Advertisment

തള്ളക്കോഴി ചവിട്ടിയാലും പിള്ളക്കോഴിക്ക്‌ നോവും !

author-image
admin
Updated On
New Update

- അഡ്വ. എസ്‌. അശോകന്‍

Advertisment

തൊടുപുഴ:  പൂപ്പാറയിലെ തോട്ടം തൊഴിലാളി മുത്തുവിന്റെ ദാരുണാന്ത്യത്തോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ദേവികുളം ഫോറസ്റ്റ്‌ റെയിഞ്ചില്‍ മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹതഭാഗ്യരുടെ എണ്ണം ഇരുപത്തി ഒന്‍പതായി ഉയര്‍ന്നു.

രാഷ്‌ട്രീയ പാര്‍ട്ടികളുടേയും നേതാക്കന്‍മാരുടേയും അനുശോചന സന്ദേശങ്ങള്‍ക്കും പ്രതിഷേധത്തിനും ഒക്കെ ആയുസ്സ്‌ കാട്ടാനകള്‍ അടുത്ത ഇരയുടെ ജീവനെടുക്കുന്നതു വരെ മാത്രമാണ്‌. സംസ്ഥാന സര്‍ക്കാരാണെങ്കില്‍ ഇതൊന്നും കണ്ട മട്ടൊ അറിഞ്ഞ മട്ടൊ ഭാവിക്കുന്നില്ല. മന്ത്രിമാരും മുഖ്യമന്ത്രിയും ഒക്കെ മണിയാശാനു പഠിക്കുന്ന തിരക്കിലാണ്‌.

publive-image

നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ പ്രളയം വരും. കുറെ പേര്‌ മരിക്കും, കുറേ പേര്‍ ജീവിക്കും എന്ന മന്ത്രി എം എം മണിയുടെ വാക്കുകള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിട്ടു കാലമേറെ ആയില്ല. കാട്ടാന ചവിട്ടി ആളുകള്‍ മരിച്ചാലും മന്ത്രിമാരുടെ ഭാവം അങ്ങിനെതന്നെയാണ്‌. കാട്ടാനകള്‍ നാട്ടിലിറങ്ങും, ആരെങ്കിലുമൊക്കെ ചവിട്ടേറ്റു ചാകും അല്ലാത്തവര്‍ ഓടി രക്ഷപെടും എന്ന മട്ടില്‍ ഒരു ഒഴുക്കന്‍ സമീപനമാണ്‌ സര്‍ക്കാരിന്‌. ഒന്നും ചെയ്യാനില്ലെന്ന മട്ടില്‍.

സര്‍ക്കാരിന്‌ ഒന്നു ചെയ്യാനില്ലേ?. ഉണ്ട്‌.! ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനാവും!. അതിന്‌ രാഷ്‌ട്രീയ അതി പ്രസരം പിടിച്ച മനസ്സും വോട്ടു രാഷ്‌ട്രീയവും മാറ്റി വെയ്‌ക്കേണ്ടിവരുമെന്നു മാത്രം. ആനകള്‍ നാട്ടിലിറങ്ങുന്നത്‌ തടയണമെങ്കില്‍ അവയുടെ ആവാസ മേഖലകള്‍ പരിരക്ഷിക്കണം.

ഈ ലോകത്തുള്ള സര്‍വ്വ ചരാചരങ്ങളും മനുഷ്യന്‌ ആസ്വദിക്കാനും അനുഭവിക്കാനുമാണെന്ന ചിന്ത ആദ്യം എല്ലാവരും മാറ്റണം. മൃഗ വാസനയുള്ള മനുഷ്യമനസ്സാണ്‌ അപകടം വിതച്ചു കൊയ്യുന്നത്‌. കാട്ടനകളുടെ ആക്രമണങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. ആനകളുടെ ആവാസ മേഖലകള്‍ ആര്‍ത്തിമൂലം മനുഷ്യര്‍ അപഹരിച്ചെടുത്തിരിക്കുന്നു.

തിന്നാനും കുടിക്കാനും ക്ഷാമം നേരിട്ടപ്പോള്‍ കാട്ടാനകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി. അല്ലാതെ മനുഷ്യരെ കാണാനും കണ്ടു പിടിച്ച്‌ കൊല്ലാനുമുള്ള ആനപ്പക കൊണ്ടൊന്നുമല്ല കാട്ടാനകള്‍ കാടു വീട്ട്‌ നാട്ടിലിറങ്ങുന്നത്‌. മൂന്നാറിലെ ഏറ്റവും ആകര്‍ഷണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ആനയിറങ്ങല്‍ ഡാമും ജലാശയവും. സ്‌പീഡ്‌ ബോട്ടില്‍ കയറി ഉല്ലസ്സിക്കാന്‍ സഞ്ചാരികള്‍ ഓടിയെത്തുന്ന സ്ഥലം.

ആനകള്‍ വിഹരിക്കുകയും കുളിക്കുകയും കുടിക്കുകയും ഒക്കെ ചെയ്‌തു കൊണ്ടിരുന്നിടിത്ത്‌ മനുഷ്യര്‍ ഉല്ലാസ യാത്ര നടത്താന്‍ എത്തിയപ്പോള്‍ കാട്ടാനകള്‍ക്ക്‌ അവരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട ആവാസ മേഖലയാണ്‌ നഷ്‌ടമായത്‌. വീടും കുടിയും ഇല്ലാത്തവരെ കുടിയിരുത്താന്‍ കാടു തന്നെ വേണമെന്ന്‌ ചിന്തിച്ചിരുന്ന കാലം പോയി.

അന്യ സംസ്ഥാനങ്ങളിലേതു പോലെ മനുഷ്യരുടെ പുതിയ ആവാസ മേഖലകള്‍ സൃഷ്‌ടിച്ച്‌ വികസിപ്പിച്ച്‌ വീടും കുടിയും ഇല്ലത്തവരെ അധിവസിപ്പിക്കുന്ന രീതി കേരളത്തിലും നടപ്പാക്കണം. അവശേഷിക്കുന്ന കാടും വനമേഖലയും ഒക്കെ മിണ്ടാപ്രാണികള്‍ക്കും വരും തലമുറക്കും ആയി സുരക്ഷിതമായി പരിരക്ഷിക്കുവാന്‍ ആര്‍ജ്ജവമുള്ള മനസ്സുണ്ടാവണം, ഭരിക്കുന്നവര്‍ക്കും ഇനി ഭരിക്കാന്‍ പോകുന്നവര്‍ക്കും.

കാട്ടില്‍ നിന്നും ഇറങ്ങി മൂന്നാര്‍ മേഖലയിലെ സ്വാകര്യ എസ്റ്റേറ്റില്‍ എത്തിയ കാട്ടു കൊമ്പനെ നിര്‍ദാക്ഷ്യണ്യം ജെ സി ബി കൊണ്ട്‌ തല്ലി കൊന്നവരുടെ മനസ്സിന്‌ എന്ത്‌ പേരിടണം. പുതിയ വിളിപ്പേരുകള്‍ കണ്ടേത്തേണ്ടി വരും. കാട്ടാനകളെ കൊല്ലുന്ന മനുഷ്യരാണോ മനുഷ്യരെ ചവിട്ടിക്കൊല്ലുന്ന കാട്ടാനകളാണൊ കൂടുതല്‍ ഉപദ്രവകാരികള്‍ എന്ന്‌ ചോദിക്കുന്നവരുണ്ട്‌.

ആനകള്‍ക്ക്‌ മനുഷ്യരെപ്പോലെ വിവേചന ശക്തിയുള്ള മത്സ്‌തിഷ്‌ക്കമില്ലാത്തതിനാല്‍ അത്തരം ഒരു താരതമ്യത്തിന്‌ യാതൊരു അര്‍ത്ഥവുമില്ല. ഇടുക്കി ജില്ലാ ആസ്ഥാനം എവിടെ സ്ഥാപിക്കണമെന്നതിനെ സംബന്ധിച്ച്‌ തര്‍ക്കം മൂത്ത്‌ കൊടുമ്പിരി കൊണ്ടപ്പോള്‍ ജില്ലയുടെ ഭൂപടം നിവര്‍ത്തിവച്ച്‌ കോമ്പസ്‌ കൊണ്ട്‌ മദ്ധ്യസ്ഥാനം കണ്ടുപിടിച്ച നാടാണ്‌ കേരളം എന്നാണ്‌ കേള്‍വി. മദ്ധ്യസ്ഥലം കുയിലിമല എന്ന കൊടും കാടാണെന്നതൊന്നും ഒരു തടസ്സവുമായില്ല.

ഇടുക്കി ജില്ലായുടെ മദ്ധ്യ ഭാഗത്ത്‌ അവശേഷിക്കുന്ന കാട്‌ അങ്ങിനെ വികസന വിപ്ലവത്തില്‍ ചുരുങ്ങിച്ചുരുങ്ങി കൊണ്ടിരിക്കുന്നു. ഒരു പരിസ്ഥിതി വാദിയും പ്രകൃതി സ്‌നേഹിയും കണ്ട മട്ടു പോലും ഭാവിക്കുന്നില്ല എന്നതാണ്‌ അത്ഭുതം. ഇടുക്കി മെഡിക്കാല്‍ കോളേജിനായി ഇരുപത്തി അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തിയതും അവശേഷിക്കുന്ന വനഭൂമിയില്‍ ആണെന്നതാണ്‌ അതിശയകരം.

മെഡിക്കല്‍ കോളേജ്‌ ഇടുക്കിയില്‍ തന്നെ സ്ഥാപിക്കാന്‍ ഇതിനോടകം കാടു വെട്ടിത്തെളിച്ച സൗകര്യപ്രദമായ നിരവധി സ്ഥലങ്ങള്‍ ഇടുക്കി മഡിക്കല്‍ കോളേജിന്‌ അനുവദിച്ച സ്ഥലത്തിന്‌ ചുറ്റുമുണ്ടന്ന കാര്യം ഒന്നും ആര്‍ക്കും പ്രശ്‌നമല്ല. അവിടെയൊക്കെ സൈ്വര്യവിഹാരം നടത്തി കൊണ്ടിരുന്ന കാട്ടാനകള്‍ ഗത്യന്തരമില്ലാതെ നാട്ടിലിറങ്ങിയാല്‍ ആരെ കുറ്റം പറയണം?. സര്‍ക്കാര്‍ തന്നെയാണ്‌ ഒന്നാം പ്രതി സ്ഥാനത്ത്‌.

വീടില്ലാത്തവന്‌ പാടം നികത്തി വീടു വെയ്‌ക്കണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്‌. സര്‍ക്കാര്‍ ആവശ്യത്തിന്‌ ഏത്‌ വലിയ പാടവും തോടും, കുളവും, കായലും നികത്തും. `തള്ളക്കോഴി ചവിട്ടിയാല്‍ പിള്ളക്കോഴിക്ക്‌ നോവില്ല` എന്ന പഴഞ്ചൊല്ല്‌ പോലെയാണ്‌. സര്‍ക്കാര്‍ എന്തു ചെയ്‌താലും പരിസ്ഥിതിക്ക്‌ ഒരു ആഘാതവും ഏല്‍ക്കില്ലത്ര!. പ്രളയത്തില്‍ കുട്ടനാട്‌ മാസങ്ങളോളമാണ്‌ വെള്ളത്തില്‍ മുങ്ങിക്കിടന്നത്‌.

കുട്ടനാട്ടിലെ വിശാലമായ പാടശേഖരങ്ങളുടെ നെടുകെയും കുറുകെയും നൂറുകണക്കിന്‌ റോഡുകള്‍ ഉണ്ടാക്കിയതാണ്‌ വെള്ളപ്പെക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്‌. പണ്ടൊക്കെ കുട്ടനാട്ടുകാരുടെ മുഖ്യ യാത്രാ മാര്‍ഗ്ഗം ആറുകളും, തോടുകളും, വള്ളവും, ബോട്ടുകളും ഒക്കെ ആയിരുന്നു.

ഇന്നിപ്പോള്‍ വീടുകളുടെ മുറ്റം വരെ റോഡില്‍ കാറുകള്‍ എത്തും. റോഡുകളും, വീടുകളും മുറ്റത്തു കിടന്ന വാഹനങ്ങളും എല്ലാം ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി കിടന്നതിനൊക്കെ കാരണം കണ്ടെത്താന്‍ ഒരു ഗവേഷണവും നടത്തേണ്ട. മാറി മാറി വന്ന സര്‍ക്കാരുകളുടെ വികലമായ വികസന നയമണ്‌ എല്ലാത്തിനും വഴിയൊരുക്കിയത്‌. കുട്ടനാട്ടില്‍ തലങ്ങു വിലങ്ങും റോഡുകള്‍ നിര്‍മ്മിക്കുന്നത്‌ പരിസ്ഥിതിക്ക്‌ ആഘാതമുണ്ടാക്കുമെന്ന്‌ ആരും പറഞ്ഞില്ല.

മലയാളിയുടെ മനസ്സിനും കാഴ്‌ച്ചപ്പാടുകള്‍ക്കും സാരമായ കുഴപ്പമുണ്ട്‌. അനാവശ്യമായ ജാഢകളാണ്‌ മലയാളിയെ നയിക്കുന്നത്‌. കേരളത്തിന്റെ അതിര്‍ത്തി വിട്ടാല്‍ മാത്രമേ മലയാളിക്കു ബോധോദയം ഉണ്ടാകുകയുള്ളു എന്ന പറച്ചില്‍ നൂറ്‌ ശതമാനം ശരിയാണ്‌. ഏതെങ്കിലും റോഡില്‍ എവിടെയെങ്കിലും ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായാല്‍ പിറ്റേ ദിവസം ബോര്‍ഡു വയ്‌ക്കും `അപകട സധ്യതാ മേഖല`.

ഡ്രൈവര്‍ അശ്രദ്ധമായി വണ്ടി ഓടിച്ചതു കൊണ്ടാണ്‌ അപകടമുണ്ടായത്‌ എന്ന കാര്യമൊക്കെ അങ്ങു മറക്കും. കുഴപ്പം റോഡിനാണെന്നും കണ്ടെത്തും. അതാണ്‌ ശരാശരി മലയാളി മനസ്സ്‌. പിന്നെ എങ്ങിനെ നമ്മള്‍ നന്നാവും?. ഒരു സധ്യതയും ഇല്ലത്ത ദിവാ സ്വപ്‌നം.

(ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡറും പബ്ലിക്ക്‌ പ്രോസിക്യുട്ടറുമാണ്‌)

Advertisment