Advertisment

ഗവര്‍ണര്‍ പദവി- ഒരനിവാര്യഭരണഘടനാപദവിയോ? അജാഗളസ്‌തനമോ? അഞ്ചാം പത്തിയോ?

New Update

'ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ജനങ്ങളുടെ ഗവര്‍മെണ്ടിന്‌ ഈ ഭൂമുഖത്ത്‌ സ്ഥിരപ്രതിഷ്‌ഠ ലഭിക്കും.'

- എബ്രഹാം ലിങ്കണ്‍.

Advertisment

ന്ത്യയുടെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്നത്‌ ഡല്‍ഹിയെന്ന കേന്ദ്രഭരണപ്രദേശത്താണ്‌. കേന്ദ്രം ഭരിക്കുന്നത്‌ ബി.ജെ.പിയുടെ പ്രതിനിധിയായ നരേന്ദ്രമോദിയും ഡല്‍ഹി ഭരിക്കുന്നത്‌ എ.എ.പി.യുടെ പ്രതിനിധിയായ അരവിന്ദ്‌ കെജ്‌രിവാളുമാണ്‌. കേന്ദ്രഭരണത്തോടു വിധേയത്വമുള്ള ഐ.എ.എസ്‌. ഉദ്യോഗസ്ഥരും കെജ്‌രിവാളും തമ്മില്‍ ഒരു ശീതസമരം ഉടലെടുക്കുന്നു.

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ ഉരുക്കുചട്ടക്കൂടാണ്‌ ഐ.എ.എസുകാരെന്നാണ്‌ ബ്രിട്ടീഷധികാരികള്‍ പറഞ്ഞുകൊണ്ടിരുന്നത്‌. ഇന്നും അത്‌ ഏറെക്കുറേ ശരിയാണ്‌. ഡല്‍ഹി ഭരിക്കുന്നത്‌. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ കെജ്‌രിവാളും സഹമന്ത്രിമാരുമാണ്‌. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ലഫ്‌.ഗവര്‍ണ്ണറുടെ പിന്തുണയാണ്‌ ഐ.എ.എസുകാരുടെ നിസ്സഹരണത്തിന്റെ ശക്തികേന്ദ്രമെന്ന്‌ കെജ്‌രിവാളും സഹപ്രവര്‍ത്തകരും വിശ്വസിക്കുന്നു.

publive-image governor word on concrette wall

അവസാനം ഡല്‍ഹി മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഗവര്‍ണ്ണറുടെ ഔദ്യോഗികവസതിയായ രാജ്‌ നിവാസിന്റെ സ്വീകരണമുറിയില്‍ കുത്തിയിരുപ്പ്‌ സമരമെന്ന അത്യസാധാരണവും അഭൂതപൂര്‍വ്വവുമായ ഒരു സ്ഥിതിവിശേഷത്തിലെത്തിച്ചേരുന്നു. ഒരു ഗവര്‍ണ്ണറുടെ സ്വീകരണമുറിയില്‍ ഒരു മുഖ്യമന്ത്രിയും കൂട്ടുകാരും സത്യഗ്രഹമിരിക്കുകയെന്നത്‌ മഹാത്‌ഭുതങ്ങളുടെ പട്ടികയില്‍ പെടുത്തേണ്ടിവരും.

കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്കിടയിലെ ഒരു മധ്യസ്ഥഭരണാധികാരിയാണ്‌ ഗവര്‍ണ്ണര്‍. സംസ്ഥാനങ്ങളുടെ ഭരണത്തലവനാണ്‌ സാങ്കേതികാര്‍ത്ഥത്തില്‍ ഗവര്‍ണ്ണര്‍-എന്നാല്‍ നിയമിക്കുന്നത്‌ കേന്ദ്രവും. ഫ്രഞ്ച്‌-ഡച്ച്‌ സാമ്രാജ്യങ്ങളില്‍ കോളനികളുടെ ഭരണത്തിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരാണ്‌ ഗവര്‍ണ്ണര്‍മാര്‍. യുണൈറ്റഡ്‌ സ്റ്റേറ്റ്‌സില്‍ ഗവര്‍ണ്ണര്‍മാര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്നവരാണ്‌.

ബ്രിട്ടീഷ്‌ സമ്പ്രദായത്തില്‍ കേന്ദ്രഭരണത്തിന്റെ പ്രതിനിധിയാണ്‌ ഗവര്‍ണ്ണര്‍. ഭരണഘടനാനിര്‍മ്മാണത്തിന്റെ ചര്‍ച്ചാവേളയില്‍ ഇന്ത്യയിലും ഗവര്‍ണ്ണര്‍മാര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുന്നവരാകണമെന്ന ഒരു നിര്‍ദ്ദേശം ശക്തിയായി ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ബ്രിട്ടീഷ്‌ സമ്പ്രദായത്തിനാണ്‌ അംഗീകാരം ലഭിച്ചത്‌. ബ്രിട്ടീഷ്‌ മാതൃകയിലുള്ള ഒരു പാര്‍ലമെന്ററി സമ്പ്രദായമാണ്‌ നാം മാതൃകയായി സ്വീകരിച്ചത്‌.

നവഭാരതശില്‌പികളായ പണ്ഡിറ്റ്‌ നെഹ്രുവും അംബേദ്‌കറും കൃഷ്‌ണമേനോനുമൊക്കെ ബ്രിട്ടീഷ്‌ പാര്‍ലമെന്ററി സമ്പ്രദായത്തോട്‌ ആഭിമുഖ്യമുള്ളവരായിരുന്നു. ബ്രിട്ടീഷ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും ബ്രിട്ടീഷ്‌ ലിബറലിസത്തിന്റെയും ഉല്‌പന്നങ്ങളായിരുന്നു അവരെല്ലാം. സുരക്ഷിതമായ സംസ്ഥാനത്തിന്റെയും സുശക്തമായ കേന്ദ്രഭരണത്തിന്റെയും ആരോഗ്യകരമായ സഹവര്‍ത്തിത്വം മുന്‍നിര്‍ത്തിയാണ്‌ ഗവര്‍ണ്ണര്‍ പദവി സൃഷ്ടിക്കപ്പെട്ടത്‌.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേകക്ഷിതന്നെ ഭരിക്കുമ്പോള്‍ പ്രശ്‌നമുണ്ടായിരുന്നില്ല-അല്ലെങ്കില്‍ പ്രശ്‌നങ്ങളൊതുക്കിത്തീര്‍ക്കാന്‍ ഭരണകക്ഷിക്കു കഴിയുമായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്‌തകക്ഷികള്‍ അധികാരത്തില്‍ വരുമ്പോഴാണ്‌ സംഘര്‍ഷമുണ്ടാവുന്നത്‌-ഇപ്പോള്‍ ഡല്‍ഹിയില്‍ കണ്ടതുപോലെ.

കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണ്ണര്‍ സംസ്ഥാനഗവര്‍മെണ്ടിനെതിരെ നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ സമരത്തെ പരോക്ഷമായി സഹായിക്കുന്നു- സംസ്ഥാനഗവര്‍മെണ്ടിനെതിരായ നിലപാടെടുക്കുന്നു. ശരിക്കും ഒരഞ്ചാംപത്തി പണിയാണ്‌ ഉദ്യോഗസ്ഥര്‍ ഇവിടെ ചെയ്യുന്നത്‌ ഗവര്‍ണ്ണറും കേരളത്തിലെ ഒന്നാം ഇ.എം.എസ്‌ മന്ത്രിസഭയുടെ കാലത്താണിതിനു തുടക്കം കുറിച്ചത്‌.

കുപ്രസിദ്ധമായ വിമോചനസമരത്തെ മറയാക്കിക്കൊണ്ട്‌ ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. എം.ആര്‍.എ. എന്ന ഒരു വിദേശസംഘടനയുടെ സഹായധനം സ്വീകരിച്ചാണ്‌ വിമോചനസമരം സംഘടിപ്പിച്ചതെന്ന സത്യം പില്‍ക്കാലത്തു പുറത്തുവന്നു. ക്രമസമാധാനം തകര്‍ന്നെന്ന ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഇ.എം.എസ്‌ മന്ത്രിസഭയെ സ്ഥാനഭ്രഷ്‌ടമാക്കിയത്‌.

ഈ ക്രമസമാധാനത്തകര്‍ച്ച സൃഷ്ടിച്ചത്‌ വിമോചസമരമാണ്‌. വിമോചനസമരത്തിന്‌ ഊര്‍ജ്ജം പകര്‍ന്നത്‌ ഒരു സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധസംഘടനയാണ്‌. വിദ്യാഭ്യാസബില്ലും ഭൂനിയമവുമൊക്കെ അതിനുകാരണമായി ഉയര്‍ത്തിക്കാട്ടിയെന്നുമാത്രം.

പില്‍ക്കാലത്ത്‌ ലോകപ്രശസ്‌തമായിത്തീര്‍ന്ന കേരളാമാതൃകക്ക്‌ അടിത്തറയിട്ടതും ഈ മന്ത്രിസഭയാണെന്നതും നാം ഓര്‍മ്മവരണം. ആ മന്ത്രിസഭയെയാണ്‌ ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്‌. നമ്മുടെ ക്ഷേമരാഷ്ട്രസങ്കല്‌പത്തില്‍ ഗവര്‍ണ്ണര്‍പദവി ഒരനിവാര്യബാധ്യതയാണോ? രാഷ്ട്രപതിസ്ഥാനം പോലെ ഒരു തെരഞ്ഞെടുപ്പിന്റെ അഗ്‌നിപരീക്ഷയിലൂടെ ഗവര്‍ണ്ണര്‍ക്കും കടന്നുവന്നുകൂടെ?

തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെയൊരു മൂന്നാമന്റെ ആവശ്യമുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭയിലും ചര്‍ച്ചാവിഷയമായിരുന്നു. പ്രശസ്‌തഗാന്ധിയനും സാമൂഹ്യവിമര്‍കകനുമായ ശ്രീമന്നാരായണ്‍ ഇക്കാര്യം വിശകലനം ചെയ്‌തുകൊണ്ട്‌ ഗാന്ധിജിയുടെ സ്വരാജ്യയില്‍ ലേഖനമെഴുതിയിട്ടുണ്ട്‌.

പില്‍ക്കാലത്ത്‌ ഒരു സംസ്ഥാനഗവര്‍ണ്ണറായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്‌. ആര്‍ഭാടപൂര്‍ണ്ണമായ ഗവര്‍ണ്ണര്‍ പദവി നിലനിര്‍ത്തുന്നതിനുവേണ്ടി നാം ചിലവഴിച്ചുകൊണ്ടിരിക്കുന്ന ഭീമസംഖ്യകളെക്കുറിച്ച്‌ അദ്ദേഹം ഉല്‍കണ്‌ഠാകുലനായിരുന്നു. ഇത്തരം ചിലവുകളിലെ ഓരോ പൈസക്കും നാം നികുതിദായകരോട്‌ കണക്കുപറയണമെന്നാണ്‌ അദ്ദേഹം പറഞ്ഞുവരുന്നത്‌.

കെജ്‌രിവാളും സഹമന്ത്രിമാരും അടങ്ങിയ രാജ്‌നിവാസ്‌ സത്യഗ്രഹം ഉയര്‍ത്തുന്നതും ഇത്തരം ചോദ്യങ്ങളാണ്‌. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്കടിത്തറയാവേണ്ട ഫെഡറല്‍ തത്വങ്ങളോട്‌ കേന്ദ്രത്തോടുമാത്രം വിധേയത്വമുള്ള ഗവര്‍ണ്ണര്‍ക്ക്‌ പ്രതിബദ്ധതയുണ്ടാവുമോ? സംസ്ഥാനങ്ങള്‍ ആശ്രിതരാജ്യങ്ങളോ കോളനികളോ അല്ല. സ്വയം ഭരണാധികാരമുള്ള രാഷ്ട്രശരീരഭാഗങ്ങളാണ്‌. ഇത്തരം കാര്യങ്ങള്‍ സജീവചര്‍ച്ചാവിഷയമാക്കാന്‍ സഹായിച്ച കെജ്‌രിവാളിനേയും സഹമന്ത്രിമാരേയും നമുക്കഭിനന്ദിക്കാം-ഹൃദയപൂര്‍വ്വം അഭിവാദനം ചെയ്യാം.

പല സംസ്ഥാനങ്ങളിലും അധികപ്പറ്റായിത്തീരുന്ന വൃദ്ധനേതാക്കളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു സുഖവാസകേന്ദ്രമായി തീര്‍ന്നിരിക്കുകയാണ്‌ രാജ്‌ ഭവനുകള്‍. ഇതോടനുബന്ധിച്ച്‌ ശ്രീ. വി.ആര്‍. കൃഷ്‌ണയ്യരുടെ പ്രസിദ്ധമായ ഒരു വാഗ്‌വിലാസമുണ്ട്‌. ഒരു മുഖ്യമന്ത്രിയെ ഒഴിവാക്കുന്നതിനുവേണ്ടി ഒരു ഉത്തരേന്ത്യന്‍സംസ്ഥാനത്തിലെ ഗവര്‍ണ്ണറായി അദ്ദേഹത്തെ നിയമിക്കുന്നു.

അദ്ദേഹത്തിന്‌ കൃഷ്‌ണയ്യരുടെ യാത്രാശംസയിങ്ങനെ:

' ഒരു ഗവര്‍ണ്ണറായി അങ്ങ്‌ തൊഴിച്ചുയര്‍ത്തപ്പെട്ടിരിക്കുന്നു-അഭിനന്ദനങ്ങള്‍'.

ലേഖനാരംഭത്തിലുദ്ധരിച്ചുചേര്‍ത്തിട്ടുള്ള എബ്രഹാം ലിങ്കന്റെ ഒരാപ്‌തവാക്യമുണ്ടല്ലോ. അത്തരമൊരു ഗവര്‍മെണ്ടില്‍ ഗവര്‍ണ്ണറുടെ സ്ഥാനമെന്തെന്ന്‌ ഭരണാധികാരികളും രാഷ്ട്രമീമാംസാവിദഗ്‌ധരും പൊതുപ്രവര്‍ത്തകരും ബഹുജനങ്ങളും ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേന്ദ്രസംസ്ഥാനസര്‍ക്കാരിന്‍-

മദ്ധ്യേയെന്തിനു മറ്റൊരാള്‍

മാദ്ധ്യസ്ഥമെന്തിനെന്നിപ്പോള്‍

ചിന്തിക്കേണ്ടൊരവസ്ഥയായ്‌

Advertisment