പെണ്ണൊരുത്തി ആരോപണം ഉന്നയിച്ചതുകൊണ്ട് ആണൊരുത്തന്‍ അത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കണമോ ? അറസ്റ്റ് ചെയ്തിട്ട് തെളിവുണ്ടാക്കണോ, തെളിവുണ്ടാക്കിയിട്ട് അറസ്റ്റ് ചെയ്യണോ എന്നതും വിഷയം. പന്തിപ്പോള്‍ പോലീസിന്റെ കോര്‍ട്ടില്‍. ആരാണ് ഇര, ആരാണ് പ്രതി എന്ന് പറയാന്‍ ഇനിയും വൈകരുത് !

Wednesday, September 12, 2018

– ഫാ. ബിബിന്‍ മഠത്തില്‍  – പ്രതികരണം.

റിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുകയാണു നല്ലത്. ആരോടാണു അനീതി കാട്ടിയിരിക്കുന്നത് എന്നറിയാതെ നീതിക്കുവേണ്ടി എന്ന നിലയിൽ പക്ഷം പിടിക്കുന്നത് ശരിയല്ല. സോഷ്യൽ മീഡിയയിലൊ മീഡിയയിലൊ പൊതു ഇടങ്ങളിലൊ സംഘം ചേർന്ന് പക്ഷം പിടിച്ചതുകൊണ്ട്, നമ്മൾ പക്ഷം പിടിക്കുന്നിടം ശരിയാകണം എന്ന് നിർബന്ധമില്ല. ഇതാണു എനിക്ക് ജലന്ധർ വിഷയത്തിൽ പറയാൻ ഉള്ളത്.

ബിഷപ്പ് ആണോ കന്യാസ്ത്രീയാണോ കള്ളം പറയുന്നത് എന്ന് എനിക്കറിയില്ല. മാധ്യമങ്ങളിലും സോഷ്യൽമീഡിയായിലും കാണുന്നതിനപ്പുറം സത്യങ്ങളൊന്നും എനിക്കറിയുകേം ഇല്ല. മാധ്യമങ്ങളിലൊ സോഷ്യൽ മീഡിയായിലൊ വരുന്നത് മുഴുവൻ സത്യമാണെന്ന വിശ്വാസവും എനിക്കില്ല.

പന്ത് ഇപ്പോൾ പോലിസിന്റെ കോർട്ടിലാണ്. പോലിസാണു അന്വേഷിക്കുന്നത്. ‘തെളിവുണ്ട്’, ‘തെളിവുപൊരാ’, കഴമ്പുണ്ട് , കഴമ്പില്ല… എന്നൊക്കെ പറഞ്ഞു കൺഫ്യൂഷൻ ആക്കുന്നതല്ലാതെ പോലീസിന്റെ പ്രവർത്തനങ്ങളൊന്നും എനിക്കും മനസിലാകുന്നും ഇല്ല.

പിന്നെ രണ്ടു മാസം കഴിഞ്ഞ ഈ കേസിൽ എന്താണു സത്യമെന്നൊ അല്ലെങ്കിൽ എന്ത് പുരോഗതി ആണു ഉണ്ടായതെന്നൊ അറിയിക്കേണ്ടത് പോലിസാണ്. സഭയൊ സഭയിലെ ആരെങ്കിലുമൊ ഈ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന് പോലീസ് പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. ഇനി അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ അതും അറിയിക്കേണ്ടത് പോലീസാണ്.

ഇനി ഇരയോടൊപ്പം നിൽക്കണം എന്നു പറയാൻ ആരാണു ഇര എന്ന് എനിക്കറിയില്ല. പെണ്ണൊരുത്തി ഒരു ആരോപണം ഉന്നയിച്ചതുകൊണ്ട് ആണൊരുത്തൻ അതു ചെയ്തിട്ടുണ്ടാവും എന്നു വിശ്വസിക്കാൻ ഉള്ള നിഷ്കളങ്കത ഒന്നും എനിക്കില്ല. പലരുടെയും ജീവിത അനുഭവങ്ങൾ പഠിപ്പിച്ചതാണു അത്. അന്വേഷണം നടക്കട്ടെ. ഇര ആരെന്നു തെളിയട്ടെ. എന്നിട്ട് കൂടെ നിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം.

പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസിൽ പെട്ടെന്നു കുറ്റപത്രം സമർപ്പിക്കണം എന്നു ആവശ്യപ്പെടുന്നതിന്റെ അർത്ഥം മനസിലാക്കാം. അല്ലാതെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിൽ അറസ്റ്റ് ചെയ്യണം എന്നു പറഞ്ഞു ക്യാമ്പയിൻ നടത്തുന്നത് എന്തിനാണെന്ന് അറിയില്ല. അറസ്റ്റ് ചെയ്തിട്ട് തെളിവില്ലെന്ന് പറഞ്ഞു വെറുതെ വിടണോ? അതോ തെളിവുകളോടെ അറസ്റ്റ് ചെയ്ത് അകത്തിടണമോ? ഏതാണു നല്ലതെന്ന് എന്നോട് ചോദിച്ചാൽ ഞാൻ രണ്ടാമത്തേതിനെ പിന്തുണക്കും.

ഇനി സഭ എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്നു ചോദിച്ചാൽ, സഭയിലെ നിയമം അനുസരിച്ച് ഇപ്പോൾ അതിനുള്ള സ്കോപ്പില്ല എന്നു പറയേണ്ടി വരും. വെറുമൊരു വൈദികനായിരുന്നെങ്കിൽ അയാളെ സ്ഥനമാറ്റം കൊടുക്കാമായിരുന്നു, അല്ലെങ്കിൽ പദവിയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. ഇതു ഒരു ബിഷപ്പിനെതിരെയാണു ആരോപണം. അയാളെ പദവിയിൽ നിന്ന് ഒഴിവാക്കാനോ സ്ഥാനമാറ്റം കൊടുക്കാനോ മതിയായ തെളിവുകളോടു കൂടിയുള്ള കേസുകൾ വേണം.

അതിൽ വാദിയുടെയും പ്രതിയുടെയും ഭാഗം കേൾക്കുവാനുള്ള അവസരമുണ്ടാകണം. നിർഭാഗ്യവശാൽ ഇപ്പോൾ അതിനുള്ള അവസരമില്ല. വാദിയെയൊ പ്രതിയെയൊ വിസ്തരിക്കാനൊ കേൾക്കാനോ ഈ അവസരത്തിൽ സാധ്യമല്ല. അങ്ങനെ വിസ്തരിക്കാൻ ശ്രമിച്ചാൽ അതു തന്നെ ഇപ്പോൾ പോലിസിൽ കൊടുത്തിരിക്കുന്ന കേസിനെ സ്വാധീനിക്കാൻ എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ട് ഈ കേസിൽ പോലിസ് അന്വേഷണം കഴിയുന്നതുവരെ സഭയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

മുൻകൂർ ജാമ്യത്തിനു പോലും പ്രസ്തുത ബിഷപ്പ് ശ്രമിച്ചിട്ടില്ല എന്നാണു മനസിലാക്കുന്നത്. അതിനാൽ പോലിസ് എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അർഹതപ്പെട്ട ആളിനു നീതി നടപ്പിലാക്കണം എന്നാണു അഭ്യർത്ഥിക്കാൻ ഉള്ളത്. കുറ്റം ബിഷപ്പിന്റേതായാലും കന്യാസ്ത്രീയുടേതായാലും ഇവിടെ നോവിക്കപ്പെട്ടത് സഭയും സഭയിലെ വിശ്വാസികളും ആണ്. അതിനാൽ നീതി എത്രയും വേഗം നടപ്പാക്കിക്കിട്ടേണ്ടത് അവരുടെ ആവശ്യമാണു എന്നാണു എന്റെ അഭിപ്രായം.

 

×