മലയാളിയെ പ്രണയിച്ച് പണിമുടക്കുകൾ, കേരളത്തിനു മാത്രമെന്തിനീ തോറ്റു പഴകിയ സമരമുറ

ലിനോ ജോണ്‍ പാക്കില്‍
Tuesday, January 8, 2019

കേരളത്തിൽ പുതുവർഷം നവോത്ഥാന മതിലുകളുടെയും യുവതി പ്രവേശന വാർത്തകളുടേ ആരവങ്ങളുടേതും വിവാദങ്ങളുടേതുമായിരുന്നു.
എന്നാൽ മലയാളിയേ മാത്രം പ്രണയിച്ച് മാനസീക വിജയം നേടുന്ന ഹർത്താലുകളും പണിമുടക്കുകളും സത്യത്തിൽ നമ്മളേ മടിയന്മാരുടെ നാടാക്കി മാറ്റുന്നു. വർഷങ്ങളായി പ്രയോഗിച്ച് പരാജയപ്പെട്ട ഈ പഴയ സമരമുറ എന്തിന് വിദ്യാസമ്പന്നരുടെ നാടായ കേരളം മാത്രം ഒരു ശാപമായി കൊണ്ടു നടക്കുന്നു ?

ദേശീയ പണിമുടക്ക് ദിനമായി ഇന്ന് മുബൈ നഗരം പതിവുപോലെ തിരക്കുകളിലേക്ക് പോകുമ്പോൾ കേരളത്തിലെ കാഴ്ച്ചകൾ ട്രയിൻ ഉപരോധങ്ങളും ,ആശുപത്രികളിൽ പോലും പോകാൻ ബസ്സോ മറ്റ് വാഹനങ്ങൾ കിട്ടാതെ വഴിയിൽ അകപ്പെട്ട പോയ സാധാരണക്കാരുടേതാണ്. യഥാർത്ഥത്തിൽ ജനം പരാജയപ്പെടുമ്പോൾ ആരാണ് പണിമുടക്ക് കൊണ്ട് വിജയിക്കുന്നത്.

ജലപ്രളയം മൂലം തകർച്ച നേരിട്ട ടൂറിസം മേഖല കടുത്ത വരുമാന നഷ്ടമാണ് തുടർച്ചയായ ഹർത്താലും പണിമുടക്ക് കാരണവും നേരിടുന്നത്. പല വിദേശ രാജ്യങ്ങളും സഞ്ചാരികളായം മറ്റും കേരളത്തിലുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ നല്കിയതായി വാർത്തകൾ റിപ്പാർട്ട് ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ നാടിനെ ലോക ഭൂപടത്തിൽ ഒരു അപരിഷ്കൃത സമൂഹമായി രേഖപ്പെടുത്തുകയേയുള്ളു.

വ്യാപാരികൾ, വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ള ആളുകളെ നേരിട്ടും അല്ലാതെയും ബന്ദികളാക്കുന്ന ഹർത്താലും പണിമുടക്കുകളും നിയമപരമായി തന്നേ ഇല്ലായ്മ ചെയ്യേണ്ടിയിരിക്കുന്നു. ജീവൻ ഭയന്നും ,വഴിയിൽ അകപ്പെട്ടാൽ കുടിവെള്ളവും ഭക്ഷണവും പോലെ ലഭിക്കില്ല എന്ന തിരിച്ചറിവാണ് ജനങ്ങളേ പുറത്തിറങ്ങാൻ പ്രേരിപ്പിക്കാത്തത്.

പൊതു ജനങ്ങൾ രാഷ്ട്രീയത്തിനും മറ്റു വേർതിരിവുകൾക്കുമതീതമായി പൊതു പണിമുടക്കുകളോടും ഹർത്താലിനോടും ശക്തമായി പ്രതികരിക്കാതെ നാടിന്റെ വികസന കുതിപ്പിന് കൂച്ച് വിലങ്ങിടുന്ന ഈ പ്രാകൃത രീതിക്ക് അവസാനം ഉണ്ടാകില്ല.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കേണ്ടിയ ബാധ്യത സർക്കാരിനും പോലീസിനുമുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷയും ഭീമമായ നഷ്ട പരിഹാരവും ഈടാക്കി ഹർത്താലിലേയും പണിമുടക്കലേയും സാമൂഹിക വിരുദ്ധരുടെ സൈരവിഹാരത്തിനും തsയിടേണ്ടിയിരിക്കുന്നു.

പണിമുടക്കിനേ എതിർത്ത് വ്യാപാരി വ്യവസായ സംഘടനകൾ കേരളത്തിൽ കടകൾ തുറക്കുമെന്ന തീരുമാനം തികച്ചും പ്രശംസനീയം തന്നയാണ്. കേരളത്തിന്റെ പൊതു ജനവും ,മറ്റ് സംഘടനകളും വ്യാപാരികള പോലെ മലയാളിയെ മടിയനായി വിശേഷിപ്പിക്കുന്ന ഈ ഹർത്താലിന്റെ ചീത്ത പേരിൽ നിന്ന് മുക്തി നേടാൻ മുന്നോട്ട് കടന്ന് വരേണ്ടിയിരിക്കുന്നു.

ഒരു വർഷം ശരാശരി നൂറ് ഹർത്താൽ നടത്തിയെന്ന റെക്കോർഡ് മലയാളി നേടുമ്പോൾ നമ്മൾ എത്രമാത്രം അപഹാസ്യരാകുന്നു എന്നത് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലേ മറ്റ് സംസ്ഥാനങ്ങളും വൻ നഗരങ്ങളും തിരിഞ്ഞ നോക്കാത്ത പണിമുടക്കെന്ന ഈ പ്രഹസനത്തോട് നമുക്കും വിട പറയാം.

മലയാളി മാറിയാൽ അത് ലോകം മാറിയതായി കരുതാം അത്ര കരുത്തരാണ് ഇന്നത്തേ തലമുറ എന്നതിൽ സംശയമില്ല. നല്ല മാറ്റങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കട്ടെ അങ്ങനെ പതുവർഷം പുതുമകളുടേതാകട്ടെ.

×