Advertisment

പഴയ കെട്ടിടങ്ങൾ പുതിയ ചിന്തകൾ

New Update

പാലക്കാട് നഗര മധ്യത്തിലെ പഴയ കെട്ടിടം തകര്‍ന്ന് നിരവധിപേർക്ക് പരിക്കേൽക്കാനിടയായതിന്‍റെ പശ്ചാത്തലത്തില്‍ നഗരത്തിലെ പഴയ കെട്ടിടങ്ങളെക്കുറിച്ച് ഒരു പുതിയ ചിന്തക്ക് അധികാരികൾ സന്നദ്ധമാവണം.കെട്ടിടം നിലംപൊത്തുന്നത് കണ്ട് ചുറ്റുമുള്ളവർ ഓടിമാറിയത് കൊണ്ടാണ് വലിയ അത്യാഹിതമൊന്നും സംഭവിക്കാതിരുന്നത്.

Advertisment

പാലക്കാട് നഗരത്തിൽ നൂറിലേറെ കെട്ടിടങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തി നിലനില്‍ക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ജില്ലാകളക്ടര്‍ ബാലമുരളി ഉത്തരവിട്ടിരിക്കുന്നു. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന എത്രയോ നിർമ്മിതികൾ ബലക്ഷയമുള്ളവയാണെന്ന് ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകും. കച്ചവട സ്ഥാപനങ്ങള്‍ക്കോ ഓഫീസ് ആവശ്യങ്ങള്‍ക്കോ വേണ്ടത്ര സൌകര്യമില്ലാത്ത, ദുർബലമായ, മേൽപാളികൾ അടർന്ന കെട്ടിടങ്ങളാണിവ.

publive-image

ഈ കെട്ടിടങ്ങളില്‍ അധികവും ആളുകള്‍ക്ക് താമസിക്കുന്നതിനും കച്ചവടത്തിനും മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. നഗരത്തിലെ വിവിധ മേഖലകളില്‍ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് തലചായ്ക്കാന്‍ ഇത്തരം കെട്ടിടങ്ങള്‍ തന്നെയാണ് ആശ്രയം. കൂടാതെ തെരുവിൽ കഴിയുന്ന സഹോദരങ്ങൾ രാപകൽ ഭേദമന്യേ ഇവിടെ കഴിച്ചുകൂട്ടുന്നത് കാണാം.

കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ ദുർബലമായ നിൽപ്പ് പുതിയ കെട്ടിടങ്ങളുടെ നിർമാണ ജോലിക്കുപോലും തടസ്സമുണ്ടാക്കുന്നു.കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കുമ്പോള്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങുന്ന ഉടമസ്ഥര്‍ വരാനിരിക്കുന്ന ദുരന്തങ്ങൾ ഇതുപോലെ ചെറുതായിരിക്കില്ലെന്ന് ഓർത്താൽ നല്ലത്. മുനിസിപ്പല്‍ സ്റ്റാന്റിന് സമീപം തകര്‍ന്നു വീണ കെട്ടിടത്തിലെ 37 കടകള്‍ നഗരസഭാ വിഭാഗം ഇപ്പോൾ സീല്‍ ചെയ്തിരിക്കുന്നു.

മന്ത്രി എ കെ ബാലന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കടകൾ സീല്‍ ചെയ്തിരിക്കുന്നത്. 45 കടകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കോംപ്ലക്‌സിലെ എട്ടു കടകളിലെ വസ്തുക്കള്‍ ഉടമകള്‍ ഉടൻ തന്നെ നീക്കം ചെയ്തിട്ടുമുണ്ട്. കെട്ടിടം തകർന്നതിനെ തുടർന്ന് നടത്തിവന്ന ഒന്നര ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലായിരുന്നു. ആദ്യ ദിവസം രക്ഷപ്പെടുത്തിയ 11 പേരല്ലാതെ മറ്റാരും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ആശ്വാസം.

ജില്ലാ ദുരന്തനിവാരണ സേനയും നാട്ടുകാരും അധികൃതരും സമയോചിതമായി ഇടപെട്ടു. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമനസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം മാതൃകാപരം. പക്ഷേ ഇക്കാര്യം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതോടെ നാം മറക്കും. ജാഗ്രത ഇങ്ങനെ ആയാൽ മതിയോ.

publive-image

എപ്പോഴും ദുരന്തങ്ങളെ കുറിച്ച് വേണ്ടത്ര സൂചന ലഭിച്ചിട്ടും ബന്ധപ്പെട്ടവർ ഉണരാത്തതെന്തു കൊണ്ട്? തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾ ഗൗരവതരമായ ചില നിലപാടുകൾ അധികാരികളെ ഓര്മിപ്പിക്കുന്നുണ്ട്. ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസവും കടകളുടെ പുനർനിർമാണവും നഗരസഭയുടെ അധീനതയിൽ നടക്കേണ്ടതുണ്ട്. വ്യാപാരികളുടെ നഷ്ടം യോഗം വിളിച്ച് തിട്ടപ്പെടുത്തണം.

നഗരസഭ പരിധിയിലെ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ നിരവധിയാണെന്ന് പാലക്കാട് നഗരം കണ്ടിട്ടുള്ള എല്ലാവർക്കുമറിയാം. കാലപഴക്കംചെന്ന മറ്റ് കെട്ടിടങ്ങളുടെ കാര്യത്തിൽ അധികൃതർ എന്ത് നിലപാട് എടുക്കുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. നഗരപരിധിയിൽ മാത്രം കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ധാരാളം ഉള്ള സ്ഥലമാണ് പാലക്കാട്.വ്യാപാര കേന്ദ്രങ്ങൾമാത്രമല്ല സ്‌കൂൾ കെട്ടിടങ്ങളുടെയടക്കം പഴക്കം പരിശോധിക്കാൻ കർശന നടപടി വേണം.

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ നഗരസഭാ നടപടി തികച്ചും പ്രതിഷേധാർഹമാണ്. അപകടത്തിന്റെ ഉത്തരവാദിത്തം നഗരസഭക്കുതന്നെ. അതോടൊപ്പം ഈ കെട്ടിടങ്ങളൊന്നും ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ചതല്ല.

മുൻ ഭരണ സമിതികൾക്കും ഇതിൽ ധാർമിക ബാധ്യതയുണ്ട്. ജില്ലയിലെ മുഴുവൻ കെട്ടിടങ്ങളുടെയും പഴക്കവും ഫിറ്റ്നസും പരിശോധിക്കാൻ നടപടി എടുത്തില്ലെങ്കിൽ അടുത്ത വീഴ്ച ഒരുപക്ഷേഇതുപോലെ നിസാരമായിരിക്കില്ല.

Advertisment