Advertisment

ഇടുക്കിയില്‍ സഹകരണ ഡിപ്പാര്‍ട്ടുമെന്റ്‌ സിപിഎമ്മിന്റെ ബി ടീമെന്ന്‌ ആക്ഷേപം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  സിപിഎം ആജ്ഞാനുവര്‍ത്തികളായ സഹകരണ ഡിപ്പാര്‍ട്ടുമെന്റ്‌ ഉദ്യോഗസ്ഥര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ പിടിച്ചെടുത്ത്‌ സിപിഎം നേതാക്കളെ ഭരണം ഏല്‍പ്പിക്കുവാനുള്ള നീക്കം വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായി. തൊടുപുഴ കേന്ദ്രീകരിച്ച്‌ ഏതാനും ഉദ്യോഗസ്ഥരാണ്‌ സഹകരണ മേഖലയെ തകര്‍ക്കുന്ന രീതിയില്‍ ശമ്പളം വാങ്ങി സിപിഎമ്മിനുവേണ്ടി അടിമപ്പണി ചെയ്യുന്നത്‌.

Advertisment

സഹകരണ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ്‌ സിപിഎമ്മിനുവേണ്ടി സര്‍വ്വീസിലുള്ളവരെ നിയന്ത്രിക്കുന്നതെന്നും ആക്ഷേപമുണ്ട്‌. സഹകരണ മേഖലയില്‍ സമാധാനമായി ജോലി ചെയ്യണമെങ്കില്‍ ഈ സിപിഎം താത്വികാചാര്യനെ ഇടയ്‌ക്കിടെ സന്തോഷിപ്പിക്കണമെന്നത്‌ പരസ്യമായ രഹസ്യമാണ്‌.

യുഡിഎഫ്‌ ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ സ്ഥാപനം തുറക്കുന്നതിന്‌ മുമ്പ്‌ എത്തി സഹകാരികളില്‍ തെറ്റിദ്ധാരണ പരത്തി പരിശോധനയെന്ന പേരില്‍ ഭീഷണി മുഴക്കുന്നതാണ്‌ ഇവരുടെ പ്രവര്‍ത്തന ശൈലി. സഹകരണ ഡിപ്പാര്‍ട്ടുമെന്റില്‍ യുഡിഎഫ്‌ ഭരണക്കാലത്ത്‌ മദ്യപാനം ഉള്‍പ്പടെയുള്ള കലാപരിപാടികളുള്ള ഉദ്യോഗസ്ഥര്‍ അപൂര്‍വ്വമായിരുന്നു.

എന്നാല്‍ എല്‍ഡിഎഫ്‌ ഭരണത്തില്‍ എത്തിയതോടെ ഇത്തരം കലാപരിപാടികള്‍ ഉള്ളവര്‍ തന്ത്രപ്രധാനമായ പോസ്റ്റുകളില്‍ എത്തി കുഴപ്പക്കാരല്ലാത്തവരെയും കുഴപ്പക്കാരാക്കുന്ന പ്രവണത ഉണ്ടായതായും ആക്ഷേപമുണ്ട്‌.

ഏറ്റവും ഒടുവില്‍ തൊടുപുഴ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവരുന്ന കേരള സ്റ്റേറ്റ്‌ ലീഗല്‍ മെട്രോളജി ലൈസന്‍സീസ്‌ ആന്റ്‌ ടെക്‌നീഷ്യന്‍സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഭരണം പിടിച്ചെടുത്ത്‌ സിപിഎം നേതാക്കളെ ഏല്‍പ്പിക്കുവാനുള്ള നീക്കമാണ്‌ നടന്നുവരുന്നത്‌. സംഘത്തിന്റെ സ്ഥാപക പ്രസിഡന്റായ തോമസ്‌ ജയാജീ ഇതേക്കുറിച്ച്‌ പറയുന്നത്‌ ഇപ്രകാരമാണ്‌.

ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുള്ള ലൈസന്‍സികളെയും അവരുടെ തൊഴിലാളികളെയും അംഗങ്ങളാക്കിയാണ്‌ സംഘം രൂപീകരിച്ചത്‌. സംഘത്തിന്റെ പ്രാഥമിക മെമ്പര്‍ഷിപ്പ്‌ ചേര്‍ത്തപ്പോള്‍ തന്നെ തൊഴിലാളി യൂണിയനായ ലീഗല്‍ മെട്രോളജി ലൈസന്‍സീസ്‌ എംപ്ലോയീസ്‌ യൂണിയന്‍ രംഗത്ത്‌ വരികയും സംഘ രൂപീകരണത്തിന്‌ എതിരായി പ്രവര്‍ത്തിക്കുകയും ചെയ്‌തു.

സംഘം പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നാശമുണ്ടാകുമെന്നും ജോലി നഷ്‌ടപ്പെടുമെന്നും കുപ്രചാരണങ്ങള്‍ നടത്തി മെമ്പര്‍ഷിപ്പ്‌ വിതരണം മുടക്കി. യൂണിയന്റെ സംസ്ഥാന പ്രസിഡന്റ്‌ ഇന്ദു ശേഖരന്‍ നായര്‍ സംഘം ഈ മേഖലയിലെ നാശം ഉറപ്പുവരുത്തുന്നതുകൊണ്ട്‌ ആരും മെമ്പര്‍ഷിപ്പ്‌ എടുക്കരുതെന്ന്‌ സര്‍ക്കുലര്‍ ഇറക്കി.

ഇവരുടെ എതിര്‍പ്പിനെ മറികടന്ന്‌ സംഘത്തിന്റെ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍മ്മാണ വിതരണ അറ്റകുറ്റപ്പണി തുടങ്ങിയ ലൈസന്‍സുകളും സംഘത്തിന്‌ ലഭിച്ചു. സേവനത്തിനുവേണ്ടി സഞ്ചരിക്കുന്ന ലാബ്‌ സംസ്ഥാനത്ത്‌ ആദ്യമായി ഈ മേഖലയില്‍ ഉണ്ടായി.

വാഹനം റോഡില്‍ ഇറങ്ങുമ്പോഴെല്ലാം തൊടുപുഴയിലുള്ള സ്വകാര്യ നിര്‍മ്മാണ കമ്പനിയും അതിലെ തൊഴിലാളികളും ചേര്‍ന്ന്‌ യൂണിയന്റെ സഹായത്തോടെ പലപ്രാവശ്യം വാഹനം തടഞ്ഞു. വിവിധ ഓഫീസുകളിലേക്ക്‌ വ്യാജപ്പേരില്‍ നിരവധി പരാതികളും അയച്ചു.

ഇവര്‍ക്ക്‌ സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസല്‍, സിപിഐ ട്രേഡ്‌ യൂണിയന്റെ ജില്ലാപ്രസിഡന്റും സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുമായ സന്തോഷും സഹായങ്ങള്‍ നല്‍കി. സംഘം പിടിച്ചെടുക്കുവാനും രാഷ്‌ട്രീയ വല്‍ക്കരിക്കുന്നതിനും ഏരിയ സെക്രട്ടറി നേരിട്ട്‌ രംഗത്തെത്തി. ഇതേ തുടര്‍ന്ന്‌ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി ഷിന്റോ കുര്യന്‍, സിപിഐയുടെ കൊല്ലത്തെ യൂണിയന്‍ നേതാവ്‌ ഹരിദാസിനെയും അഡ്‌മിനിസ്‌ട്രേറ്രീവ്‌ മെമ്പര്‍മാരായി ചുമതല നല്‍കി.

2017 മാര്‍ച്ച്‌ 30ന്‌ സംഘം സെക്രട്ടറിയെ സസ്‌പെന്റ്‌ ചെയ്‌തിരുന്നു. സസ്‌പെന്റ്‌ ചെയ്യപ്പെട്ട സെക്രട്ടറി സിപിഎം ഒത്താശയോടെ ഒരു മാസത്തോളം സംഘത്തില്‍ തുടരുകയും രേഖകളില്‍ തിരിമറി നടത്തുകയും ചെയ്‌തു. വ്യാജ അംഗത്വവും ഇതിനിടെ നല്‍കി. ഈ മെമ്പര്‍ഷിപ്പുകളെല്ലാം പൂര്‍ണ്ണമായും നിയമ നടപടികളിലൂടെ റദ്ദ്‌ ചെയ്‌തിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്‌.

ഇതിനെ എതിര്‍ത്ത പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരികയായിരുന്നു. അവിശ്വാസത്തില്‍ ഒപ്പിടുന്ന ഓരോ വ്യക്തിക്കും മൂന്ന്‌ ലക്ഷം രൂപ മുതല്‍ അഞ്ച്‌ ലക്ഷം രൂപ വരെ സെക്രട്ടറിയും ചില ജീവനക്കാരും ചേര്‍ന്ന്‌ വാഗ്‌ദാനം ചെയ്‌തെങ്കിലും ആരും അവിശ്വാസത്തില്‍ ഒപ്പിടുവാന്‍ തയ്യാറായില്ല.

മുന്‍ അസി. രജിസ്‌ട്രാര്‍ പെന്‍ഷന്‍ ആകുന്നതിന്‌ മൂന്ന്‌ മാസം ബാക്കിനില്‍ക്കെ ഇദ്ദേഹത്തെ അവധിയെടുപ്പിച്ച്‌ സിപിഎം സഹചാരിയായ സി.സി. മോഹനനെ നിയമിക്കുകയായിരുന്നു. ഇദ്ദേഹം ചാര്‍ജ്ജെടുത്ത അന്നുമുതല്‍ ഇദ്ദേഹം സംഘത്തിന്‌ എതിരായുള്ള നടപടികളാണ്‌ സ്വീകരിച്ചത്‌. ക്രമക്കേട്‌ ആരോപിച്ച്‌ ഒരു ദിവസം എട്ട്‌ വ്യാജപരാതികള്‍ ചമച്ച്‌ സംഘത്തിന്‌ എതിരായി ക്രമക്കേടിന്റെ പേരില്‍ സഹകരണ വകുപ്പ്‌ 65 പ്രകാരം അന്വേഷണത്തിന്‌ ഉത്തരവിട്ടു.

തിരുവനന്തപുരത്ത്‌ ഉത്തരവ്‌ അയക്കുന്ന ദിവസം തന്നെ രാവിലെ 9.30ന്‌ തൊടുപുഴ സംഘത്തില്‍ അസി. രജിസ്‌ട്രാര്‍ എത്തി സഹകാരികളെ ഭീഷണിപ്പെടുത്തുന്നവിധം സംഘത്തില്‍ യാതൊരു പണമിടപാടുകളും നടക്കുകയില്ലെന്ന്‌ പ്രഖ്യാപിച്ചു.

സംഘത്തിലെ ദൈനംദിന ഇടപാടുകളില്‍ ഇടപെടാന്‍ അധികാരമില്ലാത്ത അസി. രജിസ്‌ട്രാര്‍ സി.സി. മോഹനനും യൂണിറ്റ്‌ ഇന്‍സ്‌പെക്‌ടറായ ജിസ്‌മോനും ചേര്‍ന്ന്‌ ഏതുവിധത്തിലും സംഘം പിടിച്ചെടുത്ത്‌ സിപിഐ യൂണിയന്‍ നേതാവായ പി. കെ. സന്തോഷിനെ സംഘം ഏല്‍പ്പിച്ച്‌ കൊടുക്കുവാനുള്ള നീക്കമാണ്‌ നടക്കുന്നത്‌.

സംഘത്തിലെ സുപ്രധാന രേഖകളുടെ പകര്‍പ്പുകള്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്‌ടര്‍ ജിസ്‌മോന്‍ ഇവിടെ നിന്നും എടുക്കുകയുണ്ടായി. ഇവ കോടതി വ്യവഹാരങ്ങള്‍ക്കായി നല്‍കുകയായിരുന്നു. സംഘത്തിന്റെ വാഹനം തടയുകയും വിവിധ വ്യാജപരാതികളും എല്ലാം ഒരുമിച്ച്‌ അന്വേഷിച്ച്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സംഘത്തിന്റെ ഓരോ രേഖകളും കൃത്യമായി പരിശോധിച്ച്‌ രേഖപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

സെക്രട്ടറിയെ സസ്‌പെന്റ്‌ ചെയ്‌തശേഷം വകുപ്പ്‌ 65 പ്രകാരം അന്വേഷണത്തിന്‌ ഉത്തരവിടുകയും ഉത്തരവില്‍ അന്വേഷണ കാലാവധിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്ത സംഘത്തിലെ ഒരു കക്ഷികളെയും നേരില്‍ കാണാതെയും രേഖകള്‍ പ്രകാരവും അല്ലാതെയും വ്യാജ റിപ്പോര്‍ട്ട്‌ തയ്യാറാക്കി സര്‍ചാര്‍ജ്‌ ഈടാക്കാന്‍ ഉത്തരവ്‌ വാങ്ങുകയുണ്ടായി. ഈ ഉത്തരവ്‌ കിട്ടിയമുറയ്‌ക്ക്‌ സംഘം സെക്രട്ടറി യാതൊരുവിധ കുറ്റവും ചെയ്‌തിട്ടില്ലായെന്നും തന്നെ തിരിച്ചെടുക്കണമെന്നും പറഞ്ഞ്‌ കേസ്‌ നല്‍കി.

യൂണിയന്‍ നേതാവ്‌ ചേര്‍ത്ത മെമ്പര്‍ഷിപ്പുകളെല്ലാം കൃത്രിമമാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി. റദ്ദ്‌ ചെയ്‌ത മെമ്പര്‍ഷിപ്പുകള്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട്‌ യൂണിയന്‍ നേതാവ്‌ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്‌. സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസല്‍ അഡ്‌മിന്‌സ്‌ട്രേറ്റീവ്‌ കമ്മറ്റിയംഗങ്ങളെ കൊണ്ട്‌ തിരഞ്ഞെടുപ്പ്‌ നടത്തിക്കാതിരിക്കുവാന്‍ വേണ്ടി മറ്റൊരു കേസും നല്‍കി.

വകുപ്പ്‌ 65 പ്രകാരമുള്ള അന്വേഷണത്തിന്റെ സര്‍ചാര്‍ജ്‌ ഈടാക്കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കി. മെമ്പര്‍മാര്‍ ആവലാതികളെല്ലാം രേഖാമൂലം രജിസ്‌ട്രാര്‍ക്ക്‌ നല്‍കി. ഈ മറുപടിയുടെ രേഖകള്‍ സംഘത്തില്‍ നിന്നും വിളിച്ചുവരുത്തുകയും പരിശോധിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്ന്‌ വകുപ്പ്‌ 65 പ്രകാരമുള്ള അന്വേഷണവും സര്‍ചാര്‍ജ്ജും അതുമായി ബന്ധപ്പെട്ട്‌ എടുത്തിട്ടുള്ള മുഴുവന്‍ നിയമ നടപടികളും രജിസ്‌ട്രാര്‍ റദ്ദ്‌ ചെയ്‌തു.

പുനര്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ഈ അന്വേഷണം ഒഴിവാക്കാന്‍ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കമ്മറ്റിയില്‍ ഉണ്ടായിരുന്ന പ്രതാപനെ മിനിറ്റ്‌സില്‍ ഒപ്പ്‌ രേഖപ്പെടുത്താന്‍ അനുവദിക്കാതെ പറഞ്ഞുവിട്ടു. ഇതേ തുടര്‍ന്ന്‌ സിപിഎം നേതാവ്‌ ഷിന്റോ കണ്‍വീനറായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

ഇതിന്‌ സഹകരണ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ സംഘം മിനിറ്റ്‌സ്‌ ബുക്കില്‍ തിരിമറികളും നടത്തി. അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മറ്റിക്ക്‌ നയപരമായ തീരുമാനം എടുക്കാന്‍ അധികാരമില്ലായെന്നിരിക്കെ ഇവര്‍ പല തീരുമാനങ്ങളും എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ രജിസ്‌ട്രാര്‍ക്കും വകുപ്പ്‌ മന്ത്രിക്കും സംഘത്തിന്റെ കണ്‍വീനര്‍ രേഖകള്‍ സഹിതം പരാതി നല്‍കി.

എന്നാല്‍ കാര്യമായ നടപടികള്‍ ഉണ്ടായില്ല. ഇന്ത്യന്‍ കോഫി ഹൗസ്‌ സംഘത്തിന്റെ മാതൃകയില്‍ ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച്‌ ഉപജീവനം നടത്തുന്നവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപീകരിച്ച സംഘമാണ്‌ സിപിഎം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്‌.

Advertisment