follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

സങ്കല്‌പപര്‍വ്വവും സാക്ഷാല്‍ക്കാരപര്‍വ്വവും
പ്രധാനമന്ത്രിയുടെ പുതിയ സ്വപ്‌നപദ്ധതിയുടെ സൂത്രവാക്യങ്ങള്‍ ഇന്ത്യയെ രക്ഷിക്കുമോ?

എസ്‌.പി. നമ്പൂതിരി » Posted : 04/08/2017

ആകാശവാണി വഴിയുള്ള പ്രധാനമന്ത്രിയുടെ പ്രതിമാസപ്രസംഗപരിപാടിയില്‍ ഈ ആഗസ്റ്റ്‌ പതിനഞ്ച്‌ സങ്കല്‌പപര്‍വ്വമായി ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നു. രാഷ്ട്രത്തിനുവേണ്ടി എന്തെങ്കിലും ക്രിയാത്മകപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അദ്ദേഹമാവശ്യപ്പെടുന്നു. അതിനൊരു സമയപരിധിയും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌-2017 ആഗസ്റ്റ്‌ മുതല്‍ 2022 ആഗസ്റ്റ്‌വരെ-അഞ്ചുവര്‍ഷം. വിപ്‌ളവങ്ങളുടെ മാസമെന്നാണ്‌ അദ്ദേഹം ആഗസ്റ്റ്‌ മാസത്തെ വിശേഷിപ്പിക്കുന്നത്‌.സ്വാതന്ത്ര്യസമരത്തില്‍ 1942 ആഗസ്റ്റ്‌ 9 മുതല്‍ 1947 ആഗസ്റ്റ്‌ 15 വരെയുള്ള കാലം വിധിനിര്‍ണ്ണായകമായിരുന്നു. അതുപോലെ ഭാവിഭാരതത്തെ ആകൃതിപ്പെടുത്തുന്നതില്‍ അടുത്ത അഞ്ചു വര്‍ഷം വിപ്‌ളവോന്മുഖമായ ഒരു വഴിത്തിരിവായിത്തീരണമെന്ന്‌ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു-അതിനുവേണ്ടി ആത്മാര്‍പ്പണം ചെയ്യാന്‍ ഓരോ ഇന്ത്യന്‍ പൗരനോടും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

125 കോടിയോളം വരുന്ന ഭാരതീയര്‍ 2017-നെ സങ്കല്‌പപര്‍വ്വമായും 2022-നെ സാക്ഷാല്‍ക്കാരപര്‍വ്വമായും ധ്യാനിച്ചുകൊണ്ട്‌ പ്രതിജ്‌ഞാബദ്ധരാവണമത്രെ. ഇതിനായി ഒരു പ്രതിജ്‌ഞാവാചകവും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്‌.

അതിങ്ങനെ:
മാലിന്യം-ഇന്ത്യവിടുക
ദാരിദ്ര്യം-ഇന്ത്യവിടുക
അഴിമതി-ഇന്ത്യവിടുക
ഭീകരവാദം-ഇന്ത്യവിടുക
ജാതി-മതവര്‍ഗ്ഗീയത-ഇന്ത്യവിടുക
പ്രാദേശികസങ്കുചിതത്വം-ഇന്ത്യവിടുക

സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യവിടുക എന്ന ആവേശോജ്വലമുദ്രാവാക്യത്തിന്റെ കാവ്യാത്മകമായ ഒരനുകരണമെന്ന നിലയില്‍ നമുക്കിതിനു പാസ്‌മാര്‍ക്ക്‌ കൊടുക്കാം. ഉദാരമതികള്‍ക്കുവേണമെങ്കില്‍ അന്‍പതുശതമാനം വരെയും മാര്‍ക്കിടാം.

പക്ഷെ, കവിതയില്‍നിന്നു കാര്യത്തിലേക്കു കടക്കുമ്പോള്‍ ഒരിന്ത്യന്‍ പൗരനു തോന്നുന്ന ചില സംശയങ്ങളുണ്ട്‌; ഭയാശങ്കകളുണ്ട്‌. അവയൊന്നു വിശദീകരിക്കാന്‍ ശ്രമിക്കട്ടെ.

ഒന്ന്‌: സാമ്രാജ്യത്വം ഇന്ത്യവിടുക എന്നത്‌ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രമുദ്രാവാക്യമായിരുന്നു. സ്വതന്ത്രവും സ്വയം പര്യാപ്‌തവുമായൊരിന്ത്യ പടുത്തുയര്‍ത്തുന്നതിന്‌ സാമ്രാജ്യവാഴ്‌ചയില്‍നിന്നുള്ള മോചനം ഒരു മുന്നുപാധിയാണെന്ന വ്യക്തമായ കാഴ്‌ചപ്പാട്‌ ദേശീയപ്രസ്ഥാനത്തിനുണ്ടായിരുന്നു. എന്നാലിന്നത്തെ സ്ഥിതിയെന്താണ്‌? അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഒരു ജൂനിയര്‍ പങ്കാളിയാവാന്‍ വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി പാടുപെട്ടോടി നടക്കുന്നു.

പലസ്‌തീന്‍ വിമോചനസംഘടനയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന ഇന്ത്യ അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ട്‌ സ്വപ്‌നം കണ്ട്‌ സുഖസുഷുപ്‌തിയിലാവാന്‍ ശ്രമിക്കുന്നു. അറബികള്‍ക്കവകാശപ്പെട്ട പലസ്‌തീന്‍ മേഖലയിലേക്കുള്ള ജൂതാഭിനിവേശം മനുഷ്യരാശിയുടെ നേര്‍ക്കുള്ള ഒരു സാര്‍വ്വദേശീയപാതകമാണെന്നാണ്‌ ഗാന്ധിജി പ്രഖ്യാപിച്ചിരുന്നത്‌. ഒരു സാമ്രാജ്യനുകം വലിച്ചെറിഞ്ഞ ഇന്ത്യയുടെ കഴുത്തില്‍ മറ്റൊരു സാമ്രാജ്യനുകം വച്ചുകെട്ടാന്‍ ശ്രമിക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ നിന്നുള്ള ഒരു മറുകണ്ടംചാടലല്ലേ ഇത്‌?

രണ്ട്‌: നവഭാരതശില്‌പികളില്‍ പ്രഥമസ്ഥാനീയനെന്ന്‌ ചരിത്രം വിലയിരുത്തിയിട്ടുള്ള പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്രുവിനെ പ്രധാനമന്ത്രിയുടെ ഈ സങ്കല്‌പപര്‍വ്വപ്രഭാഷണം തമസ്‌കരിച്ചിരിക്കുന്നു. നെഹ്രുവെന്ന വ്യക്തിയല്ല ഇവിടെ പ്രശ്‌നം. അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍, ചേരിചേരാനയം, പഞ്ചശീലം, സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളോടുള്ള ഐക്യദാര്‍ഢ്യം-ഇവയെല്ലാം തിരുത്തിക്കുറിക്കാനാണ്‌ ഈ ഗവര്‍മെണ്ട്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുതുടങ്ങിയത്‌ കഴിഞ്ഞനൂറ്റാണ്ടിന്റെ അന്ത്യദശകത്തിലാണ്‌. അഭൂതപൂര്‍വ്വമായ അമിതാവേശത്തോടെ ആ കരണത്രയത്തെ ഏറ്റെടുത്ത്‌ കൊണ്ടാടിയത്‌ മോഡി ഗവര്‍മെണ്ടാണ്‌. കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ മന്ദതാളത്തില്‍ തുടങ്ങിയ പിന്‍നടത്തം മോഡിസര്‍ക്കാര്‍ ദ്രുതതാളത്തിലാക്കി. രാഷ്ട്രത്തിന്റെ മോചനമാര്‍ഗ്ഗവും മോക്ഷമന്ത്രവും ഈ കരണത്രയമാണെന്നു പ്രഖ്യാപിക്കുകയും പ്രായോഗികതലത്തിലെത്തിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്‌ ഈ സര്‍ക്കാര്‍.

രാജ്യത്തിന്റെ അമൂല്യനിധികളായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‌പനക്കു വച്ചിരിക്കുകയാണ്‌. ഇന്ത്യന്‍ കപ്പല്‍നിര്‍മ്മാണ വ്യവസായത്തിന്റെ ഒരു യശസ്‌തംഭമായ കൊച്ചി കപ്പല്‍നിര്‍മ്മാണശാലയുടെ 26% ഓഹരികള്‍ ഓഹരിക്കമ്പോളത്തില്‍ ലേലം ചെയ്യപ്പെടുന്നു. വിറ്റുകിട്ടുന്ന പണം കപ്പല്‍നിര്‍മ്മാണശാലയുടെ വികസനത്തിന്‌ ഉപയോഗിക്കുമെന്ന ന്യായമാണ്‌ വില്‍പ്പനയെ സാധൂകരിക്കാന്‍ വേണ്ടി അവതരിപ്പിക്കുന്നത്‌. ഈ പോക്കുപോയാല്‍ നാടനോ മറുനാടനോ ആയ മൂലധനശക്തികള്‍ എന്നാണ്‌ കപ്പല്‍ശാലയെ വിഴുങ്ങുകയെന്നുമാത്രമാണ്‌ ഇനിയറിയാനുള്ളത്‌.

ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും വിപുലമായ വികസനസാധ്യതകളുള്ളതുമായ ഒരു അഭിമാനപ്രതീകമാണ്‌ ഈ കപ്പല്‍നിര്‍മ്മാണശാല. ഇന്ത്യക്കാവശ്യമായ യുദ്ധക്കപ്പലുകള്‍ വരെ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണീ സ്ഥാപനം. ഇതൊരു ഒറ്റപ്പെട്ട പ്രതിഭാസമല്ല. സ്വതന്ത്ര ഇന്ത്യയെ ഇന്നത്തെ ഇന്ത്യയായി രൂപാന്തരപ്പെടുത്തിയ ഇത്തരം നിരവധിസ്ഥാപനങ്ങളുണ്ട്‌. അവയെല്ലാം സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്‌ അല്ലെങ്കില്‍ ഭീഷണിയിലാണ്‌.

പാചകവാതകസബ്‌സിഡി നിര്‍ത്തലാക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ സാര്‍വ്വദേശീയകമ്പോളത്തില്‍ പകുതിയില്‍ താഴൊയയി വില കുറഞ്ഞുകൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ ഇവിടെ പാചകവാതകത്തിന്‌ പത്തു തവണ വില കൂട്ടിയത്‌. പെട്രോള്‍ ഡീസല്‍ മുതലായ ഇന്ധനങ്ങളുടെ സ്ഥിതിയും ഇതുതന്നെ. എല്ലാത്തരം സബ്‌സിഡികളും ക്രമേണ നിര്‍ത്തലാക്കുകയെന്നതാണ്‌ ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും അവശ്യം വേണ്ട ഔഷധങ്ങളുടേയും വിലനിര്‍ണ്ണയാധികാരം സ്വകാര്യമേഖലക്ക്‌ കൈമാറിക്കഴിഞ്ഞു. കൃഷ്‌ണ-ഗോദാവരി ബേസിന്‍ ഉള്‍പ്പെടെയുള്ള എണ്ണപ്പാടങ്ങളും കല്‍ക്കരിഖനികളും സമുദ്രസമ്പത്തുമെല്ലാം കോര്‍പ്പറേറ്റുകളുടെ കൈക്കുടന്നയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു. സങ്കല്‌പപര്‍വ്വത്തേയും സാക്ഷാല്‍ക്കാരപര്‍വ്വത്തേയും കുറിച്ചുള്ള ഈ ലഘുകവിതയില്‍ "പൊതുമേഖല-ഇന്ത്യവിടുക" എന്നൊരു വരി കൂടി ചേര്‍ക്കാവുന്നതാണ്‌. അത്‌ ചേര്‍ക്കാത്തത്‌ ജനരോഷം ഭയന്നാവണം.

സാമ്രാജ്യശക്തികളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആംഗ്‌ളോ-അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്ക്‌ പഴയ വീര്യവും ശൗര്യവും ഇപ്പോഴില്ല. ആധിപത്യമോഹങ്ങള്‍ അവസാനിക്കുന്നുമില്ല. ലോകബാങ്കുപോലുള്ള സ്ഥാപനങ്ങളിലൂടെ ലോകസേവനത്തിന്റെ മറവില്‍ അവികസിതരാജ്യങ്ങളെ വലയിലാക്കാന്‍ ശ്രമിക്കുന്നു. അനുസരിക്കാത്തവരെ വകവരുത്താന്‍ ശ്രമിക്കുന്നു. ഈ പ്രക്രിയയിലെ ആവേശോജ്വലമായ ഒരു മധുരമുദ്രാവാക്യമാണ്‌ കരണത്രയം.

ഒരു ലോകമഹാശക്തിയായി വളരാന്‍ സാധ്യതയും അര്‍ഹതയുമുള്ള ഇന്ത്യ ഈ സാഹചര്യത്തില്‍ നട്ടെല്ലു വളയാതെ തല ഉയര്‍ത്തി നില്‍ക്കാന്‍ ശ്രമിക്കണം. സമാനസാഹചര്യങ്ങളില്‍ സ്വാതന്ത്ര്യം നേടിയ ചൈന അതാണു ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇന്ത്യക്കും അത്‌ സാധ്യമാണ്‌. അതായിരിക്കണം ഇന്ത്യയുടെ സാക്ഷാല്‍ക്കാരപര്‍വ്വം. ഈ ലക്ഷ്യപ്രാപ്‌തിക്ക്‌ പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന ഉപരിപ്‌ളവമായ കാവ്യാത്മകമുദ്രാവാക്യങ്ങള്‍ ഉപകരിക്കുമെന്ന്‌ തോന്നുന്നില്ല.

ചൈനയെ പിന്തള്ളി ഇന്ത്യക്കുമുന്നേറണമെങ്കില്‍ കൂടുതല്‍ ഗൃഹപാഠം-നെറ്റിവിയര്‍ത്തുള്ള ഗൃഹപാഠം-ചെയ്യേണ്ടിവരും. ഇന്ത്യശരിക്കുമൊരു സ്വതന്ത്രപരമാധികാരരാഷ്ട്രമായി വളരണം; സ്വയം പര്യാപ്‌തമാവണം. അതിനാദ്യം ചെയ്യേണ്ടത്‌ "സാമ്രാജ്യത്വവിധേയത്വം-ഇന്ത്യവിടുക" എന്ന മുദ്രാവാക്യം സ്വീകരിക്കുകയാണ്‌.

അല്ലെങ്കില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച ആറു സുന്ദരമുദ്രാവാക്യങ്ങള്‍ക്കു മുകളില്‍ ഒന്നാമതായി ഇതെഴുതിച്ചേര്‍ക്കണം. എഴുതിച്ചേര്‍ത്താല്‍ പോരാ, കര്‍മ്മപഥത്തിലെത്തിക്കണം. അപ്പോഴാണ്‌- അപ്പോള്‍ മാത്രമാണ്‌ 1942 ലെ ക്വിറ്റ്‌ ഇന്ത്യാപ്രസ്ഥാനത്തിന്റെ സന്ദേശം സാക്ഷാല്‍ക്കരിക്കപ്പെടുന്നത്‌.

സാമ്രാജ്യാധിനിവേശത്തിന്‍
ചരിത്രം പഠനാര്‍ഹമാം
പ്രകൃതീവരദാനങ്ങള്‍
നാടിന്‍ ഖനികളക്ഷയം
ചൂഷണം സാദ്ധ്യമായീടു-
മദ്ധ്വാനിക്കും ജനങ്ങളെ
കണ്ടെത്തുന്നൂ വളര്‍ത്തുന്നൂ
രാജ്യമാശ്രിതരാഷ്ട്രമായ്‌
ഈയവസ്ഥകളിന്നിപ്പോള്‍
നടപ്പില്ലെന്നു നിശ്‌ചയം
പുത്തന്‍ വഴികള്‍ തേടുന്നൂ
ശരണം കരണത്രയം.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+