ബിഷപ്പും കത്തോലിക്കാ സഭയ്ക്ക് തന്നെ തീരാശാപം: പുതിയ മദ്യനയത്തില്‍ കത്തോലിക്കാ സഭയ്ക്കെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി കെ ബാബുവിന്‍റെ പ്രൈവറ്റ് സെക്രട്ടറി ജലീഷ് പീറ്ററിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 09/06/2017

താമരശ്ശേരി ബിഷപ്പും തൃശൂർ ആർച്ച്ബിഷപ്പും തിരുവനന്തപുരത്തെ ആർച്ച്ബിഷപ്പും കത്തോലിക്കാ സഭയ്ക്ക് തന്നെ തീരാശാപമെന്ന് മുന്‍ മന്ത്രി കെ ബാബുവിന്‍റെ പ്രൈവറ്റ് സെക്രട്ടറി ജലീഷ് പീറ്റര്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് യു ഡി എഫ് സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ സര്‍ക്കാരിനോട് കാണിച്ച സമീപനത്തെയും ഇപ്പോഴത്തെ സര്‍ക്കാരിനോടുള്ള സമീപനത്തെയും താരതമ്യം ചെയ്ത് ജലീഷ് പീറ്റര്‍ ആഞ്ഞടിച്ചിരിക്കുന്നത്.ജലീഷ് പീറ്ററിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

ആരോടും പകയില്ലാതെ:

വി. കുർബ്ബാനക്ക് വീഞ്ഞിന് പകരം നീര ഉപയോഗിക്കാൻ കത്തോലിക്കാസഭ തയ്യാറാകുമോ?

യു.ഡി.എഫിന്റെ മദ്യനയത്തിലൂടെ ബാറുകൾ പൂട്ടി. എന്നിട്ട് ഈ പാതിരിമാരും ബിഷപ്പുമാരും ഉമ്മൻ ചാണ്ടിയെയും യു.ഡി.എഫിനെയും പുറം കാല് കൊണ്ട് യാതൊരു ഉളുപ്പുമില്ലാതെ ചവിട്ടി പുറത്താക്കി. മേടിക്കാനുള്ളതൊക്കെ മേടിച്ചെടുത്തിട്ട് തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തി.

സഖാവ് പിണറായിയെയും കോടിയേരിയെയും മെത്രാസന മന്ദിരങ്ങളിൽ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു, അവസാനം എല്ലാം ശരിയാക്കിയും കൊടുത്തു. എന്നിട്ട് ഇപ്പോൾ ചാനലുകളിലും പത്രങ്ങളിലും മുതല കണ്ണീരൊഴുക്കുന്നു. പാവം വിശ്വാസികൾ. നാളെ പ്രാർത്ഥനയുമായി സെക്രട്ടറിയറ്റ് നടയിലെത്തും. ഇതിലൊന്നും യാതൊരു ആത്മാർത്ഥതയുമില്ലെന്ന് തിരിച്ചറിയുക.

താമരശ്ശേരി ബിഷപ്പും തൃശൂർ ആർച്ച്ബിഷപ്പും തിരുവനന്തപുരത്തെ ആർച്ച്ബിഷപ്പും കത്തോലിക്കാ സഭയ്ക്ക് തന്നെ തീരാശാപമാണ്. തൃശൂർ ആർച്ച് ബിഷപ്പും ആനിക്കുഴിക്കാട്ടിലും മൂലം എത്ര സീറ്റുകൾ യു.ഡി.എഫിന് നഷ്ടമായി. നിലപാടുകളില്ലാത്തവരാണിവർ. കത്തോലിക്കാ സഭയെ വ്യഭിചരിക്കുന്നവർ. ജീവിച്ചിരിക്കുന്ന മാതൃകകളും ഉണ്ട് - പവ്വത്തിൽ പിതാവ്, പൊരുന്നേടം പിതാവ് എന്നിവരാണവർ. ഇവരെ കണ്ടാലും കേട്ടാലും ആദരവ് താനെ തോന്നും.

നിലപാടുകളുടെ രാഷ്ട്രീയം ഇവർ പുലർത്തുന്നു. മദ്യമുതലാളിമാരിൽ കൂടുതലും ക്രിസ്ത്യാനികളാണ്. ഇവരിൽ നിന്നും രഹസ്യമായോ പരസ്യമായോ സംഭാവന വാങ്ങുവാൻ പാടില്ലെന്ന് സഭ തീരുമാനമെടുത്ത് പ്രസിദ്ധപ്പെടുത്തി ഇത്ര നീചമായ പ്രവർത്തി ചെയ്യുന്നവരെ സഭാനടപടികളിൽ നിന്നും വിലക്കേർപ്പെടുത്തണം. അവർ ചിലപ്പോൾ കൂടാരത്തിലും യോഹന്നാന്റെ കൂടെയുമൊക്കെ പോയേക്കാം. പോകട്ടെന്ന് വയ്ക്കണം. മദ്യം അമേധ്യമല്ലേ? അപ്പോൾ അത് കഴിക്കുന്നവരും വിൽക്കുന്നവരും അങ്ങനെ തന്നെ.

പണ്ട് മാർപ്പാപ്പ കോട്ടയത്ത് വന്നപ്പോൾ ഉച്ചഊണിന് മുമ്പ് മദ്യം കഴിച്ചത് നമ്മുടെ പിതാക്കന്മാരുടെ കൂടെയിരുന്നായിരുന്നു എന്ന് ദീപികയിലെ എന്റെ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. കോട്ടയം പിതാവായിരുന്ന കുന്നശ്ശേരി പിതാവാണത്രെ ഒഴിച്ചു കൊടുത്തത്.

പിന്നെ സർക്കാരിനെ തെറി പറഞ്ഞിട്ട് എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയുടെ കാശ് വാങ്ങാനും സർക്കാരിന്റെ ലഹരി വിരുദ്ധ അവാർഡ് വാങ്ങാനും ദയവ് ചെയ്ത് അച്ചന്മാരും കന്യകാസ്ത്രീകളും കുഞ്ഞാടുകളും പോകരുത്.

ബാർ തുറന്നതിൽ പ്രതിഷേധമുണ്ടെങ്കിൽ ഇങ്ങനെ ചിലതൊക്കെ ത്യജിച്ച് വേണം സർക്കാരിനെതിരെ പ്രതികരിക്കുവാൻ. സർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രസംഗിച്ചിട്ട് എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ക്ലാസ്സുകളെടുത്ത് കാശ് ഉണ്ടാക്കുന്ന വർഷങ്ങളായുള്ള ജനങ്ങളെ പറ്റിക്കുന്ന പരിപാടി ചാർളി പോളും ജോൺസൺ ഇടയാറന്മുളയും അവസാനിപ്പിക്കണം.

വിവരാവകാശമനുസരിച്ച് ചോദിച്ചാൽ ഇതുവരെ എത്ര രൂപ കിട്ടി എന്ന് പൊതുജനത്തിനറിയാൻ കഴിയുമെന്ന് ഇവർ മറക്കരുത്. സഭ നടത്തുന്ന ഡി അഡിക്ഷൻ സെന്ററുകൾക്ക് ലഭിക്കുന്ന സർക്കാർ ധനസഹായം ദയവ് ചെയ്ത് പിതാക്കന്മാരേ, ഇനി വാങ്ങരുത്.

ഒരു കാര്യം കൂടി, നിങ്ങൾ നടത്തുന്ന എയ്ഡഡ് സ്ഥാപനങ്ങൾക്കുള്ള ശമ്പളം ഉൾപ്പെടെയുള്ള സർക്കാർ ധനസഹായങ്ങൾ ഇനി മുതൽ സ്വീകരിക്കില്ലെന്ന് സഭാധികാരികൾ ധീരമായ തീരുമാനവുമെടുക്കണം. കാരണം ആ ശമ്പളം സർക്കാർ തരുന്നത് മദ്യവരുമാനത്തിൽ നിന്നാണ്. ആ പണം പാപത്തിന്റെ പണമാണ്. സർക്കാർ ആര് ഭരിച്ചാലും സഭാധികാരികൾക്ക് നേരും നെറിവും നിലപാടും ഉണ്ടാകണം.

സഭ അജഗണങ്ങൾക്കു വേണ്ടിയുള്ളതാകണം. സഭ ഇപ്പോൾ പുരോഹിത വർഗ്ഗത്തിന് വേണ്ടിയുള്ളതാണ്. സി.പി.എം. ഭരിക്കുമ്പോൾ ഓച്ചാനിച്ച് നിൽക്കുന്ന ബിഷപ്പുമാരും പാതിരികളും യു.ഡി.എഫ്. ഭരണകാലത്ത് പുപ്പുലികളാണ്. വി. കുർബ്ബാനയ്ക്ക് വീഞ്ഞ് തന്നെ ഉപയോഗിക്കണമെന്ന് ഈശോ പറഞ്ഞിട്ടുണ്ടോ?

അങ്ങനെയെങ്കിൽ ക്രിസ്ത്യാനികളുടെ കല്യാണത്തിന് പരസ്യമായി മദ്യവും വിളമ്പാം (കാനായിലെ കല്യാണത്തിന് അങ്ങനെയായിരുന്നല്ലോ?). കുർബ്ബാനക്ക് എന്തുകൊണ്ട് വീഞ്ഞിന് പകരം നീര ഉപയോഗിക്കാൻ സഭാ നേതൃത്വം തീരുമാനമെടുക്കണം. തെങ്ങ് കർഷകർ രക്ഷപ്പെടും. അരമനയിൽ മദ്യനിർമ്മാണം, എന്ന ചീത്തപ്പേരിൽ നിന്നും മോചനവുമാകും.


:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+