follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ന്യൂസ് റൂമുകൾക്ക് എന്തുപറ്റി ?

ജോയല്‍ തോമസ്‌ മാത്യു » Posted : 30/09/2017

ഏറെ ചർച്ച ചെയ്യാതെ പോകുന്ന ഒരു വിഷയമാണ് തലക്കെട്ടിൽ ചേർത്തിരിക്കുന്നത് . കാരണം ചർച്ചയ്ക്ക് ആളെകൂട്ടുന്നവർക്ക് ആർക്കും ഇത് ചർച്ച ചെയ്യണം എന്ന് തെല്ലും താല്പര്യമില്ല .

ദേശിയ തലത്തിൽ ഇന്ന് പ്രവർത്തിക്കുന്ന ചാനലുകളിൽ ഒരു പൊതു സ്വഭാവം കാണുവാൻ സാധിക്കും . ഏതു ചാനൽ നോക്കിയാലും വിഷയവും, വിഷയത്തിൽ സ്ഥാപനത്തിന് ഉള്ള നിലപാടും ഒന്ന് തന്നെ ആണ് .എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അറിയാൻ ആഗ്രഹിച്ചപ്പോൾ അതിനുള്ള ഏറ്റവും വ്യക്തമായ ഉത്തരം ദി ഹിന്ദു വിന്റെ മാത്രമല്ല രാജ്യത്തെ തന്നെ ആദ്യത്തെ റൂറൽ റിപ്പോർട്ടർ പി സെയ്‌നാഥ് ഒരു പ്രഭാഷണത്തിൽ പറയുക ഉണ്ടായി. മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം തന്നെ ആണ് കാരണം .

പണ്ട് ഉള്ള മാധ്യമ സ്ഥാപനങ്ങൾ ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകൻ തുടങ്ങി വെച്ച മാധ്യമ പ്രവർത്തനത്തിന് മാത്രം ഉള്ള സ്ഥാപനം ആയിരിക്കും. പക്ഷെ ഇന്ന് മാധ്യമങ്ങൾ ഏതെങ്കിലും ഒരു വലിയ കോർപ്പറേറ്റ് കമ്പനിയുടെ ഒരു ചെറിയ ഭാഗം മാത്രം ആയിരിക്കും .

ഉദാഹരണത്തിന് നെറ്റ്‌വർക്ക് 18 എന്ന മാധ്യമ സ്ഥാപനം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് . അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിലെ ഏറ്റവും ചെറിയ തുകയിലുള്ള നിക്ഷേപം ആയിരിക്കാം മാധ്യമങ്ങളിൽ അദ്ദേഹം നടത്തിയിരിക്കുന്നത്. ഇതുമൂലം മുൻകാലങ്ങളിൽ മാധ്യമപ്രവർത്തകരാൽ നയിച്ച് പോന്ന മാധ്യമ സ്ഥാപനങ്ങൾ പിന്തുടർന്ന് പോന്ന മാധ്യമ ധർമം ഇവിടെ പാലിക്കപ്പെടാൻ കഴിയുന്നില്ല .

(ഏകദേശം 21 ചാനൽ സ്വന്തമായി ഉണ്ടായിരുന്ന മാധ്യമ രാജാവ് രാമോജി റാവു ഇപ്പോൾ 18 ചാനലുകളോളം നെറ്റ്‌വർക്ക് 18 നു കൈമാറി .)പണ്ട് ഇംഗ്ലീഷ് പഠിക്കാൻ ഇംഗ്ലീഷ് ചാനലുകളിലെ ന്യൂസ് കാണുമായിരുന്നു . സി എൻ എൻ -ഐ ബി എൻ ലെ സാഗരിക ഘോഷിന്റെ ഇന്ത്യ അറ്റ് 10 ആയിരുന്നു പ്രിയപ്പെട്ടത് . പക്ഷെ അന്ന് സാഗരിക ന്യൂസ് റൂമിനെ വാർ റൂം ആക്കിയിരുന്നില്ല, അതുമല്ല കാര്യങ്ങൾ ആർട്ടിക്‌ലെറ് ചെയ്യാൻ കഴിയുന്നവരെ മാത്രമേ ചർച്ചകളിൽ കണ്ടിരുന്നുള്ളൂ . ന്യൂസ് ചാനലുകളുടെ എണ്ണവും കുറവായിരുന്നു . ഇന്ന് പക്ഷെ നാം കണ്ടു വരുന്ന ട്രെൻഡ് വളരെ ഭീതിജനകമാണ് .

കോടതി മുറികളിൽ പോലും ഇത്ര ജഡ്ജ്മെന്റൽ ആയി ആരും സംസാരിക്കും എന്ന് തോന്നുന്നില്ല . ന്യൂസ് ചാനലുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും അധികം സെൻസേഷണൽ ആയി വാർത്ത അവതരിപ്പിക്കാൻ ഉള്ള ശ്രമമാണ് ദേശിയ ന്യൂസ് ചാനലുകളിൽ കണ്ടു വരുന്നത് . പ്രാദേശിക ചാനലുകളിൽ ഈ ഭ്രാന്ത് അധികം ആയിട്ടില്ല . പക്ഷെ കണ്ടു വരുന്നുമുണ്ട് .

ന്യൂസ് റൂമുകൾ വർഗീയത വിളമ്പുന്നു എന്ന ആരോപണം നിലനിൽക്കുമ്പോൾ ഈ പ്രേശ്നത്തെ ഒരു വർഗീയ ചേരിതിരിവിനുള്ള മരുന്നിട്ടു കൊടുക്കലായി മാത്രം കാണുന്നത് വിഷയത്തെ ലഘുകരിക്കുന്നതിന് തുല്യമാണ് . ഇന്ന് അവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയെ അനുകൂലിക്കേണ്ടി വന്നാൽ നാളെ അത് നേരെ തിരിച്ചായിരിക്കും. ഇതിനെല്ലാം കാരണം മുൻപ് സൂചിപ്പിച്ച കോർപ്പറേറ്റ് വത്കരണം തന്നെ ആണ് .

മുതലാളിക്ക് വേണ്ടവരെ ചാനലിനും വേണം എന്ന അടിസ്ഥാന കച്ചവട നിയമം മാത്രമേ ഇവിടെയും ബാധകം ആകുന്നുള്ളു . ഇതൊക്കെ പക്ഷെ മുതലാളിക്കും അറിയാം തൊഴിലാളിക്കും അറിയാം . ഇതറിയാതെ അവതാരകനും അതിഥികളും നടത്തുന്ന വാചക മേളയെ കൗതുകത്തോടെ നോക്കി കണ്ട്, അപ്പോൾ ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ എന്ന് ചിന്തിക്കുന്ന പ്രേക്ഷകർ മാത്രം പെട്ടു.

പക്ഷെ മാർക്കറ്റ് താല്പര്യങ്ങൾ ഇല്ലാതെ കയറി കൂടുന്ന മാധ്യമങ്ങളെ ഒന്ന് സൂക്ഷിച്ചോണം . മതത്തിന്റെ മേൽമുണ്ട് ധരിച്ചു പൊളിറ്റിക്കൽ മതം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർ നമ്മെ വാചകമടിച്ചു ത്രസിപ്പിച്ചു നാളെ മറ്റൊരു വിഷയത്തിലേക്ക് കടത്തി വിട്ടു , ഇന്ന് വരെ പറഞ്ഞതിനെ മാറ്റി പറയുന്ന മുൻപ് സൂചിപ്പിച്ച മുതലാളിമാരെ പോലെ അല്ല . അവർക്ക് ഓണത്തിനും, ക്രിസ്റ്റമസിനും , വിഷുവിനും , ബക്രീദിനും എല്ലാം ഒറ്റ വിഷയം മാത്രേ കാണുകയുള്ളു .

മതത്തിന്റെ പേരിൽ തല്ലുണ്ടാക്കുന്നവർ കൂടുതലായും കാണപ്പെടുന്നത് ഇത്തരം ചാനൽ ചർച്ചകളിൽ ആണ് . ഒരു പഞ്ചായത്ത് വാർഡിൽ നിന്നാൽ പോലും ജയിക്കാത്ത, തീവ്ര നിലപാടുള്ള ഈർക്കിലി സംഘടനകളെ പ്രതിനിധീകരിച്ചു വരുന്നവരെ അപ്പുറത്തും ഇപ്പുറത്തും ഇരുത്താൻ ഇതുപോലെ ഉള്ള ചാനലുകൾക്ക് മടി ഒട്ടും ഇല്ല .

സെൻസേഷണൽ വാർത്തകൾക്ക് അപ്പുറം സ്വന്തം നിലപാടുകൾ വിജയിക്കാൻ ഏതറ്റം വരെ പോകാനും ഇത്തരക്കാർക്ക് മടിയും ഇല്ല . കേരളത്തിലെ രണ്ടു മതവിഭാഗങ്ങളിലെ പൊളിറ്റിക്കൽ മതം പ്രചരിപ്പിക്കുന്ന ചാനലുകൾ നടത്തി വരുന്ന കോലാഹലങ്ങളും ഇതിന്റെ കൂടെ ചേർത്ത് വായിച്ചാൽ മതി .

മാധ്യമങ്ങൾക്ക് പ്രശ്നം ഒന്നുമില്ല , പ്രശ്നം ഉണ്ടാക്കാത്തവർ കടന്നു വരാതെ ഇരുന്നാൽ ..

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+