Advertisment

നിരാശയിലായ കോൺഗ്രസുകാർ പൊങ്കാലയിടാനും കേരള കോൺഗ്രസുകാർ നിഗളിക്കാനും വരട്ടെ - മനോരമയുടെ മുന്‍ റിപ്പോര്‍ട്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌

author-image
admin
New Update

publive-image

Advertisment

മലയാള മനോരമ മുന്‍ റിപ്പോര്‍ട്ടറും കാനഡയിലെ പ്രവാസി മലയാളിയുമായ വിനോദ് ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഒരിടവേളയ്ക്കുശേഷമാണ്, കോൺഗ്രസാണ് വിഷയം. അതുകൊണ്ടുതന്നെ പ്രത്യേക ഒരാവേശം. കാറ്റിനനുസരിച്ചാണല്ലോ കാര്യം സാധിക്കേണ്ടത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഇന്നെടുത്ത തീരുമാനം ദൂരവ്യാപകമായ ചലനങ്ങളുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പാർട്ടിയിൽ മാത്രമല്ല, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും. പൂർണമായും ഞാൻ അതിനോട് യോജിക്കുന്നു. എന്നാലിത് ദൂരവ്യാപകമായ പ്രത്യാഘാതമാകാതിരിക്കാൻ നോക്കേണ്ട ഉത്തരവാദിത്തം ഈ തീരുമാനമെടുത്ത നേതാക്കൾക്കുതന്നെയാണുതാനും.
കേരള കോൺഗ്രസിന് സീറ്റ് കൈമാറ്റം ചെയ്യുന്നതിനെ എതിർത്തവരുടെ ലിസ്റ്റ് ഞാൻ പൂർണമായും നോക്കുന്നില്ല. സാക്ഷാൽ പി. ജെ. കുര്യനും വിഎമ്മും മുതൽ കുര്യന്റെ വീണ്ടുംവരവിനെ എതിർത്ത യുവഗെഡികൾ വരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ടെന്നു മാത്രം അറിയാം.
ചിലർ ഫേസ്ബുക്ക്, വാട്സാപ്പ് രാജിയും പ്രഖ്യാപിച്ചുകഴിഞ്ഞു (ഫാക്സ്, ടെലിഗ്രാം സംവിധാനമൊക്കെ പഴങ്കഥയായതിനാലാകും)! വിശദമായ ലിസ്റ്റെടുക്കാനിരുന്നാൽ ചിലപ്പോ എഴുതാനിരുന്നത് മാറ്റേണ്ടിവരും. അതാണ് അത് അവഗണിക്കുന്നത്. ഇനി അജണ്ടയിലേക്ക്.
കോൺഗ്രസ് ഇന്ന് ചെയ്തത്, ഏറെക്കാലമായി യുഡിഎഫിനൊപ്പം നിന്ന കെ. എം. മാണിയോട് കടപ്പാട് രേഖപ്പെടുത്തി എന്നുള്ളതാണ്. മാണി പിണങ്ങി പിരിഞ്ഞതിന്റെ പരിഭവം പ്രകടിപ്പിക്കാതെ, മാന്യമായി ഇണങ്ങിയും വണങ്ങിയും കുടുംബത്തിൽ തിരിച്ചുകയറ്റി.
സ്ഥാനത്തും അസ്ഥാനത്തും ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കുന്നതാണല്ലോ കേരള രാഷ്ട്രീയത്തിലെ ഒരു ശൈലി. അതു കടമെടുത്താൽ, മുടിയനായ പുത്രനെ അപ്പൻ സ്വീകരിച്ചതുപോലെ എന്നു മാത്രം പറഞ്ഞുവയ്ക്കുന്നു.
കഴിഞ്ഞ ഭരണം മുടിച്ചതിലുള്ള പങ്കൊന്നും ഇവിടെ മെഷിൻ ഉപയോഗിച്ചോ കൈകൊണ്ടോ എണ്ണുന്നില്ല. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസും കേരള കോൺഗ്രസ് പ്രവർത്തകരും ഓർമിക്കേണ്ട ഒരു കാര്യമുണ്ട്- ഇതേ മാന്യത തിരിച്ചും കാണിക്കണം. അല്ലാതെ ഒരുമാതിരി മണകൊണാ കണകൊണാ വർത്തമാനം പറയരുത്.
പൂഞ്ഞാറിലും പാലായിലും കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തും കോൺഗ്രസിനെ ചൊറിയുക;  അങ്ങ് പാറ്റ്നയിലും പുണെയിലും  ന്യൂഡൽഹിയിലും ഇറ്റലിയിലുമൊക്കെ കോൺഗ്രസിനെ ചാരി നിൽക്കുക.
ഈ പരിപാടി അവസാനിപ്പിക്കണം, കോൺഗ്രസ് പ്രവർത്തകരുടെകൂടി വികാരം മനസിലാക്കി, അവിഹിതപഞ്ചായത്തുകളിലെ കസേരകൾ അന്തസ്സായി വിട്ടൊഴിഞ്ഞ് കുടുംബകലഹം ഒഴിവാക്കണം.
ഞങ്ങളില്ലേൽ കോൺഗ്രസില്ല എന്നു കടുപ്പിച്ചു പറയാനുള്ള അവസരം ചെങ്ങന്നൂരിൽ പൊട്ടിപൊട്ടിക്കുംമുന്പേ മിണ്ടിയതോടെ തീർന്നു. ഇനി അങ്ങനെങ്ങാനം പറഞ്ഞാൽ, കോൺഗ്രസില്ലായിരുന്നേൽ കേരള കോൺഗ്രസ് - എമ്മിനെ എംബാം ചെയ്യേണ്ടിവന്നേനെ എന്നു മറുപടി നൽകണം.
ഈ പശ്ചാത്തലത്തിൽ വെടിനിർത്തലാണ് ജോസ് കെ. മാണിയുടെയും കെ. സി. വേണുഗോപാലിന്റെയുമൊക്കെ ആരാധകർക്കു നല്ലത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത്- ദൂരവ്യാപകമായ പ്രത്യാഘാതമാകാതിരിക്കാൻ നോക്കേണ്ട ഉത്തരവാദിത്തം ഈ തീരുമാനമെടുത്ത നേതാക്കൾക്കുതന്നെയാണെന്ന്.
ന്യൂഡൽഹിയിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എം. എം. ഹസനും ഒരുമിച്ചുപങ്കെടുത്ത പത്രസമ്മേളനം കാണാനിടയായി. അവിടെ അവരുടെ ഭാഷയിലും ശരീരഭാഷയിലും ഒരുമ കാണാനായി. അതു കോൺഗ്രസിന്റെകൂടി ഭാവിയെ കരുതിയാണെന്ന് ഉറപ്പിക്കാം. കാരണം, ‘മദ്യ’തിരുവിതാംകൂറിൽ മാണിസ്പിരിറ്റുള്ള കുറെയെങ്കിലും അച്ചായന്മാരുണ്ട്.
ഇടുക്കി ബെൽറ്റിൽ പ്രത്യേകിച്ചും. അവരുംകൂടി ഇല്ലെങ്കിൽ എന്ത് കോൺഗ്രസ്, എന്തു യുഡിഎഫ്. കേരള കോൺഗ്രസുകാരെ കണികാണാനില്ലാത്ത നാട്ടിലെ എംഎൽഎമാർക്കും നേതാക്കൾക്കും ഫേസ്ബുക്കിൽ ഇതുപോലെ എഴുതിയും ‘ആർജി’യുടെ ഓഫിസിലേക്ക് കത്തയച്ചുമൊക്കെ ഹാലിളക്കാം.
പക്ഷേ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ ഇവരെ പൂർണമായും അവഗണിക്കാനാവില്ല. കോളജിൽ എന്റെ സമകാലികരായിരുന്നവരും ചില കോട്ടയം നേതാക്കളെയുമൊക്കെ പ്രതിഷേധക്കാരുടെ പടയിൽ ഞാൻ കണ്ടു.
‘പാലാ മാണി !@#$%^&* മാണി, പാലാപ്പള്ളിലെ കപ്യാരെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുശീലിച്ച ഞങ്ങളുടെ തലമുറയുടെ വികാരം എനിക്കു ശരിക്കും മനസിലാകും. ഇക്കാര്യം ജോസ് കെ. മാണിയും ഓർമിച്ചാൽ, കോട്ടയത്ത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും.
ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളിയിലും പാലായിലുമൊക്കെ. ഒറ്റ വിഷമമേയുള്ളു. കേരള കോൺഗ്രസിന് വിട്ടുകൊടുത്തു എന്നു പറഞ്ഞ് കുര്യൻസാറിന് മാനം കാക്കാനുള്ള അവസരമുണ്ടായിരുന്നതാണ് യുവതുർക്കികൾ ഫേസ്ബുക്കിലൂടെ നശിപ്പിച്ചത്. ഇനി അവർക്ക് അതിനുള്ള സ്നേഹപ്പാരകൾ എതുവഴി വരുമോ?
ഒറ്റയ്ക്ക് കേരളം പിടിക്കാൻ കഴിവുള്ള ഒറ്റ പാർട്ടിയെ ഉള്ളൂ. അതു മാർക്സിസ്റ്റ് പാർട്ടിയാണ്. അവർക്കുപോലും ഗൌരിയമ്മയെയും ശോഭന ജോർജിനെയും മാധ്യമപ്രവർത്തനമെന്ന വ്യാജേന ജനത്തെ വഞ്ചിച്ചതിന് ജനം കിണറ്റിലാക്കിയ നികേഷ് കുമാറിനെയുമൊക്കെ വേണ്ടിവരുന്നു.
അപ്പോപ്പിന്നെ, ഐയും എയും ഐഎയ്യുമൊക്കെ ആയി നിൽക്കുന്ന കോൺഗ്രസിന്റെ കാര്യം പറയണോ, കൂട്ടുകാരേ. കോൺഗ്രസിന് കുഞ്ഞാപ്പയും വേണം, കുഞ്ഞുമാണിയും വേണം, കുഞ്ഞൂഞ്ഞും വേണം.
അവസാനിപ്പിക്കേണ്ടത് പ്രീണനനയമാണ്.  പെരുന്നയിൽനിന്നോ കണിച്ചുകുളങ്ങരയിൽനിന്നോ കാക്കനാട്ടുനിന്നോ ദേവലോകത്തുനിന്നോ പുത്തൻകുരിശിൽനിന്നോ പുലാത്തീനിൽനിന്നോ പാണക്കാട്ടുനിന്നോ ഒക്കെ ആശിർവാദം വാങ്ങിവരുന്നവർക്കു മാത്രമെ രക്ഷയുള്ളു എന്ന സ്ഥിതിയാണ് മാറ്റേണ്ടത്.
ജനങ്ങൾക്കൊപ്പം നിൽക്കുന്നവരെയാകണം നേതാക്കളാക്കേണ്ടത്. പുതുതലമുറയ്ക്ക് അവസരം നൽകുന്നതിൽ സിപിഐയെയാണ് മാതൃകയാക്കേണ്ടത്.
പിന്നെ, കർണാടകയും കുമാരസ്വാമിയും ഒരു ടെസ്റ്റ് ഡോസ് ആണെന്നാണ് എന്റെയൊരിത്. വിശാലമായ താൽപര്യത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ച. കോൺഗ്രസ് ഇതുവരെ കാണിക്കാത്ത ഒരു പാരന്പര്യത്തിനാണ് അവിടെ വഴിതുറന്നത്.
കാരണം അത്രയ്ക്ക് ക്ഷീണിതമാണ് കോൺഗ്രസ്. അതു രാഹുൽ ഗാന്ധിയുടെ മാത്രം കുഴപ്പമല്ല. വീണ്ടും ആവർത്തിക്കട്ടെ- കൽമാഡിമാരും രാജമാരുംകൂടിയാണ് കോൺഗ്രസിനെ കുളിപ്പിച്ചുകിടത്തിയത്.
അല്ലാതെ ഇറ്റലിയിൽനിന്നു വന്ന സോണിയയോ പരിചയക്കുറവുള്ള രാഹുലോ അല്ല. അവരില്ലായിരുന്നാലത്തെ കോൺഗ്രസിനെക്കുറിച്ചുകൂടി ആലോചിക്കൂ. ദീർഘദർശിയായ മൻമോഹനെ പാവയാക്കിയും സാക്ഷാൽ എ. കെയെ പടച്ചട്ടയിടീച്ചും കയ്യിട്ടുവാരിയ സംഘങ്ങളെ നിയന്ത്രിക്കാൻ പറ്റിയില്ലെന്നതു മാത്രമെ ഇവരുടെ കുറ്റമായി ഞാൻ കാണുന്നുള്ളു.
ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ തകർത്തെറിയുകയാണ് ബിജെപി എന്ന തോന്നലുണ്ടാക്കുന്പോൾ, എതിർക്കാൻ, തോൽപ്പിക്കാൻ ഈ കൂട്ടായ്മ അനിവാര്യമാണ്.
കേരളത്തിൽ കോൺഗ്രസ് പ്രവർത്തകരെങ്കിലുമുണ്ട്. യുപിയിലെയും ബിഹാറിലെയും ഒറീസയിയിലെയും ബംഗാളിലെയുമൊക്കെ സ്ഥിതികൂടി അവർ ആലോചിക്കണം.
കാര്യംകാണാൻ അവിടെ ചിലപ്പോൾ മായാവതിയുടെയും മമതയുടെയുമൊക്കെ സാരിത്തുന്പിൽ പിടിച്ചും കാലിത്തീറ്റതിന്നവരുടെ മക്കളുടെ തോളത്തുകയ്യിട്ടുമൊക്കെ നിൽക്കേണ്ടിവരും.
പവാറിന്റെടുത്തുപോലും പഴയ പവർ ചിലവാകില്ല. കാമരാജും മൂപ്പനാരുമൊക്കെ ഓർമകളിലേയുള്ളൂ എന്നതിനാൽ സ്റ്റാലിനിസത്തിനും വഴങ്ങേണ്ടിവന്നേക്കാം.
അത്തരക്കാരെ കാണുന്പോഴോക്കെ ‘ദേ കള്ളന്മാർ, കൊള്ളക്കാർ’ എന്ന ചീത്തവിളികളും കേൾക്കേണ്ടിവരും. അതൊക്കെ തൽക്കാലം സഹിച്ചേ പറ്റൂ. ഇന്ദിരയുടെ കാലത്തെ കോൺഗ്രസല്ല ഇത്. മോദിയുടെ കാലമാണ്. ഘടകന്മാർക്കു മുന്നിൽ പൂഴിക്കടകൻ പ്രയോഗിച്ചിരുന്ന കെ. കരുണാകരനാകട്ടെ ഒപ്പമില്ല താനും.
ബിജെപിയെ വളർത്തി ഭരണം നിലനിർത്താനുള്ള സിപിഎം അടവുനയത്തെ നേരിടാൻ കേരളത്തിലെ കോൺഗ്രസിന് കെൽപ്പുണ്ടാകണമെങ്കിൽ ചലനാത്മകമായ നേതൃത്വം പാർട്ടിയിലും യുഡിഎഫിലും വരണം.
അതിനു കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കുകയാണ് വേണ്ടത്. കെ. മുരളീധരനെ യുഡിഎഫ് കൺവീനറും. മുല്ലപ്പള്ളിയും ഹസനുമൊന്നും മോശക്കാരായിട്ടല്ല.
ഇളക്കിമറിക്കണം, എങ്കിലേ രക്ഷയുള്ളു. ആരെടാ എന്നു ചോദിച്ചാൽ ഏതവനാടാ എന്ന വിളി ഉയരണം.  ഊരിപ്പിടിച്ച വാളുകൾക്കിടിയിലൂടെ നടക്കുന്പോൾ പേടിച്ചിട്ടില്ല, പിന്നെയാ ഇപ്പോൾ എന്നു വീന്പിളക്കുന്പോൾ, വവ്വാലിനെ പേടിച്ച് സ്വന്തം ജില്ലയിലേക്ക് പോകാൻ പേടിക്കുന്ന ആളാണോ വടിവാളുകൾക്കിടയിലൂടെ നടന്നുപോയത് എന്നു ചോദിക്കുന്നവരുമാകണം.
കുറഞ്ഞപക്ഷം യുവാക്കളെ ആകർഷിക്കാൻ കെ. സി. വേണുഗോപാലിനെയോ വി. ഡി. സതീശനെയോ എങ്കിലും കൊണ്ടുവരണം. ഇപ്പോഴുള്ളതോ ഭാവിയിൽ നോട്ടമിട്ടുവച്ചിരിക്കുന്നതോ ആയ സ്ഥാനംപോകുമെന്ന ഭയം മറ്റാർക്കും ഉണ്ടാക്കാതിരിക്കാനായാലെ ഈ നീക്കം ഫലിക്കൂ.
ഒരു ഓർത്തഡോക്സുകാരന് ഒരു യാക്കോബായ, ഒരു നായർക്ക് ഒരു ഈഴവൻ, ഒരു നന്പൂതിരിക്ക് ഒരു നാടാർ, ഒരു മേനോന് ഒരു മാർത്തോമ്മാ തുടങ്ങിയ കളിയങ്ങ് അവസാനിപ്പിച്ച്, കൊള്ളാവുന്നവരെ താക്കോൽസ്ഥാനങ്ങളിലേക്ക് കൊണ്ടുവാ…ലോക്സഭാ സ്ഥാനാർഥികളെ പരിഗണിക്കുന്പോഴും ജയിക്കാൻ സാധ്യതയില്ലെന്നുറപ്പുള്ള സിറ്റിങ് എംപിമാരെ ഒഴിവാക്കണം.
കോൺഗ്രസിലെ തലമുതിർന്ന നേതാക്കളോട് ഒരഭ്യർഥനകൂടി. നല്ലകാലം മുഴുവൻ പാർട്ടിയുടെ മുന്നണിപ്പോരാളിയായ, പല നേതാക്കന്മാരുടെയും ഇംഗ്ളീഷ് ഗുരുവുംകൂടിയായിരുന്ന പി. ജെ. കുര്യൻറെ ഗതി ഇനി ആർക്കും വരുത്തരുതേ. ആര്യാടൻ കളത്തിലില്ലാത്തതിനാൽ രക്ഷപ്പെട്ടു.
ഉമ്മൻ ചാണ്ടിക്കും പി. പി. തങ്കച്ചനും മുല്ലപ്പള്ളിക്കും കെ. വി. തോമസിനും പി. സി. ചാക്കോയ്ക്കുമെല്ലാം ഈ ഗതി വന്നുകൂടായ്കയില്ല. മുണ്ട് സ്വയം ഉടുക്കാൻ പറ്റുന്പോൾതന്നെ ഒഴിഞ്ഞേക്കണം. അല്ലേൽ വരുംതലമുറ മുണ്ടൂരിവിടും, തലയിൽപ്പോലും ഇടാൻ ബാക്കിവയ്ക്കാതെ.
ഒരുകാര്യം കൂടി കോൺഗ്രസിനോട് പറയാനുണ്ട്. മറ്റു പാർട്ടി വിട്ടുവരുന്നവരെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സിപിഎം പലവട്ടം കാണിച്ചുതന്നിട്ടും എന്തേ പഠിക്കാത്തത്? ടി. കെ. ഹംസ, ഇപ്പോഴിതാ ചെറിയാൻ ഫിലിപ്പ്. ഒപ്പംവരുന്നവരെ സംരക്ഷിക്കണം.
അല്ലാതെ അബ്ദുല്ലക്കുട്ടിയെയും ഡോ. കെ. എസ്. മനോജിനെയും സിന്ധു ജോയിയെയുമൊക്കെ  വഴിയാധാരമാക്കിയതുപോലെ ഒരിക്കലും ചെയ്യരുത്.
ഒരുഘട്ടത്തിൽ എൻ. കെ. പ്രേമചന്ദ്രന് ഇടതുമുന്നണിയിലേക്കു പോകാനാകാത്ത സാഹചര്യമുണ്ടായാൽ, കോൺഗ്രസ് ഏറ്റെടുക്കണം. അവരുടെ കഴിവിനെ അംഗീകരിക്കണം. രാജ്മോഹൻ ഉണ്ണിത്താനെയും സതീശൻ പാച്ചേനിയെയും പോലുള്ള ചാവേറുകൾക്കും അവസരം കൊടുക്കണം.
ഈയില്ലിടെ ചാനൽ ചർച്ചയിൽ ആരോ ചോദിക്കുന്നത് കേട്ടു, ആരാണ് ഇപ്പോഴത്തെ കെ. എസ്. യു. പ്രസിഡന്റ്, യൂത്ത് കോൺഗ്രസിന് പ്രസിഡന്റുണ്ടോ? വയലാർ രവിയും വി. എം. സുധീരനും പി. ടി. തോമസും രമേശ് ചെന്നിത്തലയും കെ. സി. വേണുഗോപാലുമൊക്കെ വന്ന വഴി അതായിരുന്നു എന്നും മറക്കരുത്.
സീറ്റ് കേരള കോൺഗ്രസിനെങ്കിൽ, വില്ലൻ ഉമ്മൻ ചാണ്ടി എന്ന മട്ടിലുള്ള വിമർശനവും എതിർപ്പുകളുമായും ഇറങ്ങാതെ, യാഥാർഥ്യം തിരിച്ചറിഞ്ഞും കാൽക്കീഴിലെ മണ്ണൊലിക്കുന്നതു മനസിലാക്കിയും പ്രതികരിക്കൂ. ‘ആം ആത്മി’യാകൂ എന്റെ കോൺഗ്രസ് ഗെഡികളെ. അല്ലെങ്കിൽ പലരും ‘ആം ആത്മി’യുടെ കൊടിക്കീഴിലായാൽ അത്ഭുതപ്പെടരുത്.
സ്പെഷൽ കിക്ക്: അമ്മാവന് അടുക്കളയിലുമാകും; ഇവിടിരുന്ന് എനിക്കും. ക്രിയാത്മക വിമർശനങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു. കേരള കോൺഗ്രസിന് സീറ്റ് കൊടുത്തതിനെ അനുകൂലിച്ചു എന്ന പേരിൽ മാത്രം പൊങ്കാലയിടാൻ വരരുതേ.
ഉള്ള സമയം സ്വന്തം ബൂത്തിലെങ്കിലും ഒരു വോട്ട് എങ്കിൽ ഒന്ന്, അതൊന്നു കൂട്ടാൻ നോക്ക്. പിന്നെ അടുത്തതവണത്തേക്ക് എല്ലാം ശരിയായാൽ, ഈ കുഞ്ഞാപ്പ മാത്രമല്ല, ചിലപ്പോ കുഞ്ഞുമാണിയും ഉപമുഖ്യമന്ത്രിയായി വന്നേക്കാമെന്നും മറക്കല്ലേ.
ലോക്സഭയിലേക്ക് കോട്ടയത്ത് ഉമ്മൻ ചാണ്ടിയും ഇടുക്കിയിൽ ജോസ് കെ. മാണിയും. ആ പാക്കേജോ? ഒന്നുമല്ലേൽ കോൺഗ്രസുകാർക്ക് ആശ്വസിക്കാനും ഒരു വകുപ്പുണ്ട്.
രാജ്യസഭയിലേക്ക് സിപിഎം അയയ്ക്കാനിരിക്കുന്നത് ആരെയാ- ചെറിയാൻ ഫിലിപ്പിനെ…കോൺഗ്രസുകാരില്ലെന്ന എന്ന വിഷമം മാറ്റാൻ കാണിച്ച ആ വലിയ മനസിനുകൂടി നന്ദി പറയുക. എന്നിട്ട്, ആരാകും കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കാം.
Advertisment