Advertisment

അതിക്രമം : തീവ്രത കുറഞ്ഞതും കൂടിയതും

author-image
admin
Updated On
New Update

- മിത്ര സിന്ധു

Advertisment

publive-image

സ്ത്രീ പുരുഷ ബന്ധങ്ങളെ അതിന്റെ വിശാലമായ അർത്ഥത്തിൽ കാണാനും ഉൾക്കൊള്ളാനും ഇനിയും പാകപ്പെട്ടിട്ടില്ലാത്തവരാണ് നമ്മൾ മലയാളികൾ എന്ന് വ്യക്തമായ സൂചനകളാണ് ഇപ്പോൾ പലയിടത്തു നിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്നത്..

ഒരിടത്ത് സോഷ്യൽ മീഡിയ നൽകുന്ന മായികമായ സുരക്ഷിത വലയം നൽകുന്ന ആത്മവിശ്വാസത്തിൽ വളർന്ന് വിളഞ്ഞു വിലസുന്ന ബന്ധങ്ങൾ. കൂടുതൽ വ്യക്തിസ്വാതന്ത്ര്യം നൽകുന്ന സൗഹൃദങ്ങളുടെ പുതിയ ആകാശങ്ങൾ ..

പുതിയ കാലം കൂടുതലായി നൽകുന്ന സഞ്ചാരസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും. ഒപ്പം നീതിന്യായ വ്യവസ്ഥയുടെ സംരക്ഷണവും... സംഗതി വലിയ കാര്യം തന്നെ !

എന്നാൽ "ഇല്ലത്തു നിന്ന് പുറപ്പെടേം ചെയ്തു അമ്മാത്ത് എത്തിയുമില്ല" എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ... തുറന്ന സൗഹൃദം , സൂര്യന് താഴെയുള്ള എന്തും പരസ്പരം വിനിമയം ചെയ്യാവുന്ന ഉയർന്ന തലത്തിലുള്ള ചിന്ത എന്നൊക്കെ പുരോഗമനം പറച്ചിൽ മാത്രം. കാര്യത്തോടടുക്കു മ്പോൾ ആ പഴയ സദാചാര പോലീസ് യുഗം തന്നെ !

തനിക്കെതിരേ ആരോപണം വരുമ്പോൾ അതെല്ലാം അംഗീകരിച്ചു കൊണ്ടു തന്നെ.. ഫോണിലും നേരിട്ടും രതി പറയുന്നതും ആവശ്യപ്പെട്ടുന്നതു മടക്കം ഇതെല്ലാം തങ്ങളുടെ അവകാശമെന്നും നീതി നിഷേധം തോന്നുന്നവർ സ്വയം ഓടി മാറിക്കോളമെന്ന് ആഹ്വാനം ചെയ്യുന്നയാൾ തന്നെ "ഇവരിൽ ആരുമായും ശാരീരിക ബന്ധം' പുലർത്തിയിട്ടില്ല" എന്ന് ആണയിട്ട് പറയുന്നത് തനിക്കുള്ള സാമൂഹ്യ അംഗീകാരം, സ്വീകാര്യത എന്നിവ നഷ്ടമാകുമെന്ന ഭയം കൊണ്ടല്ലേ? ചുരുക്കത്തിൽ സദാചാര പാലകൻ തന്നെ !!?

ഇനി, ആരോപണത്തിൽ നിന്ന് രക്ഷനേടാൻ ആരോപണമുന്നയിക്കുന്ന സ്ത്രീകൾ ആരുമായും സഹവസിക്കുന്നവരാണെന്ന് വരുത്തിത്തീർത്ത് താനും അത്തരമൊരു നിർബന്ധത്തിന് വിധേയനായിപ്പോയെന്ന് ഏറ്റുപറഞ്ഞ്‌ നിരപരാധിത്വം തെളിയിക്കാൻ വ്യഗ്രതപ്പെടുന്നവരുമുണ്ട്.

ഒപ്പം പത്നീ പ്രീതിയും അതുവഴി സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ നല്ല 'കുടുംബ ബന്ധം' സൂക്ഷിക്കുന്ന ആളെന്നു തെളിയിക്കാൻ ഭാര്യയോടൊപ്പമുള്ള ഫോട്ടോകൾ കൂടുതൽ പ്രസിദ്ധപ്പെടുത്തി ഭാര്യയെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കുമിവർ!. അതു വഴി ഭാര്യയെന്ന സ്ത്രീയേയും അപഹാസ്യയാക്കുന്നവർ.അപ്പോഴും ഉദ്ദേശം സ്ത്രീവിരുദ്ധതയും സദാചാര സംഹിതാ പാലനവും തന്നെ...!

ശാരീരികമായി എന്തെങ്കിലും നടന്നുവോ, എങ്കിൽ മാത്രം "പീഡനം" എന്ന മട്ടിൽ ഉറ്റുനോക്കുന്ന സമൂഹം...! ഇല്ലെങ്കിൽ , ശാരീരികമായി വിധേയയായിട്ടുണ്ടെങ്കിൽ, അത് സ്വേഛാപരവും കൂടിയാണെങ്കിൽ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള സാമൂഹ്യ ത്വര !! സത്യത്തിൽ ,സ്ത്രീയെന്നാൽ 'ഉടൽ ' മാത്രമായി പരിമിതപ്പെടുത്താനേ ഈ ഉന്നത ചിന്തകർക്കു പോലുമാകുന്നുള്ളൂ എന്നതിൽ സഹതപിക്കുകയല്ലാതെ വയ്യ!

അതിക്രമങ്ങൾ തീവ്രമോ ലോലമോ എന്നതല്ല; വെർബൽ ആയാലും ഫിസിക്കൽ ആയാലും അധിനിവേശങ്ങൾ അംഗീകരിക്കാനാവില്ല.

സമൂഹത്തിന്റെ സദാചാര നോട്ടങ്ങളും ആണധികാരവും അധിനിവേശവും ഒന്നും മാറ്റമില്ലാതെ തുടരുന്നതിനാൽ നമ്മളെത്രയും ജാഗ്രത പുലർത്തുക എന്നതു തന്നെയാണ് കാര്യം.

സ്ത്രീ പുരുഷ കൂട്ടുകെട്ടിനെ ശരീരപരമായ കുറ്റിയിൽ തളച്ചിടാതെ രണ്ടു പേർക്കിടയിലുള്ള സൗഹൃദത്തിന്റെ ആഴം നട്ടെല്ലു നിവർത്തി തികച്ചും സ്വാഭാവികമായി പറയാൻ സാധിക്കാവുന്ന ഒരിടം ഇനിയും ഇവിടെ സാധ്യമാകേണ്ടതുണ്ട്..

തന്റെ സ്ത്രീ / പുരുഷ സുഹൃത്തെന്ന് ആരോടും തന്റെ പങ്കാളിയോട് തന്നെയും ഒളിച്ചുകളികളില്ലാതെ തുറന്നു പറയാൻ സാധിക്കാവുന്ന രീതിയിൽ ബന്ധങ്ങൾ കുറെക്കൂടി വിശാലമായ അർത്ഥത്തിൽ സ്വീകരിക്കാൻ മലയാളി മനസ്സ് ഇനിയും പാകപ്പെടേണ്ടതുണ്ട്. അല്ലാതെ ഒരേ സമയം വിശാലമായ ലോകം ആഗ്രഹിക്കുകയും താനും സദാചാര സീമക്കകത്തു തന്നെയെന്ന് സ്ഥാപിക്കാനായി ഒളിസേവ നടത്തുകയുമല്ല വേണ്ടത്..

സത്യത്തിൽ ഇതൊരു 'ഹീലിംഗ് ക്രൈസിംസ്' ഘട്ടമാണ്... അഥവാ സംക്രമണ ഘട്ടമാണ്. പുനരുജ്ജീവനത്തിനു വേണ്ടി സ്വയം ജീർണ്ണതക്കു വിധേയമാകലാണ്.. 'വിഴുപ്പലക്കൽ'എന്ന കർമ്മം ഇവിടെ അനിവാര്യമാകുന്നത് ഈ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണ്.. ആചാരങ്ങൾ ഇനിയുമേറെ ലംഘിക്കാനുള്ളതാണ് .അത് അതിന്റെ വഴിക്ക് നടക്കട്ടെ..

ഇതിനെല്ലാമപ്പുറത്ത് സ്ത്രീയും പുരുഷനും പരസ്പരം വ്യക്തികളായി അംഗീകരിക്കുന്ന തുറന്ന സൗഹൃദങ്ങൾ എന്നുമുണ്ടായിട്ടുണ്ട്... അവ ഒരു പരിക്കുമില്ലാതെ എക്കാലത്തും നിലനിൽക്കുന്നുമുണ്ട്.. ഒരു തരത്തിലും പരസ്പരം ചൂഷണം ചെയ്യപ്പെടാത്തതിനാൽ ഹീന പ്രചരണങ്ങളും അപവാദങ്ങളും അതിന്റെ ഭാഗമാകാറില്ല..

ചതി, വഞ്ചന ,അധിനിവേശം, ജനാധിപത്യ ധ്വംസനം എന്നീ വാക്കുകളൊന്നും അതിന്റെ വിദൂര ഓർബിറ്റിനെപ്പോലും സ്പർശിക്കേണ്ടി വരാറില്ല.. പരസ്പരം ഭാരമാകാത്ത, കാറ്റുപോലെ മൃദുലമായ, സംഗീതം പോലെ സാന്ദ്രമായ ,മധുര മനോജ്ഞമായ ബന്ധങ്ങൾ.. അത്തരം നല്ല സൗഹൃദങ്ങൾ പുലരട്ടെ എന്നും എപ്പോഴും.. സ്ത്രീക്കും പുരുഷനും മാത്രമല്ല എല്ലാവർക്കും 'ജെൻറർ കോൺഷ്യസ്നെസ് ' ഇല്ലാതെ ഇടപഴകാവുന്ന സാമൂഹ്യാന്തരീക്ഷം സാധ്യമാകട്ടെ എന്നുപ്രത്യാശിക്കാം.

Advertisment