Advertisment

വൈഎംസിഎ സാഹിതീയം: എല്ലാറ്റിനും മീതെ മനുഷ്യനെ പ്രതിഷ്ടിക്കാനും മനുഷ്യാംശത്തെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കാനും കഴിയുന്ന മനസ് രൂപപ്പെടുത്തുന്നതില്‍ മലയാള സാഹിത്യ കൃതികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് പെരുമ്പടവം ശ്രീധരന്‍

New Update

തിരുവനന്തപുരം:  എല്ലാറ്റിനും മീതെ മനുഷ്യനെ പ്രതിഷ്ടിക്കാനും മനുഷ്യാംശത്തെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കാനും കഴിയുന്ന മനസ് രൂപപ്പെടുത്തുന്നതില്‍ മലയാള സാഹിത്യ കൃതികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

Advertisment

ജാതി വ്യവസ്ഥക്കെതിരെയും ജന്മിത്വത്തിനെതിരെയും മലയാളിയുടെ മനസ്സില്‍ കലാപം സൃഷ്ടിച്ച സാഹിത്യകാരന്മാര്‍ വഹിച്ച പങ്ക്, രാഷ്ട്രീയ പാര്‍ട്ടികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെയും സംഭാവനകളോടു ചേര്‍ത്ത് വച്ചു വേണം കേരളത്തിന്റെ സാമൂഹ്യ പുരോഗതിയെ വിലയിരുത്തേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

publive-image

തിരുവനന്തപുരം വൈ എം സി എ സംഘടിപ്പിച്ച 'സാഹിതീയ'ത്തില്‍ സാഹിത്യവും സാമൂഹ്യ പുരോഗതിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പെരുമ്പടവം. സാഹിത്യ ചര്‍ച്ചകള്‍ക്ക് വേണ്ടി വൈ എം സി എ സംഘടിപ്പിക്കുന്ന പ്രതിമാസ കൂട്ടായ്മയാണ് സാഹിതീയം.

ജാതീയമോ, രാഷ്ട്രീയമോ ആയ കൂട്ടുകെട്ടുകളില്ലാത്ത ഒറ്റപ്പെട്ട വായനയും എഴുത്തും മാത്രം ചെയ്യാനറിയാവുന്ന ഒരു എളിയ സാഹിത്യകാരനാണ് താന്‍ എന്ന് പെരുമ്പടവം പറഞ്ഞു.  എഴുതാനിരിക്കുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് തന്റെ മനസിലെ പച്ചിലക്കാടുകള്‍ കത്തിയെരിയുന്ന അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഗ്രന്ഥം എങ്ങനെ മനുഷ്യന് ദര്‍ശനവും ഉള്‍ക്കരുത്തും കര്‍മ്മ ചൈതന്യവും നല്‍കുന്നു എന്നതിന് തെളിവാണ് റസ്കിന്റെ 'അണ്‍ടു ദ ലാസ്റ്റ്' (Unto the Last) മഹാത്മജിയുടെ മേല്‍ ചെലുത്തിയ സ്വാധീനം. അതെങ്ങനെ ഭാരതത്തിന്റെ സാമൂഹിക പുരോഗതിക്ക് നിമിത്തമായി എന്നത് ചരിത്രമാണ്.

ലോകമെങ്ങും സാഹിത്യ കൃതികള്‍ സാമൂഹിക മാറ്റങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. റഷ്യന്‍ സാഹിത്യം സാര്‍ ചക്രവര്‍ത്തിയുടെ ദുര്‍ഭരണത്തിനെതിരെ സമത്വാധിഷ്ടിതമായ ഒരു പുതു സമൂഹം സൃഷ്ടിക്കുന്നതിനു നടന്ന കലാപത്തില്‍ വഹിച്ച പങ്ക് സുവിദിതമാണ്.

ഇസ്ബന്റെ 'ഡോള്‍സ് ഹൗസ്' എന്ന നാടകത്തില്‍ വീടിന്റെ വാതില്‍ വലിച്ചടച്ച് നോറ ഇറങ്ങിപ്പോയപ്പോള്‍ ആ ശബ്ദം യൂറോപ്പിനെ ആകെ ഞെട്ടിച്ചു. സ്ത്രീയുടെ സ്വത്വത്തെ ആദരിക്കണമെന്നുള്ള സന്ദേശം ലോകമാകെ പടര്‍ന്നത് സാഹിത്യ കൃതികളിലൂടെയാണ്.

വി ടി ഭട്ടതിരിപ്പാട് സ്ത്രീയെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കൊണ്ടു വന്നപ്പോള്‍ മാറ്റമുണ്ടായത് നമ്പൂതിരി സ്ത്രീകള്‍ക്ക് മാത്രമല്ല.  ചൂഷണത്തിനും പീഡനത്തിനുമിരയായ സ്ത്രീയുടെ വിമോചനം സാമൂഹ്യ പുരോഗതിയുടെ ഉരകല്ലാണെന്ന് സാഹിത്യം വിളിച്ചോതുന്നു എന്ന് പെരുമ്പടവം പറഞ്ഞു.

വൈ എം സി എ പ്രസിഡന്റ് ബാബു കെ മാത്യു അധ്യക്ഷനായിരുന്നു. ജനറല്‍ പ്രോഗ്രാംസ് കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് ജോസഫ് സ്വാഗതവും സീനിയര്‍ സെക്രട്ടറി ഇ വി ഷൈജു കൃതജ്ഞതയും പറഞ്ഞു.

Advertisment