ആരുടെ മുണ്ട് പൊക്കിയാലാണ് കാക്കി ട്രൗസർ ? ബിജെപി സംസ്ഥാന സമിതിയില്‍ 2 മുന്‍ സിപിഎം നേതാക്കള്‍ ഉണ്ട്, ഒരു കോണ്‍ഗ്രസുകാരനും അവിടെയെത്തിയിട്ടില്ല കടകംപള്ളി … !

Thursday, November 1, 2018

ആസിഫ് കുന്നത്ത് (ചെയർമാൻ, സബർമതി ഫൗണ്ടേഷൻ)

കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൂട്ടം കൂട്ടമായി ബിജെപിയിലേക്ക് ഒലിച്ചുപോവുകയാണെന്നും, നേതാക്കൾ രാത്രി ആർ എസ് എസാണെന്നും മറ്റുമുള്ള പ്രചരണം കുറേ കാലങ്ങളിലായി സി പി എം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ ഖദർ മുണ്ടിനുള്ളിൽ കാക്കി ട്രൗസറ് ആണെന്നത്. ഇത് അങ്ങേയറ്റം അപലപനീയവും ദുഷ്ടലാക്കോട് കൂടിയതുമാണ്. മന്ത്രിയെന്ന ഭരണഘടനാ പദവി അലങ്കരിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്നും ഒരിക്കലും വന്നു പോവാൻ പാടില്ലാത്ത ഒരു പ്രസ്താവനയാണിത്.

അത് പോലെ ഇവർ ഉന്നയിച്ചിരുുന്ന മറ്റൊരു വാദമാണ് കേരളത്തിലെ ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലേക്ക് പോവാൻ തയ്യാറെടുത്തു കഴിഞ്ഞുവെന്നതും, പ്രമുഖ നേതാക്കളായ കെ സുധാകരന്റെയും ശശി തരൂരിന്റെയുമൊക്കെ പേരെടുത്തു പറയാറുമുണ്ട് മറ്റു ചിലപ്പോ നേതാക്കളെ ഒന്നടങ്കം തന്നെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്നു.

എന്നാൽ സത്യം തിരിച്ചറിയേണ്ടതുണ്ട് ആരാണ് ബി ജെ പി യെയും സംഘപരിവാരത്തെയും കേരളത്തിൽ പരിപോഷിപ്പിക്കുന്നത് എന്ന് പരിശോധിക്കുമ്പോൾ മറ്റൊരു ചിത്രമാണ് തെളിയുന്നത്.

കോൺഗ്രസ് നേതാക്കൾ ബി ജെ പി യിലേക്ക് എന്ന് വാവിടാതെ പറഞ്ഞ് കൊണ്ടിരിക്കുന്ന സി പി എം നേതാക്കൾ വിഷയത്തെ കൃത്യമായി വിലയിരുത്താൻ തയ്യാറാവണം ബി ജെ പിയുടെ സംസ്ഥാന കമ്മറ്റിയിൽ പ്രബലരായ രണ്ട് സി പി എം നേതാക്കളിരിക്കുന്നുവെന്നത് സ്ഥിതി എത്രമാത്രം ഗൗരവകരമാണ് എന്നതിനെ സൂചിപ്പിക്കുന്നു.

കടുത്ത വി എസ്പക്ഷക്കാരനും ഇരുപത് വർഷത്തോളം കാലം മാറനെല്ലൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എരുത്താവൂർ ചന്ദ്രൻ ഇന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗമാണ്.പിണറായി പക്ഷത്ത് നിന്ന് വെള്ളനാട് ഏരിയ സെക്രട്ടറിയായിരുന്ന വെള്ളനാട്കൃഷ്ണ കുമാറാണ് ഇന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയാലുള്ളത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നുമായി ഓരോ സി പി എം അലൂമിനികളാണ് ഇന്നത്തെ ബി ജെ പി സംസ്ഥാന കമ്മിറ്റിയിലുള്ളത്.

കോൺഗ്രസിന്റ ആരെങ്കിലും ബി ജെ പി സംസ്ഥാന കമ്മിറ്റിയിലുണ്ടോ. എത്രയെത്ര പേരങ്ങനെ അടുത്ത കാലത്തായി കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗിരിജാകുമാരി 2014ൽ ബി ജെ പിിയുടെ ആറ്റിങ്ങലിലെ പാർലിമെന്റ് സ്ഥാനാർത്ഥിയായിരുന്നു.

ഗിരിജാാകുമാരിയുടെ നേതൃത്വത്തിലുള്ള സി പി എം ഭരണസമിതി നിലവിലുള്ളപ്പോഴാാണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്തായി വെള്ളനാട്തെരെഞ്ഞടുക്കപ്പെട്ടിരുന്നു.അത് പോലെ സി പി ഐ ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറംമൂട് ശശി മറ്റൊരു സി പി ഐ നേതാവ് ബാഹുലേയൻ, വർക്കലയിലെ സി പി എം നേതാവ് ദാനശീലൻ അങ്ങനെ ധാരാളം പേരുടെ പേരുകൾ നമുക്ക് കാണാവുന്നതാണ്.

എന്ത് കൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്രയെളുപ്പത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും ബി ജെ പിയിലേക്ക് പോവാൻ സാധിക്കുന്നു എന്നതിന്റെ പ്രധാന കാരണം നേരത്തെ പറഞ്ഞ പോലെ അത്ര മാത്രം സി പി എം പാർട്ടിയും അതിന്റെ നേതാക്കളും അണികളും മതവൽക്കരിക്കപ്പെട്ടിരിക്കുന്നു. 2007 ൽ കാടാമ്പുഴയിൽ പൂമൂടലും ശത്രുസംഹാര പൂജയും നടത്തിയത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവുമാണ്.

കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വ്യവസായ മന്ത്രിയുമായ ഇ പി ജയരാജൻ പൂജ നടത്തിയത് മട്ടന്നൂരിലെ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലാണ്. ശബരിമല വിഷയത്തിൽ അയ്യപ്പദോശമുണ്ടാവുമെന്ന ഇ പി ജയരാജന്റെ അടുത്ത കാല പ്രസ്താവവും നാം കണ്ടതല്ലേ. മുൻ മുഖ്യമന്ത്രിയും സി പി എം സ്ഥാപക നേതാവുമായ വി എസ് അച്ചുതാനന്ദന്റെ മകൻ മാലയിട്ട് അയ്യപ്പനാവുന്ന ശബരിമല ഭക്തനാണ്.

പിന്നെ ടി കെ ഹംസയും കെ .ടി ജലീലും കൃത്യമായി പളളിയിൽ പോവുന്ന വിശ്വാസികളും അങ്ങനെ അടി മുതൽ മുടി വരെെ മതാത്മകമായ ഒരു സമൂഹമാണ് സി പി എം അത് കൊണ്ട് തന്നെെ അവർക്ക് കമ്മ്യൂണിസവും മതേതരത്വവും മതനിരാസവുമൊക്കെ പറയാനുള്ള ധാർമികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു.

ബി ജെ പി യെ പ്രതിരോധിക്കുന്നവരാണെന്ന് സ്വയം മേനിപറഞ്ഞ് നടക്കുമ്പോഴും ബി ജെ പി നേതാക്കൾക്കെതിരെ എടുത്തിരിക്കുന്ന കേസുകളിൽ ഏതെങ്കിലുമൊന്നിൽ കുറ്റപത്രം സമർപ്പിക്കുകയോ വിചാരണ ഘട്ടത്തിലെത്തുകയോ ചെയ്തിട്ടുണ്ടോ, രണ്ട് വർഷം മുമ്പ് തലശ്ശേരിയിലെ കോടിയേരിയുടെ യോഗത്തിലേക്ക് ബോംബെറിഞ്ഞ കേസും കോഴിക്കോട് ജില്ലാ സെക്രട്ടറിക്കു നേരെ ബോംബെറിഞ്ഞ കേസിലും അന്വേഷണമാരംഭിച്ചതു പോലുമില്ല.

കെ.സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, വി മുരളീധരൻ, ശശികല, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അജിത് അങ്ങനെയെത്രയെത്ര നേതാക്കൾക്കെതിരെയാണ് മതസ്പർദ്ധ വളർത്തിയതിന് കേസെടുത്തിട്ട് ഒന്നു മൊഴിയെടുക്കാൻ പോലും വിളിപ്പിക്കാതെ വെറുതെ വിട്ടിരിക്കുന്നത്.ആർ എസ് എസ് മേധാവി മോഹൻ ഭാഗവദ് സ്കൂളിൽ ദേശീയ പതാകയുയർത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരു നടപടിയുമെടുക്കാത്ത ഭരണകൂടം മോഹൻ ഭാഗവതിനെതിരെ നടപടി ആവശ്യപ്പെട്ട കലക്ടറെ സ്ഥലം മാറ്റുന്നതാണ് കണ്ടത്.

കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രക്ക് സുഗമമായി കടന്നു പോവാൻ പൊതുമരാമത്ത് വകുപ്പിൽ നിന്ന് എത്ര കോടി രൂപ പിണറായി വിജയൻ സർക്കാർ ചിലവഴിച്ചു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ നേതാക്കളെ പത്ര സമ്മേളനത്തിനിടയിൽ വെച്ച് അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ച പിണറായി ബിജെപിക്ക് മുന്നിൽ മുട്ടിടറിയാണ് നിൽക്കുന്നത്.

ഇത്രയൊക്കെ കയ്യിൽ വെച്ചാണ് മതേതരത്വത്തിന് വേണ്ടി എക്കാലവും നിലകൊള്ളുന്ന രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമായി രംഗത്ത് വരുന്നത്. ഇത് പൊതുജനം അർഹിക്കുന്ന രീതിയിൽ തന്നെ തള്ളുമെന്ന കാര്യത്തിൽ തർക്കമില്ല

എങ്ങനെയാണ് ഇത്തരം വർഗീയ കക്ഷികളുടെ സ്വാധീനം കുറക്കുവാൻ സാധിക്കുക എന്നത് തന്നെയാവണം ജനാധിപത്യ മതേതര കക്ഷികൾ ചിന്തിക്കേണ്ട ഏറ്റവും ഗൗരവകരമായ വിഷയം. യദാർത്ഥത്തിൽ രോഗത്തെയാണ് എല്ലാവരും ചികിത്സിക്കാൻ ശ്രമിക്കുന്നത് രോഗകാരണത്തെ കണ്ടില്ലെന്ന് നടിക്കുന്നു.

ചിലപ്പോഴൊക്കെ അതിനെ അറിഞ്ഞോ അറിയാതെയോ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.വർഗീയതക്കെതിരായ സമരം ചുരുങ്ങിയ കാലം കൊണ്ട് നടത്തിയെടുക്കാവുന്ന ഒന്നല്ല. പത്തോ പതിനഞ്ചോ വർഷത്തേക്കുള്ള കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ വേണം അത് രൂപപ്പെടുത്തിയെടുക്കാൻ.

അതിന് കലർപ്പില്ലാത്ത, വിട്ടുവീഴ്ചയില്ലാത്ത കൃത്യതയാർന്ന നയസമീപനം വേണം. എങ്കിലേ പൂർണാർത്ഥത്തിലുള്ള നിലപാടുകൾ സ്വീകരിക്കാനും പ്രവർത്തിക്കാനും അത് വഴി ലക്ഷ്യത്തിലെത്തിച്ചേരാനും സാധിക്കുകയുള്ളൂ.ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ ഏത് വർഗീയതയും തലപൊക്കുമ്പോഴും കൃത്യമായ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് അതിനെ വസ്തുനിഷ്ഠമായി പ്രാവർത്തികമാക്കാൻ സാധിക്കണമെങ്കിൽ നിലപാട് വെള്ളം ചേരാത്തത് ആയിരിക്കണം. അങ്ങനെ ആരാണ് ഇവിടെ ഉള്ളത് ?

എന്തുകൊണ്ട് സാമുഹിക രംഗം മതവൽകരിക്കപ്പെടുന്നു എന്നിവയാണ് നമ്മുക്ക് മുമ്പിലെ പ്രധാന ചോദ്യങ്ങൾ. ശബരിമല വിഷയം കത്തിനില്ക്കുന്ന സമയത്ത് സി പി എമ്മും പിണറായും ഉയർത്തുന്ന ആചാരലംഘനാഹ്വാനത്തിനും പുരോഗമന നവോത്ഥാന പ്രസംഗങ്ങൾക്കും എന്തു കൊണ്ടാണ് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയാത്തത്.

പ്രധാന കാരണം അവരുടെ അനുയായികൾ പോലും പൂർണമായും മതവൽക്കരിക്കപ്പെട്ടു കഴിഞ്ഞു എന്നതാണ്. കൃത്യമായ മതേതര പ്രതലം സി പി എമ്മിനുണ്ടായിരുന്നുവെങ്കിൽ ശബരിമല വിഷയത്തിൽ അവരുടെ നിലപാട് ശ്രദ്ധേയമാവുമായിരുന്നു, എന്നാൽ ഇലക്ഷനുകളിൽ നാല് വോട്ടിന് വേണ്ടി ഏത് തരം വർഗീയ കക്ഷികളുമായും കൂട്ടുകൂടാൻ യാതൊരു മടിയും കാണിക്കാത്ത മാർക്സിസ്റ്റ് പാർട്ടി മറുവശത്ത്, മതനിരാസവും ആചാരലംഘനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ദ്വിമുഖതന്ത്രം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ പുഛിച്ച് തള്ളുന്നുവെന്നത് സ്വാഭാവികം മാത്രമാണ്.

അണികൾക്ക് ഏത് ആചാരവും തുടരാൻ സമ്മതം നൽകുകയും ശ്രീകൃഷ്ണ ജയന്തിയും ഇഫ്താർ പാർട്ടിയുമടക്കമുള്ളവ സംഘടിപ്പിക്കുകയും ലോകത്തെ ഏറ്റവും ആദ്യ കമ്മ്യൂണിസ്റ്റായി യേശു കൃസ്തുവിനെ വാഴ്ത്തലുമടക്കമുള്ള സമീപകാല പ്രവർത്തനങ്ങളുടെ എല്ലാം കൂടി സി പി എമ്മിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് പൂർണ വർഗ്ഗീയവൽക്കരണത്തിലേക്കാണ്.

ഇവരാണ് മതേതരത്വം പറഞ്ഞ് മുന്നോട്ട് വരുന്നത്.ഗൂഢലക്ഷ്യത്തിന് വേണ്ടി മാത്രമാണ്. ബിജെപിയെ മുഖ്യ പ്രതിപക്ഷ കക്ഷിയായി ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങളെ തങ്ങളോടടുപ്പിച്ച് വോട്ട് ബേങ്ക് വർധിപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ്. ഒപ്പം അവരുടെ ഭരണം നിലനിർത്താൻ സാധിക്കുമെന്ന് അവരുടെ അമിതപ്രതീക്ഷയാണ് അവരെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

ഇത് വഴി അവർ ലക്ഷ്യമിടുന്നത് ഭരണത്തുടർച്ചയും തെരെഞ്ഞടുപ്പു വിജയവും ആണ്.ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് 2019 ൽ സി പി എമ്മിന് സീറ്റുകൾ കിട്ടാൻ സാധ്യതയുള്ളത്. അതിന് അവർക്ക് തോൽപിക്കാനുള്ളത് കോൺഗ്രസിനെയാണ്. മോദി – അമിത് ഷാ കൂട്ടകെട്ടിന്റ പ്രധാന തന്ത്രം 2019 ൽ കോൺഗ്രസിന്റെ സീറ്റ് പരമാവധി കുറക്കുക എന്നതും. ഫലത്തിൽ ആ ലക്ഷ്യവും ഇത് വഴി സാധ്യമാവും എന്നതാണ്.

ബി ജെ പി നേതൃത്വവുമായി ചേർന്ന് കേരളത്തിൽ കോൺഗ്രസിന്റെ സീറ്റുകൾ പരമാവധി കുറക്കാനുള്ള കൊട്ടേഷൻ പിണറായിയും കൂട്ടരും ഏറ്റെടുത്തിരിക്കുകയാണ്.

പ്രളയം വന്ന അവസരത്തിൽ രക്ഷാപ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുകയും അതിനിടയിലും വർഗീയ നിലപാടുമായി മുന്നോട്ട് വരികയും ചെയ്ത ബി ജെ പി ജനങ്ങൾക്കിടയിൽ മുഖം നഷ്ടപ്പെട്ട് ഏറ്റവും വലിയ തകർച്ചയിലാഴ്ത്തപ്പെട്ടിരിക്കുന്ന സമയത്ത്, ശബരിമല വിധിയിൽ സർക്കാർ സ്വീകരിച്ച അപക്വസമീപനം കൊണ്ട് അവരെ മുഖ്യധാരയിലെത്തിച്ചിരിക്കുകയാണ്.അത് കൊണ്ട് തന്നെ ആരാണ് ബിജെപിയെ വളർത്തുന്നത് എന്ന ചോദ്യം വളരെയേറെ പ്രസക്തമാണ്.

×