follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ജാതിയും, ജാതകവും, പിന്നെ ജ്യോത്സനും

സത്യൻ വരൂണ്ട » Posted : 01/10/2017

ജാതിയും ജാതകവും പിന്നെ ജ്യോത്സനും കൂടി ഒരു തലമുറയെ ഇല്ലാതാക്കുന്ന കാഴ്ചയാണ് ഇന്ന് പ്രബുദ്ധ കേരളത്തിന്റെ അവസ്ഥ. കുറച്ച് മുമ്പൊക്കെ ഡോക്ടർമാരുടെ വീടുകളിലോ പരിശോധന സ്ഥലത്തോ രോഗികളുടെ നീണ്ട നിര കാണാമായിരുന്നു. ഇപ്പോൾ അതെ കാഴ്ച ജ്യോൽസ്യന്മാരുടെ വീടുകളിലും കണ്ടു വരുന്നു. പ്രേമിച്ച് വിവാഹം കഴിക്കാൻ താല്പര്യപ്പെടാതെ മാതാപിതാക്കളെ അംഗീകരിച്ച് അവരുടെ കാർമികത്വത്തിൽ നടക്കുന്ന വിവാഹങ്ങൾക്കാണ് മേൽപ്പറഞ്ഞ വില്ലന്മാർ ഗതി കേടൊരുക്കുന്നത്.

വിദ്യാഭ്യാസത്തിൽ ഏറെ ഉയർന്ന തലങ്ങളിൽ എത്തിച്ചേർന്നതിൽ നല്ലൊരു ശതമാനവും പെൺകുട്ടികൾ തന്നെ; 23-24 വയസ്സാകുന്നതുവരെ പ്രൊഫഷണൽ വിദ്യാഭ്യാസവും മറ്റും കഴിഞ്ഞതിനു ശേഷം ആണ് ഇപ്പോൾ അവരുടെ വിവാഹത്തെ കുറിച്ച് കുടുംബം ചിന്തിക്കുന്നത് തന്നെ. (പെൺവീട്ടുകാരുടെ ആദ്യത്തെ പരിഗണന സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് തന്നെ) ആൺ കുട്ടികൾ ആണെങ്കിൽ വിദ്യാഭ്യാസവും സ്വാഭാവികമായ ഉഴപ്പലും പിന്നെ കുറേക്കാലം ജോലിയന്വേഷിച്ചും ഏതാണ്ട് 30 വയസ്സ് ആകുന്നതോടുകൂടിയാണ് കാര്യം സീരിയസ് ആയി എടുക്കുന്നത്.

പിന്നെ പെണ്ണ് കാണൽ ആയി, പല ഘട്ടങ്ങളിലൂടെ ഉള്ള യാത്രയാണത്, സ്വജാതിക്കാരെ അന്വേഷിച്ച് അവരിൽ പെട്ട കുട്ടിയെ കണ്ടെത്തണം. ചെറുക്കന്റെയും പെണ്ണിന്റെയും സാമ്പത്തിക സ്ഥിതി, വരുമാനം, വീട്, വാഹനങ്ങൾ, സ്വത്ത് ഇതെല്ലാം പല ഘടകങ്ങൾ ആണ്. അതൊക്കെ ആദ്യമേ പരിശോധിച്ചുറപ്പ് വരുത്തിയിട്ട് വേണം പെണ്ണ് കാണാൻ പോകാൻ. പത്തും ഇരുപതും കിലോമീറ്ററുകൾക്കപ്പുറമോ അടുത്തോ ആയിരിക്കും വീടുകൾ. രണ്ടു കൂട്ടർക്കും പിടിച്ചില്ലെങ്കിൽ അതവിടെ തീരുന്നു. ഇനി അടുത്ത ലൊക്കേഷനിലേക്ക്.

അങ്ങനെ യാത്രകൾ മാസങ്ങളും കൊല്ലങ്ങളും നീണ്ടു നിന്നേക്കും ഒടുവിൽ ഏതെങ്കിലും ശരിയായി വന്നാൽ അടുത്ത വില്ലൻ കാത്തു നിൽക്കുന്നുണ്ടാവും. അതാണ് ജ്യോൽസ്യൻ. മെഡിക്കൽ ലാബോറട്ടറിയിൽ രക്തം ടെസ്റ്റു ചെയ്യുന്നത് പോലെ ജ്യോത്സ്യന്റെ ലാബോറട്ടറിയിൽ ടെസ്റ്റു ചെയ്‌താൽ മാത്രമേ ജാതകത്തിൽ അടങ്ങിയിരിക്കുന്ന ഗുണഗണങ്ങൾ അറിയാൻ കഴിയുകയുള്ളൂ. മിക്കപ്പോഴും ടെസ്റ്റ് പരാജയം തന്നെയായിരിക്കും അതിനുള്ള ഫീസ് ദിനം പ്രതിയെന്നോണം ഉയർന്നുകൊണ്ടേയിരിക്കുന്നു. ഈ ജീവിതം ടെസ്റ്റു ചെയ്യുന്നതിനുള്ള സർട്ടിഫിക്കറ്റു ഏത് സ്ഥാപനമാണ് കൊടുക്കുന്നത് എന്നറിയില്ല അവർ ബിരുദം ബോർഡിൽ പ്രദര്ശിപ്പിക്കാറുമില്ല.

അണിഞ്ഞൊരുങ്ങിയും ചായ കൊടുത്തും നാലും അഞ്ചും കൊല്ലം കഴിയുമ്പോഴേക്കും മറ്റുകാര്യങ്ങളിൽ ചില വിട്ടുവീഴ്ചയൊക്കെ ചെയ്യാനുള്ള പാകമാകുമെങ്കിലും ജാതകം പിടിവിടുന്ന മട്ടില്ല. പെൺകുട്ടികൾ 27ഉം 28ഉം വയസ്സ് ആകുന്നതോടെ മാതാപിതാക്കളുടെ ചങ്കിടിപ്പും കൂടി വരുന്നു. എന്നാൽ ഒരു പക്ഷെ ജാതകം ചേരുന്നതും മറ്റു കാര്യങ്ങളൊക്കെ ഒത്തു വരുന്ന യുവാക്കളോ യുവതികളോ ഇതര ജാതികളിൽ ഉണ്ടെന്നിരിക്കെ വലിയൊരു ജാതി മതിൽ ആ ഒരു അവസരം കൂടി ഇല്ലാതാക്കുന്നു. ചുരുക്കത്തിൽ ജാതിയും ജാതകവും ജ്യോത്സ്യനും കൂടി വേരറുക്കുന്ന ഒരു സമുദായമായി മാറിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ഹിന്ദു സമൂഹം.

ജാതി ചിന്തകൾ കൂടുതൽ കൂടുതൽ വളർന്നു വരുന്ന കാര്യവും ഇവിടെ വിസ്മരിക്കാതെ വയ്യ. മലയാളത്തിലെ പ്രമുഖ നടനും സാമൂഹ്യ പ്രവർത്തകനും എം.പി യുമായ ഒരു ജനപ്രിയ നടൻ തന്നെ അദ്ദേഹത്തിന്റെ ഉയർന്ന ജാതിബോധം പൊതു സമൂഹത്തിൽ വിളമ്പിയത് ഈയിടെയാണ്. 35ഉം 38ഉം വയസ്സ് ആകുന്നതോടെ യുവാക്കളിൽ ചിലർ വിവാഹ മോഹം വെടിയുന്നതായും കണ്ടുവരുന്നു.

സ്ഥിരമായി വൈകുന്നേരം നേരത്തെ വീട്ടിൽ എത്തിയിരുന്ന യുവാക്കൾ പലരും വൈകി വീട്ടിലേക്കെത്തുന്നത് പതിവാകുകയും മറ്റു പല കൂട്ടുകെട്ടുകളിൽ എത്തിച്ചേർന്നു കുടുംബത്തിനും സമൂഹത്തിനും അലോസരമാകുകയും ചെയ്യുന്നു. മറുവാദങ്ങളൊക്കെ ഉണ്ടാകുമെങ്കിലും ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കിയാൽ ഉദാഹരങ്ങൾ നമുക്ക് ചുറ്റും അല്ലെങ്കിൽ നമ്മുടെ വീട്ടിലും ഉണ്ടായിരിക്കും.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+