follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

"കുഞ്ഞാരുടേതാണെങ്കിലും ഞാനാണച്ചൻ"

അബു സൈനബ് മൈലപ്പുറം » Posted : 17/06/2017

ഒരു നാടിന്റെ വികസനത്തിന്റെ അവസാന വാക്കൊന്നുമല്ല മെട്രോ റെയിൽ . എന്നാലും നമ്മുടെ കൊച്ചിയിലെ "മെട്രോ റെയിൽ ഉദ്ഘാടന" നാടകങ്ങൾ കണ്ടാൽ അങ്ങനെ തോന്നിപ്പോവും. കൊച്ചി നഗരത്തിന്റെ സവിശേഷതകൾ വെച്ച് നോക്കുമ്പോൾ എത്രയോ മുന്നേ വരേണ്ട ഒരു സംഭവമായിരുന്നു ഇത്.പ്രഖ്യാപിച്ച കാലാവധിക്കുള്ളിൽ പോലും നമുക്ക് ഇതുപോലൊരു പ്രോജക്ട് പൂര്തത്തീകരിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ട് എന്നൊരു പാർട്ടിക്കാരും ചിന്തിക്കുന്നില്ല. പകരം ഉദ്ഘട്ടണം ചെയ്യപ്പെടുമ്പോൾ വേദിയിലെ കസേരകളിൽ ഇരിപ്പിടം ഉറപ്പിക്കുകയാണ് പാർട്ടികളും നേതാക്കളും തങ്ങളുടെ പാർട്ടിയുടെ ഇടപെടലുകൊണ്ടാണ് ഇത് യാഥാർഥ്യമായത് എന്നു സമര്ഥിക്കാനുള്ള വ്യഗ്രതയിലാണ് എല്ലാ പാർട്ടി പ്രവർത്തകരും.

കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥ ഇതിന്റെ കാലതാമസത്തിനൊരു വലിയ കാരണം തന്നെയായിരുന്നു എന്നാണ് കൊച്ചി മെട്രോ ചീഫ് ഉപദേഷ്ടാവ് ഇ . ശ്രീധരൻ പറയുന്നത് . ആറു മാസത്തോളം നീളുന്ന മഴക്കാലം ഒരു വലിയ തടസമായിരുന്നു, പക്ഷെ അത് മുൻകൂട്ടി കണ്ട് കേരളത്തിൽ ഇതുപോലെ വലിയ പ്രോജക്ടുകൾ വരുമ്പോൾ അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽ പ്രശനങ്ങൾ പരിഹരിക്കാവുന്നതല്ലേയുള്ളൂ?

കേരളത്തിലെ തൊഴിലാളികളുടെ ഉയർന്ന ദിവസക്കൂലി കാരണം ഈ പ്രോജക്ടിന്റെ നിർമാണ തൊഴിലാളികൾ മുഴുവൻ ഉത്തരേന്ത്യക്കാരായിരുന്നു, കേരളത്തിലെ തൊഴിലാളികളേക്കാൾ പകുതി കൂലിയിൽ അവർ ഈ ജോലി ചെയ്തു തീർത്തു അല്പം വേകിയ കാലയളവിലാണെങ്കിലും . ഇത്രയും തൊഴിലവസരങ്ങൾ ഇവിടെയുണ്ടാവുമ്പോൾ തൊഴിലാളികളുടെ പാർട്ടി എന്നവകാശപ്പെടുന്നവർ പോലും എന്തുകൊണ്ട് കേരളത്തിലെ തൊഴിലാളികൾക്കു തന്നെ പ്രായോഗികമായ ഒരു തൊഴിലുറപ്പിക്കാൻ അവസരമൊരുക്കുന്നില്ല?

കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ മലയാളികൾക്ക് മറ്റു അന്യസംസഥാന തൊഴിലാളികളേക്കാൾ കൂടുതൽ കഴിയുമെന്നതിനാൽ മഴക്കാലത്തും പല തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താമായിരുന്നില്ലേ? കാല താമസം കൊണ്ട് വന്ന അധിക ചെലവുകളും മലയാളി തൊഴിലാളികളുടെ കൂലിയും താരതമ്യം ചെയ്യുമ്പോൾ ഒരു വലിയ വ്യത്യാസമൊന്നും ഉണ്ടാവുമായിരുന്നില്ല.

പറഞ്ഞു വന്നത് ഇത് പോലൊരു അഭിമാനകരമായ പ്രോജക്ട് സ്വന്തം നാട്ടിൽ വരുമ്പോഴും നാം മലയാളികൾ കൈയും കെട്ടി നോക്കിയിരിപ്പാണ്. എത്രയോ മലയാളികൾ ഈ പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നത് വിസ്മരിച്ചിട്ടല്ല പറയുന്നത്, പക്ഷെ മലയാളികളേക്കാൾ കൂടുതൽ ബംഗാൾ , ഉത്തർപ്രദേശ്, ജാർക്കണ്ട്, നേപ്പാൾ,ഒഡീഷ തുടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികൾ തന്നെയായിരുന്നു എന്ന പറഞ്ഞത് മെട്രോ മാൻ ഇ. ശ്രീധരൻ തന്നെയാണ് . എന്തുകൊണ്ട് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അതും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടി മുഷ്ടി ചുരുട്ടുന്ന പാർട്ടികൾ പോലും ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കാത്തത്?

തുറന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള നമ്മുടെ ഈ വിമുഖതയിൽ കൊയ്യുന്നത് അന്യസംസ്ഥാനക്കാരാണ് . അവരുടെ ജോലിയെല്ലാം പൂർത്തിയാക്കി അവർക്ക് തൂശനിലയിൽ വിളമ്പിയ ഊണും കഴിച്ചു ഏമ്പക്കവുമിട്ട് അവർ പോവുമ്പോൾ കേരളത്തിൽ എത്രയോ യുവാക്കൾ തൊഴിലില്ലാതെ നടക്കുന്നു എന്നത് ഒരു പാർട്ടിയും കാര്യമാക്കുന്നില്ല.

എന്നാൽ കൊച്ചി മെട്രോ തങ്ങളുടെ നേട്ടമാണെന്ന് വരുത്തി തീർക്കാൻ നാടെങ്ങും ഫ്‌ളെക്‌സ്‌ബോർഡുകൾ പതിപ്പിച്ചും സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ പ്രചരണം നടത്തിയും പാർട്ടി പ്രവർത്തകർ സജീവമാണ്. ആരുടെയോ കുഞ്ഞിന്റെ അച്ഛൻ ആണെന്നറിഞ്ഞിട്ടും തന്റേതെന്ന് സമര്ഥിക്കാനുള്ള നെട്ടോട്ടം.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+