Advertisment

പ്രിത്തോറിയത്തിലെ വിധിയും നീതിമാന്റെ ചോരയും

author-image
ശാന്തിമോൻ ജേക്കബ്
Updated On
New Update

ജെറുസലേം തീർത്ഥാടനത്തിനിടയിൽ എന്നെ വല്ലാതെ ആകർഷിച്ച ഒരിടമാണ് പീലാത്തോസിന്റെ അരമനയും പ്രിത്തോറിയവും. ഇപ്പോൾ ചരിത്രത്തിന്റെ സാക്ഷ്യമായി ബാക്കിയുള്ളത് ആ കൊട്ടാരത്തിന്റെ ചില എടുപ്പുകൾ മാത്രം. റോമൻ ഗവർണറുടെ ജറുസലേമിലെ വസതിയായിരുന്നു പ്രിത്തോറിയം.

Advertisment

മെഡിറ്ററേനിയൻ തീരത്തെ കേസറിയ മൗറിത്താന എന്ന ആധുനിക നഗരമായിരുന്നു ഗവർണറുടെ ഔദ്യോഗിക ആസ്ഥാനം. പക്ഷേ, ജെറുസലേം ദേവാലയത്തിൽ പ്രധാന തിരുനാളുകളോ സംഭവങ്ങളോ നടക്കുന്പോൾ ഗവർണർ പ്രിത്തോറിയത്തിലെത്തി താമസിക്കും.

publive-image

ഇവിടെവച്ചാണ് ക്രിസ്തു വിചാരണ ചെയ്യപ്പെടുന്നത്. യഹൂദപ്രമാണിമാരുടെ കൂട്ടത്തിനുമുന്നിൽ വിധികർത്താവായി പന്തിയോസ് പീലാത്തോസ്. മുന്നിൽ അടിയേറ്റുതളർന്ന ഒരു ചെറുപ്പക്കാരൻ. യോഹന്നാന്റെ സുവിശേഷം പതിനെട്ടാം അധ്യായത്തിൽ ഈ ദൃശ്യം കാണാം.

സകലരാലും പരിത്യക്തനായി തകർന്നുനിൽക്കുന്ന ഈശോയോട് പീലാത്തോസ് ഒരു ചോദ്യം ഉന്നയിക്കുന്നു: "എന്താണ് സത്യം?"

ലാറ്റിൻ ഭാഷയിൽ "Quid est veritas?"

ക്രിസ്തു അതിനു മറുപടി പറഞ്ഞതായി സുവിശേഷത്തിൽ കാണുന്നില്ല. പീലാത്തോസ് പക്ഷേ, പ്രമാണിമാരോടു പറഞ്ഞു: "ഞാൻ ഇയാളിൽ കുറ്റമൊന്നും കാണുന്നില്ല".

എന്നിട്ടും ജനക്കൂട്ടത്തിന്റെ ആരവത്തിനു മുന്നിൽ നിസ്സഹായനാവുകയാണ് പീലാത്തോസ്. അയാൾ അവിടെവച്ചു കൈകൾ കഴുകി സ്വയം രക്ഷിച്ചു. ക്രിസ്തുവിനെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്തു.

ഇത്തരത്തിൽ പരസ്യവിചാരണ ചെയ്യപ്പെടുന്ന ഓരോ വയോവൃദ്ധനുണ്ട് നമ്മുടെ മുന്നിൽ. വയസ് 72. അൻപതുലക്ഷത്തോളം വരുന്ന സീറോ മലബാർ കത്തോലിക്കരുടെ നൈയാമിക തലവൻ. പേര് മാർ ജോർജ് ആലഞ്ചേരി.

നിറഞ്ഞകണ്ണുകളും ഇടറുന്ന ചുണ്ടുകളുമായി അടഞ്ഞ മുറിക്കുള്ളിൽ നിസ്സഹായതയോടെ കഴിയുകയാണ് അദ്ദേഹമിപ്പോൾ. സോഷ്യൽ മീഡിയയിലെ പരിഹാസശരങ്ങൾ, ടെലിവിഷൻ ചാനലുകളിലെ മാധ്യമവിചാരണ, ഏതാനും ചില വൈദീക സഹോദരങ്ങളുടെ കുറ്റാരോപണങ്ങൾ.

ഇവിടെയാണ് നാം നമ്മോടുതന്നെ ആ പഴയചോദ്യം ആവർത്തിക്കേണ്ടത്! "സത്യം എന്താണ്?"

*രണ്ടരയേക്കർ തുണ്ടുഭൂമിയിൽ ഒടുങ്ങിത്തതീരേണ്ടതാണോ സീറോ മലബാർ സഭയുടെ ഐക്യവും അഖണ്ഡതയും?* ഈ തുണ്ടുഭൂമിയുടെ അച്ചാരം ഉയർത്തിപ്പിടിച്ച് വഴിയോര വിചാരണക്ക് നാം തന്നെ കളമൊരുക്കുന്പോൾ അറിഞ്ഞും അറിയാതെയും പീലാത്തോസിന്റെ പ്രിത്തോറിയതിനു മുന്നിൽ അലറിവിളിക്കുന്ന പരീശന്മാരുടെ പുതുരൂപങ്ങളായി നാമും അധഃപതിക്കുന്നില്ലേ? അൾത്താരയിൽ നിന്ന് ദൈവസ്നേഹത്തെക്കുറിച്ചും നിരുപാധിക ക്ഷമയെക്കുറിച്ചും പ്രസംഗിക്കുന്ന വൈദീകസഹോദരങ്ങളെ നിങ്ങൾ തെരുവിലിറങ്ങി സഭാപിതാവിനെതിരെ ഉപജാപകരുടെ കത്തിവേഷങ്ങൾ ആടുന്പോൾ അതു ദൈവജനത്തിനു നൽകുന്ന സന്ദേശമെന്താണ്?

വിശ്വാസസമൂഹത്തിന്റെ ഇടർച്ചക്കു കാരണമാകുംവിധം ഈ തർക്കം സഭയുടെ അകത്തളങ്ങളിൽ നിന്നും പുറത്തേക്ക് വന്നതുകൊണ്ടു മാത്രമാണ് ഈ തുറന്നെഴുത്ത്. ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളെക്കുറിച്ചു വിശ്വാസിയായ ഒരു മാധ്യമപ്രവർത്തകൻ നടത്തുന്ന വസ്തുതാന്വേഷണമായി ഈ കുറിപ്പിനെ കണ്ടാൽ മതി. സഭയുടെ സംവിധാനത്തെക്കുറിച്ചോ ഘടനയെക്കുറിച്ചോ അറിവില്ലാത്ത ചിലർ നടത്തുന്ന മാധ്യമവിചാരണയിൽ വസ്തുതകൾക്ക് പകരം ശബ്ദഘോഷങ്ങളാണ് മുന്നിൽ. അവരുടെ അറിവിലേക്കായി സീറോമലബാർ സഭയുടെ ഘടനയെ അൽപ്പമൊന്നു പരിചയപ്പെടുത്തട്ടെ.

ഒന്ന്- ഇന്ത്യയുടെ അകത്തും പുറത്തുമായുള്ള സീറോ മലബാർ സഭയിലെ 36 രൂപതകളിൽ ഒന്നുമാത്രമാണ് എറണാകുളം-അങ്കമാലി അതിരൂപത. ആ രൂപതയിൽ നടന്ന ഒരു ഭൂമിയിടപാട് സീറോ മലബാർ സഭയുടെ മൊത്തം തകർച്ചക്ക് കാരണമാകുമെന്ന് പറയുന്നത് ലളിതമായി പറഞ്ഞാൽ വിവരക്കേട് മാത്രം. സീറോ മലബാർ സഭയുടെ തലവൻ എറണാകുളം-അങ്കമാലി അതിരൂപതയുടെകൂടി അധ്യക്ഷനാണ്.

ആഴ്ചയിൽ മൂന്നുദിവസം അദ്ദേഹം എറണാകുളം നഗരഹൃദയത്തിലെ അരമനയിൽ ചിലവഴിക്കുന്നു. രൂപതാ ഭരണത്തിൽ അദ്ദേഹത്തെ സഹായിക്കാൻ രണ്ടു സഹായമെത്രാന്മാരുണ്ട്; മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മാർ ജോസ് പുത്തൻവീട്ടിലും. ഇതിൽ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തു തന്നെയാണ് അതിരൂപതയുടെ മുഖ്യ വികാരി ജനറാൾ അഥവാ പ്രോട്ടോ സിഞ്ചല്ലൂസ്‌.

സഭാനിയമപ്രകാരം പ്രോട്ടോ സിഞ്ചല്ലൂസ്‌ ആണ് രൂപതയുടെ 'ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ'. ഇദ്ദേഹത്തെ സഹായിക്കാൻ സിച്ചെല്ലൂസ്‌ അഥവാ പ്രൊ വികാർ ജനറാൾമാരുണ്ട്; മാർ ജോസ് പുത്തൻവീട്ടിലും മോൺസിഞ്ഞോർ ആന്റണി നരികുളവും. പ്രൊക്യൂറേറ്റർ അഥവാ ഫിനാൻസ് ഓഫീസർ പദവിയിൽ ഫാദർ ജോഷി പുതുവ. കൂടാതെ ചാൻസലർ ഉൾപ്പെടെ മറ്റുനാലു വൈദീകരും അടങ്ങുന്ന അതിരൂപതാ കൂരിയ.

ഇതുകൂടാതെ വൈദീക സമിതി, പാസ്റ്ററൽ കൌൺസിൽ, വിവിധ വകുപ്പുകൾ. ഇതാണ് ഭരണസംവിധാനം. 'കോർപ്പറേറ്റ് ഗവെർണൻസ്' അതിന്റെ പ്രകടമായ രൂപത്തിൽ നടക്കുന്ന ഒരിടമാണ് കത്തോലിക്ക സഭയുടെ രൂപതകൾ. സഭാനിയമപ്രകാരം സഭാസ്വത്തുക്കളുടെ നിയന്ത്രണാധികാരിയാണ് രൂപതാ മെത്രാൻ. അതുകൊണ്ടുതന്നെ ക്രയവിക്രയങ്ങളിൽ ഒപ്പുവെക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. ഏറെ തിരക്കുകളുള്ള അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഭരണം മുൻപോട്ട് കൊണ്ടുപോകേണ്ടത് രൂപതയുടെ കൂരിയ തന്നെ.

ഇത്തരമൊരു സംവിധാനത്തിൽ ആർച്ച്ബിഷപ്പ് ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നു പറയുന്നത് ബാലിശമാണ്. ഇതൊരു കൂട്ടുത്തരവാദിത്വമാണ്, കൂട്ടായ തീരുമാനമാണ്. അതുകൊണ്ടുതന്നെ ഈ ഇടപാടിൽ എന്തെങ്കിലും 'പ്രൊസീഡിയറൽ എറർ' സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കൂരിയയുടെകൂടി കുഴപ്പമാണ്.

publive-image

രണ്ട്- സീറോ മലബാർ സഭാ കാര്യാലയം. കാക്കനാട്ട് ആണ് അത്. സഭാതലവനായ മേജർ ആർച്ച്ബിഷപ് ആഴ്ചയിൽ മൂന്നുദിവസം ഇവിടെയും താമസിക്കുന്നു. അദ്ദേഹത്തെ സഹായിക്കാൻ കൂരിയ മെത്രാനും ചാൻസലറും വിവിധ വകുപ്പ് തലവന്മാരുമുണ്ട്. മെത്രാൻ സമിതിയായ സിനഡിനാണ് സഭയുടെ സന്പൂർണ ഭരണനിർവഹണ അധികാരം. വർഷത്തിൽ രണ്ടുതവണ സിനഡ് സമ്മേളിക്കും. അടിയന്തിര സാഹചര്യങ്ങളിൽ കൂട്ടായ തീരുമാനം കൈക്കൊള്ളാൻ നാല് ആർച്ച്ബിഷപ്പുമാരും ഒരു ബിഷപ്പും അടങ്ങുന്ന പെർമനന്റ് സിനഡ് ഉണ്ട്.

മൂന്ന് - സീറോ മലബാർ സഭ ഒരു സ്വതന്ത്ര പരമാധികാര സഭയാണ്. ആഗോള സഭാതലവനായ മാർപാപ്പക്കുള്ളത് നാമമാത്രമായ ഭരണാധികാരം മാത്രം. ഫലത്തിൽ സീറോ മലബാർ സഭയുടെ ഏതെങ്കിലുമൊരു രൂപതയിലോ ഇടവകയിലോ സംഭവിക്കുന്ന ഒറ്റപ്പെട്ട ഒരു കാര്യം സഭയെ ഒന്നാകെ ബാധിക്കേണ്ടതില്ല. റോമിലേക്ക് കത്തെഴുതി മേജർ ആർച്ച്ബിഷപ്പിനെ മാറ്റിക്കളയും എന്നൊക്കെയുള്ളത് അറിവില്ലായ്മയാണ്! ജനുവരി ഏഴിനു തുടങ്ങുന്ന സീറോ മലബാർ മെത്രാന്മാരുടെ സിനഡിനു വേണമെങ്കിൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രശ്നത്തെക്കുറിച്ച് മാർ ജോർജ് ആലഞ്ചേരിയോട് വിശദീകരണം തേടാം. ആവശ്യപ്പെടാതെതന്നെ സിനഡിൽ അദ്ദേഹം വിശദീകരണത്തിനു മുതിർന്നേക്കാം.

ഊതിപ്പെരുപ്പിച്ച പണക്കണക്കും കാറ്റഴിച്ചുവിട്ട വ്യക്തിഹത്യയും മാത്രമാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ അടിസ്ഥാന കാരണമെന്നു വ്യക്തം. ഏതൊക്കെയോ കാലങ്ങളിൽ സെന്റിനു നൂറും ഇരുനൂറും രൂപക്ക് വാങ്ങിയവയാണ് ഇപ്പോഴത്തെ വിവാദങ്ങളിൽ ഉൾപ്പെട്ട വസ്തുക്കൾ. പലതും വർഷങ്ങളായി പാഴായികിടക്കുന്ന സ്ഥലങ്ങൾ. കേരളത്തിൽ ഭൂവില കുതിച്ചു കയറിയതുകൊണ്ടു മാത്രമാണ് ലക്ഷങ്ങളിലേക്കും കോടികളിലേക്കും ഇവയുടെ വിപണിമൂല്യം ഉയർന്നത്. തരിശുകിടക്കുന്ന പാഴ്‍ഭൂമികൾ വിറ്റ് കടങ്ങൾ വീട്ടാൻ തീരുമാനമെടുത്തത് കൂരിയ തന്നെ ആയിരുന്നുവെന്നു സകലരും സമ്മതിക്കുന്നു.

ഉദ്ദേശിച്ചതുപോലെ പണംകൈമാറാൻ ഇടനിലക്കാരനു കഴിയാതെ വന്നപ്പോൾ അയാളുടെ ഉടമസ്ഥതയിലുള്ള തോട്ടവും പുരയിടവും പകരം തീറെഴുതിവാങ്ങാൻ നിർദേശിച്ചത് രൂപതാധ്യക്ഷൻ തന്നെയാണ്. മോഹവിലയുള്ള ഭൂമിതന്നെയാണ് അതും. ഇപ്പോഴത്തെ വിവാദങ്ങളുടെ വേലിയേറ്റത്തിൽ വിൽപ്പനക്ക് ശ്രമിച്ചാൽ വിലയിടിക്കാനേ ആളുണ്ടാവു എന്നതാണ് വാസ്തവം. ഇങ്ങനെ വാങ്ങിയിട്ടുള്ള എസ്റ്റേറ്റോ സ്ഥലമോ വിറ്റൊഴിഞ്ഞാൽ തീരാവുന്നതേയുള്ളൂ രൂപതയുടെ കടം!

വസ്തുതകൾ ഇതായിരിക്കെ ഒരു പാവം മനുഷ്യനെ ശരശയ്യയിൽ കിടത്തി അന്പെയ്‌യുന്നതിൽ എന്താണ് യുക്തി? അയുക്തികമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ഈ വിവാദങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന കുബുദ്ധികൾ ഒരുകാര്യം തിരിച്ചറിയുക; നിങ്ങളുടെ തന്നെ നിലനിൽപ്പിന്റെ അസ്ഥിവാരമിളക്കാനാണ് ഈ പടപ്പുറപ്പാട്.

സഭയുടെ സ്ഥാപനങ്ങളിൽ പഠിച്ചുവളർന്ന ഒരാളാണ് ഞാൻ. സഭയുടെ കാരുണ്യത്തിന്റെ മുഖം അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഞാൻ. ഈ സഭ ഒരു കച്ചവടസ്ഥാപനമല്ല. ചുരുക്കം ചില വൈദീകരോ സമൂഹങ്ങളോ അതിനെ കച്ചവടവൽക്കരിക്കാൻ ശ്രമിച്ചിട്ടുണ്ടാവും. കഴിഞ്ഞ രണ്ടായിരം വർഷക്കാലത്തെ ചരിത്രത്തിനിടയിൽ ഇത്തരത്തിലുള്ള എത്രയോ ആരോപണങ്ങളെ അതിജീവിച്ചതാണ് സഭ. ഈ മഴയും കടന്നുപോകും. മറ്റൊരു സൂര്യശോഭയിൽ സഭയും അതിന്റെ അധികാരികളും തെളിഞ്ഞുനിൽക്കും.

ഈ കുറിപ്പ് അവസാനിപ്പിക്കും മുൻപ് മാർ ആലഞ്ചേരി എന്ന ലാളിത്യമുള്ള മനുഷ്യനെ ഒരിക്കൽക്കൂടി കാണുക. മെത്രാന്മാരൊക്കെ ആഡംബര കാറുകളിൽ കറങ്ങുന്നുവെന്നു പലരും പറഞ്ഞ ഒരു കാലത്തു തക്കലയിലെ മെത്രാന്റെ കൊച്ചുവീട്ടിൽ നിന്ന് ബസ്സിൽ കയറി തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ എറണാകുളത്തേക്കുള്ള ട്രെയിൻ കാത്തുനിൽക്കുന്ന ഒരു മെത്രാനെ പലരും ഓര്മിക്കുന്നുണ്ടാവും. സെക്കൻഡ് ക്ലാസ് ബോഗിയിൽ കുഞ്ഞുങ്ങളോട് കിന്നാരം പറഞ്ഞു യാത്രപോകുന്ന ആ ഇടയശ്രേഷ്ടനേയും മറന്നുപോകരുത്.

നാട്ടിൽ വരുന്പോൾ ഞാൻ യാത്രചെയ്‌യുന്ന കാറിനോളം സൗകര്യങ്ങൾ ഇല്ലാത്ത കാറിലാണ് ഈ കർദിനാളിന്റെ യാത്ര. മേജർ ആർച്ച്ബിഷപ്പിന്റെ ഭക്ഷണമേശയിലെ ദാരിദ്ര്യംകണ്ട് ഞാൻ അന്തംവിട്ട് നിന്നിട്ടുണ്ട്. കാരണം, നമ്മുടെയൊക്കെ അത്താഴമേശകൾ അതിനേക്കാൾ വിഭവസമൃദ്ധമാണെന്നും! നാലു കാവിളോഹയും ഒരു രുദ്രാക്ഷമാലയും മാത്രമാണ് ഈ മനുഷ്യന്റെ ആഡംബരങ്ങൾ.

സ്വന്തമായി എന്തെങ്കിലും സന്പാദിച്ചതായി ആരും പരാതിപറഞ്ഞിട്ടില്ല. ബന്ധുക്കളിൽ നിന്നൊക്കെ അങ്ങോട്ട് വാങ്ങുന്നതല്ലാതെ ഒരു ബന്ധുവിനെയും വഴിവിട്ടു സഹായിച്ചതായി ആലഞ്ചേരി പിതാവിനെക്കുറിച്ച് ആരും പറഞ്ഞുകേട്ടിട്ടില്ല.

പ്രിയപ്പെട്ടവരേ, ജറുസലേമിലെ പ്രിത്തോറിയത്തിൽ കൈകഴുകിമാറിനിന്ന പീലാത്തോസിന്റെ പിന്മുറക്കാർ ആവരുത് നാം. പീലാത്തോസ് കൈയൊഴിഞ്ഞുകൊണ്ടു പറഞ്ഞതിങ്ങനെയാണ്: "എനിക്ക് ഈ നീതിമാന്റെ രക്തത്തിൽ പങ്കില്ല."

നിരപരാധിയുടെ ചോരക്കുവേണ്ടി കൂവിയാർത്ത യഹൂദജനം വിളിച്ചുപറഞ്ഞതും മറക്കരുത്: "അത് ഞങ്ങളുടെമേലും ഞങ്ങളുടെ തലമുറകളുടെമേലും പതിക്കട്ടെ".

അത് അങ്ങനെതന്നെ സംഭവിച്ചുവെന്നതിനു ചരിത്രം സാക്ഷി!

ഇത്, സഭയോടും സഭാതലവനോടും ചേർന്നുനിൽക്കേണ്ട കാലം. വീഴുന്നവരെ താങ്ങുന്നവനായ ദൈവം നമ്മെ സംരക്ഷിക്കട്ടെ.

"നീതിമാൻമാർ പനപോലെ തഴയ്‌ക്കും; ലെബനോനിലെ ദേവദാരുപോലെ വളരും. അവരെ കർത്താവിന്റെ ഭവനത്തിൽ നട്ടിരിക്കുന്നു..." (സങ്കീർത്തനം 92:12-13)

alanchery
Advertisment