follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

നേഴ്‌സുമാർ തൊഴിലാളികളോ പെറ്റി ബൂർഷകളോ ?

റോബിൻ ആചാര്യ » Posted : 05/10/2017ആരാണ് തൊഴിലാളികൾ?

സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവീൻ എന്ന മുദ്രാവാക്യം സിരകളെ ത്രസിപ്പിക്കുമ്പോൾ ,നൈതികമായ ഒരു ചോദ്യം അവശേഷിക്കുന്നു. ആരാണ് തൊഴിലാളികൾ? ആരാണ് പെറ്റി ബൂർഷകൾ ? സംഘടിതമായ വിലപേശലിന് കെൽപ്പില്ലാത്ത ഒരു പാട് യഥാർത്ഥ തൊഴിലാളികൾ ഈ രാജ്യത്തു യാതന അനുഭവിക്കുന്നുണ്ട്. അവരെ നിങ്ങൾ തൊഴിലാളികളുടെ ഗണത്തിൽ പെടുത്തിയിട്ടുണ്ടോ?സ്വകാര്യ മേഖലയിൽ ജോലി നോക്കുന്ന ,ഒരു രാഷ്ട്രീയ സംഘടയുടെയും പിന്തുണയില്ലാത്തവരാണ് അതിൽ പലരും.

മാന്യതയുടെ വൃത്തിയുള്ള ശുഭ്ര വസ്ത്രം ധരിച്ചവർ .പൊതു ജനത്തിനോടും ,തൊഴിൽ ധാതാവിനോടും ഒരക്ഷരം മറുത്തു പറയാൻ ത്രാണിയില്ലാത്തവർ. നിവൃത്തികേട്‌ കൊണ്ട് മാത്രം ഈ തൊഴിലിന് പോകേണ്ടി വരുന്നവർ.അവർ തൊഴിലാളികൾ ആണോ? ഇലക്ഷനിൽ ഒരു സംഘടനയുടെയും വോട്ട് നിലവാരത്തെ കൂട്ടമായി നിലകൊണ്ടു ,സമൂലമായി തിരുത്തികുറിക്കുവാൻ കെൽപ്പുള്ളവർ അല്ലല്ലോ അവർ .അപ്പോൾ അവരെ ആര് ഗൗനിക്കുവാൻ?

മാന്യതയുടെ പുറം ചട്ട എടുത്തണിഞ്ഞ പോയ ഈ കൂട്ടർക്കൊന്നും സംഘടിക്കുവാൻ സാദ്യമല്ല..നിത്യവൃത്തിക്കു വേണ്ടി കഷ്ടപെടുന്ന ഇവർക്ക് ആരോടും കൂലി പിടിച്ചു വാങ്ങുവാനുള്ള ത്രാണിയും ഇല്ല.അവർ സമരം ചെയ്യുകയോ,സർക്കാരിനെ വെല്ലു വിളിക്കുകയോ ചെയ്യില്ല..

സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൂട്ടി,സർക്കാർ കയ്യടി വാങ്ങുമ്പോൾ ,അനേകം മാസങ്ങൾ കൂടുമ്പോൾ മാത്രം ശമ്പളം കിട്ടുന്ന അനേകം ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ശബളം ഇല്ലാതെ ജോലി ചെയ്യുന്നവരും ഉണ്ട്.. ഗാന്ധിജി വിഭാനം ചെയ്തത് പോലെ ഈ രാജ്യത്തെ ഏറ്റവും എളിയ വ്യക്തിയുടെ വരെ കണ്ണ് നീർ ഒപ്പുവാൻ പര്യാപ്തമാകണം നമ്മുടെ ജനാധിപത്യം.

നീതി പിടിച്ചു വാങ്ങുവാൻ കെൽപ്പില്ലാത്ത ജനങ്ങളുടെ ആവലാതിയും , പരിവേദനങ്ങളും തീർത്തു കൊടുക്കുവാൻ ഉള്ള ചങ്കൂറ്റം സർക്കാരുകളൾക്ക് ഉണ്ടാവണം. സർവ്വീസ് സംഘടനകൾ ,ജാതി സംഘടനകൾ, തൊഴിലാളി യൂണിയനുകൾ ,മത, വർഗ സംഘടനകൾ, വ്യാപാര സംഘടനകൾ എന്നിവയിൽ ഒന്നും പെടാത്ത "വെറും ജനം" എന്ന അധസ്ഥിത വിഭാഗത്തിന് സർക്കാരിനോട് ഒന്നും പിടിച്ചു വാങ്ങുവാൻ സാധ്യമല്ല ..

ഭരണഘടന അനുശാസിക്കുന്ന പൊതു നീതി പോലും ഇവർക്ക് പരസ്യമായി നിഷേധിക്കപ്പെടുകയും ,ചുവപ്പ് നാടയുടെ കൊടും കുടുക്കിൽ പെട്ട് ഇവർ ശ്വാസം മുട്ടി മരിക്കുകയും ചെയ്യുന്നു. ..

വൃത്തിയുള്ള വസ്ത്രത്തിനുള്ളിലെ വിങ്ങുന്ന മനസുകൾ:

അസംഘടിത മേഖലകളിൽ പണിയെടുക്കുന്ന ലക്ഷകണക്കിന്ന് തൊഴിലാളികൾ നമ്മുടെ സംസ്ഥാനത്തുണ്ട് - ഇറുകിയ ഷർട്ടും, പാന്റ്സും, ടൈയും, ഷൂവും ഒക്കെ ഇട്ട് കോർപ്പറേറ്റ് അടിമ വേല ചെയ്യുന്ന ന്യുജൻ ബാങ്ക് തൊഴിലാളികൾ ,പകലും രാത്രിയും ഒരു പോലെ ജോലി ചെയ്യേണ്ടി വരുന്ന സോഫ്വെയർ തൊഴിലാളികൾ, ഒന്ന് ശൗചാലയത്തിൽ പോകേണമെങ്കിൽ പോലും മാനേജരുടെ അനുമതി വാങ്ങേണ്ട, ഇരിക്കാൻ പോലും അവകാശം നിഷേധിക്കപ്പെട്ട ഒന്നിന് പുറകെ ഒന്നായി ദിവസങ്ങൾ കൊണ്ട് പെറ്റ് പെരുകുന്ന ടെക്സ്റ്റ്യിൽ കടകളിലെ സെയിൽസ് ജീവനക്കാർ.

മഹത്വൽക്കരിക്കപ്പെട്ട ജോലിയായ അധ്യാപക വൃത്തി ചെയ്യുകയും, മാസം വെറും Rs-2000 മാത്രം ശമ്പളം ആയി വാങ്ങുകയും ചെയ്യുന്ന അണ് എയിഡഡ് സ്കൂളിലെയും കോളേജിലെയും അദ്ധ്യാപകർ, എവിടെ നോക്കിയാലും കാണുന്ന എഞ്ചിനിയറിങ് കോളജിലെ വല്ലപ്പോഴും മാത്രം ശമ്പളം വാങ്ങുവാൻ ഭാഗ്യം സിദ്ധിക്കുന്ന അധ്യാപകർ, വളരെ തുച്ഛമായ ശമ്പളത്തിന് ജോലി നോക്കേണ്ടി വരുന്ന വമ്പൻ റീട്ടയിൽ ചെയിനുകളിലെ സെയിൽസ് തൊഴിലാളികൾ..

അവർ തെരുവിൽ പണിയെടുക്കുന്നവർ അല്ല .അവരിൽ പലരും അഭ്യസ്തവിദ്യർ തന്നെയാണ്. പൊതു ജനത്തിന്റെ ചൂക്ഷണത്തിന് ദിവസവും വിധെയരാകേണ്ടവർ . തൊഴിൽ ധാതാവിനാൽ ചവുട്ടി അരയ്ക്കപ്പെടുന്നവർ . മത സ്ഥാപങ്ങളുടെ ചൂക്ഷണം നിശബ്ദവും സഹിക്കേണ്ടി വരുന്നവർ. വീട്ടിൽ പ്രാരാബങ്ങളുടെ ചരട് കൊണ്ട് വയറു മുറുക്കി മാന്യതയുടെ വസ്ത്രം ധരിക്കേണ്ടി വരുന്നവർ.

നിവൃത്തികേടിന്റെ നീതി ശാസ്ത്രം കൊണ്ട് മാത്രം വീട് വിട്ടിറങ്ങിയവർ

നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മയുടെയും ,പട്ടിണിയുടെയും നടുവിൽ നിന്ന് നിവൃത്തി കേടിന്റെ നീതി ശാസ്ത്രം മൂലം നാട് വിട്ട് ,മരുഭൂമിയിലെ പൊള്ളുന്ന വെയിലത്തു ,ശരീത്തിലെ അവസാന തേജ്ജസ്സ് വറ്റി പോകുന്നത് വരെ പണിയെടുത്തു ,നാട്ടിലേയ്ക്ക് പണം അയച്ച ഗൾഫ് മലയാളികൾ ഒരു വശത്ത്.

അൽപ്പ വരുമാനമുള്ള മാതാപിതാക്കന്മാരുടെയും ,തനിക്ക് താഴെയുള്ള സഹോദരങ്ങളുടെയും സാമ്പത്തിക ഭദ്രതയെ പിടിച്ചുലച്ചു, കേട്ട് കേൾവി പോലും ഇല്ലാത്ത ഉത്തരേന്ത്യൻ നഗരങ്ങളിലെ അംഗീകാരമുള്ളതും ,ഇല്ലാത്തതുമായ നേഴ്‌സിംഗ് കോളേജ്ജുകളിൽ പഠനത്തിന് പോയ അര പട്ടണിക്കാരുടെ കഥകൾ അവർ പോലും ഇപ്പോൾ ഓർക്കാൻ ഇഷ്ട്ടപെടുന്നുണ്ടാവില്ല.

ഭാഷ വശമില്ലാതെ ,വഴികളോ,ആളുകളെയോ പരിചയമില്ലാതെ ,കോളജ്ജ് അധികാരികളുടെയും ,അധ്യാപകരുടെയും,തദ്ദേശ വാസികളുടെയും ഒക്കെ കൊടിയ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരകളായിട്ടുണ്ട് ഇവരിൽ പലരും . മനുഷ്യ സാധ്യമല്ലാത്ത രീതിയിൽ ദിവസം മുഴുവൻ ഇവർക്ക് പണിയെടുക്കേണ്ടി വന്നിട്ടുണ്. അവർ ആരോട് പരാതിപ്പെടാൻ ?

പഠിത്തം ഉപേക്ഷിച്ചു നാട്ടിലോട്ട് പോയാൽ അവരെ കാത്തിരിക്കുന്നത് താൻ തന്നെ പട്ടിണിയിലേക്ക് തള്ളി വിട്ട കുടുംബവും, കടക്കാരുമാണ്. നമ്മുടെ എത്രയോ സഹോദരികൾ ബലാത്‌സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. എത്രയോ പേർ കൊല്ലപ്പെട്ടിട്ടുണ്ട്, അതിലും എത്രയോ പേര്‍ ആത്‍മഹത്യ ചെയ്തിട്ടുണ്ട്.

ഈ പെൺകുട്ടികൾ പഠിത്തം മുഴുപ്പിച്ചാൽ ,നക്കാപ്പിച്ച ശമ്പളത്തിന് ഇവരെ കൊണ്ട് പണിയെടുപ്പിച്ചു ആശുപത്രികൾ കൊഴുക്കുന്നു . കിട്ടുന്ന വരുമാനം കൊണ്ട് താൻ ഉൾപ്പെടെയുള്ളവരുടെ ഏറ്റവും ചെറിയ ചിലവ് പോലും വഹിക്കാൻ പറ്റാതെ അരിഷ്ട്ടപെടുന്ന സമയത്താണ് ,ചുറ്റുമുള്ളവരുടെ ആവശ്യങ്ങളും, കടക്കാരുടെ ഓർമ പെടുത്തലുകളും കൂടുന്നത്.

തനിക്കു മുൻപേ ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആളുകളുടെ പാത പിന്തുടർന്ന് ആശ്വാസത്തിന്റെ മരുപ്പച്ച തേടി ഉത്തരേന്ത്യൻ നഗരങ്ങളിലും ഗൾഫിലും ,അമേരിക്കയിലും മറ്റും എത്തിപ്പെട്ട കുറച്ചു ആളുകളിലാണ് നമ്മുടെ നാട്ടിൽ വസന്തം വിരിയിച്ചു തുടങ്ങിയത് . അവർ ഒന്ന് പച്ച പിടിച്ചപ്പോൾ അവരുടെ സദാചാരത്തെ പറ്റിയായി പിന്നീട് നമ്മുടെ വേവലാതി.

ശമ്പളവും,കമ്മീഷനും,നിയമ വിധെയവും,അല്ലാതെയുമുള്ള പല രീതികളുടെ സ്വകാര്യ ആശുപതികൾ രോഗികളുടെ ചോര കുടിച്ചു വീർക്കുമ്പോൾ ,അവർക്ക് കൂട്ട് നിൽക്കുന്ന ഡോക്ക്റ്റർമാർ തങ്ങളുടെ സഹപ്രവർത്തകരായ നേഴ്‌സുമാരുടെ കഷ്ടത കണ്ടില്ല എന്ന് നടിക്കുമ്പോൾ നിങ്ങളിലെ മനുഷ്യത്വത്തെ രോഗികൾ എങ്ങനെ നമ്പും ?

കയ്യടിക്കാൻ ആളില്ലാത്ത ഗൗരവമായ ഇടപെടലുകൾ:

ബഹു. കെ ആർ ഗൗരിയുടെ ഭൂപരിഷ്‌ക്കരണ നിയമവും,ബഹു:ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലും, ബഹു:AK ആന്റണിയുടെ സർക്കാർ ജീവനക്കാരുടെ സമരം നേരിടലും ,ബഹു:ഉമ്മൻ ചാണ്ടിയുടെ കാലത്തു നടത്തിയ ജന സമ്പർക്ക പരിപാടി, രോഗികൾക്കും, പാവങ്ങൾക്കും വേണ്ടിയുള്ള കാരുണ്യ ലോട്ടറിയും പോലുള്ള സ്കീമുകൾ തുടങ്ങിയവയൊക്കെയാണ് ഒരു സർക്കാരിൽ നിന്നു സാധാ ജനം ആഗ്രഹിക്കുന്നത്.. ഇതിന് കയ്യടി കുറവായിരിക്കും. വില പേശാൻ കെൽപ്പുള്ള സംഘടനകളുടെ വോട്ട് /സാമ്പത്തിക പ്രോത്സാഹനവും കുറവായിരിക്കും.

ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്തവരെ കൈപിടിച്ചു ഉയർത്തുന്ന ,നമ്മുടെ സർക്കാർ എന്നു ഏതു പാവപ്പെട്ടവനും അഭിമാനത്തോടെ പറയാൻ പറ്റുന്ന സർക്കാരാണ് ഒരു ക്ഷേമ രാഷ്ട്രത്തിന്റെ മുഖ മുദ്ര .

ഇവർക്കും മനുഷ്യവകാശങ്ങളും പൊതു നീതിയും ഉറപ്പുവരുത്തണം.

വിളക്കേന്തിയ വെള്ളരി പ്രാവുകൾ എന്നു ഓമന പേരുണ്ടെകിലും ഏറ്റവും കൂടുതൽ നീതി നിഷേധിക്കപ്പെടുന്ന ഒരു വർഗമാണ് സ്വാകാര്യ മേഖലയിലെ നേഴ്‌സുമാർ.. പല ആശുപത്രികളിലും ഇവർ ഭീതിയോടെ തന്നെയാണ് ജോലി നോക്കുന്നത്.. നിസ്സാരമായ ശമ്പളവും,വിശ്രമം ഇല്ലാത്ത ജോലിയും.

പ്രതികരിക്കുവാൻ പോയിട്ട് ഒന്നു ഉറക്കെ സംസാരിക്കുവാൻ വരെ ഇവർക്ക് ഭയമാണ്.. സർക്കാർ നിശ്ശ്ചയിച്ച വേതനം നൽകാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകണം. തൊഴിൽ മേഖല മരവിച്ച ഈ നാട്ടിൽ, പുറം നാട്ടിൽ പോയി നമ്മുടെ നാട്ടിലേയ്ക്ക് പണം ഒഴുക്കിയവരാണ് അവർ. അന്യൻ വിയർക്കുന്ന പണം കൊണ്ട് ആഹാരം കഴിച്ചു, അവരുടെ പണം പിടിച്ചു വാങ്ങുന്ന ആളുകൾ അവർക്കും മാന്യമായ ശമ്പളം എങ്കിലും തിരിച്ചു കൊടുക്കുക.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+