എൻഡോസൾഫാൻ സമരം എന്ത്? ആർക്ക് വേണ്ടി ?

Wednesday, January 30, 2019

  കെ.ബി.മുഹമ്മദ് കുഞ്ഞി
[ഗവ.സെൽ മെമ്പർ & സെക്രട്ടറി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കാസർകോട് ജില്ല]

 20 വർഷമായി എൻഡോസൾഫാൻ മാരക കീഠനാശിനിക്കെതിരായി കാസർകോട് ജില്ലയിൽ സമരം തുടങ്ങിയിട്ട്. ഈ രംഗത്ത് പൂർണ്ണമായിട്ടില്ലെങ്കിലും ഒരുപാട് നേട്ടങ്ങൾ സമരം കൊണ്ട് നേടിയെടുക്കാനായിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം ദുരിത ബാധിതരെ സമരത്തിൽ പ്രദർശിപ്പിച്ച് ദുരന്തത്തിന്റെ കാഠിന്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി കൊണ്ടാണ് ഇടപെടലുകൾ നടത്തിയത്.

ഇന്ന് അത്തരം സമരരീതി അനാവശ്യമാണ്. എല്ലാ രാഷ്ട്രീപാർട്ടികളും ഈ വിഷയത്തെ മനസിലാക്കിയ സാഹചര്യത്തിൽ സാമാജികരുടെയും ഭരണകർത്താക്കളുടെയും അടിയന്തിര ഇടപെടലുകളും തീരുമാനങ്ങളും അത് നടപ്പാക്കലുമാണ് വേണ്ടത്. അതിന് വിക്ടിംസിനെ പ്രദർശിപ്പിക്കാത്ത സമര രീതിയാണ് കൈകൊള്ളേണ്ടത്.

ഇപ്പോൾ നടക്കുന്ന സമരം എന്ത്? ആർക്ക് വേണ്ടി? ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തിൽ തട്ടിക്കൂട്ടിയുള്ള ഈ സമരം ആരുടെ തിരക്കഥയാണ്? ഇതിന് വേണ്ടി രോഗാവശരായ കുട്ടികളെയും സ്ത്രീകളെയും കഷ്ടപ്പെടുത്തുന്നതെന്തിന്? സമരത്തിന് മുന്നോടിയായി കാസർകോട് നടന്ന മീറ്റിംഗിൽ ഡി.വൈ.എഫ്.ഐ നേതാവിനെ ആദരിച്ചത് സമരത്തിന്റെ താത്പര്യം മനസിലാക്കാൻ കഴിയും.

സമരംവഴി ഒത്ത്തീർപ്പ് ചർച്ചകൾ നടത്തി പ്രഖ്യാപനമെന്ന സ്ഥിരം പല്ലവിക്ക് അവസരമുണ്ടാക്കുകയെന്നതാണ് സ്പോൺസേർഡ് സമരത്തിന്റെ ലക്ഷ്യം.

സർക്കാർ ഒന്നും ചെയ്തില്ലെന്ന് അവശരായ സ്ത്രീകളെ കൊണ്ട് നിലവിളിച്ച് പറയിപ്പിക്കുമ്പോൾ രേഖാ സത്യങ്ങൾ ഇവിടെ കിടപ്പുണ്ട്. 6211 പേരാണ് ദുരിതബാധിത ലിസ്റ്റിലുള്ളത്. ഇനിയും നിരവധിയാളുകൾ ഇതിൽ പെടാനുണ്ട്. ആയിരത്തിലധികം പേർ മരണപ്പെട്ട് കഴിഞ്ഞു.

മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം, പൂർണ്ണമായും കിടപ്പിലായവർക്ക് 5 ലക്ഷം, ബുദ്ധിമാന്ദ്യം സംഭവിച്ചവർക്ക് 5 ലക്ഷം അംഗവൈകല്യമുള്ളവർക്ക് 3 ലക്ഷം, ക്യാൻസർ ബാധിതർക്ക് 3 ലക്ഷം എന്നീ കാറ്റഗറിയിൽ സമാശ്വാസം നൽകുന്നതിന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ സർക്കാർ 138 കോടി ഇതിനായി അനുവദിച്ചു. ബന്ധപ്പെട്ടവർക്ക് കാറ്റഗറി പ്രകാരം തുക നൽകുകയും ചെയ്തു. ഈ കാറ്റഗറിയിൽ പെടാത്ത മൂവ്വായിരത്തോളം പേർ സമാശ്വാസം ലഭിക്കാതെ ലിസ്റ്റിലുണ്ട്. അവർക്ക് കൊടുക്കാൻ ആരും പറഞ്ഞിട്ടില്ല. 70 കോടി രൂപ സാമൂഹ്യ സുരക്ഷാ മിഷൻ വഴി ചിലവിട്ടു. 170 കോടി രൂപ നബാഡ് വഴി ഈ മേഖലയിൽ ചിലവഴിച്ചിട്ടുണ്ട്.

യഥാർത്ഥത്തിൽ എൻഡോസൾഫാൻ സമരത്തിന്റെ പശ്ചാതലത്തിൽ ഏകദേശം 370 കോടി രൂപ കാസർകോട് ചിലവഴിച്ചിട്ടുണ്ട്. ഒരു സമരസമിതി അംഗമെന്ന നിലയിലും ഗവ.റെമഡിയേഷൻ സെൽ അംഗമെന്ന നിലയിലും ഈ പ്രവർത്തനത്തെ അഭിമാനത്തോടെ കാണുന്നു. 1000 രൂപ, 2000 രൂപ എന്നിങ്ങനെ കാറ്റഗറിയിൽ മാസാന്തരപെൻഷൻ കിട്ടികൊണ്ടിരിക്കുന്നു.

സർക്കാറിന്റെ നിർദ്ദേശമനുസരിച്ച് കേരള പ്ലാന്റേഷൻ കോർപ്പറേഷൻ 53.48 കോടി രൂപ സെല്ലിന് കൈമാറിയിരുന്നു. എന്നാൽ കോർപ്പറേഷൻ ജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പാണ്. കാടുവെട്ടാൻ തൊഴിലാളികളെ ഇവരിൽ നിന്നുമെടുക്കാമെന്ന് ഓർഡർ ഇറക്കിയത് ദുരിതബാധിതരെ അവഹേളിക്കലാണ്.

അഭ്യസ്തവിദ്യരായ ദുരിതബാധിത ലിസ്റ്റിലുള്ളവർക്കൊ അവരുടെ ആശ്രിതർക്കോ അർഹതയനുസരിച്ച് ജോലി നൽകാമെന്ന വാഗ്ദാനം ഇനിയും നടപ്പിലായിട്ടില്ല. മുളിയാറിൽ പ്ലാന്റേഷൻ കോർപ്പറേഷൻ അനുവദിച്ച 25 ഏക്കർ സ്ഥലത്ത് പുനരധിവാസ കേന്ദ്രവും റിസേർച്ച് സെന്ററും ആരംഭിക്കുമെന്ന പ്രഖ്യാപനം പ്രൊജക്ട് ഉണ്ടാക്കിയതല്ലാതെ നടപ്പിലായിട്ടില്ല.

2007 ഓക്‌ടോബർ വരെയുള്ള ദുരിതബാധിതരുടെയോ അവരുടെ മാതാപിതാക്കളുടെയോ കടം എഴുതിതള്ളുമെന്ന തീരുമാനം നടപ്പിലായിട്ടില്ല. ലിസ്റ്റിലുള്ള എല്ലാവർക്കും സുപ്രിം കോടതി നിർദ്ദേശിച്ച സമാശ്വാസം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കിയില്ല. എൻഡോസൾഫാൻ കമ്പനിക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇതെല്ലാം സാമാജിക സഭകളിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടുന്ന കാര്യങ്ങളാണ്.

എൻഡോസൾഫാൻ പൂർണ്ണമായും നിരോധിക്കുക, ദുരിതബാധിതരുടെയും കുടുംബത്തിന്റെയും അവസ്ഥകൾ പരിശോധിച്ച് തിട്ടപ്പെടുത്തി നഷ്ടപരിഹാരം നിർദ്ദേശിക്കുന്നതിനും സുതാര്യമാക്കുന്നതിനും ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുക, പാലിയേറ്റീവ് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുക, മുളിയാറിൽ സ്ഥാപിക്കുന്ന പുനരധിവാസ കേന്ദ്രവും റിസേർച്ച് സെന്ററും യാഥാർത്ഥ്യമാക്കുക, ദുരന്തബാധിത കുടുംബങ്ങളുടെ കടങ്ങൾ എഴുതി തള്ളുക, സുപ്രിം കോടതിയുടെ നിർദ്ദേശം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈകോർത്ത് നടപ്പിലാക്കുക, മെഡിക്കൽ ക്യാമ്പുകളും തുടർ ചികിത്സയും കൂടുതൽ മെച്ചപ്പെടുത്തുക, അർഹതക്കനുസരിച്ച് ജോലി വാഗ്ദാനം ചെയ്തത് നടപ്പിലാക്കുക മുതലായ ആവശ്യങ്ങളാണ് കാസർകോടിലെ സമര രംഗത്തുള്ളവർക്ക് മുന്നോട്ട് വെക്കാനുള്ളത്.

ഗവ. റെമഡിയേഷൻ സെൽ അംഗങ്ങളായി കേരള സർക്കാർ നിർദേശിച്ച സമരപ്രതിനിധികളുമായിട്ടാണ് ഈ വിഷയം ചർച്ച ചെയ്യേണ്ടതും ഒത്തുതീർപ്പാക്കേണ്ടതും. സമരം ആഭാസമാക്കുന്നതിനെ സർക്കാർ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.

×