ഉറങ്ങിയ ശേഷം ഉറങ്ങുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ട അൽഫോൻസ് കണ്ണന്താനത്തെ കളിയാക്കി ട്രോളന്മാർ; ഫേസ്ബുക്കിൽ ട്രെൻഡായി ‘കണ്ണന്താനം സ്ലീപ്പിങ് ചലഞ്ച്’

എസ് . എസ് . അനമുടി
Wednesday, August 22, 2018

ങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ എത്തി ഉറങ്ങിയ ശേഷം താൻ ഉറങ്ങുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ആലപ്പുഴ കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം രാത്രി വൈകിയാണ് അദ്ദേഹം ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവച്ചത്.

“ചങ്ങനാശ്ശേരി എസ് ബി ഹൈ സ്കൂൾ ക്യാംപിൽ കിടന്നുറങ്ങുവാൻ തീരുമാനിച്ചു” എന്ന ക്യാപ്ഷനിൽ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിൻറെ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ കാര്യങ്ങൾ അവിടെ കൈവിട്ടുപോയി. പ്രളയദുരന്തത്തിൽ നിദ്രയിലായിരുന്നു ട്രോളന്മാർക്കുള്ള ഉണർത്തുപാട്ട് ആയിരുന്നു അത്. വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ട്രോളുകൾ വിവിധ ഗ്രൂപ്പുകളിലായി നിമിഷനേരംകൊണ്ട് പ്രത്യക്ഷപ്പെട്ടു.

അതോടൊപ്പം പോസ്റ്റിലുള്ള പ്രതികരണങ്ങളും കമൻറ്കളും നിമിഷനേരംകൊണ്ട് ആയിരം കടന്നു. പക്ഷേ ലൈക്കുകളെക്കാൾ കൂടുതൽ “കുമ്മോജികൾ” ആണ് ഈ പോസ്റ്റിൽ ലഭിച്ചത്. പോസ്റ്റിന് കിട്ടിയ മുപ്പതിനായിരം പ്രതികരണങ്ങളിൽ ഇരുപത്തിയാറ് ആയിരവും കുമോജികൾ ആയിരുന്നു.

കളി കൈവിട്ടു എന്ന് മനസ്സിലാക്കിയ കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തെത്തി. “തൻറെ സോഷ്യൽമീഡിയ സ്റ്റാഫ്‌ ആണ് ചിത്രങ്ങൾ ഷെയർ ചെയ്തതെന്നും ദയവായി ക്ഷമിക്കുമല്ലോ” എന്നും അദ്ദേഹം പോസ്റ്റിനു താഴെ കമൻറ് ഇട്ടു. ഒപ്പം പോസ്റ്റിൽ “ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂൾ ക്യാമ്പിൽ “എന്ന് എഡിറ്റിംഗ് നടത്തി.

ഇതിനിടയിൽ ഫേസ്ബുക്കിൽ ‘കണ്ണന്താനം സ്ലീപ്പിങ് ചലഞ്ച് ” എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആയി മാറി. ഉറങ്ങുകയാണ് എന്ന അടിക്കുറിപ്പോടെ കൂടി നൂറുകണക്കിന് ഫോട്ടോകളാണ് നിരവധിപേർ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തത് .

കണ്ണന്താനത്തിന് സാധാരണ ഉള്ള പോസ്റ്റിന് അഞ്ഞൂറോളം മാത്രം പ്രതികരണങ്ങൾ ലഭിക്കുമ്പോൾ ഉറക്കം പോസ്റ്റിന് പ്രതികരണങ്ങൾ മുപ്പതിനായിരം കടന്നു.

×