‘വർഗീയത- വിവേചനം എന്ന രോഗവും ചികിത്സയും’: മുബാറക്ക് കാമ്പ്രത്ത് എഴുതുന്നു

Friday, October 12, 2018

തിർത്തും അനുകൂലിച്ചും വർഗീയതയ്ക്കായ് നിലകൊള്ളുന്നവരെല്ലാം മനുഷ്യരാശിക്ക് ശാപവും ഭീഷണിയും ആണ്. ആദ്യമേ തന്നെ പറയെട്ടെ, വർഗീയത എന്നത് മത വർഗീയത മാത്രമല്ല. നിറം, തൊഴിൽ, ജാതി, മതം, സാമ്പത്തികം, കുലം, പ്രദേശം, വർഗം , രാഷ്രീയം, രക്തബന്ധം, വിദ്യാഭ്യസനിലവാരം തുടങ്ങി എല്ലാ മേഖലയിലും വർഗീയത നിലനിൽക്കുന്നുണ്ട്.

ഏറ്റവും നല്ല രീതിയിൽ മുതലെടുക്കപ്പെടുന്നത് മത-ജാതി-തൊഴിൽ വകകൾ ആണ് എന്ന് മാത്രം. രണ്ട് രീതിയിൽ ഇത് സമൂഹത്തിൽ പ്രചരിക്കപ്പെടുകയും പെട്ടെന്ന് ശക്തിയാര്ജിക്കുകയും ചെയ്യുന്നു. ജനാധിപത്യ രാജ്യത്താണ് ഇതിനു വേരോട്ടം കൂടുന്നത്, കാരണം വോട്ട് രാഷ്രീയം തന്നെയാണ്.

ഒന്നാമതായി മുകളിലെ ഏതെങ്കിലും ഒരു വിഭാഗം മറ്റേതെങ്കിലും വിഭാഗത്തിൽ നിന്നും (ന്യൂനപക്ഷമോ ഭൂരിപക്ഷമോ) അനിയന്ത്രിതമായ ചൂഷണം, അവഗണന, പീഡനം, തുല്യതയില്ലായ്മ, വിവേചനം എന്നിവ നേരിടുന്നു എങ്കിൽ അവിടെ അതിനു പാത്രങ്ങൾ ആയ ഇരകളുടെ ഒരു ഐക്യപ്പെടൽ സംഭവിക്കുന്നു. ഈ ഐക്യപ്പെടൽ കാലഘട്ടത്തിൽ സംരക്ഷണത്തിൽ നിന്നും എതിർത്ത് നിന്ന് നേടുക എന്ന കായിക തലത്തിലേക്കു മാറുവാൻ ശ്രമിക്കും.

രണ്ടാമത്തേത് , കൃത്യമായ രാഷ്രീയ- സാമുദായിക- സാമ്പത്തിക- ഭരണചക്ര നിയന്ത്രണങ്ങൾക്കുള്ള അജണ്ടകളിലൂടെ ജീവിത മാർഗം കണ്ടെത്തുന്നവർ അവരുടെ ആദർശവും ആശയവും ആകര്ഷണീയമാവാനും കൂടെയുള്ളവരെ അടുപ്പിച്ച് നിർത്താനും മാറി നിൽക്കുന്നവരിൽ കടന്നുവരാൻ പ്രചോദനം നൽകാനും ഉള്ളതും ഇല്ലാത്തതുമായ ചൂഷണ- അവഗണന-പീഡനം-തുല്യതയില്ലായ്മ-വിവേചന കഥകളും സംഭവങ്ങളും പെരുമ്പറ കൊട്ടി പ്രഖ്യാപിച്ച് ഊതിവീർപ്പിച്ച ഒരു പ്രതലം സൃഷ്ടിക്കുന്നു.

ഇത്തരക്കാർ ഒരു സംഭവത്തെ മുച്ചുവന് സമൂഹത്തിലേക്കും പ്രചരിപ്പിച്ച് അതിന്റെ ആഗോളവത്കരിച്ച്, നൂറുകണക്കിനാളുകളിലേക്ക് ആശങ്കകൾ പരത്തുന്നു. ഞാൻ എന്ന സ്വത്തതിൽ നിലനിൽക്കുന്ന സർവ്വസാധാരണ മനുഷ്യർ ഇത്തരം ആകുലതകളിൽ ഭയം നിറച്ച് സുരക്ഷാ തേടി പുറപ്പെടുന്നതിൽ ഈ വിഭാഗം വിജയിക്കുന്നു.

ഒരിക്കൽ ഒരു സമൂഹത്തിലേക്ക് ഏതുതരം വർഗീയത പ്രചരിപ്പിച്ചാലും അത് പിന്നീട് കഴികിക്കളയാൻ കഴിയാത്ത അടയാളമായി മാറുന്നു. കാരണം സംഭവങ്ങളെക്കാൾ ഉപരിയായി അത് മനുഷ്യന്റെ ഉപബോധമനസുകളിലാണ് കൂടുകൂട്ടുന്നത്. ഞാൻ, എന്റേത്, നമ്മുടേത്, ഞങ്ങളുടേത്, നമുക്ക്, എന്നിങ്ങനെയാണ് അവകാശ വാദ പദപ്രയോഗങ്ങൾ എങ്കിൽ ഉറപ്പിക്കാം ആ ശബ്ദങ്ങൾക്ക് പിന്നിൽ വർഗീയതയുടെ വിഷം വിത്തിട്ടു തുടങ്ങി എന്ന്.

ഒരു പക്ഷെ ഇത്തരക്കാർ സാമ്പത്തിക ലാഭം, ഭരണം, പൊതുവായ അവകാശ സമരം അല്ലെങ്കിൽ രാഷ്ട്രത്തിനായ് മറ്റുള്ളവരുമായി സഹകരിക്കുകയും ചെയ്യും, എന്നാൽ ആൾകൂട്ടത്തിൽ വ്യക്തമായ നിറം, ചിഹ്‌നം, അടയാളങ്ങൾ വഴി വേറിട്ട് നിൽക്കുകയും ചെയ്യും. നേടാനുള്ളതെല്ലാം നേടാൻ ലക്‌ഷ്യം വെക്കുകയും നേടുന്നതെല്ലാം സ്വന്തം ആദർശത്തിന്റെ നിലനില്പിനായി ബലിദാനം നൽകാൻ തയ്യാറാവുകയും ചെയ്യുന്ന ആത്മാർത്ഥതെ മറ്റെവിടെയും കാണാനാവില്ല.

ദാനം, സഹായം, സേവനം, പിന്തുണ എന്നിവയിലെല്ലാം ഞങ്ങൾ ഞങ്ങളുടെ ആളുകൾക്ക് ചെയ്യും, നിങ്ങൾ നിങ്ങളുടെ ആളുകൾക്കായ് ചെയ്യൂ, എന്ന നിലപാട് ആണ് പ്രമുഖമായ കാണുന്നത്. ഇടക്ക് സന്തുലിതാവസ്ഥയും അന്തര്ധാരവും നിലനിൽക്കുന്നു എന്ന പരസ്യങ്ങൾക്ക് മേമ്പൊടിയേകാൻ അന്യ വിഭാഗത്തെ സഹായിച്ചത് പേരെടുത്തു പറഞ്ഞു കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. അവിടെയാണിവർ ചെന്നായയുടെ ആട്ടിൻ തോൽ ഇടുന്നത്.

ദാന പരസ്യങ്ങൾ: ഒരു മനുഷ്യനു അതെ ജീവിവർഗമായ മറ്റൊരു മനുഷ്യൻ ഒരു കിഡ്‌നി ദാനം ചെയ്യുന്നത് അത് ശാരീരികമായ രീതിയിൽ കൊടുക്കുന്നവന്റെ മനസ്സും ലഭിക്കുന്നവന്റെ ശരീരവും ഉൾകൊള്ളാൻ കഴിയുന്ന സാഹചര്യത്തിൽ ആണ്.

എന്നാൽ പരസ്യം നമ്മുടെ മതത്തിലെ സഹോദരൻ മതം നോക്കാതെ അന്യ മതക്കാരനു വൃക്ക ദാനം ചെയ്തു….. മറ്റൊരു മൃഗത്തിന് ആണ് നൽകിയിരുന്നെങ്കിൽ പറയുന്നതിൽ ഒരു പ്രായോഗിക്കാതെ ഉണ്ടായേനെ. “ഞങ്ങൾ ചുമട്ട് തൊഴിലാളികളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് അറിയില്ല”, നിങ്ങൾക്ക് എത്ര എളുപ്പമാണ് ജോലി” എന്നിങ്ങനെ തന്നിലേക്കും തന്റെ വർഗ്ഗത്തിലേക്കും ചുരുങ്ങുന്ന മണ്ഡൂകങ്ങൾ ചുറ്റിലും ധാരാളം ആണ്.

ഭീകരത: ഇന്ന് വർഗീയത ഭീകരതായി മാറിക്കൊണ്ടിരിക്കുന്നു, മതത്തിനും രാഷ്രീയത്തിനും പ്രദേശത്തിനും തൊഴിലിനും നിലപാടുകൾക്കും വേണ്ടി അക്രമങ്ങൾ അഴിച്ചുവിടുന്ന പ്രവണതയാണിന്നു നടമാടുന്നത്.

ഭീകരതയും ഒരു മതത്തെയോ രാഷ്രീയത്തെയോ മാത്രം അതിഷ്ഠിതം അല്ല. അത് ഒരു ആശയത്തെ ഫലവത്തതായി പ്രചരിപ്പിക്കാൻ കഴിയാത്തവർ അത് അടിച്ചേൽപിക്കാൻ എടുക്കുന്ന പലതരം ഇടപെടലുകളിൽ ഒന്ന് മാത്രം ആണ്. ഭയം ഉളവാക്കി ചൊല്പടിയിൽ നിർത്തുക എന്നത് മാത്രമാണത്. മനുഷ്യന് പെട്ടെന്നു സ്വാഭാവികമായി ഉൾകൊള്ളാൻ കഴിയാത്ത എല്ലാ ആശയവും മതവും ചിന്താധാരകളും ലഹരിയും പീഡനവും ആയുധവും സംഘട്ടനങ്ങളും അവ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ചരിത്രമാണ്.

പരമ്പരാഗത വിഢിത്തങ്ങൾ: പൊതുജന നന്മക്കായ് പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർ മാറ്റ് ആശയക്കാരെ ഇല്ലാതാക്കുന്നതും ഏക ദൈവ വിശ്വാസിയുടെ വായിൽ നിന്നും “എന്റെ ദൈവം” എന്ന വാക്കുതിർന്നു വീണു ദൈവത്തിന്റെ “ഏകതയെ” ഇല്ലാതാക്കുന്നതും രാജ്യത്തിനകത്ത് പ്രാദേശിക വാദവും അതിനകത്തു സംസ്ഥാനവാദവും അതിനകത്തു ജില്ലാ വാദവും അതിനകത്തു വർഗ വാദവും മതജാതി വേര്തിരിവുകളും പരസ്യമായി പ്രഖ്യാപിച്ച് ” നാനാത്വത്തിൽ ഏകത്വവും മതേതരത്വവും അഭിമാനമായി എടുത്തുകാണിക്കുന്നതിലും വലിയ നാടകം വേറെയില്ല എന്ന് തന്നെ പറയാം.

മതേതരത്വം എന്നൊന്നില്ല, എന്നാൽ സ്വന്തം മതത്തെ കൂടെ നിർത്തി സമൂഹത്തിൽ സഹവർത്തിതമുള്ള മനുഷ്യനായ് ജീവിക്കുന്ന അവസ്ഥയെ അങ്ങനെ വിശേഷിപ്പിക്കാം, വ്യത്യാസങ്ങളെ എടുത്തുകാണിച്ച് കൊണ്ട് നമുക്ക് സമാധാനമായി ജീവിക്കുവാൻ കഴിയില്ല. പ്രസംഗിച്ചും പറഞ്ഞും പഠിപ്പിച്ചും മതേതരത്വം ഉണ്ടാക്കിയെടുക്കാൻ കഴിയില്ല. എന്നാൽ വർഗീയത പറയാതെ, പ്രചരിപ്പിക്കാതെ , പഠിപ്പിക്കാതെ മതേതരത്വം എന്ന അവസ്ഥയെ ഉണ്ടാക്കിയെടുക്കാനാകും.

അതിന്ന് സർവമത സമ്മേളനവും ബോധവത്കരണവും അല്ല ആവശ്യം, അതൊന്നും ചെയ്യാതെ മനുഷ്യസംഗമങ്ങൾ സഘടിപ്പിക്കുക എന്നതാണ്, എല്ലാ ” രാഷ്രീയ മതസ്ഥർക്കും സ്വാഗതം” എന്ന ബോർഡുകൾ മാറ്റി :എല്ലാ മനുഷ്യർക്കും” സ്വാഗതം എന്നെഴുതിവെക്കണം. “വർഗീയത തുലയട്ടെ” എന്നതിന് പകരമായി “മനുഷ്യത്വം പുലരട്ടെ” എന്നെഴുതി വെക്കണം.

ഇന്ന് എതിർക്കുന്നവർ നാളെ കൂടെ നില്കും വിധം വിശാലയായ് അറിവ് പകർന്ന് വിജയിക്കണം, വിവേചനങ്ങൾക്ക് പുഞ്ചിരികൊണ്ട് മറുപടി നൽകി പരാചയപെടുത്താൻ കഴിയും. ചിലപ്പോഴെല്ലാം നാം മനുഷ്യരായാൽ മതി. നാം ഉത്സാഹത്തോടെ ആരോഗ്യത്തോടെ നിലനിൽക്കുന്ന സമയത്ത് മാത്രമേ എന്ത് വർഗീയതയും നിലനിൽക്കുന്നുള്ളൂ എന്നത് തിരിച്ചറിവാണ്.

പ്രസംഗിക്കുന്ന സമാധാനം പ്രവൃത്തിയിൽ കാണിച്ചാൽ മതി. വിശപ്പിനോളം വലിയ രാഷ്രീയവും മതവും ഇല്ല എന്ന് തിരിച്ചറിഞ്ഞാൽ മതി. കൊന്ന് ഇല്ലാതാക്കി ഒരു വർഗീയതലവും വിജയിച്ചിട്ടില്ല, ചത്ത് ഒടുങ്ങി ഒന്നും ഇല്ലാതായിട്ടും ഇല്ല.

×