കൊട്ടിയൂര്‍ പീഡനവാര്‍ത്തയെ തുടര്‍ന്നുണ്ടായ ‘എഡിറ്റോറിയല്‍’ വിവാദം: സണ്‍‌ഡേ ശാലോം പ്രതികരിക്കുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 12, 2019

കേരള ക്രൈസ്തവ സമൂഹത്തെയും പൊതുസമൂഹത്തെയും ഒന്നടങ്കം സ്തബ്ദരാക്കിയ ഒരു സംഭവമായിരുന്നു കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു വൈദികന്റെ കുഞ്ഞിനെ പ്രസവിക്കാനിടയായത്. കുറ്റാരോപിതനായ ഫാ. റോബിന്‍ ഇന്ന് വിചാരണ നേരിട്ടുകൊണ്ട് തടവില്‍ കഴിയുന്നു.

ഈ സംഭവം വെളിയില്‍ വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന കോലാഹലങ്ങളില്‍ ഒന്നായിരുന്നു സണ്‍‌ഡേ ശാലോമിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം. കോഴിക്കോട് പെരുവണ്ണാമൂഴി ആസ്ഥാനമായി പ്രസിദ്ധീകരിക്കപ്പെടുന്ന ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തറയാണ്.

2017 മാര്‍ച്ച് രണ്ടാം തിയ്യതി സണ്‍‌ഡേ ശാലോമിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ആ ലേഖനത്തോടനുബന്ധിച്ച് ശാലോമും, സണ്‍‌ഡേ ശാലോം ചീഫ് എഡിറ്ററും ഏറെ പഴി കേള്‍ക്കുകയുണ്ടായി. ചില ഓണ്‍ലൈന്‍ – പത്ര – ദൃശ്യ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ശാലോമിനെ കുറ്റപ്പെടുത്തിക്കൊണ്ട് ശക്തമായി രംഗത്ത് വന്നിരുന്നു.

ഇരയായ പെണ്‍കുട്ടിയെ സണ്‍‌ഡേ ശാലോം എഡിറ്റോറിയലില്‍ കുറ്റക്കാരിയാക്കി ചിത്രീകരിച്ചു എന്നതായിരുന്നു ശാലോമിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. അത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കുക വഴിയായി വൈദികനെ നല്ലവനാക്കി ചിത്രീകരിക്കുവാന്‍ ശാലോം ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെട്ടു. അതെക്കുറിച്ച് ചില പ്രൈം ടൈം ചാനല്‍ ചര്‍ച്ചകള്‍ പോലും അക്കാലത്ത് നടന്നിരുന്നു.

എന്നാല്‍ രണ്ടു വര്‍ഷങ്ങളോളം പിന്നിട്ടപ്പോള്‍ സണ്‍‌ഡേ ശാലോം അതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. “കൊട്ടിയൂര്‍ കേസ് വിധിപറയാനിരിക്കെ, കത്തോലിക്കാ മാധ്യമമായ സണ്‍‌ഡേ ശാലോം മലക്കം മറിയുന്നു” എന്ന തലക്കെട്ടോടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതിനോട് പ്രതികരിച്ചിരിക്കുന്നത്.

പൊതുവേ വിവാദ വിഷയങ്ങളില്‍ ഇടപെടാത്ത ശാലോം, ഇത്തരമൊരു വിഷയത്തില്‍ ഇടപെട്ടത് എന്തുകൊണ്ട്, അത് എങ്ങനെ ഇത്രമാത്രം വലിയൊരു വിവാദമായി മാറി എന്നിങ്ങനെയുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് ഞങ്ങള്‍ ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.

എന്തായിരുന്നു ആ ആര്‍ട്ടിക്കിള്‍ എന്നതിന്റെ വിശദീകരണം കഴിഞ്ഞ ഫെബ്രുവരി രണ്ടാം തിയ്യതി സണ്‍‌ഡേ ശാലോമിന്റെ വെബ് പേജിലും, ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പിലൂടെയും വീഡിയോയിലൂടെയും വ്യക്തമാക്കുന്നുണ്ട്.

കൊട്ടിയൂര്‍ പീഡനത്തിന്റെ മറവില്‍, ചില മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വൈദികര്‍ നിരന്തരം അക്രമിക്കപ്പെട്ടുകൊണ്ടിരുന്ന പശ്ചാത്തലത്തില്‍, ആ നാളുകളില്‍ ഫേസ്ബുക്കിളും മറ്റും വൈറലായ വ്യത്യസ്തങ്ങളായ ചില പ്രതികരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് സണ്‍‌ഡേ ശാലോം വെബ് പേജില്‍ നല്‍കിയിരുന്നത് എന്നാണ് വിശദീകരണം.

അതില്‍, ദേവിമേനോന്‍ എന്ന സ്ത്രീ, തന്റെ ഫേസ്ബുക്കില്‍ എഴുതിയ ചില വരികളും ഉള്‍പ്പെട്ടിരുന്നത്രേ. ( ദേവി മേനോന്‍ എഴുതിയതെന്ന് വിശദീകരിക്കുന്ന വിവാദമായ ചില വരികള്‍ പ്രസ്തുത ഓണ്‍ലൈന്‍ ആര്‍ട്ടിക്കിളില്‍ നിന്ന് ചില മണിക്കൂറുകള്‍ക്ക് ശേഷം നീക്കം ചെയ്തിരുന്നു. അത് നീക്കം ചെയ്യുന്നതിന് മുമ്പെടുത്ത സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ചാണ് പിന്നീട് ശാലോമിനെതിരെ ചിലര്‍ സംസാരിച്ചത്.)

ഒരു അമ്മ മകളോട് സംസാരിക്കുന്ന ഭാഷയിലായിരുന്നുവത്രേ ദേവി മേനോന്‍ ആ കുറിപ്പ് എഴുതിയിരുന്നത്. അത്തരമൊരു പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാല്‍ ആ വരികളുടെ അര്‍ത്ഥം മാറും എന്ന് നിശ്ചയം. ഏതായാലും, ആ വാചകങ്ങള്‍ സണ്‍‌ഡേ ശാലോമിന്റെ എഡിറ്റോറിയല്‍, ചീഫ് എഡിറ്ററായ ബെന്നി പുന്നത്തറയുടെ വാക്കുകള്‍, ശാലോമിന്റെ അഭിപ്രായം എന്നിങ്ങനെയാണ് ചില വാര്‍ത്താമാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായത്.

ആ ദുഷ്പ്രചരണങ്ങള്‍ അനേകായിരങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കി എന്ന്, മേല്‍പ്പറഞ്ഞ വിശദീകരണം തയ്യാറാക്കിയ സണ്‍‌ഡേ ശാലോം എഡിറ്റോറിയല്‍ ടീം പറയുന്നു. ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉപയോഗിച്ച് ശാലോമിനെയും, സഭയെയും ഇന്നും ചിലര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കുറിപ്പുമായി തങ്ങള്‍ രംഗത്ത് വന്നിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

ചില മാധ്യമഭീകരന്‍മാരുടെയും. മാധ്യമ ഗുണ്ടകളുടെയും കറുത്ത കരങ്ങള്‍ ഇത്തരമൊരു വിവാദം സൃഷ്ടിക്കപ്പെട്ടതിന് പിന്നിലുണ്ടെന്ന് സണ്‍‌ഡേ ശാലോം തങ്ങളുടെ കുറിപ്പിലൂടെ ആരോപിക്കുന്നുണ്ട്. ഗൂഡലക്ഷ്യങ്ങളോടെ ശാലോമിനെയും, സഭയെയും അവഹേളിക്കാന്‍ അവസരം പാര്‍ത്തിരുന്നവരാണത്രേ അവര്‍.

“കഴുകന്‍ കണ്ണുകളോടെ, ദുഷിച്ചതും അഴുകിയതും മാത്രം തിരയുന്ന, സകലത്തിലും തിന്മ മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന, തിന്മയെ നന്മയും, നന്മയെ തിന്മയുമാക്കി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കറുത്ത മാധ്യമത്തിന്റെ ഗൂഡാലോചനയായിരുന്നു ഇത്തരം ഒരു വിവാദത്തിന് വഴിവച്ചത്.

ഒരു അച്ചടിമാധ്യമത്തിന്റെ എഡിറ്റോറിയല്‍ എന്നാല്‍ എന്താണെന്ന് അറിയാത്തവര്‍ ആയിരുന്നില്ല ഈ വിഷയം വിവാദമാക്കാനും, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളോളമായി അത് കെട്ടടങ്ങാതെ സൂക്ഷിക്കുവാനും ശ്രദ്ധിച്ച മാധ്യമഗുണ്ടകള്‍. അവരെ പിന്തുടര്‍ന്ന് വിഷയം ഏറ്റുപിടിച്ച മറ്റുചില മാധ്യമങ്ങളും നിര്‍ലജ്ജം ഇതേ കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്.

പലര്‍ക്കും പലവിധ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത് എന്ന് നാം തിരിച്ചറിയണം. ചിലര്‍ ശാലോമിന്റെ മറവില്‍ സഭയെ ആക്രമിച്ചപ്പോള്‍, മറ്റുചിലര്‍ സ്ഥാപിത താത്പര്യങ്ങളോടെ ശാലോമിനെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.” സണ്‍‌ഡേ ശാലോമിന്റെ “എഡിറ്റോറിയല്‍” എന്ന് അടിവരയിട്ട് വ്യാജ വാര്‍ത്ത അവതരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പരാമര്‍ശമുണ്ട്. ചില മാധ്യമങ്ങളെയും വാര്‍ത്താ അവതാരകരെയും പേരെടുത്തു പറഞ്ഞിരിക്കുന്നു.

“കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പത്രത്തിന്റെ പ്രിന്റ് എഡീഷനില്‍ വരുന്ന എഡിറ്റോറിയലുകള്‍ തന്നെയാണ് ഓണ്‍ലൈനിലും എഡിറ്റോറിയല്‍ കോളത്തില്‍ നല്‍കുന്നത്. ഈ പംക്തിയില്‍ ഇതുവരെയും ഫാ. റോബിനുമായി ബന്ധപ്പെട്ട യാതൊരു വിഷയങ്ങളും സണ്‍ഡേ ശാലോമിന്റെ ഇന്ത്യന്‍, യൂറോപ്യന്‍, അമേരിക്കന്‍ എഡീഷനുകളില്‍ ഇതുവരെ പ്രതിപാദിച്ചിട്ടുമില്ല.” എന്ന് വിശദീകരണക്കുറിപ്പില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു.

ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനമായാലും, അതിന്റെ ഉത്തരവാദിത്തം എഡിറ്റോറിയല്‍ ബോര്‍ഡിനും, ചീഫ് എഡിറ്റര്‍ക്കും ഇല്ലേ എന്നാണ് ഈ ദിവസങ്ങളില്‍, പ്രസ്തുത വിശദീകരണത്തോട് പ്രതികരിച്ച ചില മാധ്യമങ്ങള്‍ക്ക് ചോദിക്കാനുള്ളത്. പിന്നീട് ഈ ആര്‍ട്ടിക്കിള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയുണ്ടായി എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം ആരോപിക്കുന്നുണ്ട്. എന്നാല്‍, വിവാദകാരണമായ ലേഖനം അവരുടെ വെബ് സൈറ്റില്‍ ഇന്നും ലഭ്യമാണ്. https://sundayshalom.com/archives/12671

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ വൈദികനെ വെള്ളപൂശാന്‍ സണ്‍‌ഡേശാലോം നടത്തിയ ശ്രമം പരാജയപ്പെടും എന്നുറപ്പായപ്പോള്‍ കളംമാറ്റി ചവിട്ടി എന്നും, വിജയിക്കുമെന്നായപ്പോള്‍ കൈകഴുകി എന്നും രണ്ടു തരത്തില്‍ ചിലര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍, വിവാദകാരണങ്ങളായിട്ടുള്ള വിഷയങ്ങളില്‍ നിന്നും, കഴിഞ്ഞ കാലങ്ങളില്‍ പലവിധ വിവാദങ്ങള്‍ സൃഷ്ടിച്ചവരില്‍ നിന്നും സമദൂരം പാലിച്ചു ശീലിച്ച ശാലോം നേതൃത്വവും എഡിറ്റോറിയല്‍ ബോര്‍ഡും ഇത്തരമൊരു വിഷയത്തില്‍ ഇടപെടുന്നതെന്തിന് എന്ന മറുചോദ്യമാണ് ശാലോമിനോട് അടുത്ത വൃത്തങ്ങള്‍ ഉയര്‍ത്തുന്നത്. അനാവശ്യമായ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥ വിഷയങ്ങളെ വഴിതിരിച്ചുവിടുവാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു.

“ചിലരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗൂഡശ്രമങ്ങളെ ശരിയായി വിലയിരുത്തിക്കൊണ്ട് അത്തരക്കാരുടെ കാപട്യത്തെ തുറന്നുകാണിക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. മാധ്യമ രംഗത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന തിൻമയുടെ ഇരുണ്ട ശക്തികളെ തോൽപ്പിച്ച് സുന്ദരമായ ഒരു ലോകം പണിതുയർത്തുവാനായി നമുക്ക് കൈകോര്‍ക്കാം.” ഇത്തരമൊരു ആഹ്വാനത്തോടെയാണ് സണ്‍‌ഡേ ശാലോം എഡിറ്റോറിയല്‍ ടീം തയ്യാറാക്കിയ വിശദീകരണം അവസാനിക്കുന്നത്.

സണ്‍‌ഡേ ശാലോമിന്റെ പ്രതികരണം പൂര്‍ണ്ണ രൂപത്തില്‍:

സണ്‍ഡേ ശാലോം ചീഫ് എഡിറ്റര്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ കൊട്ടിയൂര്‍ പീഡനത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ തെറ്റുകാരിയാക്കി ചിത്രീകരിച്ചുവോ?

സണ്‍ഡേ ശാലോം എഡിറ്റോറിയലിലൂടെ കുറ്റവാളിയായ വൈദികനെ നിരപരാധിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നോ?

2017 മാര്‍ച്ച് മാസം മുതല്‍ ഏതാണ്ട് രണ്ടു വര്‍ഷങ്ങളോളമായി ശ്രീ ബെന്നി പുന്നത്തറയും, സണ്‍ഡേ ശാലോമും പഴികേള്‍ക്കുന്നതിന് പിന്നിലെ സത്യം എന്താണ്?

2017 മാര്‍ച്ച് രണ്ടാം തിയ്യതി മുതല്‍ അനാവശ്യവിവാദത്തിനിടയാക്കിയ സംഭവങ്ങളിലേയ്ക്ക് വരാം. അതിനു പിന്നില്‍, ഒരു എഡിറ്റോറിയാലോ, ശ്രീ ബെന്നി പുന്നത്തറ എഴുതിയ ലേഖനമോ, സണ്‍ഡേ ശാലോമില്‍ അച്ചടിക്കപ്പെട്ട ഒരു ആര്‍ട്ടിക്കിളോ ആയിരുന്നില്ല ഉണ്ടായിരുന്നത്. വിവാദ കാരണമായി മാറിയ ലേഖനം, ആ കാലഘട്ടങ്ങളില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന പൗരോഹിത്യത്തെ വിഷയമാക്കി, സണ്‍ഡേ ശാലോമിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു.

ആ ദിവസങ്ങളില്‍ ഫേസ്ബുക്കിലും മറ്റും അനേകര്‍ ഷെയര്‍ ചെയ്ത ചില കുറിപ്പുകളിലൂടെ, അനാവശ്യമായി പഴികേള്‍ക്കാനിടയായ, മാനസികമായി തളര്‍ന്ന അനേകായിരം പുരോഹിതരെ ആശ്വസിപ്പിക്കുക മാത്രമാണ് അത് പോസ്റ്റ് ചെയ്ത വ്യക്തി ലക്ഷ്യം വച്ചത്. ഒപ്പം, ഇത്തരമൊരു സംഭവത്തെയും തുടര്‍ന്നുണ്ടായ വിവാദങ്ങളെയും വ്യത്യസ്ഥ വീക്ഷണകോണുകളിലൂടെ നോക്കിക്കണ്ട ചിലരുടെ ആശയങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

തന്റെ മകളുടെ സ്ഥാനത്ത് ആ പെണ്‍കുട്ടിയെ കണ്ട് വികാരനിര്‍ഭരമായ ഒരു കുറിപ്പെഴുതിയ ദേവി മേനോന്‍ എന്ന സ്ത്രീയുടെ ചില വാചകങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ആ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി, ചീഫ് എഡിറ്ററുടെ വാക്കുകളായി ഉദ്ധരിക്കുകയും വെബ്‌സൈറ്റില്‍ വന്ന കുറിപ്പിനെ പത്രത്തിന്റെ എഡിറ്റോറിയല്‍ എന്ന നിലയില്‍ വ്യാജമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചില മാദ്ധ്യമഭീകരര്‍ ഇല്ലാത്ത ഒരു വാര്‍ത്ത സൃഷ്ടിച്ചത്.

ഇത്തരമൊരു ലേഖനം, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രമാത്രം വലിയ വിവാദമായി മാറിയത് എങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. അനാവശ്യ ചര്‍ച്ചകള്‍ കണ്ട്, ദേവി മേനോന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ പ്രതികരിക്കുകയും, അത് തന്റെ വ്യക്തിപരമായ നിലപാട് ആണെന്നും ശാലോമിനോ ബെന്നി പുന്നത്തറയ്‌ക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവിച്ചിരുന്നു.

അതിന് ശേഷം രണ്ട് വര്‍ഷങ്ങളോളമായിട്ടും, നമ്മുടെ ചില മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ അവതാരകര്‍ തങ്ങളുടെ നുണകളെ ലജ്ജയില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം നല്‍കുവാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നത്.

കഴുകന്‍ കണ്ണുകളോടെ, ദുഷിച്ചതും അഴുകിയതും മാത്രം തിരയുന്ന, സകലത്തിലും തിന്മ മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന, തിന്മയെ നന്മയും, നന്മയെ തിന്മയുമാക്കി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കറുത്ത മാധ്യമത്തിന്റെ ഗൂഡാലോചനയായിരുന്നു ഇത്തരം ഒരു വിവാദത്തിന് വഴിവച്ചത്.

ഒരു അച്ചടിമാധ്യമത്തിന്റെ എഡിറ്റോറിയല്‍ എന്നാല്‍ എന്താണെന്ന് അറിയാത്തവര്‍ ആയിരുന്നില്ല ഈ വിഷയം വിവാദമാക്കാനും, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളോളമായി അത് കെട്ടടങ്ങാതെ സൂക്ഷിക്കുവാനും ശ്രദ്ധിച്ച മാധ്യമഗുണ്ടകള്‍. അവരെ പിന്തുടര്‍ന്ന് വിഷയം ഏറ്റുപിടിച്ച മറ്റുചില മാധ്യമങ്ങളും നിര്‍ലജ്ജം ഇതേ കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്.

പലര്‍ക്കും പലവിധ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത് എന്ന് നാം തിരിച്ചറിയണം. ചിലര്‍ ശാലോമിന്റെ മറവില്‍ സഭയെ ആക്രമിച്ചപ്പോള്‍, മറ്റുചിലര്‍ സ്ഥാപിത താത്പര്യങ്ങളോടെ ശാലോമിനെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പത്രത്തിന്റെ പ്രിന്റ് എഡീഷനില്‍ വരുന്ന എഡിറ്റോറിയലുകള്‍ തന്നെയാണ് ഓണ്‍ലൈനിലും എഡിറ്റോറിയല്‍ കോളത്തില്‍ നല്‍കുന്നത്. ഈ പംക്തിയില്‍ ഇതുവരെയും ഫാ. റോബിനുമായി ബന്ധപ്പെട്ട യാതൊരു വിഷയങ്ങളും സണ്‍ഡേ ശാലോമിന്റെ ഇന്ത്യന്‍, യൂറോപ്യന്‍, അമേരിക്കന്‍ എഡീഷനുകളില്‍ ഇതുവരെ പ്രതിപാദിച്ചിട്ടുമില്ല.

എന്നിട്ടും വെബ്‌സൈറ്റില്‍ നല്‍കിയ ഒരു ചെറു ലേഖനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് എഡിറ്റോറിയലായി അവതരിപ്പിച്ച്, സണ്‍ഡേ ശാലോമിനെയും ചീഫ് എഡിറ്ററെയും അവഹേളിച്ചതിന്റെ പിന്നിലെ ഗൂഡലക്ഷ്യം എന്തായിരിക്കും? ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രമാത്രം വലിയ വിവാദമായി മാറിയതിന്റെ കാരണം എന്താണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

ദുരാരോപണങ്ങളും വ്യാജവാര്‍ത്തകളും പതിവാക്കിയ, ധാര്‍മ്മിക അടിത്തറയില്ലാത്ത ഒരു വര്‍ഗ്ഗത്തോട് മല്‍പ്പിടുത്തം നടത്തുന്നത് വിവേകശൂന്യതയാണ് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ടാണ് ഇതുവരെയും ഞങ്ങള്‍ നിശബ്ദത പാലിച്ചത്.

എന്നാല്‍, സമീപകാലങ്ങളില്‍ ക്രൈസ്തവ സമൂഹങ്ങളെ നിരന്തരം വേട്ടയാടുന്നതിന്റെ തുടര്‍ച്ചയായി ഈ ദുരാരോപണം പതിവായി ആവര്‍ത്തിച്ചുകൊണ്ട് ഈ വലിയ വിശ്വാസിസമൂഹത്തെതന്നെ ചിലര്‍ അപമാനിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെപ്പേരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ചാനലുകളിലെ വ്യാജവാര്‍ത്താവിദഗ്ദരായ ചര്‍ച്ചാവതാരകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് തുടര്‍ന്നുകൂടാ.

ഇങ്ങനെ ഒരു എഡിറ്റോറിയല്‍ സണ്‍ഡേ ശാലോം എഴുതിയിട്ടില്ല എന്ന് വിവാദങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പത്രത്തിലൂടെ ഞങ്ങള്‍ വിശദമാക്കിയിരുന്നു. അത് അവഗണിച്ചുകൊണ്ട് വീണ്ടും ജനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രദ്ധിക്കുന്ന വ്യാജ വാര്‍ത്താഅവതാരകര്‍ക്കായി ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വ്യക്തമാക്കട്ടെ,

//ഫാ. റോബിന് അനുകൂലമായോ പ്രതികൂലമായോ സണ്‍ഡേ ശാലോം ഒരു എഡിറ്റോറിയല്‍ എഴുതിയിട്ടില്ല.

//സണ്‍ഡേ ശാലോമിന്റെ വെബ്‌സൈറ്റില്‍ വന്ന ലേഖനത്തിന്റെ വിഷയം, ഒരു വൈദികനുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ എല്ലാ വൈദികരെയും മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല എന്നത് മാത്രം.

//സോഷ്യല്‍ മീഡിയയില്‍ വൈദികരെയെല്ലാം അടച്ചാക്ഷേപിക്കുന്ന കമന്റുകള്‍ക്കിടയില്‍ വ്യത്യസ്ഥമായ ചുരുക്കം ചില ചിന്തകള്‍ കണ്ടപ്പോള്‍, അതിന്റെ ഉദാഹരണമായി ദേവി മേനോന്‍ എന്ന സഹോദരി ഇരയായ പെണ്‍കുട്ടിക്കുള്ള ഉപദേശ രൂപേണ എഴുതിയ കത്തിലെ രണ്ടു വാചകങ്ങള്‍ ഉദ്ധരിച്ചിരുന്നു. അവരുടെ വാക്കുകളെ അനുകൂലിച്ചോ, പ്രതികൂലിച്ചോ യാതൊരുവിധ പ്രസ്താവനകളും മേല്‍പ്പറഞ്ഞ ലേഖനത്തില്‍ ഉണ്ടായിരുന്നതുമില്ല. സോഷ്യല്‍ മീഡിയയിലെ വേറിട്ട ചില ചിന്തകള്‍ക്ക് ഉദാഹരണമായി അത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

//വെബ്‌സൈറ്റിലെ ഈ ലേഖനത്തെ സണ്‍ഡേ ശാലോം പത്രത്തിന്റെ എഡിറ്റോറിയലായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഏഷ്യാനെറ്റിലെ വിനു ചെയ്തതും തികച്ചും അധാര്‍മ്മികമായ ഒരു പ്രവൃത്തിയാണ്. മേല്‍പ്പറഞ്ഞ വാസ്തവങ്ങള്‍ മറച്ചുവച്ച്, ലേഖനത്തിലെ മിക്ക ഭാഗങ്ങളും വിട്ടുകളഞ്ഞ് ചില വാക്കുകള്‍ മാത്രം ചീഫ് എഡിറ്ററുടേതായി അദ്ദേഹം അവതരിപ്പിക്കുകയാണ് ഉണ്ടായത്. മറ്റു ചില ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതേ ശൈലി തന്നെയാണ് സ്വീകരിച്ചത്. ഇതുവഴി സണ്‍ഡേ ശാലോമിനെയും ചീഫ് എഡിറ്ററെയും ജനമദ്ധ്യത്തില്‍ അവഹേളിക്കുവാന്‍ കൂടി അവര്‍ നടത്തിയശ്രമം അപലപനീയമാണ്.

മാധ്യമപ്രവര്‍ത്തനം മഹാപാപം എന്ന് പറയത്തക്ക വിധം നമ്മുടെ ചാനല്‍ ചര്‍ച്ചകള്‍ തരംതാണു കഴിഞ്ഞിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ, വര്‍ഗ്ഗീയ, കച്ചവട ലക്ഷ്യങ്ങള്‍ക്ക് വേണ്ടി എത്രയോപേരുടെ സല്‍പ്പേര് ഇവര്‍ തകര്‍ക്കുന്നു? നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്ന ഇവര്‍ക്ക് ഹാ കഷ്ടം എന്നേ പറയാനുള്ളൂ.

ഇത്തരത്തില്‍ ചിലരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗൂഡശ്രമങ്ങളെ ശരിയായി വിലയിരുത്തിക്കൊണ്ട് അത്തരക്കാരുടെ കാപട്യത്തെ തുറന്നുകാണിക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. മാധ്യമ രംഗത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന തിൻമയുടെ ഇരുണ്ട ശക്തികളെ തോൽപ്പിച്ച് സുന്ദരമായ ഒരു ലോകം പണിതുയർത്തുവാനായി നമുക്ക് കൈകോര്‍ക്കാം.

– സണ്‍ഡേ ശാലോം എഡിറ്റോറിയല്‍ ടീം

സണ്‍‌ഡേ ശാലോം ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌:
https://www.facebook.com/sundayshalomnews/posts/321959151776263/

×