ലോക സൈക്കിള്‍ ദിനത്തില്‍ ഗ്രാന്‍ഡ് ഹയാത് കൊച്ചി ബോള്‍ഗാട്ടിസൈക്കിള്‍ സവാരി സംഘടിപ്പിച്ചു

Monday, June 4, 2018

ലോകസൈക്കിള്‍ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി ഗ്രാന്‍ഡ് ഹയാത് ബോള്‍ഗാട്ടിയും കൊച്ചിന്‍ ബൈക്കേഴ്‌സ് ക്ലബും സംയുക്തമായി സൈക്കിള്‍ സവാരി സംഘടിപ്പിച്ചു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച സൈക്കിള്‍സവാരി 50 കിലോമീറ്റര്‍ദൂരം പിന്നിട്ട് ഗ്രാന്‍ഡ് ഹയാത് കൊച്ചി ബോള്‍ഗാട്ടിയിലെ തനത് ബാങ്കോക്ക്‌സ്ട്രീറ്റ് ഫുഡ് റസ്റ്റോറന്റായ തായ്‌സോളില്‍ ആരോഗ്യപൂര്‍ണമായ പ്രഭാതഭക്ഷണത്തോടെ സമാപിച്ചു.

ബിസിനസ്, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 14 വനിതകളുള്‍പ്പെടെ 200 പേരാണ് വേമ്പനാട് കായലിന്റെ പശ്ചാത്തലത്തില്‍ മനോഹരവും ആകര്‍ഷകവുമായ ഗ്രാന്‍ഡ് ഹയാത് ബോള്‍ഗാട്ടിയില്‍ ഒത്തുചേര്‍ന്നത്. സൈക്കിള്‍സവാരിയോടുള്ള കമ്പത്തിനപ്പുറം ഭക്ഷണവും ആരോഗ്യ സംരക്ഷണവും ചര്‍ച്ചാവിഷയമായി.

കൊച്ചിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരുക്കിയിട്ടുള്ള റിക്രിയേഷന്‍, വെല്‍നസ് സൗകര്യങ്ങളെ കൂടുതല്‍ അടുത്തറിയുവാന്‍ സൈക്കിള്‍സവാരിയില്‍ പങ്കെടുത്തവരും മാധ്യമപ്രവര്‍ത്തകരും സാന്തതസ്പായും ഫിറ്റ്‌നസ്‌സെന്ററും സന്ദര്‍ശിച്ചു.

14 വയസ്സുകാരിയായ പ്രൊഫഷണല്‍ സൈക്ക്‌ളിസ്റ്റും തായ്‌ക്വോണ്ഡു ആര്‍ട്ടിസ്റ്റുമായ കൃതിക പൈ, മാധ്യമപ്രവര്‍ത്തകനും ഡിസൈനറും ദീര്‍ഘദൂരസൈക്കിള്‍ സഞ്ചാരിയുമായ 65 വയസ്സുകാരന്‍ അജിത് വര്‍മ്മ, 70 കാരനായ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. അലക്‌സാണ്ടര്‍ എന്നിവരാണ് സവാരിയില്‍ പങ്കെടുത്തവരില്‍ ചിലര്‍.

ബൃഹത്തായ ഇത്തരമൊരു പരിപാടി ഹോട്ടലില്‍ നടത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗ്രാന്‍ഡ് ഹയാത് കൊച്ചി ബോള്‍ഗാട്ടി ജനറല്‍ മാനേജര്‍ ഗിരീഷ് ഭഗത് പറഞ്ഞു.

കൊച്ചിക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ നടത്തുന്ന ഏതൊരു പ്രവര്‍ത്തനത്തിനും ഗ്രാന്‍ഡ് ഹയാത് കൊച്ചി ബോള്‍ഗാട്ടിയിലെ ജീവനക്കാരുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘സമാനമായ താല്‍പര്യങ്ങള്‍ പങ്ക് വെയ്ക്കുന്ന ഒരു സംഘം ആളുകള്‍ക്ക് ഹോട്ടലിലെ ഫിറ്റ്‌നസ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതിലും ഏറെ അഭിമാനമുണ്ട്. ഭാവിയിലും ഇത്തരം സംരംഭങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു,’ ഗിരീഷ് ഭഗത് പറഞ്ഞു.

×