ഈ വര്‍ഷം മഴ കുറയും, കരുതിയിരിക്കണമെന്ന് കാണിപ്പയ്യൂര്‍ പ്രവചിച്ചപ്പോള്‍ സംഭവിച്ചത് നൂറ്റാണ്ടിലെ മഹാപ്രളയം ! ജ്യോതിഷരത്നങ്ങളിലെ പ്രമുഖനെ ട്രോളി സോഷ്യല്‍ മീഡിയ ! തെറ്റ് പറ്റിയെന്ന് തുറന്നു സമ്മതിച്ച് കാണിപ്പയ്യൂര്‍ 

ജൂലിയസ് തോമസ്‌, തൃശൂര്‍
Tuesday, August 21, 2018

തൃശൂര്‍:  മലയാളത്തിലെ ജ്യോതിഷ രത്നങ്ങളില്‍ കാണിപ്പയ്യൂര്‍ നമ്പൂതിരിമാരുടെ പ്രാധാന്യവും വിശ്വാസ്യതയും പ്രമുഖ സ്ഥാനത്താണ്.  ആ നിരയിലുള്ളവരില്‍ ഇപ്പോഴത്തെ പ്രമുഖനാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി.

പ്രമുഖ ചാനലുകള്‍ വിഷു ഫലവും ജ്യോതിഷ വിചാരവും പങ്കുവയ്ക്കാന്‍ ആശ്രയിക്കുന്നതില്‍ പ്രധാനിയാണ്‌ ഇദ്ദേഹം. പക്ഷേ ഇത്തവണ കാണിപ്പയ്യൂരിന് പണി കിട്ടി. ഈ വര്‍ഷം മഴ കുറവായിരിക്കുമെന്നും അതിനാല്‍ വൈദ്യുതി ഉത്പാദനത്തില്‍ ഉണ്ടാകാവുന്ന കുറവ് കെ എസ് ഇ ബി ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും കണക്കുകയും തീയതിയും അക്കമിട്ട് നിരത്തി കാണിപ്പയ്യൂര്‍ വിവരിക്കുന്ന ചാനല്‍ അഭിമുഖമാണ് കാണിപ്പയ്യൂരിന് പണിയായത്.

കാണിപ്പയ്യൂര്‍ മഴ കുറവായിരിക്കുമെന്ന് പ്രവചിച്ച നാളുകളില്‍ ലഭിച്ചത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാ പ്രളയം. ഇതോടെ കാണിപ്പയ്യൂരിന്റെ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പുമായി സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ കളം നിറഞ്ഞു. ഒടുവില്‍ തനിക്ക് തെറ്റ് സംഭവിച്ചുവെന്ന് കാണിപ്പയ്യൂരിന് തുറന്നു സമ്മതിക്കേണ്ടതായും വന്നു.

“അബദ്ധം പറ്റിയെന്ന് വിചാരിച്ചാല്‍ മതി. ശാസ്ത്രത്തില്‍ എന്ത് കണ്ടോ അതാണ്‌ പറഞ്ഞത്. എന്നാല്‍ ശാസ്ത്രം തെറ്റാണെന്ന രീതിയില്‍ നടക്കുന്ന പ്രചരണം ശരിയല്ല. തനിക്ക് തെറ്റ് പറ്റിയിരിക്കാം, തെറ്റ് പറ്റാമല്ലോ?” എന്നാണ് പ്രമുഖ ചാനലിനോട് കാണിപ്പയ്യൂര്‍ പ്രതികരിച്ചത്.

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കാണിപ്പയ്യൂരിനെ രണ്ടു പേര്‍ ചേര്‍ന്ന് എടുത്തുപൊക്കി കൊണ്ടുപോകുന്ന ചിത്രങ്ങള്‍ സൃഷ്ടിച്ചായിരുന്നു ട്രോളര്‍മാരുടെ ആക്രമണം. എന്തായാലും ജ്യോതിഷ രത്നങ്ങളുടെ പ്രാമുഖ്യ സ്ഥാനം ഇതോടെ കാണിപ്പയ്യൂരിന് കൈമോശം വന്നിരിക്കുന്നു.

×