ചോർന്നൊലിയ്ക്കുന്ന കൂര

ജയശങ്കര്‍ പിള്ള
Saturday, November 24, 2018

മുഖമില്ലാതെ കുറഞ്ഞവരികളിൽ കാര്യത്തിലേയ്ക്ക് കടക്കാം. രാജ്യമെങ്ങും ഇരുളിന്റെ തിരശ്ശീല വീഴുകയാണ്.ജനങ്ങൾ ഇന്ന് ജീവിയ്ക്കുന്നത് ചോർന്നൊലിയ്ക്കുന്ന ഒരു കൂരയ്ക്ക് കീഴിലാണ്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിൽ മാറി മാറി വന്നു ഇന്ത്യഭരിച്ച കുടപിടുത്തക്കാർ അവർ മേൽക്കൂരയും മോന്തായവും വരെ മാറ്റി നോക്കി. പണിതും നോക്കി.തച്ചന്മാർ മാറി മാറി പണിതിട്ടും, തച്ചന്റെ പണി മാറ്റി പണിതിട്ടും ചോർച്ച മാറാത്ത രാജ്യമാണ് ഭാരതം.

സിരകളിൽ ഓടുന്നത് ചോരയാണെന്നും അതിന്റെ നിറം ചുവപ്പാണെന്നും മനുഷ്യവർഗ്ഗം സ്ത്രീയിലും പുരുഷനിലും ഒതുങ്ങുന്ന മതമാണെന്നും അറിയാത്ത രാഷ്ട്ര പുനഃനിർമ്മാതാക്കൾ ആയ രാഷ്ട്രീയക്കാർ. കേവലം ഒരു ദശാബ്ദത്തിനു വേണ്ടി മാത്രമായി സ്വതന്ത്ര ഇന്ത്യയിൽ തുടങ്ങിവച്ച ജാതി സംവരണങ്ങൾ,വിവിധ മതങ്ങൾക്കായി ഉണ്ടാക്കിയ നിയമങ്ങൾ. നാം ജനങ്ങൾ ആരെയാണ് ഭയക്കേണ്ടുന്നത്?ഏതു നിയമനാണ് ആണ് പിന്തുടരേണ്ടത്?

ഒരു സാധാരണ പൗരൻ അന്നന്ന് പണിയെടുത്തു കുടുംബം പുലർത്താൻ പണിപ്പെടുന്ന രാജ്യത്തു ഏതു നിയമവും,രാഷ്ട്രീയവും, സദാചാരവും ആണ് പാലിയ്ക്കപ്പെടേണ്ടത് എന്ന നഗ്ന സത്യം ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ? ഇതൊരു ചോദ്യം മാത്രമല്ല ചോദ്യാവലിയിലേക്കുള്ള ചൂണ്ടു പലക മാത്രമാണ്.

ഞാനിതു എഴുതുമ്പോൾ ഇരിക്കുന്നത്‌ സോഷ്യലിസത്തിലും, വ്യക്തി സ്വാതന്ത്രത്തിലും,മാനുഷിക പരിഗണനയിലും ചുക്കാൻ പിടിയ്ക്കുന്ന രാജ്യത്തിൽ നിന്നാണ്. അത് കൊണ്ട് തന്നെ ദൈനം ദിന നിയമങ്ങളിൽ, പ്രക്രിയകളിൽ ഒതുങ്ങി ഇഴുകി ചേരുന്ന ഇന്ത്യൻ ജനതയെ കാണുമ്പോൾ ജനാധിപത്യ ഇന്ത്യയുടെ ദയനീയതയും,പരാജയവും അടുത്തറിയുന്നു.

എന്നിരിയ്ക്കിലും ഒരു ഭാരതീയൻ,കേവലം ഒരു മലയാളി എന്ന നിലയിൽ ഇന്ത്യൻ ഭരണ വ്യവസ്ഥ പാലിയ്ക്കപ്പെടുവാനും,അനുഭവിക്കുന്നു എന്ന് സ്വയം അവകാശപെടുവാനും നമുക്ക് കഴിയുന്നുണ്ടോ?!

ഇല്ല എന്ന് മാത്രമല്ല വർധിച്ചുവരുന്ന മലയാളി പ്രീണനത്തിൽ, സ്വദേശി വികാരത്തിയിൽ കുത്തിവയ്ക്കപ്പെട്ട ഒരു മേധാവിത്വ വർഗ്ഗം ഇവിടെ വളർന്നു പന്തലിച്ചിരിക്കുന്നു.

കനേഡിയൻ മലയാളി നേതാക്കളുടെ കാര്യത്തിൽ അത് പേരെടുക്കാൻ,പണം പിരിയ്ക്കാൻ ആയി മാത്രം ഒതുങ്ങുന്ന കൂട്ടായ്മകളിൽ ആനന്ദം കണ്ടെത്തുന്ന മലയാളികൾ ഇന്ന് “ഗൂഗിൾ ഡോക്കിലും”വാട്സാപ്പിലും.” ,”ഫണ്ട് റൈസിംഗിലും”, മറ്റു സോഷ്യൽ മീഡിയയിലും ഒതുങ്ങി ബാങ്ക് വായ്പ തിരിച്ചടയ്ക്കലിലും ,നാട്ടിലേയ്ക്ക് യാത്രാ ടിക്കറ്റ് തരപ്പെടുത്തുന്ന തിരക്കിൽ ആണ്.(അധികം എഴുതി ശത്രുവിനെ കൂട്ടുന്നില്ല- ചാവുമ്പോൾ ആൾ കൂടണ്ടേ ചങ്ങാതീ …).

ഇന്ന് ശബരിമല എങ്കിൽ ഇന്നലെ ഫ്രാങ്കോയെ മുളപ്പിച്ചു.നാളെ ഏതു ആടിന്റെ ബലിപ്പെരുന്നാൾ എന്ന് നിശ്‌ചയം ഇല്ലാത്ത മലയാളിയുടെ രാഷ്ട്രീയത്തിൽ വർഗ്ഗീയ വിഷം കുത്തിവയ്ക്കുന്നത് ആരാണ്.

ചുരുക്കം ചില്ല അക്ഷരങ്ങളിൽ തീരുന്ന ഉത്തരമാണ് എങ്കിൽ കൂടി ചോദിയ്ക്കുന്നു . ആരാണ് യഥാർത്ഥ വര്ഗ്ഗീയ വാദി ഹിന്ദുവോ?മുസ്ലീമോ? അതോ ക്രിസ്ത്യാനോ? അറിയുവാൻ നിങ്ങൾ സ്വയം ഉണരേണ്ടി ഇരിയ്ക്കുന്നു.

ഓരോ പ്രശ്നങ്ങളിലും ജാതിയും,മതവും,പേരും നോക്കി നിയമം നടപ്പിലാക്കുന്ന ഭരണാധികാരികൾ ആണ് യഥാർത്ഥ വർഗീയ വാദികൾ. അയ്യപ്പനും ,ഷെയ്ക്കും,പുണ്യാളനും ഒക്കെ മത മേധാവിത്വത്തിന്റെ സൃഷ്ടികൾ മാത്രമാണെന്നും സംരക്ഷിയ്ക്ക പെടേണ്ടുന്നത് മാനുഷിക ജന്മങ്ങളെ,അവരുടെ മൂല്യങ്ങളെ,നമ്മുടെ സംസ്കാരത്തെ മാത്രമാണെന്നും ഓർമ്മപ്പെടുത്തുന്നു.

കതകിനു പിന്നിലെ,ഇരുട്ടിന്റെ മറവിൽ,ഒഴിവു സമയങ്ങളിലെ പുരുഷന്റെ കളിപ്പാട്ടവും,ഭോഗാവസ്‌തുവുമല്ല സ്ത്രീ എന്നും ജനം തുറന്നു മനസ്സിലാകുക അല്ല സമ്മതിയ്ക്കുക ആണ് വേണ്ടത്. ശബരിമലയും, മുസ്‌ലിം,ക്ക്രൈസ്തവ ദേവാലയങ്ങളിലും മാനുഷർക്കായി തുറന്നു കൊടുക്കട്ടെ,ലിംഗ ഭേദ്ദം ഇല്ലാതെ, സമയ, ദിവസ വ്യത്യാസമില്ലാതെ.

കാക്കി ഉടുപ്പിലും, കാവിയിലും ഖദറിലും മുക്കി നടത്തുന്ന രാഷ്ട്രീയ വ്യഭിചാരം നമ്മുടെ രാജ്യത്തിന്റെ ചോർന്നൊലിയ്ക്കുന്ന കൂരയ്ക്ക് കീഴിൽ ഇനിയും വേണമോ? ഇത് ചിന്തിയ്ക്കേണ്ടതും, പ്രവർത്തിയ്ക്കേണ്ടതും സമ്പൂർണ്ണ സാക്ഷര കേരളത്തിലെ ബഹുഭൂരിപക്ഷം ഉള്ള നിരക്ഷരൻ ആണ്. അടിയവരയിടുന്നു കേരളവും, ഭാരതവും ഇന്ന് ചോർന്നൊലിയ്ക്കുന്ന കൂരയ്ക്ക് കീഴിൽ മാത്രമാണ്.

അത് മാറ്റി മേയേണ്ടത്, മോന്തയ്യവും,ജാതി മത കഴുക്കോലുകൾ മാറ്റി സ്ഥാപിയ്ക്കേണ്ടതും, വിദ്യാസമ്പന്നർ ആയ ചെറുപ്പക്കാരിലൂടെ മാത്രമാണ്. മതേതര ഇന്ത്യയിൽ നിന്നും മത മേധാവിത്വ ഇന്ത്യയിലേക്കുള്ള വളർച്ചയെ കുറിച്ച് ഓരോ പൗരനും ബോധവാൻ ആകേണ്ടുന്ന സമയം അതിക്രമിച്ചിരിയ്ക്കുന്നു..

×