follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഭരണാധികാരികള്‍ ചരിത്രം പഠിക്കണം. പുതിയ രാഷ്ട്രപതിക്കും അത് ബാധകമാണ്. ഇല്ലെങ്കില്‍ നാളെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാവും അദ്ദേഹത്തിന്റെയും സ്ഥാനം. നിങ്ങള്‍ മാക്കിയവെല്ലിയുടെ വാക്കുകള്‍ കേള്‍ക്കണം

എസ്‌.പി. നമ്പൂതിരി » Posted : 09/08/2017

ഇന്ത്യയുടെ പതിന്നാലാമത്‌ രാഷ്ട്രപതി ആദരണീയനായ രാംനാഥ്‌ കോവിന്ദിന്റെ ആദ്യപ്രഭാഷണം ശ്രദ്ധേയമായിത്തീര്‍ന്നുവെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സാധാരണഗതിയില്‍ കീഴ്‌വഴക്കങ്ങളെ മാനിക്കുന്ന ഔപചാരികമായ ഒരു വാങ്‌മയപ്രവാഹമാണ്‌ രാഷ്ട്രപതിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്‌.

കക്ഷിരാഷ്ട്രീയകലുഷിതമായ ഒരു രാജ്യത്ത്‌ ഒരു കക്ഷിയുടെ പിന്‍ബലത്തില്‍ മാത്രം രാഷ്ട്രപതി സ്ഥാനം ലഭിക്കുന്നു. എങ്കിലും രാഷ്ട്രപതിയാവുന്ന നിമിഷം മുതല്‍ ഇന്ത്യയുടെ മുഴുവന്‍ വൈവിദ്ധ്യങ്ങളേയും ഉള്‍ക്കൊള്ളാന്‍ രാഷ്ട്രപതി ബാദ്ധ്യസ്ഥനാണ്‌.

ആ നിലയിലൊരു പ്രഭാഷണം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായി രാഷ്ട്രപതിയുടെ കന്നിപ്രസംഗം. ഒരു സാധാരണ ആര്‍.എസ് എസുകാരന്റെയോ മൂന്നാംകിട ബി.ജെ.പി. പ്രവര്‍ത്തകന്റെയോ നിലവാരത്തിലേക്ക്‌ രാഷ്ട്രപതി താഴ്‌ന്നുപോയെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിരിക്കുന്നു. പറഞ്ഞകാര്യങ്ങള്‍കൊണ്ടല്ല, പറയാതെപോയ കാര്യങ്ങള്‍ കൊണ്ടാണ്‌ ആ പ്രസംഗം ശ്രദ്ധേയമായിത്തീര്‍ന്നത്‌.സ്വാതന്ത്ര്യസമരത്തിലെന്നപോലെ നവഭാരതസൃഷ്ടിയിലും മുന്‍നിരനായകരില്‍ ഒരാളെന്ന നിലയില്‍ ചരിത്രത്തിലിടം പിടിച്ച പണ്ഡിറ്റ്‌ നെഹ്രുവിനെ ആ പ്രസംഗം തമസ്‌കരിച്ചിരിക്കുന്നു. നെഹ്രുവിനു സംഭവിച്ച പാളിച്ചകള്‍ നമുക്കു ചൂണ്ടിക്കാണിക്കാം.

അപ്രമാദിത്വമൊന്നും അദ്ദേഹത്തിന്‌ വകവച്ചുകൊടുക്കേണ്ടതില്ല. ഉദാഹരണത്തിന്‌ ഒരു ജനാധിപത്യവാദിയായ നെഹ്രുവിന്‌ 1959-ല്‍ ഇ.എം.എസ്‌. മന്ത്രിസഭയെ പിരിച്ചുവിടുകയെന്ന ജനാധിപത്യവിരുദ്ധ നടപടിക്ക്‌ കൂട്ടുനില്‍ക്കേണ്ടിവന്നു.

മത-സാമുദായികശക്തികളുടെ നേതൃത്വത്തിലും എം.ആര്‍.എ. എന്ന അന്താരാഷ്ട്രപ്രതിലോമസംഘടനയുടെ പിന്‍ബലത്തിലും അരങ്ങേറിയ വിമോചനസമരത്തിന്റെ പര്യവസാനം നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ അധികാരഭ്രഷ്ടമാക്കുന്ന നിയമവിരുദ്ധനടപടിയായിരുന്നു.

വിമോചനസമരത്തിന്‌ നേതൃത്വം കൊടുത്തവരോടൊന്നും നെഹ്രുവിന്‌ വലിയ മതിപ്പില്ലായിരുന്നു. വിമോചനസമരം കൊടുമ്പിരിക്കൊണ്ടു നിന്നപ്പോള്‍ ഇ.എം.എസ്സ്‌ നേരിട്ടും വി.ആര്‍.കൃഷ്‌ണയ്യര്‍ മുഖാന്തിരവും നെഹ്രുവുമായി ആശയവിനിമയം നടത്തിയിരുന്നു. അവസാനം, നെഹ്രു കൃഷ്‌ണയ്യരോട്‌ ഇങ്ങനെയാണ്‌ പറഞ്ഞവസാനിപ്പിച്ചത്‌.

"നിങ്ങള്‍ പറയുന്നതൊക്കെ ശരിതന്നെ. നിങ്ങള്‍ ഇന്ദുവിനോടൊന്ന്‌ സംസാരിച്ചുനോക്കൂ."
ഇന്ദുവെന്ന ഇന്ദിരാഗാന്ധിയാണ്‌ കോണ്‍ഗ്രസ്‌ സംഘടനയെ നിയന്ത്രിക്കുന്ന അഖിലേന്ത്യാ പ്രസിഡന്റ്‌. ഏകപുത്രിയോടുള്ള സ്‌നേഹവാത്സല്യങ്ങള്‍ നെഹ്രുവിനൊരു ദൗര്‍ബല്യമായിരുന്നു. ഇന്ദിരയുടെ വാശിക്ക്‌ നെഹ്രു വഴങ്ങുകയായിരുന്നു അങ്ങിനെയാണ്‌ ഇ.എം.എസ്സ്‌ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടത്‌.

പില്‍ക്കാലത്ത്‌ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ പിന്‍ബലവും ധനസഹായവും വിമോചനസമരത്തിനുണ്ടായിരുന്നുവെന്ന്‌ തെളിഞ്ഞതാണല്ലോ. അക്കാലത്ത്‌ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറായിരുന്ന ജെ. കെ. ഗാല്‍ബ്രെയ്‌ത്ത്‌ പിന്നീടെഴുതിയ ഗ്രന്ഥത്തില്‍ ഇതൊക്കെ വ്യക്തമാക്കിയിട്ടുമുണ്ട്‌.

ഇവടെയാണെങ്കില്‍ കമ്മ്യൂണിസ്റ്റ്‌വിരുദ്ധമുന്നണിക്കു നേതൃത്വം കൊടുത്ത ഫാ. വടക്കനേപ്പോലുള്ളവര്‍ ഇ.എം.എസ്സിന്റെ നേതൃത്വം അംഗീകരിക്കുകയും രണ്ടാം ഇ.എം.എസ്സ്‌ മന്ത്രിസഭയില്‍ പങ്കാളിയാവുകയും ചെയ്‌തു. ഇത്തരം പല പാളിച്ചകളും നെഹ്രുവിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്‌.

എന്നാല്‍ നെഹ്രുവിന്റെ സംഭാവനകളെ സമഗ്രമായി വിലയിരുത്തുമ്പോള്‍ അതൊക്കെ ചന്ദ്രനിലെ കളങ്കമെന്ന നിലയില്‍ നമുക്ക്‌ കാണേണ്ടിവരും. അല്ലെങ്കില്‍ ഷേക്‌സ്‌പിയര്‍ പറഞ്ഞതുപോലെ മനുഷ്യസഹജമായ അബദ്ധങ്ങളെന്ന്‌ വിലയിരുത്തേണ്ടിവരും.

അതേസമയം സ്വാതന്ത്ര്യസമരത്തിന്റെ വിജയപ്രാപ്‌തിയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍. ജനാധിപത്യമെന്ന ആശയത്തെ സ്ഥാപനവല്‍ക്കരിക്കുന്നതില്‍ നെഹ്രുവിന്റെ സജീവപങ്കാളിത്തം, സ്വയംപര്യാപ്‌തത ലക്ഷ്യമിട്ടുകൊണ്ട്‌ സ്വതന്ത്രഇന്ത്യ പടുത്തുയര്‍ത്തിയ മഹാസ്ഥാപനങ്ങളിലെ അദ്ദേഹത്തിന്റെ നേതൃത്വപരമായ സിദ്ധികള്‍ ദാരിദ്ര്യവും അസമത്വവും ഇന്ത്യയുടെ ശാപമാണെന്നും അത്‌ പരിഹരിക്കാന്‍ കമ്പോളത്തിന്‌ കഴിയില്ലെന്ന ചിന്തയില്‍ ആസൂത്രണം ചെയ്‌ത പഞ്ചവത്സരപദ്ധതികള്‍,

സാമ്രാജ്യത്വവിരുദ്ധ മുന്നണിയെന്ന നിലയില്‍ രൂപംകൊടുത്ത മൂന്നാം ലോകരാഷ്ട്രങ്ങളുടെ മുന്നണിയും ചേരിചേരാനയവും, സോഷ്യലിസ്റ്റ്‌ ആശയങ്ങളിലുള്ള വിശ്വാസം-ഇവയൊക്കെ നെഹ്രുവിന്റെ മാത്രമല്ല, ഇന്ത്യയുടേയും ചരിത്രഭാഗമാണ്‌.1927-ല്‍ അടിച്ചമര്‍ത്തപ്പെട്ട കോളനികളുടെ ഒരു സാര്‍വ്വദേശീയ സമ്മേളനം ബ്രസല്‍സില്‍ വച്ച്‌ ചേരുകയുണ്ടായി. അതില്‍ നെഹ്രു പങ്കെടുത്തിരുന്നു. 1955-ല്‍ നടന്ന ബന്ദൂങ്‌ കോണ്‍ഫ്രന്‍സിലും നേതൃത്വം ഇന്ത്യക്കും നെഹ്രുവിനുമായിരുന്നു. 29 രാജ്യങ്ങള്‍ പങ്കെടുത്ത ഒരു ചേരിചേരാരാഷ്ട്രസമ്മേളനമായിരുന്നു അത്‌.

ചൈനീസ്‌ പ്രധാനമന്ത്രി ചൗ ഇന്‍ലായ്‌, വിയറ്റ്‌നാം പ്രധാനമന്ത്രി ഹോചിമിന്‍, ഈജിപ്‌റ്റിന്റെ പ്രസിഡന്റ്‌ ഗമാല്‍ അബ്‌ദുള്‍നാസര്‍, ഖാനാ പ്രധാനമന്ത്രി ക്വാമേ എന്‍ക്രൂമ, മുതലായ മഹാരഥന്മാണ്‌ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്‌.

രാഷ്ട്രകാര്യങ്ങളിലെ മതസ്വാധീനം, കൊളോണിയലിസം, രാജ്യങ്ങളുടെ പരമാധികാരവും സ്വയം പര്യാപ്‌തതയും, ലോകസമാധാനം മുതലായ വിഷയങ്ങളാണ്‌ ആ സമ്മേളനം ചര്‍ച്ചചെയ്‌തത്‌. ഇന്ത്യാചരിത്രത്തില്‍ നിന്നും ഡിജിറ്റല്‍ ഇന്ദ്രജാലംകൊണ്ടോ വ്യാഖ്യാനദുസ്സാമര്‍ത്ഥ്യംകൊണ്ടോ ഇതൊക്കെ മാച്ചുകളയാന്‍ കഴിയുമോ?

എന്തൊക്കെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചാലും നെഹ്രു ഒരു വിശ്വപൗരനായിരുന്നുവെന്ന്‌ ശത്രുക്കള്‍ പോലും സമ്മതിക്കും. സങ്കുചിതമായ ദേശീയതാവാദത്തിന്റെ പിന്‍ബലത്തില്‍ മാത്രം രാഷ്ട്രീയാഭ്യാസം നടത്തുന്നവര്‍ക്ക്‌ നെഹ്രുവിനെ അംഗീകരിക്കാന്‍ പ്രയാസമുണ്ടാവും.

രാഷ്ട്രപതിയുടെ പ്രസംഗത്തേത്തുടര്‍ന്ന്‌ ഉത്തര്‍പ്രദേശിലുണ്ടായ ഒരു സംഭവവികാസവും ശ്രദ്ധേയമാണ്‌. ഭാരതീയജനതാപ്പാര്‍ട്ടി ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ നവഭാരതശില്‌പികളെന്ന വിഭാഗത്തില്‍ ഗാന്ധിജിയുടേയും നെഹ്രുവിന്റെയും പേരുപോലുമില്ല.

പത്തുലക്ഷം ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളിലാണീ പുസ്‌തകം വിതരണം ചെയ്യുന്നത്‌. അവരീ പുസ്‌തകം പഠിക്കാന്‍ നിര്‍ബന്ധിതരാണ്‌. ശരിക്കും പഠിച്ചാല്‍ പാരിതോഷികങ്ങളും കിട്ടും. ഈ പുസ്‌തകത്തെ ആസ്‌പദമാക്കി പ്രബന്ധമത്സരങ്ങള്‍, ക്വിസ്‌ പരിപാടികള്‍, പ്രസംഗമത്സരങ്ങള്‍, ഒക്കെ പ്‌ളാന്‍ ചെയ്‌തിട്ടുണ്ട്‌. വിജയികള്‍ക്ക്‌ ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ആ പുസ്‌തകത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന മഹാപുരുഷന്മാരൊന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരല്ല.

കാരാഗ്രഹവാസവും പോലീസ്‌ മര്‍ദ്ദനവും ഒളിവു ജീവിതവും കഴുമരവും നേരിട്ടവരൊന്നും നവഭാരതശില്‍പ്പികളിലില്ല. ചരിത്രത്തെ എങ്ങിനെയും വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണിന്ത്യ. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക്‌ അതൊക്കെയാവാം. എന്നാല്‍ രാഷ്ട്രപതിയായി സത്യപ്രതിജ്‌ഞ ചെയ്‌ത നിമിഷം മുതല്‍ രാഷ്ട്രപതി ഇന്ത്യയുടെ ബഹുസ്വരത കാത്തുസൂക്ഷിക്കാന്‍ കടപ്പെട്ടവനാണ്‌.

നാനാത്വത്തിലെ ഏകത്വം എന്നാണല്ലോ നാം നമ്മുടെ വൈവിദ്ധ്യത്തെക്കുറിച്ച്‌ മേനി നടിക്കാറുള്ളത്‌. ആ നാനാത്വത്തിന്റെ നടുനായകസ്ഥാനത്താണ്‌ രാഷ്ട്രപതി നിലയുറപ്പിക്കേണ്ടത്‌. ഭരണകക്ഷിയുടെ അമിതാവേശം രാഷ്ട്രപതിക്കിണങ്ങുകയില്ല.

പതിനാറാം നൂറ്റാണ്ടില്‍ ഫ്‌ളോറന്‍സ്‌ ഭരിച്ചിരുന്ന രാജകുമാരനോട്‌ രാഷ്ട്രമീമാംസാവിചക്ഷണനായ നിക്കോളാസ്‌ മാക്കിയവെല്ലി പറഞ്ഞവാക്കുകള്‍ ഇന്നിന്ത്യ ഭരിക്കുന്നവരെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ:

"ഭരണാധികാരികള്‍ ചരിത്രം പഠിക്കണം. രാഷ്ട്രീയത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രവചനാതീതമാണ്‌-വിശദീകരണങ്ങള്‍ക്കുമപ്പുറമാണ്‌. ചരിത്രപാഠങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഏതൊരു ഭരണാധികാരിയുടേയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും".

ചരിത്രം ഭരണാധികാരികള്‍ക്ക്‌ ഒരാത്മപരിശോധനയാണ്‌-സ്വയം വിമര്‍ശനമാണ്‌. നാമെവിടെനിന്നു വന്നു?അവിടെനിന്ന്‌ ഇവിടെയെത്തിയതെങ്ങനെ? ഭാവിയേക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ഈ പഠനത്തില്‍നിന്നാണ്‌ രൂപപ്പെടേണ്ടത്‌. ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വിതരണം ചെയ്യപ്പെട്ടത്‌ ഒരു നല്ല രാഷ്ട്രീയലഘുലേഖയായിരിക്കാം.

നെഹ്രുവിനേയും ഗാന്ധിജിയേയും നമുക്കെതിര്‍ക്കാം. നിശിതമായി വിമര്‍ശിക്കാം. പക്ഷെ, ആ മഹാരഥന്മാരെ ഒഴിവാക്കിയുള്ള പ്രബന്ധം ഇന്ത്യാ ചരിത്രമാവില്ല-അത്‌ ഇന്ത്യാചരിത്രത്തിന്റെ ഒരു വ്യഭിചാരമായിരിക്കും.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+