follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

സ്വാശ്രയ മെഡിക്കല്‍ ഫീസ്: പ്രതിസന്ധികള്‍ക്ക് കാരണം സര്‍ക്കാര്‍ കാണിച്ച അനാസ്ഥ: പ്രദീപ് നെന്മാറ

അമീൻ റിയാസ് » Posted : 31/08/2017

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട് നിലവില്‍ ഉണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം സര്‍ക്കാര്‍ കാണിച്ച നിരന്തരമായ അനാസ്ഥയും നിരുത്തര വാദപരമായ സമീപനവുമാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ഫ്രറ്റേണിറ്റിയുടെ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഫീസ് നിര്‍ണ്ണയത്തില്‍ സാമൂഹ്യ നീതി ഉറപ്പു വരുത്താനും സാധാരണക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. ആവശ്യത്തിനു സമയവും സാവകാശവും ലഭിച്ചിട്ടും ശാസ്ത്രീയമായ രീതിയില്‍ ഫീസ് നിര്‍ണ്ണയം നടത്താന്‍ ഫീസ് നിര്‍ണ്ണയ കമ്മിറ്റിക്ക് കഴിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്.അപര്യാപ്തമായ കണക്കുകളും വിവരങ്ങളും മുന്നില്‍ വച്ചാണ് 5 ലക്ഷം രൂപ എന്ന ഫീസ് രാജേന്ദ്ര ബാബു കമ്മിറ്റി മുന്‍പ് നിര്‍ണയിച്ചത്. കഴിഞ്ഞ വര്‍ഷം കരാറിലൂടെ നടപ്പിലാക്കിയ നാല് തട്ടുകളിലുള്ള ഫീസ് ഘടനയെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ സുപ്രീം കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തുകയോ വിശദീകരിക്കുകയോ ചെയ്തിട്ടില്ല.

സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത ഒരു കോളേജ് മാത്രമായിരുന്നു കഴിഞ്ഞ കൊല്ലം 10 ലക്ഷം ഫീസ് വാങ്ങിയിരുന്നത് എന്ന വസ്തുത അറ്റോണി ജനറല്‍ മനഃപൂര്‍വം മറച്ചു വെക്കുകയായിരുന്നു. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന മുന്‍ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന സംഭവങ്ങളാണ് ഇന്നലെ സുപ്രീം കോടതിയില്‍ അരങ്ങേറിയത്.പാവപ്പെട്ടവരുടെ പഠനാവസാരം നഷ്ടമാക്കില്ലെന്നു സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പെഴുത്തുന്നതിനു പകരം അനാസ്ഥയും അലംഭാവവും നിരുത്തരവാദ സമീപനങ്ങളും വെടിഞ്ഞു വിദ്യാര്‍ത്ഥി താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കണം. ഫീസ് റെഗുലേറ്ററി കമ്മിറ്റി താമസം ഇല്ലാതെ ഫീസ് നിര്‍ണ്ണയം നടത്തേണ്ടതുണ്ട്. മുന്‍പ് ആവര്‍ത്തിച്ച അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുത്.

ശാസ്ത്രീയമായും സുതാര്യമായും സമയ ബന്ധിതമായും ഫീസ് നിര്‍ണ്ണയം നടത്തണം. സര്‍ക്കാര്‍ അനാസ്ഥ കാരണം, സുപ്രീം കോടതി വിധിയോടെ പ്രയാസപ്പെട്ടത് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്. അവരില്‍ പലരും ഫീസ് അടച്ചു കഴിഞ്ഞിരിക്കുകയാണ്. വര്‍ധിപ്പിച്ച തുക എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ് പലരും.

അധികം വരുന്ന ബാങ്ക് ഗാരണ്ടി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം കാണണം. അടച്ച ഫീസ് തിരിച്ചു കിട്ടണമെന്നു ആഗ്രഹിക്കുന്നവര്‍ക്ക് സാങ്കേതിക തടസ്സങ്ങള്‍ കൂടാതെ അത് ലഭ്യമാക്കണം. വിധികള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും അപ്പുറത്തു സാമൂഹ്യനീതി ഉറപ്പു വരുത്താനും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ മാനുഷിക താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാരും കോളേജ് മാനേജ്‌മെന്റുകളും ബാധ്യസ്ഥമാണെന്നും പ്രദീപ് നെന്മാറ പറഞ്ഞു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+