ഇങ്ങനെ മതിയോ ദുരന്തനിവാരണം

സുഭാഷ് ടി ആര്‍
Saturday, August 18, 2018

എറണാകുളം:  കാസർകോട് ജില്ലയെ ഒഴിവാക്കികൊണ്ട് കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടർന്നുകൊണ്ടിരിയ്ക്കുകയാണ്.നാടും നഗരവും അക്ഷരാർത്ഥത്തിൽ കടലായി.പല സ്ഥലങ്ങളും ഒറ്റപ്പെട്ടു, ജനങ്ങൾ അഭയാർത്ഥികളായി.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും സർവത്ര. എത്ര ജീവൻ പൊലിഞ്ഞു പോയി. മഴയും വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും ആരും കൊണ്ടുവരുന്നതല്ല, നമ്മുടെ കൈയ്യിൽ നിൽക്കുന്നതുമല്ല.

ആലുവയിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും ഉള്ള ജനങ്ങൾ ചെറുതോണി ഡാം തുറന്നപ്പോൾ രോഷാകുലരായത് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡാം തുറക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നത ഉടലെടുത്തതും ഇപ്പോൾ തുറക്കില്ല എന്ന വാശിയും നിവൃത്തിയില്ലാതെ തുറന്നപ്പോൾ ഉണ്ടായ സംഭവങ്ങളും കേരളത്തിലെ ജനം കണ്ടറിഞ്ഞു.

അന്നൊന്നും മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കാര്യമായ ചർച്ച വന്നതുമില്ല. സർക്കാരിന് തമിഴ്നാടുമായി നേരത്തെ തന്നെ ഒരു ധാരണയിൽ എത്താമായിരുന്നു, കൂടുതൽ ജലം കൊണ്ടുപോകുന്നതിനെക്കുറിച്ച്. വളരെ വൈകിയാണ് തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചത്. എന്നിട്ട് എന്തായി? കാലാവസ്ഥാ മുന്നറിയിപ്പുകളെപോലും അവഗണിച്ച് മുന്നോട്ട് പോയത് വലിയ വീഴ്ചയായി സർക്കാരിന്.

കേരളപോലീസിനോ ഫയർഫോഴ്സിനോ ഈ പ്രളയം കൈകാര്യം ചെയ്യാൻ പറ്റുമോ എന്ന് തോന്നുന്നില്ല. അത്രയ്ക്കും സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായികൊണ്ടിരിയ്ക്കുകയാണ്.

സൈന്യത്തിന്റെ സഹായം കേരളം അടിയന്തരമായി തേടണം എന്നും ദുരന്തനിവാരണം സൈന്യത്തെ ഏൽപിയ്ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. എന്നിട്ടും സർക്കാർ പത്രസമ്മേളനം നടത്തി കണക്കുകൾ നിരത്തിക്കൊണ്ടിരിയ്ക്കുകയാണ്.ഈ സർക്കാർ തന്നെ ജനങ്ങൾക്ക് ദുരന്തം ആകരുത്. ഈ പേമാരിയിൽ കൂലംകുത്തി ഒഴുകുന്ന മലവെള്ളം പോലെ ജനമനസ്സിൽ നിന്നും ഒലിച്ചു പോകാതെ നോക്കിയാൽ നന്നായിരുന്നു.

കാര്യപ്രാപ്തിയുള്ള ഒരു സർക്കാരിനെ ആണ് ജനം ആഗ്രഹിക്കുന്നത് അതും ഇതുപോലുള്ള സന്ദർഭങ്ങളിൽ. കുറച്ചു കൂടി ഉത്തരവാദിത്തം കാട്ടണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻകൂറായി പണം നൽകിയാൽ നന്നായിരുന്നു.

പതിനായിരങ്ങൾ ഇനിയും കുടുങ്ങി കിടക്കുകയാണ്.കുടിവെള്ളം, ഭക്ഷണം ഒന്നും തന്നെ ഇല്ല.പ്രാഥമിക കർമ്മങ്ങൾ നിർവഹിയ്ക്കാൻ പോലും കഴിയാതെ ദുരിതത്തിൽ പെട്ടുപോയി.ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും ഒത്തിരി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടാകും.നഷ്ടം എപ്പോഴും നഷ്ടപ്പടുന്നവന്റെ മാത്രം ആണല്ലോ.

×