follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

പെട്രോളിയം ഉത്‌പന്നങ്ങളുടെ അന്യായ വില വര്‍ദ്ധന: റിലയന്‍സിനും അംബാനിമാര്‍ക്കും വേണ്ടി

അഡ്വ. എസ്‌ അശോകന്‍ » Posted : 09/09/2017

നമ്മുടെ രാജ്യത്ത്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില സര്‍വ്വകാല റിക്കോര്‍ഡില്‍ എത്തിച്ച ദിവസങ്ങളാണ്‌ കടന്നു പോയത്‌. പൊതു മേഖലാ എണ്ണക്കമ്പനികളെ പാര്‍ശ്വവല്‍ക്കരിച്ച്‌ റിലയന്‍സിന്റെ സര്‍വ്വാധിപത്യം പെട്രോളിയം മേഖലയിലും ഉറപ്പിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിഗൂഢ ലക്ഷ്യം.

പാചക വാതകത്തിന്റെ സബ്ബ്‌സിഡി എടുത്തു കളഞ്ഞതും, പെട്രോളിന്റേയും, ഡീസലിന്റേയും വില എല്ലാ ദിവസവും പുതുക്കി നിശ്ചയിക്കുന്ന രീതി നടപ്പില്‍ വരുത്തിയതും എല്ലാം തീവെട്ടിക്കൊള്ളയാണ്‌. ദിവസവും വില പുതുക്കി നിശ്ചയിച്ചാല്‍ വിലവര്‍ദ്ധന ജനങ്ങള്‍ അറിയാതെ പോകും എന്നതാണ്‌ കള്ളക്കളി.

പെട്രോളിന്റേയും ഡീസലിന്റേയും വില ഏകീകരിക്കുകയാണ്‌ ആദ്യ അജണ്ട. പാചക വാതകത്തിന്റെ സബ്ബ്‌സിഡി എടുത്തു കളഞ്ഞതിലൂടെ സ്വകാര്യ കമ്പനികളേയും പാചക വാതക വിതരണ മേഖലയില്‍ സജീവമാക്കുകയാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിഗൂഢ ലക്ഷ്യം. ഇന്‍ഡേനും, ഭാരത്‌ ഗ്യാസും അടക്കി വാഴുന്ന പാചക വാതക വിതരണ മേഖലയില്‍ "റിലയന്‍സ്‌ ഗ്യാസ്‌" സജീവമാകുന്ന കാലം അതി വിദൂരമല്ല.

എല്ലാം റിലയന്‍സിനു വേണ്ടിയാണ്‌. എല്ലാം ബി ജെ പിക്കു വേണ്ടിയാണ്‌. എന്നു വച്ചാല്‍ എല്ലാം മോദിക്കു വേണ്ടിയാണെന്ന്‍ ചുരുക്കം. ഇതൊക്കെ ജനങ്ങളെ കൊള്ളയടിച്ചിട്ടു തന്നെ വേണോ എന്നതാണ്‌ കാലഘട്ടത്തിന്റെ ചോദ്യം? ഇങ്ങിനെയൊരു സര്‍ക്കാര്‍ ഇതൊന്നു മാത്രമാണ്‌.

എല്ലാം ബി ജെ പിയുടെ സ്വകാര്യ സ്വാര്‍ത്ഥ അജണ്ടകള്‍. അതിനപ്പുറത്ത്‌ രാജ്യ നന്മയോ ജനനന്മയോ ഒന്നും ബി ജെ പിയുടെ നിഘണ്ഡുവില്‍ ഇല്ല. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ നിരോധിച്ചത്‌ സാമ്പത്തിക രംഗത്ത്‌ ബി ജെ പിയുടെ സര്‍വ്വാധിപത്യത്തിനായിരുന്നെന്ന സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടേയുള്ളു.

പെട്രോളിയം കൊള്ളയുടെ പൊരുളും മറ്റൊന്നല്ല. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക്‌ കഴിഞ്ഞ ഒരു ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞവില രേഖപ്പെടുത്തിയത്‌ 2016-2017 കാലയളവിലാണ്‌. അതിശയകരമെന്നോണം പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക്‌ ഏറ്റവും കൂടിയ വില എണ്ണക്കമ്പനികള്‍ ഈടാക്കിയതും ഈ കാലയളവിലാണ്‌.

സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ എണ്ണമറ്റ മാര്‍ഗ്ഗങ്ങളും മേഖലകളും വിശാലമായി തുറന്നു കിടക്കുമ്പോഴാണ്‌ ഈ തിവെട്ടിക്കൊള്ള. ലോകത്ത്‌ ഏറ്റവും കൂടിയ വിലക്ക്‌ പെട്രോളിയം ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമായി നമ്മുടെ രാജ്യം അടി വെച്ച്‌ അടി വെച്ച്‌ കയറുകയാണ്‌. സാധാരണക്കാരന്റെ നെഞ്ചത്തുകൂടി നിഷ്‌ഠൂരമായി ചവിട്ടി മെതിച്ചു കൊന്നാണ്‌ ഈ വല്ലാത്ത പോക്ക്‌.

കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ ഭരണ കാലത്താണ്‌ അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക്‌ (ക്രൂഡോയില്‍) ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്‌. എന്നിട്ടും സാധാരണക്കാരന്റ കീശ ചോര്‍ത്താതെ കുറഞ്ഞ വിലക്ക്‌ പെട്രോളിയം ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ യു പി എ സര്‍ക്കാര്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു.

യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന അവസരത്തിലേയും ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവുമുള്ള അസംസ്‌കൃത എണ്ണ വിലയും പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലയും താരതമ്യം ചെയ്‌താല്‍ യു പി എ സര്‍ക്കാരിന്റെ കാലത്തെ വിലയുടെ പകുതി വിലക്ക്‌ ഇപ്പോള്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യേണ്ടതാണെന്ന്‍ കാണാനാകും. ജനങ്ങള്‍ക്ക്‌ ന്യായമായും അര്‍ഹതപ്പെട്ട ആ നേട്ടമാണ്‌ ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുത്തിരിക്കുന്നത്‌.

താരതമ്യ പഠനത്തിനായി 2007-2017 കാലയളവിലെ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്‌ട്ര വിപണിയിലെ വാര്‍ഷിക ശരാശരി വിലയും അതാത്‌ വര്‍ഷങ്ങളിലെ നമ്മുടെ രാജ്യത്തെ പെട്രോളിയം ഉത്‌പന്നങ്ങളുടെ ശരാശരി വിലയും ചുവടെ ചേര്‍ക്കുന്നു.യു പി എ സര്‍ക്കാരിന്റെ ഭരണ കാലത്ത്‌ അന്തര്‍ ദേശീയ വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ അടിക്കടി ഏറ്റക്കുറച്ചില്‍ ഉണ്ടായിക്കൊണ്ടിരുന്നു. പ്രസ്‌തുത പശ്ചാത്തലത്തില്‍ ആണ്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കാലാകാലം പുനര്‍ നിശ്ചയിക്കുവാനുള്ള അധികാരം പൊതു മേഖലയിലെ എണ്ണക്കമ്പിനികള്‍ക്ക്‌ നല്‍കിയത്‌.

അന്തര്‍ ദേശീയ വിപണിയിലെ വിലക്ക്‌ അനുസൃതമായി വില വര്‍ദ്ധന അനിവാര്യം ആയപ്പോഴും അതിന്റെ അധികഭാരം ജനങ്ങള്‍ക്ക്‌ ഉണ്ടാകാതിരിക്കാനും യു പി എ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. വില വര്‍ദ്ധനയിലൂടെ കേന്ദ്ര സര്‍ക്കാരിന്‌ കിട്ടുമായിരുന്ന വര്‍ദ്ധിത വരുമാനം വേണ്ടെന്ന് വച്ച്‌ വിപണിയിലെ വില നിയന്ത്രിക്കുന്ന നയമാണ്‌ യു പി എ സര്‍ക്കാര്‍ കൈക്കൊണ്ടത്‌.

അതു കൊണ്ടാണ്‌ അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നപ്പോഴും പെട്രോളിയം ഉത്‌പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കഴിഞ്ഞത്‌. യു പി എ സര്‍ക്കാര്‍ പരമമിതമായ തോതില്‍ വില വര്‍ദ്ധിപ്പിച്ചപ്പോഴൊക്കെ ബന്ദും, ഹര്‍ത്താലും, പണിമുടക്കും നടത്തിയവരാണ്‌ ബി ജെ പിക്കാര്‍ എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്.

അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക്‌ കിട്ടാതെ പോകുന്നത്‌ അനീതിയാണ്‌. പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കുറയുമ്പോള്‍ സ്വാഭാവികമായി അതിന്റെ ഗുണം എല്ലാ മേഖലകളിലും പ്രതിഫലിക്കും.

യാത്രാകൂലികളും, ചരക്കു കൂലിയും കുറഞ്ഞാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുറവു വരും. വാണം പോലെ കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ കൂടുംബ ബഡ്‌ജറ്റുകള്‍ തകര്‍ന്ന്‍ തരിപ്പണമായിരിക്കുന്ന നമ്മുടെ രാജ്യത്ത്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കുറയുന്നത്‌ വലിയ ആശ്വാസമാകും.

ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ട ആശ്വാസം നിഷേധിക്കുന്ന ബി ജെ പി സര്‍ക്കാരിനെതിരെ പൊതു സമൂഹം രാഷ്‌ട്രീയത്തിന്‌ അതീതമായി ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. രാജ്യ നന്മക്കും ജനനന്മക്കും അത്‌ അനിവാര്യമാണ്‌.

(ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡറും നിലവില്‍ യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാനും, കെ പി സി സി നിര്‍വ്വാഹക സമിതി അംഗവുമാണ്‌. മൊബൈല്‍: 9447105700. Email ID adv.s.asokan.associates@gmail.com).

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+