follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

കാലിയുടെ വിലയുണ്ടോ കർഷകന്...?

ഹർഷൻ പൂപാറക്കാരൻ » Posted : 13/06/2017

കഴിഞ്ഞ മൂന്നുവർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദീം ധനമന്ത്രി അരുൺ ജയ്റ്റ്ലീം ആവർത്തിയ്ക്കുന്ന കാര്യമാണ് അഞ്ചുവർഷംകൊണ്ട് കർഷകൻ്റെ വരുമാനം ഇരട്ടിയാക്കുമെന്നത്.പക്ഷേ അതെങ്ങനെയാന്നുമാത്രം പറയത്തില്ല.പറഞ്ഞപോലൊന്നും നടക്കുന്നുവില്ല.

ആധാർ ഇപ്പ പിൻവലിയ്ക്കും, പെട്രോൾ -ഡീസൽ വില കുറയ്ക്കും,ഇൻകം ടാക്സ് പരിധി കൂട്ടും എന്നൊക്കെയുള്ള തെരഞ്ഞെടുപ്പ് തള്ളുപോലല്ലല്ലോ ഇത്. അധികാരമേറ്റശേഷം പറഞ്ഞതല്ലേ.പോട്ടെ അതും പിടിച്ചുനിൽക്കാനുള്ള വാചകമടിയാന്നുവച്ച് തള്ളാം.

വർഷം രണ്ടുകോടി തൊഴിലവസരം ഉണ്ടാക്കിത്തരാം എന്നുപറഞ്ഞത് അധികാരമേറ്റ ശേഷമാണല്ലോ,വർഷം രണ്ടുലക്ഷം ഒപ്പിയ്ക്കാൻ പോലും പറ്റീട്ടില്ല ,പിന്നാ രണ്ടുകോടി.അതുകൊണ്ട് കർഷകൻ്റെ വരുമാനം ഇരട്ടിപ്പിയ്ക്കലും അങ്ങനെ വിടാം.
പക്ഷേ ...ആകെ തൊഴിലിൻ്റെ അമ്പതുശതമാനോം തരുന്ന കാർഷികമേഖല കാൽ കഴഞ്ച് നന്നാക്കാൻ പറ്റിയോ...?!
എവ്വടെ.....

വർഷം പന്തീരായിരംവച്ച് മൂന്ന് വർഷം കൊണ്ട് മുപ്പത്താറായിരം കർഷകര് ആത്മഹത്യ ചെയ്തത് നോക്കിനിന്നു.
മഹാരാഷ്ട്രയിൽ,മധ്യപ്രദേശിൽ, ഛത്തീസ്ഗഢിൽ,രാജസ്ഥാനിൽ,
ആന്ധ്രയിൽ ,ഗുജറാത്തിൽ

.......ങ്ങേേ.......ഗുജറാത്തോ...?
പക്ഷേ പ്രധാനമന്ത്രി പറഞ്ഞത് അവ്ടെ ആകെ ഒരു കർഷകനേ വിളനാശംമൂലം ആത്മഹത്യചെയ്തിട്ടൊള്ളെന്നല്ലേ...?

അതുവ്വ.... പക്ഷേ ഗുജറാത്ത് ആഭ്യന്തരവകുപ്പ് പറയുന്നത് 413 പേരെന്നാ.കേന്ദ്ര കൃഷിവകുപ്പ് മന്ത്രി രാജ്യസഭേൽ പറഞ്ഞത് 600 പേര് ആത്മഹത്യ ചെയ്തെന്നും.കവലേൽ നിന്ന് പറയുന്നപോലല്ലല്ലോ സഭേൽ കണക്കുവയ്ക്കണ്ടേ,പിന്നെ കോടതീലും.

മഹാരാഷ്ട്രേലും കർണാടകത്തിലും ഗുജറാത്തിലുവൊക്കെ കർഷക ആത്മഹത്യ രൂക്ഷമാണെന്നും അവിടൊക്കെ അടിയന്തിര നടപടികൾ വേണമെന്നും സുപ്രീം കോടതി പറഞ്ഞു.കർഷകൻ ആത്മഹത്യ ചെയ്തുകഴിഞ്ഞിട്ട് മാത്രം ധനസഹായം കൊടുക്കുന്ന കേന്ദ്രസർക്കാരിൻ്റെ രീതി ശരിയല്ലെന്ന് പറഞ്ഞത് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അദ്ധ്യക്ഷനായ ബെഞ്ചാ.

അപ്പ പ്രധാനമന്ത്രി കള്ളം പറഞ്ഞെന്നാണോ.... ഛായ് ,
രാജ്യദ്രോഹം പറയല്ലേ.
പക്ഷേ മൂന്നുവർഷത്തിനിടെ മുപ്പത്താറായിരത്തേൽ പിടിച്ചുനിർത്തിയില്ലേ.അതിന് വല്യ പാടൊന്നും പെടണ്ടവന്നില്ല സർക്കാരിന്.

മധ്യപ്രദേശടക്കം ബിജെപി ഭരിയ്ക്കുന്ന ചില സംസ്ഥാനങ്ങളിൽ ആത്മഹത്യ ചെയ്ത വ്യക്തിയുടെ തൊഴിലിൻ്റെസ്ഥാനത്ത് "കർഷകൻ" എന്നെഴുതുന്നത് നിർത്തി...അല്ല,വിലക്കി.
അങ്ങനെ കർഷക ആത്മഹത്യകൾ പുല്ല് പുല്ലുപോലെ നിയന്ത്രിച്ചു.
സോ സിംപിൾ. കേരളത്തിലെ കൺട്രി ഫെലോസിനെപ്പോലെ കടാശ്വാസമൊക്കെ നടപ്പാക്കിയാ മെനക്കേടാ.കെട്ടിത്തൂങ്ങി ചത്തവന് ധനസഹായം കൊടുക്കുന്ന പദ്ധതിയാ എളുപ്പം.കടാശ്വാസപദ്ധതിയാണേ കണക്കുകൂട്ടി കളസം കീറും.

ഇലക്ഷനുമുമ്പ് എന്തൊക്കെയാരുന്നു...
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും,ഉത്പാദനച്ചെലവിൻ്റെ പകുതികൂടി ചേർത്ത് താങ്ങുവില നിശ്ചയിക്കും...എന്നിട്ടോ....?!
ഒലക്കേടെ മൂട്... ചുമ്മാ സിർപ്പിക്കല്ലേ സേട്ടാ.....

പത്ത് സംസ്ഥാനങ്ങളിൽ കർഷകർ പ്രക്ഷോഭത്തിലാ .ആഴ്ചയ്ക്ക് നാലുവട്ടം കർഷകൻ്റെ വരുമാനം ഇരട്ടിപ്പിയ്ക്കുന്നതിനേക്കുറിച്ച് തള്ളുന്നതല്ലേ.സമരത്തോടുള്ള സമീപനം എന്താരിയ്ക്കും, പ്രക്ഷോഭം തണുപ്പിയ്ക്കാനേലും എന്തേലും കേന്ദ്രം മൊഴിഞ്ഞോ....?

പിന്നേ.......മൊഴിഞ്ഞോന്നോ...!!
കടം എഴുതിത്തള്ളും എന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ കാശ് അവനവൻ്റെ കീശേലൊണ്ടോന്ന് നോക്കീട്ട് പ്രഖ്യാപനം നടത്തിയാ മതീന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.എന്നുവച്ചാ കേന്ദ്രത്തിൻ്റെ വയറ്റിലെ തീട്ടം കണ്ട് ഒരു സംസ്ഥാനോം പന്നിയെ വളർത്തണ്ടന്ന്.

ദോഷം പറയരുതല്ലോ കർഷക ആത്മഹത്യ പെരുകുന്നകാര്യം അണ്ണാക്കിൽ പിരി വെട്ടിയിട്ടില്ലാത്ത ഏതോ മാധ്യമപ്രവർത്തകൻ കൃഷിമന്ത്രി രാധാമോഹൻസിങ്ങിനോടും ചോദിച്ചു.
"യോഗ പ്രാക്ടീസ് ചെയ്യാനാരുന്നു " അങ്ങേരുടെ മറുപടി.
പിന്നല്ലാതെ....!!
ബാബാരാംദേവിൻ്റെ യോഗാ ക്ലാസിൽ മാർജ്ജാരവടിവിൽ നിക്കുമ്പോ ഓരോ ഉഡായ്പ് ചോദ്യം ചോദിച്ചാ വേറെന്ത് മറുപടി പറയണം..!!!

പിന്നെ ...തമിഴ്നാട്ടിലെ കർഷകരുടെ സമരം,അത് മെെൻഡ് ചെയ്തേ ഇല്ല.
അല്ലേലും തുണീം കോണാനും ഉടുക്കാതെ എലിയേം കടിച്ചുപിടിച്ച് തലയോട്ടീം കയ്യീപ്പിടിച്ച് നിന്നാ ക്ഷാത്രാഭിമാനവൊള്ളവരാരേലും അവരോട് സംസാരിയ്ക്കുവോ...?
അവസാനം ആ എടപ്പാടി പളനിസാമി ഏതാണ്ടും അവതാ പറഞ്ഞ് അവരെ തിരിച്ച് തമിഴ്നാടിന് കൊണ്ടുപോയി.

37000കോടീടെ നഷ്ടം ഒണ്ടായപ്പോ 1700 കോടി കേന്ദ്രം കൊടുത്തില്ലേ,
ഇനീം വേണമെന്ന് പറയുന്നത് അഹമ്മതിയായേ തൽക്കാലം മോഡിസർക്കാരിന് കാണാൻ പറ്റൂ..
സംസ്ഥാനങ്ങൾടെ പ്രശ്നം സംസ്ഥാനങ്ങൾ കെെകാര്യം ചെയ്യട്ടന്നേ..സംശയവൊള്ളവര് ബിജെപി സർക്കാരുകൾ ഭരിയ്ക്കുന്നസംസ്ഥാനങ്ങൾ കണ്ട് പഠിയ്ക്കട്ടെ....

....ങ്ങേ...അതെങ്ങനാന്നറിയത്തില്ലേ..?!!!
മധ്യപ്രദേശിലെ മന്ദ്സോറിൽ വിളയ്ക്ക് ന്യായവിലേം വിളനാശത്തിന് നഷ്ടപരിഹാരോം ചോദിച്ച് വല്ലാതെ മൂച്ചെടുത്ത ആറ് കർഷകരെ ചുമ്മാ വെടിവച്ചങ്ങ് കൊന്നുകളഞ്ഞേച്ചു.
എന്നിട്ട് കർഷകരെ കൊന്നത് പോലീസല്ലെന്ന് കട്ടായം പറഞ്ഞു.

വല്യമൊതലാളീടെ നെഞ്ചിൻ്റെ അമ്പത്താറിഞ്ച് പോലും കള്ളക്കണക്കാരുന്നു.പിന്നിപ്പോ ആറെണ്ണത്തിനെ തട്ടിയകാര്യത്തിൽ കള്ളം പറയുന്നതാണോ കൊഴപ്പം.
പക്ഷേ ..ആ ചെറുക്കൻ മൂപ്പിച്ചുകളഞ്ഞു,രാഹുൽ ഗാന്ധി.

എന്നാലെന്നാ കേരളത്തിലെ മുഖ്യമന്ത്രിയാക്കാൻ കണ്ടുവച്ചേക്കുന്ന രാജീവ് ചന്ദ്രശേഖരൻ്റെ ചാനൽ ഒള്ളകൊണ്ട് കയിച്ചലായി.ആറുപേരെ ചുട്ടുകൊന്നത് വിഷയമാവാത്ത ചാനലിൽ
"ചാർജ് നമ്പർ വൺ : രാഹുൽ ഗാന്ധിയ്ക്ക് ഹെൽമെറ്റില്ല,
ചാർജ് നമ്പർ ടു: രാഹുൽ ഗാന്ധി ബെെക്കേൽ ട്രിപ്പിൾസ് അടിച്ചു"
എന്ന ചർച്ച നടത്താൻ ഗോസാമി റെഡി.കഴുതയ്ക്ക് പഴത്തൊലി നീട്ടുന്നപോലെ മൊതലാളിയെ കേരളം നീട്ടിക്കാണിച്ചിട്ടൊള്ളകൊണ്ട്
റിപ്പബ്ലിക് എന്നും ബനാനാ റിപ്പബ്ലിക്കായി തുടരും.

ഇതൊക്കെയാണേലും പണി പാളി കേട്ടോ...
ഇൻ്റർനെറ്റും ഫോണും ഗതാഗതസൗകര്യോം ഒക്കെ കട്ട് ചെയ്തിട്ടും തലതെറിച്ച കർഷകർ സംഘടിച്ചു.പിന്നെ പടച്ചോനേ കാത്തോളീന്നും പറഞ്ഞ് പരിവാറിൻ്റെ പോസ്റ്റർബോയി ശിവരാജ് സിങ് ചൗഹാൻ അവസാനത്തെ നമ്പരെടുത്തു,നിരാഹാരം.

കർഷകർ അക്രമസമരം നിർത്തും വരെ നിരാഹാരം.
എന്നുവച്ചാ ..ഇനി കേരളത്തിലെ റബ്ബർ കർഷകര് സമരം തൊടങ്ങിയാ അപ്പോ സമരം നിർത്താൻ ആവശ്യപ്പെട്ട് പിണറായി വിജയനും നിരാഹാരം ഇരുന്നോണം.പേടിയ്ക്കണ്ട.... പ്രഖ്യാപിയ്ക്കുമ്പോ മാത്രം അനിശ്ചിതകാലം മതി,വെശക്കുമ്പോ നിർത്താം.
എന്താണേലും ദേശീയമാധ്യമങ്ങള് കർഷകസമരം വിട്ട് മുഖ്യമന്ത്രീടെ നിരാഹാരസമരത്തിൽ പിടിച്ചല്ലോ,അതുമതി.

പിന്നല്ലേൽ മഹാരാഷ്ട്രേൽ ഫട്നാവിസ് ചെയ്തപോലെ കണ്ണും പൂട്ടി കടം തള്ളും എന്നങ്ങ് പ്രഖ്യാപിച്ചോണം.അത് കേട്ടപ്പോ "എന്നാപ്പിന്നെ രണ്ടാഴ്ച കഴിഞ്ഞ് വാക്കുപാലിച്ചില്ലേൽ സമരം ചെയ്യാം" എന്ന് കർഷകർ തീരുമാനിച്ചില്ലേ.

കാശെവിടുന്നാന്ന് ചോദിയ്ക്കരുത്,കേന്ദ്രം തരത്തില്ല.പോത്ത് കച്ചവടത്തിൽ ലേശം കാശ് തടഞ്ഞോണ്ടിരുന്നതാ,കശാപ്പ് നിയന്ത്രണം കൊണ്ടുവന്നതോടെ 4700
കോടിയെങ്കിലും മഹാരാഷ്ട്രയ്ക്ക് മാത്രം നഷടവൊണ്ടാകും.എന്നാലും ദെെവദോഷം പറയരുത്..ജയ് ഗോമാതാ.ഇനി രണ്ടാഴ്ച കഴിഞ്ഞല്ലേ,അതപ്പോ നോക്കാം.
25 ഏക്കറൊള്ള ഒരുത്തനാ അറുപതിനായിരം രൂപാ കടത്തിൻ്റെ പേരിൽ തൂങ്ങിച്ചത്തത്.സ്ഥലം വിക്കാൻ നോക്കുമ്പോ പകുതി വെലയേ പറയുന്നൊള്ളെന്ന്.

ദേ ഡീമോണിറ്റെെസേഷനെ കുറ്റം പറഞ്ഞാ ഒണ്ടല്ലോ.. പാകിസ്താനിലോട്ട് കേറ്റിവിടും പറഞ്ഞേക്കാം.

എന്നാലും ആ ഹിന്ദുസ്ഥാൻ ടെെംസിനും മണി കൺട്രോളിനുവൊക്കെ ഇതെന്നാത്തിൻ്റെ കേടാന്നാ..
കർഷകപ്രക്ഷോഭത്തിന് കാരണം ഡീമോണിറ്റെെസേഷനാന്ന് ചുമ്മാ ഇല്ലാവചനം എഴുതിയേക്കുന്നു.
കർഷകനും വ്യാപാരിയ്ക്കുമിടയിൽ വിശ്വാസത്തകർച്ചയൊണ്ടായെന്ന്.!!
കാഷ് ട്രേഡ് ശീലിച്ച വിപണിയ്ക്ക് ഡിജിറ്റൽ പോയിട്ട് ചെക്ക് പോലും പറ്റുന്നില്ലെന്ന്..!!
അക്ഷരത്തെറ്റുകാരണം ചെക്ക് ബൗൺസാകുന്നെന്ന്..!! ഭൂമിവില,അവധിവ്യാപാരം,സംഭരണം,വില ..ഒക്കെ താറുമാറായെന്ന്.

20 ദിവസം കഴിഞ്ഞേ ചെക്ക് മാറൂ..
കാശായിട്ട് വേണേൽ വിളയുടെ വില ഇടനിലക്കാർ വെട്ടിക്കുറയ്ക്കുവാന്ന്..!!
നോട്ടായി കിട്ടാൻ നൂറ്റുക്ക് രണ്ട് കമ്മീഷൻ പിടുങ്ങുന്നെന്ന്..!!
കാഷ് ട്രേഡ് നടത്തിയിരുന്ന കച്ചവടക്കാർക്കും കർഷകർക്കും ചെക്കിടപാട് ഇനീം വഴങ്ങീട്ടില്ലെന്ന്...
ശ്ശെടാ..! ഇങ്ങനായാ അപ്പ നമ്മക്ക് ഡിജിറ്റലാവണ്ടേ..?!

ഓ..പിന്നേ...

ദേ..ഡീമോണിറ്റെെസേഷനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടരുത്.
അത് കഴിഞ്ഞിട്ട് ഉത്തർപ്രദേശ് ജയിച്ചത് എല്ലാരും കണ്ടതല്ലേ,അതും ഒരൊറ്റ മുസ്ലീമിനെ സ്ഥാനാർത്ഥിയാക്കാതെ മുസ്ലീം വോട്ടും വാങ്ങി തൂത്തുവാരിയില്ലേ.

കടമ്പ ചാടുമ്പോ GDP കുണ്ടീം കുത്തി വീണകാര്യം വല്യ ഇശ്യൂ ആക്കണ്ട.
SBI അന്തരീക്ഷത്തിൽ ലയിച്ചോണ്ടിരിയ്ക്കുന്നതും വല്യ ഇശ്യൂ ആക്കണ്ട.എന്നാലും പിൻവലിച്ച നോട്ടിൽ എത്ര തിരിച്ചെത്തിയെന്ന് ആറുമാസവായിട്ടും എണ്ണിത്തീരാത്ത നമ്മടെ റിസർവ്വ് ബാങ്കിൻ്റെ കാര്യക്ഷമത സമ്മതിയ്ക്കണം.

അപ്പോ പറഞ്ഞുവന്നത്....
ബിജെപി ഭരിയ്ക്കുന്നതും അല്ലാത്തതുമായ പത്ത് സംസ്ഥാനങ്ങളിലാണല്ലോ പ്രക്ഷോഭം..,
അത് നുമ്മ പരിഹരിയ്ക്കും...
...യെങ്ങനെ...
പത്തുലക്ഷം കോടിരൂപാ കർഷകർക്ക് വായ്പ കൊടുക്കും,വിപണനത്തിന് ഇ-പ്ലാറ്റ്ഫോം കൊണ്ടുവരും,14കോടി കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് കൊടുക്കും,വരൾച്ചാമേഖലയെ ദീൻ ദയാൽ അന്ത്യോദയ പദ്ധതിയിൽ കൊണ്ടുവരും.....സർവ്വോപരി കർഷകൻ്റെ വരുമാനം അഞ്ച് വർഷത്തിനകം ഇരട്ടിയായി വർദ്ധിപ്പിയ്ക്കും...എന്നൊക്കെ സർക്കാര് പറഞ്ഞിട്ടില്ലേ...?
അദ്ദന്നെ...

ഉവുവ്വേ .... പിന്നേം തള്ളാണല്ലേ......?
മൂന്നുവർഷവായി ഗണപതീടെ കല്യാണം പോലെ ഈ അഞ്ചുവർഷത്തിൻ്റെ കണക്ക് പറയുന്നു.പറഞ്ഞും പറയാതെയും സത്യത്തിൽ നടപ്പായിക്കണ്ടിരിയ്ക്കുന്ന ചിലതുകൂടിയുണ്ടല്ലോ.....

കാർഷിക കടങ്ങൾ എഴുതിത്തള്ളില്ല,പലിശ കുറയ്ക്കുന്നില്ല,പലിശ സബ്സിഡി ഉയർത്തുന്നില്ല,സമ്പൂർണ വിളസുരക്ഷാ പദ്ധതി ഇല്ല,കടാശ്വാസപദ്ധതികളില്ല, സബ്സിഡി വെട്ടിച്ചുരുക്കി... അങ്ങനങ്ങനെ..
അതൊക്കെയല്ലേ തൽകാലം കർഷകന് വേണ്ടത്.
"നമ്മക്ക് പിന്നെ സൂപ്പർ പവ്വറാകാം..,
ഇപ്പോ കർഷകനെ രക്ഷിയ്ക്ക് "എന്ന് സിനിമാടൻ വിജയ് പറഞ്ഞത് കേട്ടില്ലാരുന്നോ...?

കൗമാതായെ വിറ്റ് കാശാക്കാൻ വഴിയൊണ്ടാക്കിയിരുന്നേ അതിനെ വിറ്റിട്ടായാലും കൊറച്ചുപേര് കെട്ടിത്തൂങ്ങാതെ തപ്പിച്ചേനേ....

അതെങ്ങനാ.... പട്ടീടെ വരിയൊടയ്ക്കാനൊള്ള പദ്ധതി ആലോചിയ്ക്കുമ്പ കർഷകൻ്റെ പോത്ത് യ്യാവാരം ചർച്ചചെയ്യാൻ ആർക്കാ നേരം....?

അടുത്ത തവണ ജയച്ചുകേറാൻ
കൗമാതാ തുണയ്ക്കും,
ജയ് കൗമാതാ....

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+